TopTop

പ്രവാസികളുടെ ദുരിതം തീരുന്നില്ല; ഇനി പരോക്ഷ നികുതി വരുന്നു

പ്രവാസികളുടെ ദുരിതം തീരുന്നില്ല; ഇനി പരോക്ഷ നികുതി വരുന്നു

ടീം അഴിമുഖം

വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കയക്കുന്ന പണത്തിന് ബാങ്കുകളും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളും ഫീസ്/ കമ്മീഷന്‍ ഇനത്തില്‍ ഈടാക്കുന്ന തുകയ്ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് സര്‍വീസ് നികുതി ഏര്‍പ്പെടുത്തുന്നു. വളരെ ചെറിയൊരു നികുതി മാത്രമായിരിക്കും ഉണ്ടാവുകയെന്നാണ് അറിയുന്നത്.

പ്രവാസികള്‍ക്കുമേലുള്ള വലിയൊരു ഭാരമായി ഇതുമാറില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്. 12.36 ശതമാനം മാത്രമായിരിക്കും ബാങ്കുകളും മറ്റു സ്ഥാപനങ്ങളും ഫീസായും കമ്മിഷനായും ഈടാക്കുന്ന തുകയ്ക്ക് മേല്‍ ചുമത്തുന്ന സര്‍വീസ് നികുതി. മുഴുവന്‍ തുകയ്ക്കും തുല്യമായ നികുതിയാവില്ലെന്ന് സാരം.

മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റ് 2012 ല്‍ ഇതുപോലൊരു നീക്കം നടത്തിയിരുന്നെങ്കിലും വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി) സര്‍വീസ് ടാക്സ് ഏര്‍പ്പെടുത്തുന്നുവെന്ന് അറിയിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയെന്ന് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവ് ഗള്‍ഫ് ന്യൂസുമായുള്ള ടെലിഫോണ്‍ അഭിമുഖത്തില്‍ അറിയിച്ചിരുന്നു.

"ബാങ്കുകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇവര്‍ ഈ നികുതി സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് അടയ്ക്കുമെന്ന് കരുതേണ്ട, അവരതിന്റെ ഭാരം കൂടി പണമയക്കാന്‍ വരുന്നവരുടെ പുറത്ത് ചുമത്തും"-മുംബൈ കെപിഎംജിയിലെ ടാക്‌സ് ആന്‍ഡ് റഗുലേറ്ററി സര്‍വീസസിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവും ആയ സച്ചിന്‍ മേനോന്‍ മുന്നറിയിപ്പു തരുന്നു.

"എത്ര തുക അവര്‍ പിടിക്കുമെന്ന് അറിയില്ല, ഇടപാടുകാര്‍ അയക്കുന്ന തുകയില്‍ നിന്നാകും ഇവര്‍ ഈ തുക ഈടാക്കുന്നത്", - അദ്ദേഹം പറഞ്ഞു.എന്നാല്‍ ബാങ്ക് അധികൃതര്‍ ഗള്‍ഫ് ന്യൂസിനോട് വ്യക്തമാക്കിയത് ഏകദേശം 100 രൂപ (5.98 ദിര്‍ഹം) ആയിരിക്കും നികുതിയിനത്തില്‍ അടയ്‌ക്കേണ്ടി വരികയെന്നാണ്.

നിലവിവില്‍ യുഎഇയിലെ മണി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്കുള്ള സിംഗിള്‍ ട്രാന്‍സാക്ഷന് 20 ദിര്‍ഹമാണ് ഈടാക്കുന്നത്. സര്‍വീസ് നികുതി ഏര്‍പ്പെടുത്തിക്കഴിഞ്ഞാല്‍ ഇന്ത്യയിലേക്കുള്ള പണമിടപാടിനുള്ള ഫീസിലുള്ള വര്‍ദ്ധനവ് എത്രയാകുമെന്നതിന് ഇപ്പോള്‍ വ്യക്തതയില്ല.

"തുക കുറവാണെങ്കില്‍ കൂടി ഇത് ഭൂരിഭാഗം പ്രവാസികളെയും ബാധിക്കുന്ന ഒന്നായി മാറും. കാരണം ഇവരില്‍ കൂടുതല്‍പേരും കുറഞ്ഞ വരുമാനത്തിനു ജോലി ചെയ്യുന്നവരാണ്. അവര്‍ നാട്ടിലേക്ക് അയക്കുന്നത് കരുതുന്നത്ര വലിയ തുകയൊന്നും ആകില്ല. ആ നിലയ്ക്ക് ബാങ്കുകള്‍ സര്‍വീസ് ടാക്‌സിനത്തില്‍ പിടിക്കുന്ന തുക എത്ര കുറവാണെങ്കില്‍പ്പോലും അത് അവരെ വിഷമിപ്പിക്കുമെന്ന് തീര്‍ച്ച." സച്ചിന്‍ മേനോന്‍ ചൂണ്ടിക്കാട്ടുന്നു.

വിദേശത്തു നിന്നയക്കുന്ന പണം സ്വീകരിക്കുന്ന വികസ്വര രാജ്യങ്ങളില്‍ 2013 ലെ കണക്കനുസരിച്ച് ഇന്ത്യയാണ് മുന്നില്‍. കണക്കുകള്‍ അനുസരിച്ച് 80 ശതമാനം ഇന്ത്യാക്കാരാണ് ചെറിയ വരുമാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലേക്കൊഴുകുന്ന വിദേശ പണത്തില്‍ ഇവരും നല്ലൊരു ശതമാനം സംഭാവന നല്‍കുന്നുമുണ്ട്. 2013 ലെ കണക്ക് അനുസരിച്ച് ഇന്ത്യയിലെത്തിയ 71 ബില്യണ്‍ ഡോളറിന്റെ (260.79 ബില്യണ്‍ ദിര്‍ഹം) 50 ശതമാനവും ഈ താഴ്ന്നവരുമാനക്കാരുടെതായിരുന്നു. യുഎഇയില്‍ നിന്നുമാത്രം ഇന്ത്യയിലേക്ക് കഴിഞ്ഞ വര്‍ഷം അയച്ചത് 15 ബില്യണ്‍ ഡോളറായിരുന്നു.ഇന്ത്യ ഗവണ്‍മെന്റ് സര്‍വീസ് ടാക്‌സ് സംബന്ധിച്ച് ഇറക്കിയ പുതിയ സര്‍ക്കുലര്‍ പരിശോധിച്ചാല്‍ അത് മുന്‍ ഗവണ്‍മെന്റ് 2012 ല്‍ നടപ്പാക്കാന്‍ നോക്കിയ കാര്യങ്ങള്‍ പുതുക്കിയെഴുതി ഉണ്ടാക്കിയതാണെന്ന് മനസ്സിലാക്കാമെന്ന് സച്ചിന്‍ മേനോന്‍ പറയുന്നു.

പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തെ അടിസ്ഥാനമാക്കിയാണ് 2012 ലെ നീക്കം. എന്നാല്‍ പിന്നീട് അന്നത്തെ സര്‍ക്കാര്‍ തന്നെ ഈ നീക്കം പുതിയൊരു വിശദീകരണത്തോടെ പിന്‍വലിക്കുകയായിരുന്നു. ഫീസ് ഇനത്തിലും കമ്മിഷന്‍ ഇനത്തിലും ഇടാക്കുന്ന തുകയ്ക്ക് സര്‍വീസ് നികുതി ഈടാക്കേണ്ടന്നായിരുന്നു സര്‍ക്കാര്‍ ഇറക്കിയ വിശദീകരണം. എന്നാല്‍ പുതിയ സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍വീസ് ടാക്‌സ് എപ്പോള്‍ മുതല്‍ നിലവില്‍ വരുമെന്ന ചോദ്യത്തിന് മേനോന്‍ മറുപടി പറഞ്ഞത്, ടാക്‌സ് അഥോറിറ്റിക്ക് ഈ കാര്യം ഇപ്പോള്‍ വേണമെങ്കിലും മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ്.

"ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം പ്രവാസികളുടെ മേല്‍ പരോക്ഷമായി നികുതി ചുമത്താനുള്ള നീക്കമാണോ? അതുകൊണ്ടാണല്ലോ സര്‍വീസ് നികുതി പരോക്ഷ നികുതി എന്നും അറിയപ്പെടുന്നത്"- മേനോന്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍, ഇങ്ങനെയൊരു നികുതി നിര്‍ദേശം സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരുവിധ അറിയിപ്പും കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി.


Next Story

Related Stories