UPDATES

പ്രവാസം

ഓറഞ്ച് പാസ്‌പോര്‍ട്ടിനെതിരെ പ്രവാസികള്‍; നിയമപോരാട്ടം നടത്തും

കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കൂട്ട ഹര്‍ജികള്‍ സമര്‍പ്പിക്കാനുള്ള നീക്കവുമായി പ്രവാസി സംഘടനകള്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാസ്‌പോര്‍ട്ട് പരിഷ്‌കരണ പദ്ധതിക്കെതിരെ യുഎഇയിലെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. നാട്ടിലെ വിലാസവും കുടുംബ ബന്ധങ്ങളും തെളിയിക്കുന്ന നിലവിലുള്ള പാസ്‌പോര്‍ട്ടിലെ അവസാന പേജ് നീക്കം ചെയ്യാനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെയും അല്ലാത്തവരുടെയും പാസ്‌പോര്‍ട്ടുകളുടെ നിറങ്ങള്‍ വ്യത്യസ്തമാക്കാനുമുള്ള നീക്കങ്ങളാണ് പ്രവാസികള്‍ക്കിടിയില്‍ പ്രതിഷേധനത്തിന് കാരണമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കൂട്ട ഹര്‍ജികള്‍ സമര്‍പ്പിക്കാനും നിയമ പോരാട്ടം നടത്താനുമാണ് യുഎഇയിലെ പ്രവാസി സംഘടനകള്‍ ആലോചിക്കുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദായനികുതി അടയ്‌ക്കേണ്ടാത്തവരും പത്താം ക്ലാസ് പാസാകാത്തവരുമായ പൗരന്മാര്‍ക്കാണ് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമായി വരുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള 18 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്‍സിന്റെ അനുമതി ഇവര്‍ക്ക് ആവശ്യമാണ്. ഇത് പൗരന്മാര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുമെന്ന പരാതി വ്യാപകമാണ്. നാട്ടിലെ വിലാസവും കുടുംബ ബന്ധങ്ങളും തെളിയിക്കുന്നതിന് പാസ്‌പോര്‍ട്ടിലെ അവസാന പേജാണ് പ്രവാസികള്‍ ഇതുവരെ അംഗീകൃതരേഖയായി ഉപയോഗിച്ചിരുന്നത്. ഈ പേജ് നീക്കം ചെയ്യാനുള്ള തീരുമാനവും വ്യാപക പ്രതിഷേധമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്.

പാസ്‌പോര്‍ട്ട് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് ലഭിച്ചിട്ടില്ല. എന്നാല്‍ പരിഷ്‌കരണങ്ങള്‍ക്കെതിരെ പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്ന ശക്തമായ പരാതികളെ കുറിച്ച് മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാര്‍ ഭാഗത്തുനിന്നും വിശദീകരണങ്ങള്‍ ഒന്നും വരാത്തതില്‍ അവര്‍ പൊതുവില്‍ അതൃപ്തരാണ്. ഇതാണ് പ്രതിഷേധങ്ങളുമായി രംഗത്തുവരാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്, യുഎഇ ഇന്‍കാസ് തുടങ്ങിയ സംഘടനകള്‍ ഇതിനകം തന്നെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തെഴുതിയിട്ടുണ്ട്.

ഓറഞ്ച് പാസ്‌പോര്‍ട്ട്: ഹിറ്റ്‌ലറും മോദിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നതിന് തെളിവെന്ന് ബെന്യാമിന്‍

കൂടാതെ, യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കൂട്ട ഹര്‍ജി സമര്‍പ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. യുഎഇയിലുള്ള എല്ലാ ഇന്ത്യന്‍ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് കൂട്ട മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് സംഘടനയുടെ പ്രസിഡന്റ് വൈഎ റഹിം പറഞ്ഞു. എല്ലാവരും നിയമത്തിന് തുല്യരാണെന്ന് ഉറപ്പുനല്‍കുന്നതും വിവേചനത്തിന് എതിരായുമുള്ള ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണ് വ്യത്യസ്ത നിറങ്ങളിലുള്ള പാസ്‌പോര്‍ട്ടുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ത് ദിവസത്തിനുള്ളില്‍ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച ശേഷം പ്രതിനിധികള്‍ ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ച് വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിക്കുമെന്നും റഹീം പറഞ്ഞു.

പാസ്പോര്‍ട്ടില്‍ ഓറഞ്ച് നിറമുള്ള ‘നീച’ വിഭാഗവും യോഗിയുടെ കാവി കക്കൂസും

അവശ്യമായി വരുന്ന പക്ഷം തന്റെ സ്ഥാപനം ഈ വിഷയത്തില്‍ നിയമപോരാട്ടത്തിന് തയ്യാറാവുമെന്ന് ദുബായില്‍ നിയമസഹായ സ്ഥാപനമായ മുസ്തഫ ആന്റ് അല്‍ മനയുടെ മാനേജിംഗ് ഡയറക്ടര്‍ അഡ്വക്കേറ്റ് ഒവി മുസ്തഫ ഷഫീര്‍ പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ച വ്യക്തമാണ് ഷഫീര്‍. മൗലീക അവകാശങ്ങള്‍ നടപ്പിലാക്കുന്നതിന് ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതികള്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടനയുടെ 226-ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും ഹര്‍ജി സമര്‍പ്പിക്കാനാണ് ഷഫീറിന്റെ സ്ഥാപനം ആലോചിക്കുന്നത്. പരിഷ്‌കരണങ്ങളെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചകളൊന്നും നടക്കാത്ത സാഹചര്യത്തില്‍ നിയമ സംവാദങ്ങളെങ്കിലും നടക്കേണ്ടതുണ്ടെന്ന് ഷഫീര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവര്‍ നല്‍കുന്ന ഹര്‍ജിയില്‍ കക്ഷി ചേരാനൊരുങ്ങുകയാണ് മറ്റ് പ്രവാസി സംഘടനകള്‍.

ഓറഞ്ച് പാസ്പോര്‍ട്ട്; വിവേചനത്തിന്റെ ഏറ്റവും നീചമായ രൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍