UPDATES

ന്യൂസ് അപ്ഡേറ്റ്സ്

10 മാസത്തെ ശമ്പളം നല്‍കിയില്ല; ആരോഗ്യവകുപ്പിലെ മുന്‍കരാര്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു; മൃതദേഹവുമായി സഹപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ ജഗദീഷാണ് ആത്മഹത്യ ചെയ്തത്

ഒരു വര്‍ഷത്തോളം പണിയെടുത്തതിന് കൂലി കൊടുക്കാതിരിക്കുക, താല്‍ക്കാലിക ജീവനക്കാരനാണെങ്കിലും ഒന്നു പറയാതെ ജോലിയില്‍ നിന്ന് പരിച്ചുവിടുക, ഇതു പോരാത്തതിന് കിട്ടാനുള്ള ശമ്പളത്തിനായി അധികൃതരെയും മന്ത്രിയെയും കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ പറയുന്ന അധിക്ഷേപം കൂടി കേള്‍ക്കേണ്ടി വരിക.. ഇതെല്ലാം ഇനിയും സഹിക്കാന്‍ വയ്യാത്തതുകൊണ്ടാണ് കാസര്‍ഗോഡുകാരന്‍ ജഗദീഷ് (42) ഇന്നലെ തൂങ്ങിമരിച്ചതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ ഇന്നലെ വൈകിട്ടോടെയാണ് ജഗദീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

2015 ഡിസംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള പത്ത് മാസത്തെ ശമ്പളം ജഗദീഷ് അടക്കമുള്ള 500 ഓളം വരുന്നഎന്‍ ആര്‍ എച്ച് എം പദ്ധതിയിലെ കരാര്‍ ജീവനക്കാര്‍ക്ക് (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍) ലഭിക്കാനുണ്ട്. 2016 സെപ്റ്റംബര്‍ 16-ന് ആരോഗ്യ വകുപ്പില്‍ നടന്ന പിരിച്ചുവിടലിനെത്തുടര്‍ന്ന് ജഗദീഷിനും ജോലി നഷ്ടമായിരുന്നു. ഒരു കാരണവും കാണിക്കാതെയാണ് ഇവരെ പിരിച്ചുവിട്ടത്. മാത്രമല്ല അവര്‍ക്ക് കൊടുക്കാനുള്ള പത്ത് മാസത്തോളം വരുന്ന ശമ്പളവും ഇതുവരെയും കൊടുത്തിട്ടുമില്ല.

എന്‍ ആര്‍ എച്ച് എം പദ്ധതിയിലെ ജോലി നഷ്ടപ്പെട്ടവര്‍ കിട്ടാനുള്ള ശമ്പളത്തിനും ജഗദീഷിന്റെ മരണത്തിനും സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ നടത്തുന്ന പ്രതിഷേധം

ഈ ശമ്പളത്തിനായി ജഗദിഷ് പലതവണ സെക്രട്ടറിയേറ്റിലും ആരോഗ്യവകുപ്പിലും ആരോഗ്യ വകുപ്പ് മന്ത്രിയെയും കാണാന്‍ വന്നിരുന്നു. ഇവിടെ നിന്നെല്ലാം അവഹേളനങ്ങളായിരുന്നു ജഗദീഷിന് നേരിടേണ്ടി വന്നത്. ജഗദീഷിന് മാത്രമല്ല ശമ്പളത്തിന്റെ കാര്യത്തിനായി എത്തിയ കരാര്‍ ജോലികാര്‍ക്കെല്ലാം ഇതേ അനുഭവമായിരുന്നു.

“ഓഫീസില്‍ ചെന്നപ്പോള്‍ അവിടുത്തെ ആളുകള്‍ പറഞ്ഞത് തോര്‍ത്ത് വിരിച്ച് പുറത്തിരിക്കാനാണ്. ആരോഗ്യ മന്ത്രി പറഞ്ഞത് ഞങ്ങളെല്ലാം കഴിഞ്ഞ ഭരണത്തിലെ രാഷ്ട്രീയക്കാരുടെ സ്വാധീനമുപയോഗിച്ച് കയറിയതല്ലേ ശമ്പളം അവരോട് ചോദിക്ക് എന്നൊക്കെയാണ്. ഇതുപോലെ പലതും ഓഫീസില്‍ നിന്ന് കെട്ടിട്ടുണ്ട്. കഴിഞ്ഞതവണ ജഗദീഷ് ചേട്ടന്‍ കണ്ടപ്പോള്‍ എന്നോട് ചോദിച്ചത് ‘നിങ്ങള്‍ക്ക് മടുത്തില്ലേ, വല്ല കെട്ടിടത്തിന്റെ മുകളിലോ മരത്തിന്റെമുകളിലോ കയറി ആത്മഹത്യ ചെയ്താലോ.. അതു കണ്ടിട്ടെങ്കിലും പട്ടിണികിടക്കുന്നവര്‍ക്ക് ശമ്പളം കിട്ടുമല്ലോ..’ അതിന് ഞാന്‍ മറുപടി പറഞ്ഞത് ‘എനിക്ക് പിള്ളാരും കുടുംബവുമൊക്കെയുണ്ട് ചേട്ടാ’ എന്നായിരുന്നു. അപ്പോള്‍ ജഗദീഷ് ചേട്ടന്‍ തിരിച്ചു പറഞ്ഞത് ‘നിങ്ങള്‍ ചെയ്തില്ലെങ്കില്‍ ഞാന്‍ ചെയ്യും. അപ്പോള്‍ നിങ്ങള്‍ക്ക് കാശു കിട്ടും. എന്റെ കാശ് അമ്മയെ ഏല്‍പ്പിച്ചാല്‍ മതി’ തമാശയാണെന്നാണ് കരുതിയത് പക്ഷെ ഇന്നലെ ചേട്ടന്‍… ജഗദീഷ് ചേട്ടനുമായിട്ട് ഇവിടെ കിട്ടാനുള്ള ശമ്പളം മേടിക്കാന്‍ എത്തിയപ്പോഴുള്ള പരിചയമായിരുന്നു. ഈ സര്‍ക്കാരും, മന്ത്രിയും, ഓഫീസ് ജീവനക്കാരുമാണ് ചേട്ടനെ കൊന്നത്”, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പത്തനാപുരത്തെ ഒരു കരാര്‍ ജീവനക്കാരി പറഞ്ഞു.

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പേക്കടം സ്വദേശിയായ ജഗദീഷും നിലേശ്വരം സ്വദേശിയായ കൃഷ്ണവര്‍മ്മയും കൂടി ഇന്നലെ രാവിലെയായിരുന്നു തിരുവനന്തപുരത്ത് എത്തിയത്. ഫാര്‍മസിസ്റ്റ് കരാര്‍ ജീവനക്കാരായിരുന്ന കൃഷ്ണവര്‍മ്മയ്ക്കും പത്ത് മാസത്തോളം വരുന്ന ശമ്പളം കിട്ടാനുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയെയും, ഡയറക്ടറെയും കണ്ട് ശമ്പളം കുടിശ്ശിക ലഭിക്കുന്നതിനായുള്ള നിവേദനവുമായി എത്തിയ ഇരുവരും അരിസ്റ്റോ ജംഗ്ഷനിലെ ഓം ടൂറിസ്റ്റ് ഹോമിലായിരുന്നു റൂം എടുത്തത്. ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ നിവേദനം കൊടുക്കാന്‍ ഇറങ്ങിയപ്പോള്‍ കൃഷ്ണവര്‍മ്മയോട് തനിക്ക് തലവേദനയാണെന്നും തനിച്ചുപോയി നിവേദനം നല്‍കാനും വേണ്ട കാര്യങ്ങള്‍ ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജഗദീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. പോലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പറയുന്നത് കിട്ടാനുള്ള ശമ്പളത്തെപ്പറ്റിയും അതിനായി പോയപ്പോഴുണ്ടായ് അവഹേളനങ്ങളെപ്പറ്റിയുമായിരുന്നു.

2012-ലെ യു.ഡി.എഫ് സര്‍ക്കാരാണ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായുള്ള പ്രത്യേക പദ്ധതിയില്‍ 1900 പേരെ കരാര്‍ അടിസ്ഥാനത്തില്‍ ഓരോ ജില്ലകളിലും സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സ്‌പ്രേമാന്‍, ലാബ് അറ്റന്‍ഡര്‍, ഫിസിയോ തെറാപ്പിസ്റ്റ് എന്നീ തസ്തികകളില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നത്. ശമ്പളം മുടങ്ങിയതോടെ 1400 പേര്‍ ജോലിയില്‍ നിന്ന് സ്വയം ഒഴിവായി. ബാക്കിയുള്ളവരെ സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തു. ജഗദീഷും കൃഷ്ണവര്‍മ്മയും നാലുവര്‍ഷത്തോളമായി കരാര്‍ ജോലി ചെയ്യുകയായിരുന്നു. കൃഷ്ണ വര്‍മ്മ പറയുന്നത് കിട്ടാനുള്ള ശമ്പളത്തിനായി പലതവണ ഓഫീസില്‍ കയറിയിറങ്ങി എന്നാണ്. “എനിക്ക് ഒരു രാഷ്ട്രീയവുമില്ല. പക്ഷെ അവരൊക്കെ ഞങ്ങള്‍ വേറെയേതോ പാര്‍ട്ടിക്കാരാണ് എന്ന രീതിയില്‍ മോശമായിട്ടാണ് പെരുമാറിയിരുന്നത്. കഷ്ടപ്പാടുകൊണ്ടാണ് ഈ പൈസക്ക് വരുന്നത്. ജഗദീഷിന് രണ്ടരലക്ഷത്തോളം രൂപ കിട്ടാനുണ്ടായിരുന്നു. എനിക്ക് ഒന്നര ലക്ഷമുണ്ട്. ഇപ്പോള്‍ ചെറിയ ഒരു ജോലിയുണ്ട്. ആ ജോലി (ഫാര്‍മസിസ്റ്റ്) ഒരു പ്രതീക്ഷയായിരുന്നു. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പൈസ കിട്ടിയാല്‍ ഉപകാരമായിരുന്നു.”

ശമ്പള കുടിശ്ശികയുടെ കാര്യത്തില്‍  ഉടന്‍ തീരുമാനമെടുക്കണമെന്ന് ആവിശ്യപ്പെട്ട് ജഗദീഷിന്റെ മൃതദേഹവുമായി എന്‍ ആര്‍ എച്ച് എം പദ്ധതിയിലെ ജോലി നഷ്ടപ്പെട്ടവര്‍ സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ ഇന്ന് ഉച്ചയ്ക്ക് പ്രതിഷേധം നടത്തുകയായിരുന്നു. പിന്നീട് ജഗദീഷിന്റെ മൃതദേഹം ബന്ധുക്കള്‍ കാസര്‍ഗോഡേക്ക് കൊണ്ടുപോയി. പ്രതിഷേധം ശക്തമായി തുടരാനാണ് പിരിച്ചുവിടപ്പെട്ട കരാര്‍ ജീവനക്കാരുടെ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍