UPDATES

വിദേശം

ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകേസിലെ വക്കീലിന്റെ അസാധാരണ ജീവിതം

Avatar

കരേന്‍ ഹെല്ലര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

‘പ്രായം ചെന്ന തൊണ്ടയ്ക്ക് അയവു വരുത്താനായി’ ബെന്‍ ഫെറെന്‍ക്‌സ് ഒരു ചുമയ്ക്കുള്ള സിറപ്പ് വായിലൊഴിച്ചു. അദ്ദേഹത്തിന്റെ അസാധാരണ ജീവിതകഥ എവിടെനിന്നു തുടങ്ങും?

‘കാര്‍പാത്തിയന്‍ മലനിരകളില്‍ ട്രാന്‍സില്‍വാനിയയിലെ ഒരു കൊച്ചുഗ്രാമത്തിലാണു ഞാന്‍ ജനിച്ചത്’, ലാളിത്യം നിറഞ്ഞ തന്റെ റിട്ടയര്‍മെന്റ് ഹോമിലെ സ്വീകരണമുറിയിലിരുന്ന് ഫെറെന്‍ക്‌സ് പറയുന്നു. ‘ടാപ്പ് വെള്ളമോ വൈദ്യുതിയോ എത്താത്ത പുല്ലുമേഞ്ഞ മേല്‍ക്കൂരയുള്ള ചെറിയ വീടായിരുന്നു അത്. ടെലിവിഷനുമില്ല.’

ഫെറെന്‍ക്‌സിന് 96 വയസായി. എന്നാല്‍ അരനൂറ്റാണ്ടു മുന്‍പു പോലുമുള്ള തീയതികളും പേരുകളും ഓര്‍മിച്ചെടുത്ത് അദ്ദേഹം നമ്മെ അതിശയിപ്പിക്കും. അഞ്ചടി പോലും ഉയരമില്ലാത്ത ഈ കൊച്ചുമനുഷ്യന്‍ നിയമകാര്യങ്ങളില്‍ ഭയങ്കരനാണ്. ന്യൂറംബര്‍ഗ് വിചാരണയുടെ ജീവിച്ചിരിക്കുന്ന അവസാന പ്രോസിക്യൂട്ടറും രാജ്യാന്തര ക്രിമിനല്‍ നിയമത്തിന്റെ പ്രണേതാവുമായ ഫെറെന്‍ക്‌സ് ലോകസമാധാന പ്രചാരണത്തിനായി ലക്ഷക്കണക്കിനു ഡോളര്‍ യുഎസ് ഹോളോകോസ്റ്റ് മെമ്മോറിയന്‍ മ്യൂസിയത്തിനു സംഭാവന ചെയ്യാനിരിക്കുകയാണ്.

അസോസിയേറ്റഡ് പ്രസ് ‘ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതക വിചാരണ’ എന്നു വിശേഷിപ്പിച്ച ന്യൂറംബര്‍ഗ് കേസാണ് ഫെറന്‍ക്‌സിനെ നിര്‍വചിക്കുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ലക്ഷക്കണക്കിനാളുകളുടെ കൊലപാതകത്തിന് ഉത്തരവാദികളായ ഐന്‍സാറ്റ്‌സ്ഗ്രൂപ്പെന്‍ എന്ന നാസി വധസ്‌ക്വാഡുകള്‍ ഉള്‍പ്പെട്ടതായിരുന്നു കേസ്.  ഈ സ്‌ക്വാഡുകളുടെ നേതൃത്വം വഹിച്ചവരെ വിചാരണയ്ക്കു വിധേയരാക്കേണ്ടതുണ്ടെന്ന് യുദ്ധത്തിനുശേഷമുള്ള ട്രിബ്യൂണലുകളില്‍ സഹ അറ്റോര്‍ണിമാരെ ബോധ്യപ്പെടുത്താന്‍ ഫെറന്‍ക്‌സിനു കഴിഞ്ഞു. അവര്‍ക്ക് ഒരു വ്യവസ്ഥയേ ഉണ്ടായിരുന്നുള്ളൂ: ഫെറന്‍ക്‌സായിരിക്കണം മുഖ്യ പ്രോസിക്യൂട്ടര്‍.

അന്ന് ഫെറന്‍ക്‌സിന് വയസ് 27.

അത് അദ്ദേഹത്തിന്റെ ആദ്യ വിചാരണയുമായിരുന്നു.


ന്യൂറംബെര്‍ഗ് വിചാരണ വേളയില്‍ ബെന്‍ ഫെറെന്‍ക്‌സ്

ജൂതരുടെയും ജിപ്‌സികളുടെയും മറ്റു പൗരന്മാരുടെയും കൂട്ടക്കൊലയുടെ വിവരങ്ങള്‍ കൃത്യമായി അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തിയ നാസി രേഖകള്‍ സര്‍ട്ടിഫൈ ചെയ്ത ഒരു സാക്ഷിയെ ഫെറന്‍ക്‌സ് ഹാജരാക്കി.

‘കേസ് ജയിക്കുമെന്ന് അവര്‍ക്കുറപ്പായിരുന്നു. രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നതില്‍ ജര്‍മന്‍കാര്‍ അതുല്യരായിരുന്നു. വളരെ നന്ദി,’ കൈകള്‍ കൂട്ടിയടിച്ച് സ്വയം അഭിനന്ദിച്ച് ഫെറന്‍ക്‌സ് പറയുന്നു.

‘മരണം അവരുടെ ഉപകരണവും ജീവിതം കളിപ്പാട്ടവുമായിരുന്നു,’ പാലസ് ഓഫ് ജസ്റ്റിസിലെ കോടതിമുറിയില്‍ ഫെറന്‍ക്‌സ് വാദിച്ചു. ‘ഈ മനുഷ്യര്‍ രക്ഷപെട്ടാല്‍ നിയമം അര്‍ത്ഥശൂന്യമാകും. മനുഷ്യര്‍ ഭീതിയില്‍ ജീവിക്കേണ്ടിവരും.’

രണ്ടുദിവസത്തിനുശേഷം പ്രോസിക്യൂഷന്‍ വാദം അവസാനിച്ചു. 22 പ്രതികളും കുറ്റക്കാരെന്നു തെളിഞ്ഞു.

മനഃസംഘര്‍ഷത്തിലായിരുന്നോ ഫെറന്‍ക്‌സ്? ‘ഞാന്‍ അത്തരക്കാരനല്ല. ഭയമില്ലാത്ത ഫെറന്‍ക്‌സാണ് ഞാന്‍.’ എന്നാല്‍ പിന്നീട് ‘എന്റെ തല പൊട്ടുകയായിരുന്നു. അങ്ങനെയൊരു തലവേദന ജീവിതത്തിലൊരിക്കലും എനിക്കുണ്ടായിട്ടില്ല. അതിസമ്മര്‍ദമായിരുന്നു അത്’. വിജയത്തെത്തുടര്‍ന്ന് സ്വന്തം ജീവനക്കാര്‍ക്കുവേണ്ടി ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോലുമാകാതെ വിശ്രമിക്കേണ്ടിവന്നു ഫെറന്‍ക്‌സിന്.

വിസ്തരിക്കപ്പെടേണ്ട പ്രതികളുടെ എണ്ണം കോടതിമുറിയുടെ വലിപ്പമില്ലായ്കമൂലം കുറയ്‌ക്കേണ്ടിവന്നു. ‘നൂറുകണക്കിനാളുകള്‍ ഉത്തരവാദികളായുണ്ടായിരുന്നു. എത്ര പേരെ വിസ്തരിച്ചു? പ്രായോഗികമായി പറഞ്ഞാല്‍ ആരെയുമില്ല.’

വിചാരണയ്ക്കുശേഷം ഫെറന്‍ക്‌സ് രണ്ടാം ലോകമഹായുദ്ധത്തില്‍ കെടുതികള്‍ക്കിരയായവര്‍ക്ക് നഷ്ടപരിഹാരത്തിനുവേണ്ടി പോരാടി. 2002ല്‍ ഹേഗ് ആസ്ഥാനമായി നിലവില്‍ വന്ന ഇന്റര്‍നാഷനല്‍ ക്രിമിനല്‍ കോര്‍ട്ടിന്റെ രൂപീകരണത്തിനുവേണ്ടിയും.

‘ഭൂതകാലത്തെപ്പറ്റി അറിയുന്ന ആളുകള്‍ ഇനി അങ്ങനെയൊന്നുമുണ്ടാകില്ല എന്ന് ആശ്വസിച്ച് ഒന്നും ചെയ്യാതിരിക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇത്തരം ക്രൂരതകള്‍ ഇനി ഉണ്ടാകുന്നില്ല എന്നുറപ്പാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുകയാണ് ഞാന്‍’.

ഫെറന്‍ക്‌സ് ഇന്റര്‍നാഷനല്‍ ഇനിഷ്യേറ്റിവിനുവേണ്ടി ഹോളോകോസ്റ്റ് മ്യൂസിയത്തിനു നല്‍കുന്ന ഒരു മില്യണ്‍ ഡോളറിന്റെ സംഭാവനയുടെ ഉദ്ദേശ്യവും ഇതാണ്. ഈ വാര്‍ഷിക സംഭാവന 10 മില്യണ്‍ ഡോളര്‍ വരെ പുതുക്കാനാകും.

എവിടെ നിന്നാണ് ഇത്രയും പണം? ശമ്പളത്തില്‍നിന്നും യുദ്ധ ഇരകളുമായി ബന്ധമില്ലാത്ത കേസുകളില്‍നിന്നുള്ള സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടിച്ചതാണത്. ഓരോ ഡോളറും ഫെറന്‍ക്‌സ് മിച്ചം പിടിച്ചുവെന്നു വേണം കരുതാന്‍.

ഡെല്‍റേ ബീച്ചിലെ ഫെറന്‍ക്‌സിന്റെ വിശ്രമസങ്കേതം 1970 കാലത്തെ പട്ടാള ബാരക്കുകള്‍ക്കു മുകളില്‍ മിനുസമുള്ള പിങ്ക് സ്പാനിഷ് ഓടുകള്‍ പാകിയതുപോലെ തോന്നിപ്പിക്കും. 40 വര്‍ഷം മുന്‍പ് 23,000 ഡോളറില്‍ത്താഴെ നല്‍കി വാങ്ങിയ വീട്ടില്‍ അത്ര ഭംഗിയില്ലാത്ത, വില കുറഞ്ഞ ഫര്‍ണിച്ചറുകളേയുള്ളൂ. വളരെ കുറച്ച് സാധനങ്ങള്‍. തലേന്ന് താമസം മാറിയതേയുള്ളൂ എന്നു തോന്നുംവിധം.

‘നിയമം, യുദ്ധമല്ല – ഇതാണ് എന്റെ മുദ്രാവാക്യം. ഇന്നത്തെ ലോകം എന്നെ വേദനിപ്പിക്കുന്നു. എന്നാല്‍ ഒന്നും ചെയ്യാതിരിക്കുക, ചെയ്യാന്‍ ശ്രമിക്കാതിരിക്കുക എന്നത് തെറ്റായിരിക്കും.’

ഏറ്റവും താഴെത്തട്ടില്‍ തുടങ്ങി ജനറല്‍ ജോര്‍ജ് എസ് പാറ്റന്റെ മൂന്നാം ആര്‍മിയില്‍ സെര്‍ജന്റായ ഫെറന്‍ക്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനു സാക്ഷിയായിരുന്നു. ബുച്ചന്‍വാള്‍ഡ്, മൗതൗസെന്‍, ഫ്‌ളോസന്‍ബര്‍ഗ്, എബന്‍സീ എന്നിവിടങ്ങളിലെ മോചനത്തിനു ദിവസങ്ങള്‍ക്കുള്ളില്‍ ഫെറന്‍ക്‌സ് അവിടെയെത്തിയിരുന്നു.

‘എല്ലാ ക്യാംപുകളിലും അവസ്ഥ ഏതാണ്ട് ഒന്നു തന്നെയായിരുന്നു. ജോലിയെടുത്ത് മരിക്കാറായ ആളുകള്‍.  ഭീകരവും വിവരണാതീതവും മറക്കാനാകാത്തതുമായ സാഹചര്യങ്ങള്‍. രക്ഷപെട്ടോടുന്ന കാവല്‍ക്കാര്‍’.


ന്യൂറംബെര്‍ഗ് വിചാരണ 

ദശകങ്ങളായി ഈ കഥകള്‍ ലോകത്തോടു പങ്കുവയ്ക്കുകയായിരുന്നു ഫെറന്‍ക്‌സ്. ‘തടവുകാര്‍ ഒരാളെ പിടികൂടി മര്‍ദിക്കുകയും ജീവനോടെ അഗ്നിക്കിരയാക്കുകയും ചെയ്യുന്നതു ഞാന്‍ കണ്ടു,’ ഒരു ജര്‍മന്‍ കാവല്‍ക്കാരനെപ്പറ്റി ഫെറന്‍ക്‌സ് പറയുന്നു. 

പെട്ടെന്ന് സംസാരം നിര്‍ത്തിയ ഫെറന്‍ക്‌സിന്റെ കണ്ണുകള്‍ നിറഞ്ഞു. പോക്കറ്റില്‍നിന്നൊരു തൂവാലയെടുത്ത് കണ്ണുതുടച്ചശേഷം വീണ്ടും. ‘ഇന്നും എനിക്കത് കാണാനാകുന്നു. എനിക്കത് തടയാനാകുമായിരുന്നോ? ഇല്ല. ഞാന്‍ ശ്രമിച്ചോ? ഇല്ല. ഞാന്‍ ശ്രമിക്കേണ്ടിയിരുന്നോ? വേണ്ടിയിരുന്നില്ല. അവിടെ ആയിരിക്കുന്നതിനെപ്പറ്റി ഒന്നു സങ്കല്‍പിച്ചുനോക്കൂ.’

ഇടുങ്ങിയ ഓഫിസില്‍ പ്ലൈവുഡ് കൊണ്ടുതീര്‍ത്ത ഫയല്‍റാക്കുകളുടെ മുകളിലെ മേശയില്‍ ഇടയ്ക്കിടെ പണി മുടക്കുന്ന കംപ്യൂട്ടറിനെ ശകാരിക്കുന്നു ഫെറന്‍ക്‌സ്. ‘ഇത് ജൂതന്മാര്‍ക്കെതിരാകണം.’

ജീവിതത്തിന്റെ നല്ല പങ്കും ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ഫെറന്‍ക്‌സിന് ന്യൂ റോഷെല്ലില്‍ മറ്റൊരു വീടുണ്ട്. മക്കള്‍ വളരുന്നതു കണ്ടത് ആ വീടാണ്. ഇന്ന് അവരെല്ലാം ജോലിയില്‍നിന്നു വിരമിച്ചുകഴിഞ്ഞു.

അസുഖബാധിതയായ ഭാര്യ ജെര്‍ട്രൂഡ് (70) ഫ്‌ളോറിഡയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നതുകൊണ്ടു മാത്രമാണ് ഫെറന്‍ക്‌സ് ഇവിടെ ചൂടും ഈര്‍പ്പവും സഹിക്കുന്നത്. ഭാര്യയ്‌ക്കെന്താണ് അസുഖമെന്ന ചോദ്യത്തിന് ഉത്തരം ഇതാണ്: ‘ അവര്‍ക്കു വയസായി.’

ലളിതമായി ജീവിച്ച ഫെറന്‍ക്‌സ് ബുദ്ധിപൂര്‍വം നിക്ഷേപങ്ങള്‍ നടത്തി. ആ നിക്ഷേപങ്ങള്‍ ദശകങ്ങളോളം ഉപയോഗിച്ചതുമില്ല. ‘ഞാന്‍ ചൂതുകളിക്കാറില്ല. സാധാരണ ഭക്ഷണം ഇഷ്ടപ്പെടുന്നു. ലളിതമായ ആവശ്യങ്ങളേ എനിക്കുള്ളൂ.’ അഞ്ചുഡോളര്‍ വിലയുള്ള ചെരിപ്പാണ് ഫെറന്‍ക്‌സിന്റേത്. ഫെറന്‍ക്‌സിന്റെ ഹോബി സംസാരമാണ്. നാലുമണിക്കൂര്‍ അദ്ദേഹം സംസാരിക്കുന്നു.

‘ഞാന്‍ പാവപ്പെട്ടവനായാണ് ലോകത്തിലേക്കു വന്നത്. അങ്ങനെ തന്നെ മടങ്ങാന്‍ ആഗ്രഹിക്കുന്നു. അമേരിക്കയില്‍ എനിക്കു ലഭിച്ച അവസരങ്ങള്‍ക്കുള്ള നന്ദിയായി എല്ലാം തിരിച്ചുനല്‍കുക എന്നതാണ് തീരുമാനം. ജീവിതം കൊണ്ട് കുറച്ചുകൂടി സമാധാനവും മനുഷ്യത്വവും നിറഞ്ഞ ലോകം സൃഷ്ടിക്കാനായിരുന്നു ശ്രമം. അതിനായി പണം നീക്കിവയ്ക്കുന്നു. ആയിരക്കണക്കിനു വര്‍ഷത്തെ പാരമ്പര്യത്തെയും യുദ്ധമഹത്വവല്‍ക്കരണ ശ്രമങ്ങളെയും ഇല്ലാതാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് എന്റെ ജീവിതകാലത്ത് കാണാനായേക്കില്ല.’

കൂട്ടക്കൊലകള്‍ തടയാന്‍ ശ്രമിക്കുന്ന ഹോളോകോസ്റ്റ് മ്യൂസിയത്തിലെ സൈമന്‍ സ്‌ക്‌ജോഡ്റ്റ് സെന്ററിനാണ് ഫെറന്‍ക്‌സിന്റെ പണം ലഭിക്കുക. ‘അദ്ദേഹം ജീവിതകാലം മുഴുവന്‍ നടത്തിയ പോരാട്ടം അദ്ദേഹത്തിന്റെ കാലശേഷവും തുടരുന്നു എന്നുറപ്പാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അദ്ദേഹം മനുഷ്യന്റെ ഏറ്റവും ക്രൂരമുഖങ്ങള്‍ കണ്ടയാളാണ്,’ സെന്റര്‍ ഡയറക്ടര്‍ കാമറൂണ്‍ ഹഡ്‌സന്‍ പറയുന്നു. ‘ അത് അടുത്തുനിന്നു കണ്ടശേഷവും മനുഷ്യന് അധമവികാരങ്ങളെ ജയിക്കാനാകുമെന്ന മനുഷ്യത്വത്തിലുള്ള അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം അതിശയിപ്പിക്കുന്നു.’

തന്റെ ജീവിതകാലത്ത് ഫെറന്‍ക്‌സ് മറ്റ് പല അതിക്രമങ്ങളും കണ്ടു. റുവാന്‍ഡ, സുഡാന്‍, സിറിയ. എന്നിട്ടും യുദ്ധത്തിന്റെ മഹത്വവല്‍ക്കരണം ഇല്ലാതാക്കാനാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ‘മനം മാറ്റങ്ങളുണ്ടാക്കുകയും വ്യക്തികളെ ഉത്തരം പറയേണ്ടവരാക്കുകയും ചെയ്യാന്‍ നമുക്കാകും.’

കോടതികളില്‍ വിചാരണയ്ക്കു വിധേയരാക്കി കൂടുതല്‍ അക്രമം ഒഴിവാക്കേണ്ടതിനു പകരം ഭീകരരെ കൊല്ലുന്നതില്‍ ഫെറന്‍ക്‌സ് ഖിന്നനാണ്. സാധിച്ചിരുന്നെങ്കില്‍ ഫെറന്‍ക്‌സ് സദ്ദാം ഹുസൈനെയും ഒസാമ ബിന്‍ ലാദനെയും രാജ്യാന്തര കോടതിയിലെത്തിക്കുമായിരുന്നു.

മനുഷ്യസംസ്‌കാരത്തിന്റെ പുരോഗതിയില്‍ പ്രതീക്ഷാനിര്‍ഭരനുമാണ് ഫെറന്‍ക്‌സ്. ‘ അവിശ്വസനീയമായ മാറ്റങ്ങളിലൂടെ ഞാന്‍ ജീവിച്ചു. ഒരു വനിത പ്രസിഡന്റാകാന്‍ മല്‍സരിക്കുന്നു. പുരുഷന്‍ പുരുഷനെ വിവാഹം ചെയ്യുന്നു – എന്റെ ജീവിതകാലത്തുതന്നെ സങ്കല്‍പിക്കാനാകാത്ത തരം മാറ്റങ്ങള്‍’.

ഫെറെന്‍ക്‌സിന് 10 മാസം പ്രായമുള്ളപ്പോഴാണ് കുടുംബം യുഎസിലെത്തുന്നത്. കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന പിതാവ് പിന്നീട് പെയിന്റിങ് ജോലികള്‍ ചെയ്തു. ബന്ധുക്കളായിരുന്ന മാതാപിതാക്കള്‍ വീട്ടുകാരുടെ ഇഷ്ടപ്രകാരം വിവാഹിതരായവരാണ്. പിന്നീട് വിവാഹമോചിതരാകുകയും ചെയ്തു. പ്രദേശത്ത് പ്രധാനമായുണ്ടായിരുന്നത് കുറ്റകൃത്യങ്ങളാണ്. ‘നിനക്ക് മികച്ച വക്കീലോ മികച്ച കുറ്റവാളിയോ ആകാം,’ എന്നാണ് ഫെറന്‍ക്‌സിനോട് അമ്മാവന്‍ പറഞ്ഞത്. 1930ല്‍ സമര്‍ത്ഥരായ കുടിയേറ്റക്കാര്‍ക്കു സൗജന്യവിദ്യാഭ്യാസം നല്‍കിയിരുന്ന സിറ്റി കോളജിലായിരുന്നു ഫെറന്‍ക്‌സിന്റെ പഠനം. ‘എനിക്ക് അഭിഭാഷകരെയൊന്നും പരിചയമുണ്ടായിരുന്നില്ല. മികച്ച കോളജില്‍ പഠിക്കണമെന്നായിരുന്നു ആഗ്രഹം.’

ആരോ ഹാര്‍വാര്‍ഡിനെപ്പറ്റി പറഞ്ഞു. ശരിയെന്ന് ഫെറന്‍ക്‌സും.

സുരക്ഷയ്ക്കും ഉറപ്പിനും ബഹുമാനത്തിനും വേണ്ടി ഏറ്റവും മികച്ചതു വേണമെന്നാഗ്രഹിച്ചുവെന്ന് ഫെറന്‍ക്‌സ് പറയുന്നു. ‘കാരണം ഞാന്‍ വളരെ ചെറിയ ആളാണ്. അഞ്ചടി രണ്ടിഞ്ച്. എയര്‍ഫോഴ്‌സില്‍ എന്നെ എടുത്തില്ല. പൈലറ്റാകണമെന്നായിരുന്നു ആഗ്രഹം. നടന്നില്ല. ഭാഗ്യവശാല്‍ നല്ല വിദ്യാഭ്യാസം ലഭിച്ചു.’

ജീവിതകാലം മുഴുവന്‍ നീണ്ട യുദ്ധകുറ്റകൃത്യ പഠനം ഹാര്‍വാര്‍ഡില്‍ നിന്നു അദ്ദേഹത്തെ ന്യൂറംബര്‍ഗിലെത്തിച്ചു. അതിനിടെ പാറ്റണ്‍സ് ആര്‍മിയില്‍ ജോലി ചെയ്തു. 

‘അവരുടെ ബുദ്ധിനിലവാരമനുസരിച്ച് ഹാര്‍വാര്‍ഡ് നിയമ ബിരുദധാരിയും യുദ്ധകുറ്റകൃത്യങ്ങളെപ്പറ്റി പഠിച്ചയാളുമെന്ന നിലയില്‍ എന്നെ നിയോഗിച്ചത് കക്കൂസുകള്‍ വൃത്തിയാക്കാനാണ്. പിന്നെ ഏതൊക്കെ വൃത്തിയില്ലാത്ത ജോലിയുണ്ടോ അതിനൊക്കെയും. എന്തുകൊണ്ട്? ഞാന്‍ ഹാര്‍വാര്‍ഡുകാരനായിരുന്നു. കരുത്തനും ഉയര്‍ന്നവനുമായിരുന്നില്ല. അവര്‍ വിഡ്ഢികളുടെ കൂട്ടമായിരുന്നു.’

അഞ്ചു യുദ്ധനക്ഷത്രങ്ങള്‍ നേടിയെങ്കിലും അവയൊന്നും ധീരതയ്ക്കായിരുന്നില്ലെന്ന് ഫെറന്‍ക്‌സ് പറയുന്നു. ‘ട്രക്കോ ടാങ്കോ എന്താണോ ലഭ്യമായത് അതിനടിയിലായിരുന്നു ഞാന്‍ എപ്പോഴും. എന്റെ ആയുധം ടൈപ്പ് റൈറ്ററായിരുന്നു.’

യുഎസില്‍ മടങ്ങിയെത്തിയ ഫെറന്‍ക്‌സിനെ ടെല്‍ഫോഡ് ടെയ്‌ലര്‍ ന്യൂറംബര്‍ഗിനുവേണ്ടി തിരഞ്ഞെടുത്തു. ആര്‍മി ഫയലുകള്‍ അനുസരിച്ച് താന്‍ പലപ്പോഴും അനുസരണയില്ലാത്തയാളാണെന്ന ടെയ്‌ലറുടെ നിരീക്ഷണത്തിന് ഭാവി നിയമപങ്കാളിയോട് ഫെറന്‍ക്‌സിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘അതുശരിയല്ല. ഞാന്‍ പലപ്പോഴും അനുസിക്കാത്തയാളല്ല. മിക്കവാറും അനുസരിക്കാത്തയാളാണ്. വിഡ്ഢിത്തം നിറഞ്ഞതും നിയമവിരുദ്ധവുമായ ഉത്തരവുകള്‍ ഞാന്‍ പാലിക്കാറില്ല.’

ന്യൂറംബര്‍ഗിനുശേഷം വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ ചെലവിട്ടു അദ്ദേഹം. ‘ആശ നശിച്ചതും എന്നാല്‍  ധാര്‍മികമായി ഉറച്ച അടിസ്ഥാനമുള്ളതുമായ കേസുകള്‍ ഏറ്റെടുക്കുന്ന വക്കീലായിരുന്നു ഞാന്‍.’ രാജ്യാന്തര നിയമങ്ങളെപ്പറ്റി ഫെറന്‍ക്‌സ് പുസ്തകങ്ങളെഴുതി. വിയറ്റ്‌നാം യുദ്ധം അദ്ദേഹത്തെ നിരാശപ്പെടുത്തി. ‘ഭ്രാന്തവും നിയമവിരുദ്ധവും.’ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ നിയമജീവിതം അവസാനിപ്പിച്ചു.

‘ഏറ്റവും അടിസ്ഥാനപരവും ഉറച്ചതുമായ ആശയങ്ങളില്‍ മാറ്റം വരുത്താനാകും. എങ്ങനെയാണ് ആളുകള്‍ മാറുന്നത്? ചിലപ്പോള്‍ ഭയം മൂലം, ചിലപ്പോള്‍ യുക്തി മൂലം, ചിലപ്പോള്‍ വികാരങ്ങള്‍ മൂലം. കൂടുതല്‍ സഹിഷ്ണുതയുള്ളവരാകാന്‍, കൂടുതല്‍ അനുകമ്പയുള്ളവരാകാന്‍ ആളുകളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അതിനു ധൈര്യം വേണം. കുറ്റം ചെയ്യുന്നത് പ്രസ്ഥാനങ്ങളല്ല, വ്യക്തികളാണ്. കോടതിയില്‍ ഉത്തരം പറയാന്‍ വ്യക്തികളെ നിര്‍ബന്ധിതരാക്കുക തന്നെ വേണം.’

രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ ആദ്യകേസില്‍ പങ്കെടുക്കാന്‍ ഫെറന്‍ക്‌സിനു കഴിഞ്ഞു. 91ാം വയസില്‍ ഉഗാണ്ടയില്‍ കോംഗോ യുദ്ധത്തലവന്‍ തോമസ് ലുബാംഗ ഡൈലോയുടെ വിസ്താരത്തില്‍ അവസാന വാദം അദ്ദേഹത്തിന്റേതായിരുന്നു.  എന്നാല്‍ ഫെറന്‍ക്‌സ് സംതൃപ്തനല്ല. യുദ്ധക്കുറ്റവാളികള്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികളെടുക്കാത്തതിന് സെനറ്റര്‍മാരെയും മുന്‍ മന്ത്രിസഭാംഗങ്ങളെയും അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു.

ഫ്രഞ്ച് ലീജിയന്‍ ഓഫ് ഓണര്‍, ജര്‍മനിയുടെ മിലിട്ടറി മെഡല്‍, ഹോളണ്ടിന്റെ ഇറാസ്മസ് പ്രൈസ് എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് ഫെറന്‍ക്‌സ്. ഹോളോകോസ്റ്റ് മ്യൂസിയം വെറുമൊരു പുരാവസ്തുശേഖരമാകരുതെന്നും ഭൂതകാലത്തിലെ സഹനങ്ങളില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ഭാവിസഹനങ്ങള്‍ ഇല്ലാതാക്കാനായി പ്രവര്‍ത്തിക്കണമെന്നും ഫെറന്‍ക്‌സ് ആവശ്യപ്പെടുന്നു. സമാധാനത്തിനും രാജ്യാന്തര നിയമ അധ്യാപനത്തിനുമായി ഹാര്‍വാര്‍ഡ്, കാര്‍ഡോസോ നിയമവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി  ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

അടുത്തവര്‍ഷം ന്യൂറംബര്‍ഗിലെ ഐന്‍സാറ്റ്‌സ്ഗ്രൂപ്പെന്‍ വിചാരണയുടെ എഴുപതാം വാര്‍ഷികമാണ്. വിചാരണയുടെ അവസാന പ്രോസിക്യൂട്ടര്‍ ഒരു ബേസ്‌ബോള്‍ ഗെയിം കാണുകയോ കഥകള്‍ വായിക്കുകയോ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ ഫെറെന്‍ക്‌സ് അതൊന്നും ചെയ്യാറില്ല. ദിവസവും രാവിലെ 100 പുഷ് അപ്പുകള്‍ ചെയ്യുന്ന അദ്ദേഹം കുളത്തില്‍ നീന്തുന്നു. ജെര്‍ഡ്രൂഡിനെ ശുശ്രൂഷിക്കുന്നു. അതല്ലെങ്കില്‍ കംപ്യൂട്ടറിനെ ചീത്ത വിളിച്ച് തന്റെ മേശയില്‍ ജോലി ചെയ്യുന്നു.

പാഴാക്കാന്‍ സമയമില്ല.

‘ഞാന്‍ തിരക്കിലാണ്. ലോകത്തെ രക്ഷിക്കാനുള്ള ശ്രമത്തില്‍.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍