TopTop

നോട്ട് ഓള്‍ മെന്നിന് ബദല്‍ യെസ് ഓള്‍ വുമണ്‍: പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളോട് ബംഗളൂരു

നോട്ട് ഓള്‍ മെന്നിന് ബദല്‍ യെസ് ഓള്‍ വുമണ്‍: പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളോട് ബംഗളൂരു
ബംഗളൂരുവില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ യുവതി ലൈംഗിക പീഡനത്തിന് ഇരയായ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഇതിനിടെ സ്ത്രീകള്‍ ഇത്തരത്തില്‍ ലൈംഗികാതിക്രമങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പതിവായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് #NotAllMen എന്ന പേരിലുള്ള ഹാഷ് ടാഗ്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആക്രമണോത്സുകമായ പുരുഷമേധവിത്ത ബോധത്തെ ചെറുക്കുന്നതിനേക്കാള്‍ പലര്‍ക്കും താല്‍പര്യം എല്ലാം പുരുഷന്മാരും ഇങ്ങനെയൊന്നുമല്ല എന്ന് സ്വയം വെള്ള പൂശുന്നതിലാണ് എന്നുതോന്നും.

നോട്ട് ഓള്‍ മെന്‍ ഒരു വാദം പോലുമല്ല. അത് ബുദ്ധിശൂന്യമായ, ശ്രദ്ധ തിരിക്കാനുള്ള ഒരു ശ്രമമാണ്. അത് നിലവിലുള്ള സാമൂഹ്യാവസ്ഥ തുടരാനുള്ള ശ്രമമാണ്. കൂട്ടബലാത്സംഗം നടക്കുമ്പോള്‍ മാത്രമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം ചര്‍ച്ച ചെയ്യപ്പെടുന്നത്. ബംഗളൂരു പോലൊരു നഗരത്തിലായത് കൊണ്ടാണ് അത് വലിയ ചര്‍ച്ചയാകുന്നത്. സത്രീകള്‍ അവരുടെ വീടുകളില്‍ ഭര്‍ത്താക്കന്മാരാല്‍ അടക്കം നിരന്തരം ബലാത്സംഗത്തിന് ഇരയാവുന്നുണ്ട്. വീടിന് പുറത്തും സ്ത്രീകള്‍ നിരന്തരം ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നു. എന്തുകൊണ്ടാണ് അത് നമ്മളെ രോഷാകുലരാക്കാത്തത് എന്ന ചോദ്യം സ്വാഭാവികമായി ഉയര്‍ന്നുവരേണ്ട ഒന്നാണ്.

എന്നാല്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ ഒരുപാട് ഒഴിവ് കഴിവുകളും ന്യായീകരണങ്ങളും കണ്ടെത്തുന്നു എന്നതാണ് വസ്തുത. ഡല്‍ഹിയില്‍ ഒരു പെട്രോള്‍ പമ്പില്‍ വച്ച് ഒരു യുവതിയെ ഒരാള്‍ കടന്നുപിടിച്ച സംഭവമുണ്ടായി. ബാഗ് തട്ടിപ്പറിക്കാനും കയറിപ്പിടിക്കാനും ബൈക്കില്‍ വന്നയാള്‍ ശ്രമിച്ചു. യുവതി അയാളെ തള്ളി താഴെയിട്ടു. എഴുന്നേറ്റു വന്ന അയാള്‍ യുവതിയെ മര്‍ദ്ദിച്ചു. വേശ്യയെന്ന് വിളിച്ച് തുടര്‍ച്ചയായി മര്‍ദ്ദിച്ചു. എന്നാല്‍ അത് തടയാനോ അയാളുടെ വാഹന നമ്പര്‍ കുറിച്ച് വയ്ക്കാനോ പെട്രോള്‍ പമ്പ് ജീവനക്കാരോ അവിടെയുണ്ടായിരുന്ന മറ്റുള്ളവരോ തയ്യാറായില്ല.എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ചെയ്തത് എന്ന് യുവതി ചോദിച്ചപ്പോള്‍ അത് നിങ്ങളുടെ ഭര്‍ത്താവാണെന്നാണ് വിചാരിച്ചത് എന്നായി അവര്‍. ഇതാണ് പലരുടേയും മനോഭാവം. ഭര്‍ത്താവിന് ഭാര്യയെ തല്ലാനും പീഡിപ്പിക്കാനുമുള്ള അവകാശമുണ്ട്‌ എന്ന് ചിന്ത കുറേ പേര്‍ക്കെങ്കിലുമുണ്ട്. സ്വന്തം സ്വത്ത് പോലെ കാണാവുന്ന അമ്മ, പെങ്ങള്‍, ഭാര്യ ഇത്യാദി മനുഷ്യരെ തല്ലാന്‍ വീട്ടിലെ നായകനായ പുരുഷന് അവകാശമുണ്ടെന്ന് കരുതുന്ന പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും ധാരാളമുണ്ട്. ഈ മാനസികാവസ്ഥ തന്നെയാണ് സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വീട്ടില്‍ സ്ത്രീശരീരങ്ങളെ നിയന്ത്രിച്ചും അതിക്രമിച്ചും നിര്‍ത്തുകയും പുറത്തുള്ള സ്ത്രീകളെ ആക്രമിക്കാനുള്ള ലൈസന്‍സ് കൊണ്ടുനടക്കുകയും ചെയ്യുന്ന ആളുകള്‍ ഇത്തരത്തില്‍ ലൈംഗികാതിക്രമം നടത്തുന്നതില്‍ അത്ഭുതമില്ല. അവളൊരു വേശ്യയായിരിക്കാം അല്ലെങ്കില്‍ അവള്‍ ഭാര്യയായിരിക്കാം - രണ്ടും അക്രമത്തിനുള്ള ലൈസന്‍സ് നല്‍കുകയാണ്.

ഇവിടെ പ്രസക്തിയുള്ള ഹാഷ് ടാഗ് മറ്റൊന്നാണ് #YesAllMen. അക്രമത്തിനുള്ള ലൈസന്‍സ് തരുന്നുണ്ടെന്ന് തോന്നുന്നവര്‍. #YesAllWomen എന്നൊന്നുമുണ്ട്. അതെ, എല്ലാ സ്ത്രീകളും അവരുടെ വീടുകളിലും തെരുവുകളിലുമെല്ലാം അരക്ഷിതരാണ്. പിന്നെയുള്ളത് #YesOnlyWomen - സ്ത്രീകള്‍ മാത്രമാണ് വേശ്യയെന്ന് വിളിക്കപ്പെടുന്നത്. പിന്നെയും #YesAllWomen
- അതെ വേശ്യയെന്ന് വിളിക്കപ്പെടുന്നതിനെ ഞങ്ങള്‍ ഭയപ്പെടുന്നില്ല എന്ന്.

സ്ത്രീകള്‍ രാത്രി ഒറ്റയ്ക്ക് വാഹനമോടിച്ച് പോകരുതെന്നും ഡ്രൈവറേയോ വീട്ടിലെ പുരുഷന്മാരെയോ കൂടെ കൊണ്ടുപോകണമെന്നും ഒരിക്കല്‍ ഡല്‍ഹി പൊലീസ് കമ്മീഷണറായിരുന്ന ബികെ ഗുപ്ത പറഞ്ഞിരുന്നു. ബംഗളൂരുവിലും സ്ത്രീകള്‍ ഇത്തരത്തില്‍ പുരുഷന്മാരോടൊപ്പം വരേണ്ടിയിരുന്നു എന്ന് ഒരു ടിവി ചര്‍ച്ചയില്‍ ഗുപ്ത അഭിപ്രായപ്പെട്ടു. സുരക്ഷിതരാവണമെങ്കില്‍ മിനിസ്‌കര്‍ട്ട് ധരിക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ ഉപദേശം നല്‍കിയിരുന്നു. ചാരിത്ര്യം സംരക്ഷിക്കണമെന്ന് ഉള്ളവര്‍ വീട്ടിലിരിക്കണമെന്ന തരത്തിലും മഹേഷ് ശര്‍മ പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ സാധാരണയാണെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞത്. ലക്ഷ്മണ രേഖ മറികടന്നാല്‍ സ്ത്രീകളെ പുരുഷന്മാര്‍ക്ക് ബലാത്സംഗം ചെയ്യാമെന്ന് മദ്ധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് വര്‍ഗിയ പറഞ്ഞു. ലൈംഗിക പീഡനത്തെ കുറിച്ച് പരാതി നല്‍കുന്ന പെണ്‍കുട്ടികള്‍ തരം താണവരും നാണമില്ലാത്തവരുമാണെന്നാണ് ബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്‌റ് ദിലീപ് ഘോഷ് പറഞ്ഞത്. മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ സംസാരിക്കുമ്പോള്‍ അതിനെ, അതിലൂടെ രൂപപ്പെടുന്ന പൊതുബോധത്തെ ഭയപ്പെടാതിരിക്കാനാവുമോ?

Next Story

Related Stories