TopTop
Begin typing your search above and press return to search.

വടക്ക് കിഴക്കന്‍ ഇന്ത്യ; ഭരണകൂടത്തിന്റെ ക്ഷേമ രാഷ്ട്ര നാട്യത്തിനൊരു തിരുത്ത്

വടക്ക് കിഴക്കന്‍ ഇന്ത്യ; ഭരണകൂടത്തിന്റെ ക്ഷേമ രാഷ്ട്ര നാട്യത്തിനൊരു തിരുത്ത്

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശത്തിന്റെ വേദന മനസിലാക്കാന്‍ പോലും ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. അവിടുത്തെ ഗോത്ര യാഥാര്‍ത്ഥ്യങ്ങളെയും സമൃദ്ധമായ പാരമ്പര്യത്തെയും തന്ത്രപ്രാധാന്യത്തെയും കണക്കിലെടുക്കുമ്പോഴാണ് ഇന്ത്യ എത്രത്തോളം നിര്‍വികാരമായ ഒരു രാജ്യമാണെന്ന് നാം തിരിച്ചറിയുന്നത്. അതുകൊണ്ടാണ് ആ പ്രദേശത്തിന്റെ ആത്മാഭിമാനത്തെ യാതൊരു വീണ്ടുവിചാരവുമില്ലാതെ നാം ചവിട്ടി മെതിക്കുന്നത്.

ന്യൂഡല്‍ഹിയിലെ പുതിയ സര്‍ക്കാര്‍ എടുത്ത പെട്ടെന്നുള്ള കര്‍ക്കശ നിലപാട് കണക്കിലെടുക്കുമ്പോള്‍, വ്യാഴാഴ്ച പതിനെട്ട് പേരുടെ ജീവനെടുത്ത പട്ടാള വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണം അപ്രതീക്ഷിതമായിരുന്നു എന്ന് പറയാനാവില്ല. മാത്രമല്ല, വരും ദിനങ്ങളില്‍ വടക്കു കിഴക്കിന്റെ മാസ്മരിക പ്രകൃതിയില്‍ വീണ്ടും വീണ്ടും രക്തച്ചൊരിച്ചിലുകള്‍ നാം കാണേണ്ടി വരും എന്ന കാര്യത്തിലും തര്‍ക്കമില്ല.

വ്യാഴാഴ്ച പട്ടാളക്കാര്‍ക്ക് നടന്ന ഒളിയാക്രമണത്തിലേക്ക് നയിച്ചു കൊണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമീപകാലത്ത് വളരുന്ന കലാപം, കഴിഞ്ഞ പതിനാലു വര്‍ഷം നീണ്ടുനിന്ന വെടിനിറുത്തല്‍ കരാറില്‍ നിന്നും എന്‍എസ്സിഎന്‍ (കെ) പിന്തിരിയാന്‍ പ്രേരിപ്പിച്ചുകൊണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രത്തെ കുറിച്ച് ചില ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

തങ്ങളുടെ സായുധസേനയെ ഏകദേശം മുഴുവനായും മ്യാന്‍മറിലേക്ക് മാറ്റിയ നാഗ വിമതര്‍ക്ക്, അവര്‍ നല്‍ക്കുന്ന നിര്‍ണായകമായ ഔദ്ധ്യോഗിക പിന്തുണയെ കുറിച്ച് അവിടെ നിന്നു വരുന്ന വാര്‍ത്തകള്‍ ആശങ്കള്‍ക്ക് ആക്കം കൂട്ടുന്നു. ഈ ആഴ്ച ആദ്യം, എന്‍എസ്സിഎന്‍ (കെ) തലവന്‍ എസ്എസ് കപ്ലാംഗിനെ യാങ്കൂണിലെ ആശുപത്രിയിലേക്ക് ഇവിടെ നിന്നും സര്‍ക്കാര്‍ സഹായത്തോടെ വ്യോമമാര്‍ഗ്ഗം എത്തിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാര്‍ച്ചില്‍, കപ്ലാംഗിന്റെ നേതൃത്വത്തിലുള്ള വിമതഗ്രൂപ്പ് വെടിനിറുത്തല്‍ കരാര്‍ അവസാനിപ്പിച്ചപ്പോള്‍, അവരെ കാരാറിലേക്ക് മടക്കിക്കൊണ്ട് വരാനുള്ള യാതൊരു ജാഗ്രതയും ന്യൂഡല്‍ഹിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അതിന്റെ അണികള്‍ നടത്തിയ വ്യാപകമായ അക്രമ പ്രവര്‍ത്തനങ്ങളും 14 വര്‍ഷം നീണ്ട വെടിനിറുത്തല്‍ കൊണ്ട് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതും ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ നിരത്താനുണ്ടാവാം.

എന്നാല്‍, കപ്ലാംഗ് വിഭാഗം വെടിനിറുത്തല്‍ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ അനന്തരഫലങ്ങള്‍ മാരകമാണ്. വെടിനിറുത്തല്‍ തകര്‍ന്നതിന് ശേഷം അക്രമസംഭവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും സൈന്യവും ഭീകരരും ആക്രമണോത്സുകമായ ഇടങ്ങളില്‍ സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു. ഇംഫാലിന് ഏകദേശം 80 കിലോമീറ്റര്‍ അകലെ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 20 സൈനീകരെങ്കിലും മരിച്ച സംഭവം ഇന്ത്യന്‍ സേനക്ക് നേരെ സമീപകാലത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു എന്ന് മാത്രമല്ല കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കിടയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ സേനയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടവുമാണ്.

മെയ് ആദ്യവാരം, അരുവിയില്‍ വെള്ളമെടുക്കാന്‍ പോയ ആസാം റൈഫിള്‍സിന്റെ 23-ാം ബറ്റാലിയനിലെ 18 പട്ടാളക്കാര്‍ക്ക് നേരെ നാഗലാന്റിലെ മോണ്‍ ജില്ലയില്‍ ഭീകരര്‍ ഒളിയാക്രമണം നടത്തി. മരിച്ച് എട്ടു പേരില്‍ ഏഴ് പേര്‍ ആസാം റൈഫിള്‍സിന്റെ 23-ാം ബറ്റാലിയനില്‍ ഉള്ളവരും ഒരാള്‍ 164 ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനില്‍ ഉള്ളയാളുമായിരുന്നു. മാര്‍ച്ച് 21ന്, മണിപ്പൂരിലെ തമെന്‍ഗ്ലോംഗ് ജില്ലയില്‍ എന്‍എസ്സിഎന്‍ (കെ) വിമതര്‍ കരസേനയുടെ രണ്ട് സൈനീകരെ വധിച്ചിരുന്നു.

പ്രകോപനപരമായ പ്രവര്‍ത്തനങ്ങളിലാണ് നമ്മുടെ സൈന്യവും ഏര്‍പ്പെട്ടിരിക്കുന്നത്. മേയ് ഒന്നിന് നമ്മുടെ അര്‍ദ്ധ സൈനിക വിഭാഗവും ദോഗ്ര ഒമ്പതിലെ പട്ടാളക്കാരും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍, തമെന്‍ഗ്ലോംഗ് ജില്ലയില്‍ തന്നെ നാല് എന്‍എസ്സിഎന്‍ (കെ) അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

കൃത്യമായ രാഷ്ട്രീയ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു. നാഗ കലാപവുമായി ബ്ന്ധപ്പെട്ട സമീപകാലങ്ങളില്‍ പ്രദേശത്ത് ദൃശ്യമായ ആക്രമണങ്ങളുടെ തോത് വളരെ കൂടുതലാണെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സമീപ വര്‍ഷങ്ങളില്‍ നാഗാലാന്റിലും സമീപ സംസ്ഥാനങ്ങളിലും താരതമ്യേന ശാന്തമായ അന്തഃരീക്ഷമായിരുന്നു നിലനിന്നിരുന്നത്. ന്യൂഡല്‍ഹിയും എന്‍എസ്സിഎന്നിന്റെ മൂന്ന് പ്രധാന വിഭാഗങ്ങളായ ഐഎം, കപ്ലാംഗ്, ഖോലെ-കിറ്റോവി എന്നിവരും തമ്മില്‍ നിലനിന്നിരുന്ന വെടിനിറുത്തല്‍ കരാറായിരുന്നു ഇതിന് പ്രധാന കാരണം.

വ്യാഴാഴ്ചത്തെ ആക്രമണം എന്‍എസ്സിഎന്‍ (കെ) നേരിട്ട് നടത്തിയതാവാന്‍ സാധ്യത കുറവാണെന്നും അവര്‍ മറ്റേതെങ്കിലും സംഘങ്ങളെ നിയോഗിച്ചതാവാനാണ് കൂടുതല്‍ സാധ്യതയെന്നും സൈനികവൃത്തങ്ങള്‍ പറയുന്നു. വെടിനിറുത്തല്‍ കരാര്‍ അവസാനിച്ച ശേഷം ഏകദേശം 400 എന്‍എസ്സിഎന്‍ (കെ) പോരാളികള്‍ തങ്ങളുടെ താവളം മ്യാന്‍മാറിലേക്ക് മാറ്റിയിട്ടുണ്ട്.

മ്യാന്‍മാറില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ പ്രകാരം കപ്ലാംഗ് വിഭാഗത്തിനാണ് ഒദ്ധ്യോഗിക പിന്തുണ ഉള്ളത്. ഇപ്പോഴും യാങോണ്‍ ആശുപത്രിയില്‍ കഴിയുന്ന കപ്ലാംഗിനെ ഔദ്ധ്യോഗിക പിന്തുണയില്ലാതെ വ്യോമമാര്‍ഗ്ഗം രക്ഷപ്പെടുത്താനാവില്ലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാവി വീണ്ടും പന്താടുന്ന ഇപ്പോഴത്തെ കലാപങ്ങളും, സ്വതന്ത്ര ഇന്ത്യയുടെ രൂപഘടന പൂര്‍ത്തിയാക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ വര്‍ഗ്ഗങ്ങള്‍ക്ക് നേരിട്ട പരാജയത്തിലേക്ക് തന്നെയാണ് ആവര്‍ത്തിച്ച് വിരല്‍ ചൂണ്ടുന്നത്. നാഗ കാലപങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 1950കളില്‍ തന്നെ പട്ടാളത്തെയും അവിടെ നിയോഗിച്ചിരുന്നു. എന്നിട്ടും, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സജീവ കലാപങ്ങളില്‍ ഒന്നായി അത് തുടരുന്നു. നാഗ കലാപങ്ങള്‍ക്കും പ്രദേശത്ത് ഉയര്‍ന്ന് വന്ന മറ്റ് കലാപങ്ങള്‍ക്കും കൃത്യമായ ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതില്‍ ന്യൂഡല്‍ഹിയില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് നേരിട്ട പരാജയം, സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ വര്‍ഗ്ഗങ്ങളുടെ പരാജയത്തിന്റെ കഥയാണ് ആവര്‍ത്തിക്കുന്നത്. ഒരു സമ്പൂര്‍ണ ക്ഷേമ രാഷ്ട്രം എന്ന നാട്യത്തോടെ രാജ്യം ഭരിക്കുമ്പോഴും നഗര സമ്പന്നരുടെ പ്രശ്‌നങ്ങള്‍ മാത്രമേ അവരെ അലട്ടുന്നുള്ളു.

അതിന്റെ ഗണ്യമായ അസംതൃപ്ത ജനകോടികളെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു അപൂര്‍ണ ക്ഷേമ രാഷ്ട്രം മാത്രമായി അവശേഷിക്കുന്നു. അവരുടെ പരാതികള്‍ പരിഹരിക്കാനുള്ള ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി നമ്മുടെ ഭരണവര്‍ഗ്ഗം സ്വീകരിക്കാതിരിക്കുന്നിടത്തോളം ഇന്ത്യയില്‍ ചോര ഒഴുകിക്കൊണ്ടേയിരിക്കും...ധീരരായ നമ്മുടെ സൈനികരും അതാത് പ്രദേശങ്ങളിലെ പാവപ്പെട്ട പൗരന്മാരും അതിന് ജീവന്‍ കൊണ്ട് വിലകൊടുക്കുന്നത് തുടരുകയും ചെയ്യും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories