TopTop
Begin typing your search above and press return to search.

വോട്ട് ചോദിച്ചാരും വീടിന്‍റെ പടി കയറരുത്; യുദ്ധമേഖലയില്‍ നിന്ന്‍ തിരിച്ചെത്തിയ നേഴ്സുമാര്‍

വോട്ട് ചോദിച്ചാരും വീടിന്‍റെ പടി കയറരുത്; യുദ്ധമേഖലയില്‍ നിന്ന്‍ തിരിച്ചെത്തിയ നേഴ്സുമാര്‍

വി ഉണ്ണികൃഷ്ണന്‍

'വോട്ടും ചോദിച്ച് ആരും ഇങ്ങോട്ടു വരണ്ട. എന്റെ മോള്‍ ജോലിയില്ലാതെ വീട്ടില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം തികഞ്ഞു. എല്ലാരും കൂടി മുഖ്യമന്ത്രിയെ പോയിക്കണ്ടു, നിവേദനവും കൊടുത്തു. എന്നിട്ടും രക്ഷയില്ല. അവളെ പഠിപ്പിക്കാന്‍ എടുത്ത ലോണ്‍ പോലും ഇതുവരെ തീര്‍ന്നിട്ടില്ല. യെമനീന്ന് നിങ്ങളെല്ലാരും കൂടി നഴ്സുമാരെ കൊണ്ടുവന്നത് ജോലീം ശരിയാക്കാം എന്നു പറഞ്ഞല്ലേ. അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആരെങ്കിലും അന്വേഷിച്ചോ. ജപ്തിനോട്ടീസ് കൂടി വന്നാമ്മതി ഞങ്ങള് നടുത്തെരുവില്‍ ആകാന്‍’- വോട്ടു ചോദിക്കാനെത്തിയ സ്ഥാനാര്‍ഥികളോട് യെമനില്‍ നിന്നും നാട്ടിലെത്തിയ ഒരു നഴ്സിന്റെ അമ്മയുടെ പ്രതികരണമാണ് ഇത്.

അഞ്ചു വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തിനിടയില്‍ സമാനമായ പരാതികള്‍ ഏറെ കേട്ടുകഴിഞ്ഞു. യുദ്ധമേഖലകളില്‍ ജീവന്‍ പോലും അവഗണിച്ചു നിന്ന് കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട ഒരുപാടു നഴ്സുമാര്‍ ഇന്ന് തെരുവിലേക്കിറങ്ങേണ്ട അവസ്ഥയിലാണ്. അവരില്‍ നിന്നും പണം ഒഴുകുന്ന കാലത്തോളം പ്രവാസികളെ തേന്‍ പുരട്ടിയ വാഗ്ദാനങ്ങള്‍ കൊണ്ട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ആവശ്യഘട്ടത്തില്‍ കറവ വറ്റിയ പശുവിനെ അറവുകാര്‍ക്ക് നല്‍കുന്നത് പോലെ വലിച്ചെറിയുന്നു.

ഇറാഖിലെ പ്രശ്നമുണ്ടാവുന്നതിനു മുന്‍പാണ് ലിബിയയില്‍ ആഭ്യന്തരയുദ്ധം ഉണ്ടാവുന്നത്. അന്ന് നൂറ്റമ്പതോളം നഴ്‌സുമാരെയാണ് കേരളത്തിലേക്ക് തിരികെ കൊണ്ടു വന്നത്. എല്ലാം ഞങ്ങള്‍ ഏറ്റു, നിങ്ങള്‍ കയറിപ്പോന്നാല്‍ മാത്രം മതി എന്നായിരുന്നു സര്‍ക്കാര്‍ അന്ന് നല്‍കിയ വാഗ്ദാനം. അവരില്‍ എത്രപേര്‍ക്ക് ജോലി ലഭിച്ചു?

പോകട്ടെ. അതിനു ശേഷം ഇറാഖില്‍ നിന്നും വന്നവര്‍ക്കോ? യെമനില്‍ നിന്നും എത്തിയവര്‍ക്കോ? ഏറ്റവും അവസാനം ലിബിയയില്‍ നിന്നും എത്തിയവര്‍ക്കോ?

സ്വന്തം പരിശ്രമത്തില്‍ തുച്ഛമായ ശമ്പളത്തിലാണ് ഇവരില്‍ പലരും ഇന്ന് ജോലി ചെയ്യുന്നത്. കിട്ടുന്നത് ലോണ്‍ അടയ്ക്കാന്‍ പോലും തികയാറില്ല എന്ന സത്യം നഴ്സുമാരില്‍ പലരും പങ്കുവയ്ക്കുന്നു. അതുപോലും കിട്ടാത്തവര്‍ എടുത്ത ലോണുകളുടെയും പണയം വച്ച ആധാരങ്ങളുടെയും സ്വര്‍ണ്ണ ഉരുപ്പടികളുടെയും കൂടുന്ന പലിശയ്ക്കു മുന്നില്‍ അന്തം വിട്ടു നില്‍ക്കുന്നു.

അങ്കമാലി സ്വദേശിയായ ഡെനില്‍ യെമനില്‍ നിന്നും വന്നിട്ട് ഇപ്പോള്‍ വര്‍ഷം ഒന്ന് കഴിഞ്ഞു. തങ്ങള്‍ക്കൊരു ജോലി തരാന്‍ കഴിയില്ലായിരുന്നെകില്‍ എന്തിനാണ് ഉള്ളതു കൂടി ഇല്ലാതാക്കിയത് എന്ന് ഡെനില്‍ ചോദിക്കുന്നു.

‘മുഖ്യമന്ത്രിയെക്കണ്ടു, സെക്രട്ടേറിയറ്റിന്റെ മുന്നില്‍ സമരം ചെയ്തു. അന്ന് മുഖ്യമന്ത്രി ഞങ്ങളോട് പറഞ്ഞത് എല്ലാം ശരിയാക്കാം എന്നാണ്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ശരിയാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഇനിയൊട്ടു ശരിയാവുമോ എന്നുമറിയില്ല. ഇവരുടെയൊക്കെ വാക്ക് വിശ്വസിച്ച ഞങ്ങള്‍ ചെകുത്താനും കടലിനും നടുവിലായ അവസ്ഥയിലെത്തുകയും ചെയ്തു’- ഡെനില്‍ അവസ്ഥ വിവരിക്കുന്നു.ഇതേ പ്രതികരണം തന്നെയാണ് ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ മിനിയും പങ്കു വച്ചത്.

'ജോലി ശരിയാക്കാം, സാമ്പത്തികമായി സഹായം ഉണ്ടാവും, ബാങ്കുകളുമായി സംസാരിച്ച് വായ്പകള്‍ അടച്ചു തീര്‍ക്കാന്‍ സാവകാശമുണ്ടാക്കാം, സ്വയംതൊഴിലിനുള്ള സഹായം ചെയ്യാം എന്നൊക്കെ പറഞ്ഞിരുന്നു. ഒന്നും ഇതുവരെ നടന്നിട്ടില്ല. അടുത്തിടെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട്, അതും അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടിരുന്നു. പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല’- മിനിക്ക് മുഖ്യമന്ത്രിയുടെ നടക്കാത്ത വാഗ്ദാനങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്.

കോട്ടയം സ്വദേശികളായ നിതയും മറ്റു രണ്ടു സുഹൃത്തുകളും യെമനിലെ അല്‍ ജിമൂറി ഹോസ്പിറ്റലിലെ ജീവനക്കാരായിരുന്നു. തങ്ങളെ നാട്ടിലെത്തിച്ചവര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റും എന്ന പ്രതീക്ഷ അസ്ഥാനത്താണ് എന്ന് മനസ്സിലായപ്പോള്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിന്‍ ആന്‍ഡ് സ്‌പൈന്‍ ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിച്ചതാണ്. ഇന്നും തുച്ഛമായ ശമ്പളത്തില്‍ത്തന്നെ ഇവര്‍ ജോലിയെടുക്കുന്നു. മുഖ്യമന്ത്രിയെയും ജനപ്രതിനിധികളെയും വിശ്വസിച്ച് വീട്ടിലിരുന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ പട്ടിണി കിടന്നു മരിക്കേണ്ടി വന്നേനെ എന്ന് രണ്ടു പേരും ഒരേ സ്വരത്തില്‍ പറയുന്നു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാല്‍ ഇവരില്‍ പലരും വോട്ടു ചെയ്യുന്നതിന് താല്‍പ്പര്യം പോലുമില്ല എന്നാണ് മറുപടിയുണ്ടാവുക.

‘എന്തിനു വോട്ടു ചെയ്യണം, വോട്ടും വാങ്ങി പോകും പിന്നെ അവരെ കണികാണാന്‍ പോലും കിട്ടില്ല. ജനങ്ങളെ സേവിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ പിന്നീട് തിരിഞ്ഞു പോലും നോക്കില്ല. ഇനി ഈ ആവശ്യത്തിനായി ആരെ കാണണം എന്നറിയില്ല. വീട്ടുകാരുടെ കാര്യം ആലോചിക്കുമ്പോഴാണ് വിഷമം. ഇപ്രാവശ്യം വോട്ടു ചെയ്യണം എന്നൊക്കെ പറഞ്ഞു ഓരോരുത്തര്‍ എത്താറുണ്ട്. അവരോടൊക്കെ ഇക്കാര്യം പറയുമ്പോള്‍ ഉള്ള മറുപടി ‘ഇലക്ഷന്‍ കഴിയട്ടെ, എല്ലാം ശരിയാക്കാം എന്നാണ്.’ ആലപ്പുഴയില്‍ നിന്നുള്ള അനീഷ്‌ തന്റെ അഭിപ്രായം വ്യക്തമാക്കി.

ഇവരെ തിരിച്ചു കൊണ്ടുവരാന്‍ കാണിച്ച ശുഷ്കാന്തി ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് തന്നെ പറയേണ്ടിവരും. കാരണം വന്നിറങ്ങുന്ന നഴ്സുമാരുടെ കൂടെ സെല്‍ഫി എടുക്കാനും എടുത്താല്‍ പൊങ്ങാത്ത തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കാനും കാണിക്കുന്ന ആത്മാര്‍ഥത ഇവര്‍ക്കൊരു ജോലി ശരിയാക്കുന്നതിനോ വായ്പ്പകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കുന്നതിനോ ചെലവഴിച്ചിരുന്നുവെങ്കില്‍ ഏറെപ്പേരുടെ ജീവിതം രക്ഷപ്പെട്ടേനെ. അതുണ്ടായില്ല എന്നാണ് തിരിച്ചു വന്ന നഴ്സുമാര്‍ വ്യക്തമാക്കുന്നത്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)


Next Story

Related Stories