TopTop
Begin typing your search above and press return to search.

വിശുദ്ധമാസമാണ്; ഇപ്പോള്‍ കലാപങ്ങളുടെയും: റോണി നായര്‍ ഇറാക്കിലൂടെ -ഭാഗം 1

വിശുദ്ധമാസമാണ്; ഇപ്പോള്‍ കലാപങ്ങളുടെയും: റോണി നായര്‍ ഇറാക്കിലൂടെ -ഭാഗം 1

ഒക്ടോബര്‍ 2014. ഇത് വിശുദ്ധ മുസ്ലീം മാസമായ മുഹറം. വിശുദ്ധിയുടെയും തീവ്രഭക്തിയുടെയും മാസം. ആത്മസമര്‍പ്പണത്തിന്റെ മാസം. ശാരീരിക ത്യാഗത്തിന്റെ മാസം. ശാരീരിക പീഡയുടെ പ്രകടനങ്ങള്‍. ഇന്നേക്ക് ഒരു വര്‍ഷം മുമ്പ് തലവെട്ടലുകള്‍ക്ക് മുന്നോടിയായി, തെക്കന്‍ ഇറാക്കിലൂടെ റോണി നായര്‍ നടത്തിയ യാത്ര.


യാത്രയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ വായിക്കാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക - (ഓരോ ചുവടിലും അവിശ്വാസം, അസ്വസ്ഥത: റോണി നായർ ഇറാക്കിലൂടെ - ഭാഗം 2, തലവെട്ടലുകള്‍, കൂട്ടക്കൊലകള്‍, കുഴിബോംബുകള്‍, എങ്ങും മരണം-റോണി നായരുടെ ഇറാക്ക് യാത്ര-ഭാഗം 3)കലാപ കലുഷിതമായ ഇറാക്കില്‍ 2013 മറ്റൊരു വര്‍ഷം മാത്രമായിരുന്നില്ല. രണ്ടാം ഗള്‍ഫ് യുദ്ധവും, ജനഭരണത്തിലേക്കുള്ള വഴിയില്‍ നേരിട്ട കുഴപ്പങ്ങളും അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കിയതും, പിടികൂടിയതും, തൂക്കിലേറ്റിയതുമൊന്നും ആളുകള്‍ മറന്നിരുന്നില്ല. ദേശീയതയെക്കുറിച്ച് അത് ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങളുയര്‍ത്തി. യഥാര്‍ത്ഥവും ഭ്രമാത്മകവുമായ ആത്മനിന്ദയോടുള്ള പ്രതിരോധത്തില്‍ പുതഞ്ഞുകിടന്ന ചോദ്യങ്ങള്‍. സമാധാനശ്രമങ്ങളും ജനാധിപത്യവുമാകട്ടെ അമേരിക്കന്‍ അധിനിവേശ സേനയുടെ അടിച്ചമര്‍ത്തലിന്റെയും നിയന്ത്രണത്തിന്റെയും നിഴലില്‍. സദ്ദാമിന്റെ ഉരുക്കുമുഷ്ടിയില്‍ ഇറാക്ക് ഭരിച്ച സുന്നി ന്യൂനപക്ഷത്തിന് ഷിയാ ഭൂരിപക്ഷത്തിന്റെ കൈകളിലേക്ക് അധികാരം കൈമാറേണ്ടി വന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകള്‍ കഴിഞ്ഞപ്പോള്‍ ആദ്യം തര്‍ക്കങ്ങളും പിന്നെ തുറന്ന പോരാട്ടങ്ങളും, രക്തചൊരിച്ചിലുമായി അതുമാറി.

നൂറുകണക്കിനാളുകള്‍ ദിനംപ്രതി കൊല്ലപ്പെടുന്ന അധിനിവേശത്തിന്റെ ആദ്യനാളുകളിലേക്കുള്ള ഒരു മടങ്ങിപ്പോക്കായിരുന്നു 2013. 2012-ലുണ്ടാക്കിയ പരിമിതമായ നേട്ടങ്ങളെ അത് ഇല്ലാതാക്കി.


ആത്മഹത്യാ സ്ഫോടനം നടന്ന പ്രദേശത്തെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന പോലീസ്, നാസറിയ, തെക്കന്‍ ഇറാക്ക് (കടപ്പാട് -എപി)

ഷിയാ ഭൂരിപക്ഷ പ്രദേശമായ തെക്കന്‍ ഇറാക്കില്‍ സ്ഥിതി പക്ഷേ ബാഗ്ദാദില്‍ നിന്നും വ്യത്യസ്തമായിരുന്നു. എക്കാലത്തും പുരോഗമനപരമായ ഗോത്രക്കൂറ് പുലര്‍ത്തുന്ന സമീപനമായിരുന്നു ഇവിടെ. സമ്പന്നമായ എണ്ണക്കിണറുകള്‍. തെക്കന്‍ ഇറാക്കിന്റെ പ്രധാന കേന്ദ്രമായ ബസ്ര ബ്രിട്ടീഷ് സേനക്ക് കീഴിലായിരുന്നപ്പോള്‍ ഇവിടേക്ക് വിദേശ കമ്പനികള്‍ ക്ഷണിക്കപ്പെട്ടു.

2012-ല്‍ മിക്കവാറും എല്ലാ പ്രധാന എണ്ണക്കമ്പനികളും ഇവിടെയെത്തി. ഇരുട്ടിവെളുക്കുംമുമ്പ് പലരും കോടീശ്വരന്മാരായി. തെരുവുകളില്‍ ധാരാളിത്തം പ്രകടമായി. 60 കൊല്ലം മുമ്പ് സൌദി അറേബ്യ മറ്റൊരു രൂപത്തില്‍ തങ്ങളുടെ തീരം തുറന്നുകൊടുത്തതിനു ശേഷമുണ്ടായ ഏറ്റവും വലിയ എണ്ണപ്പണമൊഴുക്ക് തുടങ്ങി.

2013-ലും അതിനുമുമ്പും വന്ന കമ്പനികളെ സംഘര്‍ഷം ബാധിച്ചതെയില്ല. ചാവേര്‍, വാഹന സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരധികവും ഷിയാകളായിരുന്നു. അങ്ങ് തെക്ക് ബസ്രക്ക് ചുറ്റും എണ്ണക്കമ്പനികള്‍ എണ്ണക്കിണറുകള്‍ കുഴിക്കുമ്പോള്‍ മധ്യ, വടക്കന്‍ ഇറാക്കിലെ നഗരങ്ങളില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയായിരുന്നു.


അഞ്ചാം മൈല്‍ ജില്ലയിലെ ഇരട്ട സ്ഫോടനംനടന്ന പ്രദേശം. ലേഖകന്‍ നിരവധി തവണ ഈ കവലയിലൂടെ കടന്നു പോയിട്ടുണ്ട്.

പുതിയ സമ്പത്തിന്റെ ശോഭയില്‍ പക്ഷേ എല്ലാം നല്ലതെന്നു തോന്നിച്ചു. പുതിയ തൊഴിലവസരങ്ങള്‍, തൊഴിലുകള്‍. ജനാധിപത്യം പതിയെ വന്നു തുടങ്ങി. വിമത ശബ്ദങ്ങള്‍, ഇടനിലയിലെ അഴിമതി, പങ്കുവെക്കലിലെ അസന്തുലിതാവസ്ഥ, വിദേശിയുടെ വിമുഖത, ഹ്രസ്വകാല പ്രതിബദ്ധത. എണ്ണയുടെയും വാതകത്തിന്റെയും ചരിത്രം ആവര്‍ത്തിച്ചു. അസംതൃപ്തര്‍ തോക്കെടുത്തു; വീണ്ടും.

തെക്കന്‍ ഇറാക്കിലെ താരതമ്യേന ശാന്തമായ അവസ്ഥയും സമൃദ്ധിയും അസംതൃപ്തിയുടെ കേന്ദ്രബിന്ദുവായി. തെക്കന്‍ ഇറാക്കിലെ ഷിയാകളോട് മാനസികമായും, ധാര്‍മികമായും ചേര്‍ന്ന് നില്‍ക്കുന്ന ഷിയാ ഭീമന്‍ ഇറാന്‍ ഒരു വശത്ത്; ഇറാന്‍-ഇറാക്ക് യുദ്ധത്തില്‍ ഇവിടെ ചില ഭാഗങ്ങള്‍ അവര്‍ കുറച്ചുകാലം ഭരിക്കുകകൂടി ചെയ്തിരുന്നു. വടക്ക്, നജഫിനും,കര്‍ബലക്കും പടിഞ്ഞാറുള്ള പ്രദേശങ്ങളില്‍; മൊസൂള്‍, അന്‍ബാര്‍, കീര്‍കുക്, ഫലൂജാ,സമാറ തടങ്ങളില്‍; സുന്നി ത്രികോണമെന്ന് പിന്നെ വിളിക്കപ്പെട്ട പ്രദേശങ്ങളില്‍ 2012-ല്‍ തുടങ്ങിയ രക്തച്ചൊരിച്ചില്‍ 2013-ലും തെരുവുകളിലേക്ക് പടര്‍ന്നു. അങ്ങാടികളിലും, ആരാധനാലയങ്ങളിലും സ്ഫോടങ്ങള്‍ ദിനംപ്രതി നടന്നു. പകരം വീട്ടലും പ്രതികാരവും. ക്രോധവും വിദ്വേഷവും. പിന്നെ കര്‍ബലക്കപ്പുറത്തേക്ക്, അവിടെനിന്നും ബസ്രയിലേക്കും ഫറോയിലേക്കും നോക്കുമ്പോള്‍ അവര്‍ കണ്ട അസ്വാഭാവികമായ ശാന്തത. തിരക്കുപിടിച്ച വ്യാപാരം. എണ്ണയും പ്രകൃതിവാതകവും ഒഴുകുന്നു, പരക്കുന്നു. വിദേശത്തുനിന്ന്, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്ന് മൂലധനത്തിന്റെ കുത്തൊഴുക്ക്. ആളുകളെ എണ്ണക്കമ്പനികള്‍ നയിക്കുന്നു. സമ്പത്തിന്റെ വെളിച്ചം. അടിസ്ഥാന സൌകര്യങ്ങള്‍. തൊഴിലുകള്‍. വടക്കുനിന്നും നോക്കുന്ന ഒരാളുടെ കണ്ണു മഞ്ഞളിക്കാന്‍ ധാരാളം. തെക്കന്‍ ഇറാക്കിന് അന്യായമായി ആനുകൂല്യങ്ങള്‍ നല്കുന്നു എന്ന വിമര്‍ശനമുയര്‍ന്നു. അയല്‍രാഷ്ട്രം പണമൊഴുക്ക് ഉറപ്പുവരുത്തി. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഭൂമിയിലെ ഏറ്റവും സമ്പന്നമായ എണ്ണപ്പാടങ്ങള്‍ ഊറ്റിയെടുക്കാന്‍ സുരക്ഷിതമായ ഒരിടം സൃഷ്ടിച്ചു. അവഗണനെക്കെതിരെ പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നു.

ഒടുവില്‍ 2013-ല്‍ തെക്കന്‍ ഇറാക്കിലും പരിസരങ്ങളിലും കുഴപ്പങ്ങള്‍ പടിതുറന്നെത്തി. രാഷ്ട്രീയ കാരണങ്ങള്‍ നയിച്ച സംഘര്‍ഷം വളരെവേഗം സ്ഫോടനങ്ങളും, വെടിവെപ്പുകളും, പൊതുജന പ്രതിഷേധങ്ങളുമായി മാറി. എണ്ണക്കമ്പനികളും അവരുടെ വിദേശ തൊഴിലാളികളും അതില്‍നിന്നൊഴിവായി. എന്നിട്ടും 2013 അവസാനത്തില്‍ ബസ്രയിലെ രണ്ടു വലിയ ഹോട്ടലുകളില്‍ സ്ഫോടനങ്ങള്‍ നടന്നു. മിനാവി പാഷ ഹോട്ടലിലെ ഞാന്‍ മിക്കപ്പോഴും താമസിച്ചിരുന്ന മുറിയുടെ മേല്‍ക്കൂര തകര്‍ന്നുപോയി. ആളുകള്‍ കൊല്ലപ്പെട്ടു. അന്തരീക്ഷത്തില്‍ സംഘര്‍ഷം ഉന്മാദം പോലെ പടരുകയായിരുന്നു.

2013 ഒക്ടോബര്‍ സംഘര്‍ഷത്തില്‍ തുടങ്ങി സംഘര്‍ഷത്തില്‍തീര്‍ന്നു. പഴയതരം കുഴിബോംബുകള്‍ നിരത്തുകളില്‍ വീണ്ടും ഒളിച്ചുകിടക്കാന്‍ തുടങ്ങി. വെടിയൊച്ചകള്‍ രാത്രിയിലും മുഴങ്ങി. ആളുകള്‍ ഒതുങ്ങി ജീവിച്ച്, പതുങ്ങി നടന്നു. നഗരകേന്ദ്രങ്ങള്‍ സന്ധ്യകളില്‍ വിജനങ്ങളായി.

എണ്ണ വ്യവസായത്തിലെ വിദേശീയര്‍ക്ക് സുരക്ഷാനിയമങ്ങള്‍ കര്‍ശനമാക്കി. രാത്രി വണ്ടിയോട്ടമില്ല, മുന്‍പരിപാടി പ്രകാരമല്ലാതെ നഗരത്തിലേക്കിറങ്ങരുത്. താവളങ്ങള്‍ സുരക്ഷാ ശക്തമാക്കി. വിമാനത്താവളത്തിലേക്ക് മറ്റുവഴികള്‍ കണ്ടെത്തി. കാറുകള്‍ക്ക് വെടിയുണ്ടാകവചങ്ങള്‍ കൂട്ടി.


മിനാവി പാഷാഹോട്ടലിന് മുന്‍വശം നാസറിയായിലെ എണ്ണപ്പാടത്തിലേക്ക് എല്ലാ ദിവസവും നടത്തുന്ന യാത്രാ വേഷത്തില്‍ ലേഖകനും. (ഇടത്തെ അറ്റം) സഹപ്രവര്‍ത്തകരും. ഈ ചിത്രമെടുത്ത് 36 ദിവസങ്ങള്‍ക്ക്ശേഷം പിന്നില്‍ കാണുന്ന ലോബി ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന് ചാരമായി മാറി.

രക്തരൂഷിതമായൊരു വര്‍ഷത്തില്‍ 2013 ഒക്ടോബര്‍ 31-കഴിയുമ്പോള്‍ ഇറാക്കില്‍ 6,000-ത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ 15 ശതമാനവും ഷിയാ ഭൂരിപക്ഷ തെക്കന്‍ ഇറാക്കില്‍. തങ്ങളുടെ സ്വത്വപ്രഖ്യാപനത്തിന്റെ നാളുകള്‍ക്കൊരുങ്ങുന്ന അതേ തെക്കന്‍ ഇറാക്ക്. മുഹറം. അഷൂറ. നവംബര്‍ വരികയായി.

ബെസ്റ്റ് ഓഫ് അഴിമുഖം


കത്തുന്ന നാടുകള്‍; ലുഗാന്‍സ്കിലൂടെ ഒരു യാത്ര
ഇസ്ലാമിക് സ്റ്റേറ്റിനെ തടുക്കാനാവാതെ കുത്തഴിഞ്ഞ് ഇറാഖ് സൈന്യം
ഇസ്ലാമിക് സ്റ്റേറ്റിന്‍റെ എണ്ണക്കിണറിന് യു.എസ് അടപ്പിട്ടുവോ?
ഭീകരരോ വിശുദ്ധരോ? ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചുള്ള അഞ്ച് മിഥ്യകള്‍
കുരിശ് യുദ്ധമെന്ന് ഇസ്ളാമിക് സ്റ്റേറ്റ്; മതയുദ്ധമല്ലെന്ന് ഒബാമ- ഇഷാന്‍ തരൂര്‍ എഴുതുന്നുപുറത്തുനിന്നുള്ള ഒരാള്‍ക്ക്, നഗരമെങ്ങും ഉയരുന്ന, ദുഖാചരണ പ്രതീകമായ കറുത്ത കൊടികള്‍ മുഹറത്തിന്റെ വരവോതുന്നു. ഇമാം ഹുസൈന്റെ മുഖവും, ഖുറാനിലെയും, ഹാദിത്തുകളിലെയും വരികളും, ഷിയാ ധീരര്‍ക്ക് നേരിട്ട ദുര്യോഗത്തില്‍ വിലപിക്കുന്ന വരികളുമായി കറുത്ത കൊടികള്‍. പക്ഷേ, ഈ കൊടികള്‍ സൂചകങ്ങളും പ്രതീകങ്ങളുമായി മുഹറത്തിനപ്പുറത്തേക്കും പോകുന്നു. എല്ലാ അനീതിക്കുമെതിരെ.

എല്ലായിടത്തും കൊടികളാണ്. പാതി ദൈവികമായ കൊടികള്‍. ആളുകള്‍ അവയെ ആദരിക്കുന്നു. കൊടിയില്‍ പൊതിഞ്ഞ എന്തിനെയും. പ്രത്യേകിച്ചും ഈ മാസത്തില്‍. ചോദ്യങ്ങളൊന്നുമില്ല. അഷൂറക്ക് മുമ്പുള്ള ഒമ്പത് ദിവസങ്ങള്‍ ഏറെ പ്രക്ഷുബ്ധമാണ്.
മുഹറം മാസം- ചരിത്രത്തിലേക്ക് ഒരു ചെറു നോട്ടം

നാല് ഇസ്ളാമിക വിശുദ്ധമാസങ്ങളില്‍ ഒന്നാണ് മുഹറം. നിഷ്ഠകളിലും വ്രതങ്ങളിലും റമദാനിന് മാത്രം പിറകില്‍. കലണ്ടറിലെ ആദ്യമാസം. പഴയ നിയമത്തിലേക്കും, ഈജിപ്തിലെ ഫറോവയുമായി അതിന്റെ പ്രസക്തിയെക്കുറിച്ച് ഉരസിയ പ്രവാചകന്‍ മൂസയുടെ പുരാണം.


‘വിലക്കപ്പെട്ടത്’ എന്നര്‍ത്ഥമുള്ള മുഹറം വര്‍ഷചക്രത്തിന്റെ തുടക്കമാണ്. ഈ മാസത്തില്‍ തീവ്രമായ വിശ്വാസപ്രകടനം ഇസ്ളാമിക ലോകത്ത് അതിന്റെ പാരമ്യത്തിലെത്തുന്നു. വ്യക്തിപരമായ സഹനശക്തി . കൂട്ടായ നിരാസം. ഇതാണ് വിശുദ്ധ റമദാനും മുഹറവും തമ്മിലുള്ള പ്രധാന വ്യത്യാസവും. റമദാന്‍ അവനവന്റെ ഉള്ളിലേക്ക് നോക്കുകയും, ചൊരിയപ്പെട്ട അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു. മുഹറം വിശ്വാസപ്രകടനത്തിന്റെ മാസമാണ്. അത് പരമാവധി തീക്ഷ്ണതയോടെ കാണിക്കുകയും ചെയ്യുന്നു.

അത് ഇസ്ലാമിലെ വലിയൊരു വിഭജനത്തേയും തുറന്നുകാണിക്കുന്നു; ഷിയാ, സുന്നി വിഭാഗങ്ങളെ. അറബിക്കില്‍ പത്താമത് എന്നര്‍ത്ഥം വരുന്ന പത്താം ദിവസമായ ‘അഷൂറാ’യില്‍ ഇതെല്ലാം അതിന്റെ പാരമ്യത്തിലെത്തുന്നു. സഹനത്തിന്റെ, ത്യാഗത്തിന്റെ, ശാരീരിക പീഡകളിലേക്കും, ചാട്ടവാറടികളിലേക്കും നീളുന്ന വിശ്വാസ തീവ്രതയുടെ. പ്രത്യേകിച്ചും ഷിയാ വിഭാഗത്തിനിടയില്‍.ലോകത്തെ ഇസ്ലാം വിശ്വാസികളില്‍ 20% ഷിയാകളാണ്. കിഴക്കന്‍ മധ്യേഷ്യയില്‍ ഇത് ഏതാണ് 40% വരും. പ്രവാചകന് ശേഷമുള്ള ഏതാണ്ട് 1000 കൊല്ലക്കാലത്തെ പിന്തുടര്‍ച്ചയുടെ വ്യാഖ്യാനങ്ങളിലാണ് ഷിയാ, സുന്നി വിഭാഗങ്ങള്‍ തമ്മില്‍ പ്രധാന വ്യത്യാസം. പ്രവാചകനായിരുന്ന മുഹമ്മദിന്റെ മരണശേഷം എ ഡി 632-ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ വാഴിച്ചതു മുതലാണ് ഈ ഭിന്നത ഉടലെടുത്തത്. ഖലീഫകള്‍ എന്നു വിളിക്കുന്ന ആദ്യ മൂന്നു പിന്‍ഗാമികളെ അഭിപ്രായ സമന്വയത്തിന്റെ വഴിയിലൂടെയാണ് തെരഞ്ഞെടുത്തത്.

ഷിയാകള്‍ (ഷിയാതു അലി അഥവാ അലിയുടെ കക്ഷി) കരുതുന്നത് പിന്തുടര്‍ച്ച മുനിശ്ചയിച്ചതാണെന്നും, അത് പ്രവാചകന്റെ കുടുബസഹോദരനും, മരുമകനുമായ അലിക്ക് കൈമാറണമെന്നുമാണ്. എന്നാല്‍ പിന്നീട് സുന്നികളെന്നറിയപ്പെട്ട വിഭാഗം ആദ്യ ഖാലിഫയായി പ്രവാചകന്റെ അടുത്ത അനുയായി അബൂബക്കറിനെ തെരഞ്ഞെടുത്തു. അര്‍ഹനായവനെ തഴഞ്ഞു എന്നു അലിയുടെ അനുയായികള്‍ വിശ്വസിച്ചു. വ്യക്തിയെ നോക്കാതെയുള്ള കഴിവ് നോക്കിയുള്ള പ്രക്രിയ വിജയിച്ചു എന്നു മറുകൂട്ടരും.

അബൂബക്കറിന് ശേഷം ഒത്മാന്‍ വന്നു. അലി നാലാമതായി ഖാലിഫയായി. പക്ഷേ വിവിധ വിഭാഗങ്ങളുടെ ഏകീകരണം അയാളുടെ ഭരണകാലത്ത് നടന്നില്ല. അലിയെ ആദ്യ ഖാലിഫയായി നിയമിക്കാനുള്ള ശ്രമങ്ങളില്‍ പ്രതിഷേധിച്ചിരുന്ന വിഭാഗവും, അലിയുടെ അനുയായികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിറഞ്ഞതായിരുന്നു അയാളുടെ ഭരണകാലം. ഇതെല്ലാം നയിച്ചത് ഇസ്ലാമിലെ ആദ്യ ‘ഫിത്ന’/ആഭ്യന്ത യുദ്ധത്തിലേക്കാണ് . അലി വധിക്കപ്പെട്ടു.

അലിയുടെ മകന്‍ ഹസനായിരുന്നു പിന്‍ഗാമി. അയാള്‍ക്കാകട്ടെ ഉപാധികളോടെയുള്ള അധികാരക്കൈമാറ്റത്തില്‍ എതിര്‍പക്ഷത്തിന് വഴങ്ങേണ്ടിവന്നു. മദീനയിലേക്ക് പോയ ഹസനെ എതിര്‍പക്ഷം വധിച്ചു എന്നു വിശ്വസിക്കുന്നു. ഹസന്റെ വധത്തിന് പകരം വീട്ടാന്‍ അയാളുടെ മകന്‍ ഹുസൈന്‍ ആദ്യം വിമുഖനായിരുന്നെങ്കിലും, പിന്നീട് തയ്യാറായി. മദീനയില്‍ നിന്നും തന്റെ വിശ്വസ്ത അനുയായികളുമായി അയാള്‍ ഖിലാഫത് തലസ്ഥാനമായ കുഫയിലെത്തി. വഴിയില്‍ നിലവിലെ ഖാലിഫയുടെ പടയാളികളുമായി അവരേറ്റുമുട്ടി. എണ്ണത്തില്‍ കൂടുതലായിരുന്ന ഖാലിഫയുടെ പടയാളികള്‍ ഹുസൈനെയും കൂട്ടരെയും തോല്പ്പിച്ചു. ഹുസൈനും അയാളുടെ കുടുംബത്തിലെ 72 പേരും മറ്റ് അനുയായികളും വധിക്കപ്പെട്ടു.

ഷിയകളും സുന്നികളും തമ്മിലുള്ള തീരാത്ത ശത്രുതയുടെ ചരിത്രഭൂമിക പൂര്‍ണമാവുകയായിരുന്നു.

ഹുസൈന്‍ ഷിയാകളുടെ രക്തസാക്ഷിയായി. അയാളെ അവര്‍ ഇമാമായി വാഴിക്കുകയും ചെയ്തിരുന്നു. അയാള്‍ കൊല്ലപ്പെട്ട സ്ഥലം, ഇന്നത്തെ തെക്കുപടിഞ്ഞാറന്‍ ഇറാക്കിലാണ്; കര്‍ബല. ഇസ്ലാമിന്റെ വിശുദ്ധ നഗരങ്ങളിലൊന്ന്. ഷിയാ വിഭാഗത്തിന്റെ ആസ്ഥാനങ്ങളിലൊന്ന്. ലോകത്തെങ്ങും പടര്‍ന്ന വിശ്വാസം. ഇറാനിലും, ഇറാക്കിലും ബഹുഭൂരിപക്ഷം വരുന്ന ജനത.മുഹറത്തിലെ പത്താം നാളിലാണ് അയാളുടെ രക്തസാക്ഷി ദിനം. ഷിയാ വര്‍ഷചക്രത്തിലെ ഏറ്റവും വിശുദ്ധമായ ദിവസം. മുഹറത്തില്‍ നിറയുന്ന ദുഖം അണപൊട്ടിയൊഴുകുന്ന, അത് പ്രകടിപ്പിക്കുന്ന ദിവസം. ചരിത്രത്തിലെ നിന്ദകളോര്‍ത്തു പ്രക്ഷുബ്ധമായ ദുഖം പുറത്തുവരുന്ന ദിനം. ഭക്തിയുടെ, അനുതാപത്തിന്റെ ദിവസം. സംഘര്‍ഷത്തിന്റെ ദിവസം. കൂട്ടായ്മയുടെ ദിവസം. തുറന്ന വിഷാദത്തിന്റെ, കോപത്തിന്റെ, ക്രോധത്തിന്റെ ദിനം. അസാമാന്യമായ, അസാധാരണമായ ഒരു ദിവസം.

തെക്കന്‍ ഇറാക്കില്‍ ഇതിന്റെ പ്രഭവകേന്ദ്രത്തിലാണെങ്കില്‍ ഒരു മാസവും ഒരു ദിവസവും അനിയന്ത്രിതമായ കോപവും, സംഘര്‍ഷ സാധ്യതകളും ആള്‍ക്കൂട്ടത്തിന്റെ പൊട്ടിത്തെറികള്‍ക്കും അനന്തമായ സാധ്യതകളാണ്. സ്വശരീരത്തിലെ ചാട്ടവാറടികള്‍, കീറിമുറിക്കല്‍. മാസാരംഭത്തില്‍ തുടങ്ങുന്ന, കര്‍ബലയില്‍ അവസാനിക്കുന്ന നീണ്ട ജാഥകള്‍.


(ഓരോ ചുവടിലും അവിശ്വാസം, അസ്വസ്ഥത: റോണി നായർ ഇറാക്കിലൂടെ - ഭാഗം 2)


Next Story

Related Stories