TopTop

നൊസ്റ്റാള്‍ജിയത്തിന്റെ പുസ്തകം; പ്രണയത്തിന്റെയും മഴയുടെയും

നൊസ്റ്റാള്‍ജിയത്തിന്റെ പുസ്തകം; പ്രണയത്തിന്റെയും മഴയുടെയും

നിപിന്‍ നാരായണന്‍/ ജെസ്റ്റിന്‍ എബ്രഹാം

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള എഴുത്തിലൂടെയും വരയിലൂടെയും പ്രശസ്തനായ നിപിന്‍ നാരായണന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പുകളും വരകളും 'നൊസ്റ്റാള്‍ജിയത്തിന്റെ പുസ്തകം' എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്. പുസ്തകത്തെ കുറിച്ചും സോഷ്യല്‍ മീഡിയ എഴുത്തനുഭവങ്ങളെ കുറിച്ചും സംസാരിക്കുകയാണ് നിപിന്‍. കണ്ണൂര്‍ സ്വദേശിയായ നിപിന്‍ ഇപ്പോള്‍ കെ ആര്‍ നാരായണന്‍ ഫിലിം ഈന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥിയാണ്. (അഭിമുഖം നടത്തിയത്-ജെസ്റ്റിന്‍ എബ്രഹാം)


ജെസ്റ്റിന്‍ എബ്രഹാം: ഇന്നലെ വരെ ഫേസ്ബുക്ക് എന്ന സമൂഹമാധ്യമത്തിലെ ആയിരത്തോളം വരുന്ന എഴുത്തുകാരില്‍ ഒരാള്‍ മാത്രമായിരുന്നു നിപിന്‍ നാരായണന്‍. ഇന്ന് അത് മാറുകയാണ്. താങ്കളുടെ പേരില്‍ ഒരു പുസ്തകം പ്രകാശിതമാകാന്‍ പോവുന്നു. എന്തു തോന്നുന്നു?

നിപിന്‍ നാരായണന്‍: ഇന്നലെ വരെ സമൂഹമാധ്യമങ്ങളില്‍ എഴുതിയിരുന്നു. ഇനിയും അത് തുടരും. എന്നാല്‍ അച്ചടിക്കപ്പെടുന്ന പുസ്തകത്തിന്‍റെ പുറംതാളില്‍ എഴുത്തുകാരന്‍റെ സ്ഥാനത്ത് പേര് വരുന്നത് ഒരു അടയാളപ്പെടുത്തലാണ്. തീര്‍ച്ചയായും അത് വളരെ അധികം സന്തോഷം തരുന്ന ഒരു കാര്യമാണ്.

ജെ: നൊസ്റ്റാള്‍ജിയയുടെ പുസ്തകമല്ല “നൊസ്റ്റാള്‍ജിയത്തിന്‍റെ പുസ്തകം” എന്നാണ് പേര് നല്‍കിയിരിക്കുന്നത്. എന്താണ് കാരണം?

നി: രാഷ്ട്രീയം പ്രണയം എന്നൊക്കെ ആണല്ലോ നമ്മള്‍ പറയുന്നത്. അതുകൊണ്ടാണ് പുസ്തകത്തിന്‌ 'നൊസ്റ്റാള്‍ജിയം' എന്ന പേര് നല്‍കിയത്. ബോധപൂര്‍വം സ്വീകരിച്ചതല്ല. വന്ന് ചേര്‍ന്നതാണ്. അതുപോലെ ആളുകളില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന 'മഴ, പ്രണയം' എന്നീ വിഷയങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌. ഓര്‍ക്കുമ്പോള്‍ സുഖം തരുന്ന കാര്യങ്ങളാണ് ഇവയെല്ലാം തന്നെ. അതുകൊണ്ടാണ് ഈ പേരും സ്വീകരിച്ചത്.ജെ: നിപിന്‍ എന്ന എഴുത്തുകാരന്‍ ശ്രദ്ധിക്കപ്പെടുന്നത് വ്യത്യസ്ഥമായ അവതരണശൈലികൊണ്ടാണ്. അതിനെക്കുറിച്ച്..

നി: വരയും എഴുത്തുംകൂടെ സംയോജിപ്പിച്ച ഒരു ശൈലിയാണ് ഞാന്‍ ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളില്‍ വരകളോടായിരുന്നു താല്പര്യം. അതാണ്‌ കൂടുതല്‍ ശ്രദ്ധിച്ചതും. എഴുത്ത് പിന്നീട് എന്നിലേക്ക്‌ വന്ന് ചേര്‍ന്നതാണ്. എഴുതുമ്പോഴും ലളിതമായ ഭാഷയാണ് ഉപയോഗിക്കുന്നത്. ലളിതമായ വിഷയങ്ങളാണ് തിരഞ്ഞെടുക്കുന്നത്. വായനക്കാരന്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളതാവും അല്ലെങ്കില്‍ കണ്ടിട്ടുള്ളതാവും ഏറെ വിഷയങ്ങളും. ഉദാഹരണത്തിന് മഴ. ഇവയെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്ന് വരുന്ന ചിത്രമാണ് ഞാന്‍ എഴുത്തിലൂടെ അവതരിപ്പിക്കുന്നത്. കൂടാതെ അത് ചിത്രമായി ഞാന്‍ തന്നെ ചിത്രീകരിക്കുകയും ചെയ്യുന്നു.

ഇവ രണ്ടും ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്. എഴുതുന്ന വാക്കുകള്‍ക്കും അതിനോട് ചേര്‍ന്ന വരയും എന്നില്‍ നിന്ന് തന്നെ വരുമ്പോള്‍, അതിന് ഒരു പൂര്‍ണത ഉണ്ടാവും. വേറെ ഒരാള്‍ എന്‍റെ വരികള്‍ക്ക് ചിത്രീകരണം ചെയ്‌താല്‍ ഒരുപക്ഷെ അത് ഞാന്‍ മനസ്സില്‍ കാണുന്ന ചിത്രമാവില്ല. ഇവിടെ അങ്ങനെ ഒരു പ്രശ്നം ഉണ്ടാവുന്നില്ല.ജെ: 'നൊസ്റ്റാള്‍ജിയത്തിന്‍റെ പുസ്തകം' കേവലം വായനക്കാരന്‍റെ ഗൃഹാതുര സ്മരണകളെ ഉണര്‍ത്തുന്ന പുസ്തകം മാത്രമല്ല രാഷ്ട്രീയവിമര്‍ശനവും ഉള്‍ക്കൊള്ളുന്നുണ്ട്?

നി: ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ സമൂഹവുമായി സംവദിക്കാറുണ്ട്. അതിപ്പോള്‍ രാഷ്ട്രീയമാവാം, സാമൂഹിക നീതിയുമായി ബന്ധപ്പെട്ടവയാവാം. ഓരോ വിഷയത്തിലുമുള്ള എന്‍റെ നിലപാടുകള്‍ ഞാന്‍ എഴുത്തിലൂടെ പ്രകടിപ്പിക്കുന്നു. ജിഷ വധം പോലെയുള്ള സംഭവങ്ങളോട് അതിന്‍റെ രാഷ്ട്രീയത്തോട് ഞാന്‍ പ്രതികരിച്ചിട്ടുണ്ട്.

സമൂഹവുമായി നിത്യവും ബന്ധപ്പെടുന്ന കലാകാരന്‍ സമൂഹത്തിന് മാറ്റം ഉണ്ടാകുമ്പോള്‍ ഒപ്പം നില്‍ക്കുന്ന വ്യക്തിയാണ്. മറിച്ച് മാറ്റം കൊണ്ടുവരേണ്ടത് ഒരു കലാകാരനാണ് എന്ന് ഞാന്‍ കരുതുന്നില്ല. ഒരു വിഷയവുമായി ബന്ധപ്പെട്ട് എന്‍റെ പ്രതികരണം ഞാന്‍ രേഖപ്പെടുത്തുന്നു. എല്ലാ വിഷയങ്ങളിലും രേഖപ്പെടുത്തിയെ മതിയാകൂ എന്ന് ചിലപ്പോള്‍ ഈ സമൂഹം ശഠിക്കാറുണ്ട്. അത് എപ്പോഴും സാധ്യമാവണമെന്നില്ല.ജെ: സമൂഹമാധ്യമമാണ് നിപിന്‍ എന്ന കലാകാരനെ വളര്‍ത്തിയത്. പ്രത്യേകിച്ച് ഫേസ്ബുക്ക്..

നി: തീര്‍ച്ചയായും. ആദ്യകാലങ്ങളില്‍ താല്‍പര്യം വരയോടായിരുന്നു. അക്കാലത്ത് ചിത്രകാരന്മാരെ ഫേസ്ബുക്കില്‍ തിരഞ്ഞുപിടിച്ചു അവരുടെ സൃഷ്ടികളെ വിലയിരിത്തി പഠിച്ചിരുന്നു. പിന്നീട് അവ എന്‍റെ വരകളിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. പകര്‍ത്തുന്നതിലൂടെ എന്‍റെ വരകള്‍ നന്നായി വന്നു. ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചിലര്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് അഭിപ്രായം പറഞ്ഞു. പിന്നീട് ഡിസൈനിംഗ് രംഗത്തേക്ക് കടന്നു. ഒടുവിലാണ് എഴുത്തിലേക്ക് വരുന്നത്. പിന്നീട് എഴുത്തിനോടൊപ്പം വരകൂടെ സംയോജിപ്പിച്ചു. ഈ കാലയളവില്‍ ഒരുപാട് പേര്‍ എന്‍റെ പ്രവര്‍ത്തങ്ങളില്‍ അഭിപ്രായം പറയുകയും അതുമൂലം സൃഷ്ടികള്‍ നന്നാവുകയും ചെയ്തിട്ടുണ്ട്.


ജെ: ഏറ്റവും ഇഷ്ടപ്പെട്ട ചിത്രകാരന്‍, എഴുത്തുകാരന്‍ ആരാണ്?

നി: ബഷീര്‍ ആണ് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍. ഭാഷയിലെ ലാളിത്യമാണ് ബഷീറിനെ പ്രിയപ്പെട്ടതാക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന ശൈലിയാണ് അദേഹത്തിന്‍റെ. അതുപോലെ ആദ്യകാലങ്ങളില്‍ കാര്‍ട്ടൂണിനോടായിരുന്നു താല്പര്യം. അക്കാലത്ത് ഗോപികൃഷ്ണന്‍റെ വരകളോടു താല്പര്യം തോന്നിയിരുന്നു. സിനിമയേയും കാര്‍ട്ടൂണിനേയും കോര്‍ത്തിണക്കുന്നതില്‍ അദ്ദേഹം കാട്ടിയ വൈഭവം അസാധാരണമായിരുന്നു. കൂടാതെ സുജിത്, വിആര്‍ രാകേഷ് എന്നിവരുടെ വരകള്‍ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.

ജെ: സിനിമ നിപിന്‍റെ ഒരു സ്വപ്നമാണ്. അതെ കുറിച്ച് എന്താണ് പറയാനുള്ളത്?

നി: സിനിമ എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എഴുത്ത്, വര, ശബ്ദം എന്നിവയുടെ സമ്മിശ്രം എന്ന നിലയില്‍ സിനിമയുടെ ശക്തി അപാരമാണ്. അത് ചെന്നെത്തുന്ന ആളുകളുടെ എണ്ണവും അതുപോലെ തന്നെയാണ്. ഒരു എഴുത്തിലൂടെയോ, വരയിലൂടെയോ പറയാന്‍ ഉദേശിക്കുന്ന കാര്യങ്ങള്‍ സിനിമയിലൂടെ എളുപ്പത്തില്‍ അധികം ആളുകളിലേക്ക്‌ എത്തിക്കാന്‍ കഴിയും.

അതുപോലെ തന്നെ സ്വന്തം സിനിമ എന്നതും ഒരു സ്വപ്നം തന്നെയാണ്. തീര്‍ച്ചയായും അത് ഉണ്ടാകും. എന്നാല്‍ അത് എപ്പോള്‍ ഉണ്ടാകും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.ജെ: ആര്‍ട്ട്‌ സിനിമകളോടുള്ള ഒരു വിമുഖത ഇന്ന് സമൂഹത്തില്‍ കുറഞ്ഞ് വരുന്നുണ്ടോ?

നി: പ്രോമോക്ഷന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവിടെ സിനിമ വിജയിക്കുന്നത്. 'ഒഴിവ് ദിവസത്തെ കളി' എന്നത് ഒരു മികച്ച ചിത്രമാണ് എന്ന് ആഷിക് അബുവിന് തോന്നിയതുകൊണ്ടാണ് അത് തിയേറ്ററുകളില്‍ എത്തിയത്. ഒരു നല്ല സിനിമ ജനം കാണാതെ പോകരുതെന്ന ആഗ്രഹമാവാം അതിന് പിന്നില്‍. എന്നാല്‍ എല്ലാ സിനിമയേയും പ്രൊമോട്ട് ചെയ്യാന്‍ ആഷിക് അബു വരണം എന്നില്ല. ചില നല്ല സിനിമകള്‍ വിജയിക്കുന്നുണ്ട്. എന്നാല്‍ എല്ലാ സിനമകളുടെയും അവസ്ഥ സമാനമല്ല.

ജെ: ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന വ്യക്തിയാണ് താങ്കള്‍. ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലേറിയിരിക്കുന്നു. എന്താണ് പ്രതീക്ഷ?

നി: നല്ല പ്രതീക്ഷയാണുള്ളത്. എന്‍റെ അഭിപ്രായത്തില്‍ സാധാരണക്കാരനെ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. തുച്ഛമായ സഹായങ്ങള്‍ നിരന്തരം നല്‍കുന്നതിന് പകരം ഒരു കൈത്താങ്ങ്‌ നല്‍കുകയാണെങ്കില്‍ അവര്‍ വളര്‍ന്നേക്കും. സാധാരണ മനുഷ്യന്‍റെ കണ്ണുനീരിന് വിലകല്‍പ്പിക്കുന്ന സര്‍ക്കാരാണ് ഭരണത്തില്‍ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ജെസ്റ്റിന്‍)Next Story

Related Stories