UPDATES

സഖാക്കളെ, ഈ പാവങ്ങളോട് വേണമായിരുന്നോ നിങ്ങളുടെ നോക്കുകൂലി ഗുണ്ടായിസം

ചൂലു വില്‍ക്കാന്‍ വന്ന ആന്ധ്രാക്കാരോട് നോക്കുകൂലി; പിണറായി, താങ്കള്‍ ഓര്‍ക്കുന്നുണ്ടോ ആ പഴയ പ്രസ്താവന?

കെ എ ആന്റണി

കെ എ ആന്റണി

കുറച്ചു വർഷങ്ങൾക്കുമുൻപ് പിണറായി വിജയൻ കേരളത്തിൽ വർധിച്ചുവരുന്ന ഒരു അന്യായ പ്രവണതയെക്കുറിച്ചു ഒരു നീണ്ട പ്രസ്താവന നടത്തി. അന്ന് അദ്ദേഹം സി പി എം സംസ്ഥാന സെക്രട്ടറി ആയിരുന്നു. പ്രസ്താവനയ്ക്ക് ആധാരമായ വിഷയം കേരളത്തിലെ ട്രേഡ് യൂണിയൻ ഗുണ്ടായിസത്തിന്റെ മറവിൽ നടക്കുന്ന നോക്കുകൂലി ഏർപ്പാടിനെക്കുറിച്ചും. തന്റെ പാർട്ടിയുടെ തൊഴിലാളി സംഘടനയായ സി ഐ ടി യു കൂടി ഉൾപ്പെടുന്ന കയറ്റിറക്കു തൊഴിലാളികൾ നടത്തി വന്നിരുന്ന കാടത്തം നിറഞ്ഞ ഇത്തരം തീവെട്ടിക്കൊള്ള വെച്ചുപൊറുപ്പിക്കാൻ ആവില്ല എന്ന സന്ദേശവും മുന്നറിയിപ്പും ആയിരുന്നു അത്. ഈ പ്രസ്താവന ഏറെ പ്രസക്തമായിരുന്നതിനാൽ പാർട്ടി മുഖ പത്രമായ ദേശാഭിമാനിയിൽ മാത്രമല്ല മറ്റു ചില മുഖ്യ ധാര പത്രങ്ങളിലും അത് ലേഖന രൂപത്തിൽ പ്രത്യക്ഷപ്പെട്ടു.അന്ന് സഖാവ് പിണറായി വിജയൻ സി പി എം സംസ്ഥാന സെക്രട്ടറിയും പി ബി അംഗവും മാത്രമായിരുന്നെങ്കിൽ ഇന്നദ്ദേഹം കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്.

ഇത്രയും ആമുഖമായി പറയേണ്ടി വന്നത് ഒരിക്കൽ നോക്കുകൂലിയെ എതിർത്ത പാർട്ടി സംസ്‌ഥാന സെക്രട്ടറി മുഖ്യമന്ത്രിയായി ഇരിക്കുമ്പോൾ ഒരു സംഘം നാടോടി കച്ചവട സംഘത്തെ നോക്കുകൂലി ആവശ്യപ്പെട്ടു ഇക്കഴിഞ്ഞ ദിവസം കൊല്ലത്തെ സി ഐ ടി യുക്കാർ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു ഇന്നലെ മീഡിയ വൺ ചാനലിൽ വന്ന എസ്‌ക്ലൂസീവ് വാർത്തയുമായി ബന്ധപ്പെട്ടാണ്. ആന്ധ്രയിൽ നിന്നും ചൂലുമായി എത്തിയ സംഘത്തെയാണ് നമ്മുടെ തൊഴിലാളി സഖാക്കൾ ആയിരം രൂപ നോക്കുകൂലി ആവശ്യപ്പെട്ടു തടഞ്ഞു വെച്ചതും പിന്നീട് മൊത്തം ചൂലും സി ഐ ടി യു ഓഫീസിലേക്ക് മാറ്റിയയതും എന്നുമാണ് വാർത്ത. ഈ വാർത്ത അത്രകണ്ട് അവിശ്വസിക്കേണ്ടതില്ലെന്നു കേരളത്തിൽ അരി ആഹാരം കഴിക്കുന്ന ആർക്കും അറിയാവുന്ന കാര്യം തന്നെ.

മുഖ്യമന്ത്രിയുടെ കാര്യം അവിടെ നില്കട്ടെ. അദ്ദേഹം ഇപ്പോൾ പാർട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ മുഖ്യമന്ത്രിയെക്കാൾ അധികാരം പാർട്ടി സെക്രട്ടറിക്കാണ് എന്നാണ് പൊതുധാരണ. കാരണം ഇതൊരു വിപ്ലവപാര്‍ട്ടിയാണ്. പണ്ട് നായനാർ പറഞ്ഞതുപോലെ ഒരു കണ്ടാഗ്രസ്സു പാർട്ടിയല്ല. പാർട്ടിക്ക് മേലെ പറക്കാൻ ശ്രമിച്ചാൽ ആ പരുന്ത് ഏതു ചെമ്പരുന്തായാലും കൃഷ്ണപരുന്തായാലും ചിറകു അരിഞ്ഞിരിക്കും അല്ലെങ്കില്‍ കൂട്ടിൽ അടക്കപ്പെടും. ജ്യോതി ബസുവിന്റെയും നൃപൻ ചക്രവർത്തിയുടേയുമൊക്കെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം നമ്മെ പഠിക്കുന്നത് അതുകൂടിയാണ്.

ഇതേ വാർത്തയോട് കൂട്ടിച്ചേർത്തു വായിക്കേണ്ട ഒരു പാട് വാർത്തകൾ, അതും നോക്കുകൂലിയെ എതിർത്ത പിണറായി സഖാവ് മുഖ്യമന്ത്രിയായി ഇരിക്കുമ്പോൾ നടക്കുന്ന കണ്ണിൽ ചോരയില്ലാത്ത പണിയെടുക്കാതെ കൂലി വാങ്ങുന്ന ഈ മെയ്യനങ്ങാ കാലൻമാരെക്കുറിച്ചുള്ള വാർത്തകൾ, കേരളത്തിൽ പല കോണുകളിൽ നിന്നും നിരന്തരം പുറത്തു വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്തിനേറെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആയിരുന്ന സകലമാന രാഷ്ടിയ പാർട്ടികളെയും വരുതിക്ക് നിര്‍ത്തിയ സാക്ഷാൽ ടി എൻ ശേഷനെപ്പോലും ഞെട്ടിച്ച ഒരു സംഭവം പണ്ട് പാലക്കാടും ഉണ്ടായി. നോക്കുകൂലി തന്നെയായിരുന്നു അന്നും പ്രശ്നം.

എന്തായാലും നോക്കുകൂലിയെ എതിർത്ത പിണറായി ആവില്ല ഇത്തരം ഗുണ്ടായിസങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് കരുതി സ്വയം സമാധാനിക്കാം. അപ്പോൾ പിന്നെ ആരെന്ന ചോദ്യം വളരെ പ്രസക്തമാവുകയാണ്. പാർട്ടിക്കുള്ളിലെ ഒരു വിരുദ്ധ ശക്തി പിണറായിയെ കൊച്ചാക്കാൻ ശ്രമിക്കുന്നുവോ എന്ന ചോദ്യം കുറച്ചു നാളായി ഉയർന്നു കേൾക്കുന്നുണ്ട്. ലോ അക്കാദമി പ്രശ്നം മാത്രമല്ല മറ്റു പല വിഷയങ്ങളിലും സർക്കാർ എടുക്കുന്ന അഴകൊഴമ്പൻ നയങ്ങൾ ഇങ്ങനെയും ചില ആശങ്കൾ ഉയർത്തുന്നുണ്ട്‌.

ഏറെ കുറിക്കു കൊള്ളുന്ന ഒരു തമാശ ഇന്ന് രാവിലെ ഒരു സുഹൃത്ത് പറഞ്ഞു . ഒരു പക്ഷെ ആന്ധ്ര ചൂല് വില്പനക്കാരെ പിഴിയാൻ ശ്രമിച്ചത് കേരളത്തിലെ അരി പ്രശ്നവുമായി ബന്ധപ്പെട്ടാണ് എന്ന് കരുതേണ്ടി വരും. അരി കിട്ടാത്ത കാലമാണല്ലോ ഇപ്പോൾ കേരളത്തിൽ. അപ്പോൾ ഈ ആന്ധ്രക്കാരിൽ നിന്നും അല്പം പണം പിടുങ്ങി പൊറോട്ടയും ചിക്കനും കഴിച്ചാൽ എന്തെന്ന് അവർ ചിന്തിച്ചു കാണും. സുഹൃത്ത് പറഞ്ഞത് കളിയാണെങ്കിലും ആ തമാശയിൽ അല്പം പഞ്ചുണ്ട്. കുറഞ്ഞ വിലക്ക് അരി തരാത്ത ആന്ധ്രാക്കാരെ നാട്ടിൽ കിട്ടിയാൽ പിഴിഞ്ഞുകളയാം എന്ന ദയാരഹിതമായ ഒരു പഞ്ച് . ഇതിനെ ബ്ലാക്ക് ഹ്യൂമർ എന്നേ വിളിക്കാൻ തല്ക്കാലം കഴിയൂ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍