TopTop
Begin typing your search above and press return to search.

തിക്റിത്തിലെ മാലാഖമാരെ, മലയാളി ആണുങ്ങള്‍ തിരക്കിലാണ്

തിക്റിത്തിലെ മാലാഖമാരെ, മലയാളി ആണുങ്ങള്‍ തിരക്കിലാണ്
പ്രവര്‍ത്തിക്കാത്ത ടെലിഫോണ്‍ ലൈനുകളായിരുന്നു ഏക അനിശ്ചിതത്വം. 2003ലെ ആ ഭീതിദ ദിനങ്ങളില്‍ അവരെ സമീപിച്ച ആര്‍ക്കും ആ നാലു കന്യാസ്ത്രീകളുടെ വാക്കുകളിലെ ഉറപ്പ് അവഗണിക്കാനാകുമായിരുന്നില്ല. അമേരിക്കന്‍ ആക്രമണം ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിലും തങ്ങള്‍ ബാഗ്ദാദ് വിടാന്‍ ഒരുക്കമല്ലെന്ന് ആ കന്യാസ്ത്രീകള്‍, അവരില്‍ കൂടുതലും മലയാളികളായിരുന്നു, ഉറപ്പിച്ചു പറഞ്ഞു. കാരണം, അവരുടെ ചുമതലയിലുള്ള ബുദ്ധിപരമായി വിഭിന്ന ശേഷികളുള്ള കുട്ടികള്‍ പാര്‍ക്കുന്ന അനാഥാലയങ്ങളിലെ അന്തേവാസികളെ യുദ്ധത്തിന്റെ നിഴലില്‍ ഉപേക്ഷിച്ചു പോകാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല. പിന്നീട്, ലോകത്തിലെ ഏറ്റവും വലിയ യുദ്ധ യന്ത്രം ആ നഗരത്തില്‍ താണ്ഠവമാടിയപ്പോള്‍ പ്രാര്‍ത്ഥനയും ആത്മാര്‍ത്ഥതയും മാത്രമായിരുന്നു അവരുടെ രക്ഷാകവചങ്ങള്‍.

ബാഗ്ദാദിന് കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള ഇറാഖിലെ മറ്റൊരു നഗരത്തെ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മതഭ്രാന്തരായ തീവ്രവാദികളില്‍ ഒരു സംഘം ആക്രമിക്കുമ്പോഴും മലയാളത്തിലുള്ള ശബ്ദം വീണ്ടും ഉയര്‍ന്നു വരുന്നു. ഇപ്പോള്‍ ഇത് ഉയര്‍ന്നു വരുന്നത് തിക്രിത്തില്‍ നിന്നാണ്. ഒരു ദശാബ്ദത്തിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ സാമ്രജ്യത്വത്തിന്റെ ആഗ്രഹങ്ങള്‍, നമ്മുടെ ഏറ്റവും പ്രാചീന യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നായ മത തീവ്രവാദത്തിലൂടെ ചാരമാക്കപ്പെടുന്നു. എന്നാല്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് നമ്മുടെ നേഴ്‌സുമാരെ ഇതൊന്നും ബാധിക്കുന്നില്ല. കുറച്ച് പണം സമ്പാദിക്കുകയും അത് നാട്ടിലേക്ക് അയയ്ക്കുകയും ചെയ്യുക എന്ന അവരുടെ ഏക സ്വപ്‌നം അവരെ മുന്നോട്ട് നയിക്കുന്നു.

ഇറാഖ് ഭരണകൂടവുമായും സിറിയന്‍ പോരാളികളുമായും നേഴ്‌സുമാര്‍ ആശയവിനിമയം നടത്തി എന്നാണ് തിക്രിത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന വിവരം. തങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ആ സായുധ ഭീകരരുമായി അവര്‍ വിലപേശല്‍ നടത്തിയതാണോ? എങ്കില്‍ അത് അമേരിക്കക്കാര്‍ക്ക് ഇല്ലാത്ത ധൈര്യവും ശേഷിയുമാണ്. സുന്നി മതാന്ധരുടെ ഒരു കൂട്ടത്തോട് ജോലിയുടെയും സുരക്ഷയുടെയും കാര്യത്തില്‍ വിലപേശല്‍ നടത്താന്‍ നമ്മളില്‍ എത്ര പേര്‍ തയ്യാറാവും?എന്നാല്‍ കേരളത്തിലെ സ്ത്രീകളുടെ, പ്രത്യേകിച്ച് നേഴ്‌സുമാരുടെയും അവരുടെ പ്രവാസത്തിന്റെയും, യഥാര്‍ത്ഥ്യം അതാണ്. ലോകത്തിലൊരിടത്തും സമാനതകളില്ലാത്ത ഒരു സമൂഹിക പ്രതിഭാസമാണത്. നമ്മുടെ നരവശംശാസ്ത്രജ്ഞന്മാര്‍ തലമുറകളോളം പഠിക്കേണ്ട ഒരു വിഷയവുമാണത്. ഒരു നഴ്‌സിംഗ് ബിരുദവും താഴ്ന്ന ഇംഗ്ലീഷ് പരിജ്ഞാനവും വിവരണാതീതമായ ധൈര്യവും മാത്രം കൈമുതലായുള്ള ഒരു തലമുറ സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിതവും സാമ്പത്തികാവസ്ഥയും നാടകീയമായി മാറ്റിമറിക്കപ്പെട്ട ഒരു ഇടവും ഈ ഭൂഗോളത്തില്‍ ഉണ്ടാവില്ല. വിയര്‍പ്പില്‍ കുതിര്‍ന്ന നോട്ടുകള്‍ നാട്ടിലേക്കയയ്ക്കാനായി അവര്‍ കേരളത്തില്‍ നിന്നും തീവണ്ടികളിലും വിമാനങ്ങളിലും പുറപ്പെടുന്നു.

ഡല്‍ഹിയിലും മുംബെയിലും അവര്‍ ഇടുങ്ങിയ മുറികളില്‍ അടിഞ്ഞുകൂടുന്നു. ഡല്‍ഹിയില്‍, അവരുടെ മുറിയുടെ ഒരു മൂലയില്‍ അരിയും ഉരുളക്കിഴങ്ങും സവാളയും മറ്റ് ചില പച്ചക്കറികളും ദൈവങ്ങളുടെ ചിത്രങ്ങളും കൂടാതെ ധാരാളം സന്തോഷവും ഉണ്ടായിരിക്കും. മുംബെയില്‍ സാവളയുടെ അളവ് കുറവായിരിക്കുമെങ്കിലും മറ്റെല്ലാം സമാനമായിരിക്കും. സര്‍വോപരി അവരുടെ സഹവര്‍ത്തിത്വവും.

ഗള്‍ഫില്‍, കേരളത്തിലെ പുരുഷന്മാര്‍ എണ്ണ, നിര്‍മ്മാണ മേഖലകളിലെ വികാസം മുതലെടുത്തപ്പോള്‍, ആശുപത്രികളെ അവരാണ് നിര്‍മ്മിച്ചെടുത്തത്. സമ്പന്നരും എന്നാല്‍ അത്ര കണ്ട് ദയ ഇല്ലാത്തവരുമായ അറബികളുടെ അടുക്കള ജോലികളിലേക്ക് അവരില്‍ ചിലരെങ്കിലും എത്തപ്പെട്ടു. യൂറോപ്പിലേക്കും യു എസിലേക്കുമുള്ള കുടിയേറ്റത്തിന്റെ വാതില്‍ തുറന്നതും അവരാണ്. തങ്ങളുടെ ഭര്‍ത്താക്കന്മാരെയും അവരോടൊപ്പം കൂട്ടി. തങ്ങുടെ ഭാര്യമാര്‍ ആശുപത്രികളുടെ ഉള്ളറകളില്‍ ജീര്‍ണിക്കുമ്പോള്‍ അവരില്‍ പലരും ബിയറുമോന്തി സായാഹ്നങ്ങളെ സമ്പന്നമാക്കി. കേരളത്തിന് ഒരു കുഴല്‍ തുറന്നു കൊടുക്കുന്നത് പോലെ നമ്മുടെ മാലാഖമാര്‍ ഇങ്ങോട്ടേക്ക് പണം അയച്ചു. അവരുടെ പണത്തിന്റെ കൊഴുപ്പില്‍ നമ്മള്‍ മണിമന്ദിരങ്ങളും സിനിമാ ശാലകളും ജൗളിക്കടകളും അപ്പാര്‍ട്ടുമെന്റുകളും കെട്ടിപ്പൊക്കി. അദ്ധ്വാനിക്കാന്‍ മടിയും ചിലവേറിയ ജീവിതശൈലിയുമുള്ള ഒരു സമൂഹമായി നമ്മള്‍ സ്വയം നിര്‍മ്മിച്ചെടുത്തു. ആ പണം ഉപയോഗിച്ച് മദ്യപിക്കാന്‍ നമ്മളില്‍ ഭൂരിപക്ഷവും പഠിച്ചു. മദ്യപിക്കുക മാത്രമാണ് നമ്മള്‍ ചെയ്തത്. അങ്ങനെ നമ്മള്‍ മദ്യ ഉപഭോഗത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും കടത്തിവെട്ടി. പക്ഷെ നമ്മുടെ നേട്ടങ്ങളില്‍ നമ്മുടെ മാലാഖമാരുടെ സംഭാവനയ്ക്ക് ഒരു വിലയും നമ്മള്‍ കല്‍പിച്ചില്ല.

ബീവറേജസ് ക്വ്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ഇടയിലോ വഴിയോരത്ത് ഫിറ്റായി കിടക്കുന്നവര്‍ക്ക് ഇടയിലോ ഒരു സര്‍വേ നടത്തിയാല്‍ അവരില്‍ മിക്കവരുടെയും സഹോദരിയോ ഭാര്യയോ തിക്രിത്തിലോ ഓസ്ട്രിയയിലോ സൗദിയിലോ അല്ലെങ്കില്‍ യുഎസിലോ ജീവിതത്തിന്റെ നല്ല സമയങ്ങള്‍ മുഴുവന്‍ ഹോമിച്ചുകൊണ്ടിരിക്കുകയാവും. ഇതില്‍ എല്ലാ സംഭവങ്ങളിലും അവര്‍ തങ്ങളുടെ വൃണപ്പെട്ട സ്വത്വത്തെയും ബുദ്ധിമുട്ടുകളും മറച്ചു വയ്ക്കുകയും ഒരിക്കലും വീട്ടിലേക്ക് പണമയയ്ക്കാന്‍ മടി കാണിക്കാതിരിക്കുകയും ചെയ്യുന്നതായി കാണാന്‍ സാധിക്കും.തങ്ങള്‍ ആശുപത്രിയിലാണ് താമസിക്കുന്നതെന്ന് തിക്രിത്തില്‍ നിന്നും സിസ്റ്റര്‍മാരായ ജെന്‍സി ജയിംസും സുമി ജോസും പറയുമ്പോള്‍ നമ്മള്‍ അവരെ ശ്രദ്ധയോടെ ശ്രവിക്കണം. അവരുടെ സുരക്ഷയെ കുറിച്ച് അവര്‍ ആശങ്കാകുലരാണ്, പക്ഷെ 46 നേഴ്‌സുമാരില്‍ 15 പേര്‍ക്കും നാലു മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ജെന്‍സി ഇവിടെ എത്താന്‍ ഒരു ലക്ഷത്തി അറുപതിനായിരം രൂപ ചിലവഴിച്ചിട്ടുണ്ട്. ആ കടം വീടേണ്ടതുണ്ട്. 'എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഒരു മരണക്കെണിയില്‍ പെട്ടതുപോലെ തോന്നുന്നു,' ജന്‍സി പറയുന്നു.ജെന്‍സി ഒരു വ്യക്തിയല്ല. നാട്ടിലേക്ക് പണം അയയ്ക്കുന്നതിനായി, കടലും മലയും കടന്ന്, ഏകാധിപത്യത്തിന്റെ തൊട്ടിലായ സൗദി അറേബ്യന്‍ സാമ്രാജ്യത്തിലും ലോകത്തിന്റെ വിവിധ കോണുകളിലുമെത്തുന്ന നമ്മുടെ മാലാഖമാരുടെ ധൈര്യത്തിന്റെയും ഭയരാഹിത്യത്തിന്റെയും പ്രതിനിധിയാണവര്‍. അവര്‍ക്ക് എന്തു ശമ്പളം ലഭിക്കുന്നുണ്ട്? തിക്രിത്തിലെ നേഴ്‌സുമാര്‍ക്ക് പ്രതിമാസം 45,000 രൂപ ലഭിക്കുന്നു. ഇന്ന് കേരളത്തില്‍ അര്‍ദ്ധ വൈദഗ്ധ്യം മാത്രമുള്ള ഒരു തൊഴിലാളിക്ക് പ്രതിമാസം 20,000 രൂപ വരെ സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ തങ്ങളുടെ സഹോദരിയ്‌ക്കോ മകള്‍ക്കോ നാട്ടില്‍ മടങ്ങിയെത്താന്‍ സാധിക്കത്തക്ക രീതില്‍ വീടിന് വെളിയില്‍ പോയി അത്തരം കഠിന പ്രയത്‌നം നടത്താന്‍ അവരുടെ അച്ഛനോ സഹോദരനോ തയ്യാറാവുന്നില്ല. അത്തരം ജോലികള്‍ ഒറീസ, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പ്രവാസി തൊഴിലാളികള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. നമ്മള്‍, മലയാളി പുരുഷന്മാര്‍ തിരക്കിലാണ്- ബീവറേജസില്‍ ക്യൂ നില്‍ക്കണം, ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണം, മണിമാളികള്‍ തീര്‍ക്കണം, വല്ലപ്പോഴും തിക്രിത്തിലേക്ക് വിളിക്കണം അങ്ങനെ എന്തെല്ലാം ജോലികള്‍!

Next Story

Related Stories