TopTop
Begin typing your search above and press return to search.

ഒ. അബ്ദുറഹിമാന്‍, ദയവു ചെയ്ത് ആ അംബേദ്കര്‍ അവാര്‍ഡ് താങ്കള്‍ തിരിച്ചു കൊടുക്കണം

ഒ. അബ്ദുറഹിമാന്‍, ദയവു ചെയ്ത് ആ അംബേദ്കര്‍ അവാര്‍ഡ് താങ്കള്‍ തിരിച്ചു കൊടുക്കണം

എ ജെ ജയറാം

കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ മോസ്‌കോ എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് ചേന്നമംഗലൂര്‍. രൂപീകരണ കാലം മുതലേ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളെ വര്‍ദ്ധിച്ച തോതില്‍ സ്വാധീനിച്ച പ്രദേശം. ജമാഅത്ത് നേതൃത്വത്തിലും സ്ഥാപനങ്ങളിലും ചേന്നമംഗലൂര്‍ ടച്ച് ഇല്ലാത്ത ഒരു കാലഘട്ടവും കഴിഞ്ഞുപോയിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ ശൂറാ യോഗമായാലും മാധ്യമം പത്രത്തിന്റെ എഡിറ്റോറിയല്‍ മീറ്റിംഗ് ആയാലും ചേന്നമംഗലൂരില്‍ നിന്ന് ഒരു വണ്ടി നിറയെ ആളുകള്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ കേരള ജമാഅത്തെ ഇസ്ലാമിയുടെ പരിച്ഛേദമാണ് ചേന്നമംഗല്ലൂര്‍. അതിനെക്കാളേറെ ചേന്നമംഗലൂരിന്റെ പരിച്ഛേദമാണ് കേരള ജമാഅത്തെ ഇസ്ലാമി എന്നു പറയുന്നതാകും കൂടുതല്‍ ശരി. മുമ്പൊരിക്കല്‍ ചേന്നമംഗലൂര്‍ സന്ദര്‍ശിക്കാന്‍ വന്ന ജമാഅത്തെ ഇസ്ലാമി കേന്ദ്ര അമീര്‍, പുല്‍പ്പറമ്പിലൂടെ ജമാഅത്ത് പരിവാരങ്ങളോടൊപ്പം നടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും പാതി കൈ ഇല്ലാത്ത ഒരാള്‍ നടന്നു വന്നു. ഇതുകണ്ട കേന്ദ്ര അമീര്‍ ഇതെന്തു പറ്റി എന്നു ചോദിച്ചപ്പോള്‍, ഞങ്ങളിവിടെ ഇപ്പോഴേ നടപ്പിലാക്കി തുടങ്ങി എന്നു കൂടെയുണ്ടായിരുന്ന ചേന്നമംഗല്ലൂര്‍ ഹല്‍ഖാ നാസിം മറുപടി പറഞ്ഞതായുള്ള ഒരു തമാശ പഴയ ഒരു ജമാഅത്ത് സുഹൃത്തില്‍ നിന്ന് തന്നെയാണ് കേട്ടത്. പറഞ്ഞു വരുന്നത് ചേന്നമംഗലൂരും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ചാണ്. ഇന്ന് ചേന്നമംഗലൂര്‍ എന്തു ആഗ്രഹിക്കുന്നോ, ആലോചിക്കുന്നോ, ലക്ഷ്യം വെക്കുന്നോ അതാണ് നാളത്തെ കേരള ജമാഅത്തെ ഇസ്ലാമി. അപ്പോള്‍ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചു പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച സാമ്പിള്‍ ആണ് ചേന്നമംഗലൂരും അവിടുത്തെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരും എന്നു സാരം.

അങ്ങിനെയെങ്കില്‍ ചേന്നമംഗലൂര്‍ എന്ന പാരമ്പര്യ ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് വേരുകളുള്ള ഒരു ഗ്രാമത്തില്‍ വേരുറപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് കഴിഞ്ഞതെങ്ങിനെ, അതിനു വേണ്ടി എന്തൊക്കെ തന്ത്രങ്ങളാണ് അവര്‍ സ്വീകരിച്ചത്, ആരുടെയൊക്കെ സേവനങ്ങളും സഹായങ്ങളും സഹകരണങ്ങളുമാണ് ഉപയോഗപ്പെടുത്തിയത്? ഏതൊക്കെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സാമ്പത്തിക ബോധ്യങ്ങളെയാണ് ആന്തരിക വത്കരിച്ചത്? ഇത്യാദി ചോദ്യങ്ങളെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം എന്തായിരുന്നുവെന്ന് എളുപ്പം പിടി കിട്ടും. അതിലേക്കു സൂചന നല്കുന്ന ഒരു കഥ ആ നാട്ടുകാരനും ഗവേഷകനുമായ നിസാര്‍ പറയുന്നതിങ്ങനെയാണ്;

'കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഞങ്ങള്‍ കുറേ കുട്ടികള്‍ കൊതിപൂണ്ട് വയലില്‍ മേഞ്ഞു നടന്ന കാലം. പൊറ്റശ്ശേരിയില്‍ അന്ന് കന്ന് പൂട്ടാതെ ഒഴിഞ്ഞു കിടക്കുന്ന ഏക വയല്‍ കണ്ണങ്കര അഹ്മദ് കുട്ടിക്കാക്കയുടെ ഉടമസ്ഥതയിലാണ്. സ്വന്തമായി കന്നുകള്‍ ഉള്ളതുകൊണ്ടാകണം അദ്ദേഹത്തിന്റെ വയലുകള്‍ മാത്രം ഇങ്ങനെ കളിക്കാന്‍ പാകത്തിന് ഞങ്ങളില്‍ ആഹ്ലാദം തീര്‍ത്തുകൊണ്ട് ഒഴിഞ്ഞു കിടക്കുന്നത്. അഹ്മദ് കുട്ടിക്കാക്കയുടെ വയലില്‍ ഞങ്ങള്‍ പൊറ്റശ്ശേരിയില്‍ നിന്നുള്ള കുട്ടികളാണ് കളി തുടങ്ങുക. ആര്‍ത്താരവങ്ങളോടെ കളിക്കണം എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും രാഷ്ട്രീയമോ മതമോ ഞങ്ങള്‍ അവിടെ വെച്ചു പുലര്‍ത്തിയിരുന്നതായി ഓര്‍മയില്ല. വ്യത്യസ്ത മതക്കാരും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികളുടെ മക്കളുമൊക്കെ ഉണ്ടാകും കൂട്ടത്തില്‍. എന്നാലും അതിന്റെയൊന്നും ഗൗരവഭാവം ആര്‍ക്കും ഉണ്ടായിരുന്നതായും അറിയില്ല. കളി തുടങ്ങി, വയല്‍ ഒരു പാകത്തിന് ഉണങ്ങിത്തുടങ്ങുമ്പോള്‍ ഞങ്ങളെ നിരാശപ്പെടുത്തി ഗ്രൗണ്ടിന് പുതിയ അവകാശികള്‍ എത്തും. (ഭൂവുടമയായ) അഹമ്മദ് കുട്ടിക്കാക്ക ഒരു ജമാഅത്തെ ഇസ്‌ലാമി അനുഭാവിയാണ്. ആ വഴിക്കാണ് വെസ്റ്റ് ചേന്നമംഗലൂരിലെ അന്‍സാര്‍ പള്ളി കേന്ദ്രീകരിച്ചുള്ള എസ് ഐ ഒ പ്രവര്‍ത്തകര്‍ ഗ്രൗണ്ടിന്റെ മേല്‍ അവകാശം സ്ഥാപിക്കുക. പിന്നെ ഞങ്ങളൊക്കെ ഗ്രൗണ്ടിന് പുറത്താണ്. അങ്ങനെ വലിയൊരു വിഭാഗം കുട്ടികളെ പുറംതള്ളിക്കൊണ്ട് സ്ഥാപിതമാകുന്ന എസ് ഐ ഒ ഗ്രൗണ്ടില്‍ കളിക്കാനുള്ള യോഗ്യത ജമാഅത്തെ ഇസ്‌ലാമി സംഘടനകളുമായി വിദൂരമല്ലാത്ത എന്തെങ്കിലും ബന്ധം ഉണ്ടാകണം എന്നുള്ളതാണ്. ഞങ്ങളുടെ കൂട്ടത്തിലെ ചില സൂത്രശാലികള്‍ എസ് ഐ ഒയുടെ പ്രതിവാര മീറ്റിംഗില്‍ പങ്കെടുത്തുകൊണ്ട് പന്ത് തട്ടാനുള്ള അവസരം ഒപ്പിച്ചെടുത്തു. അത്തരക്കാരെ ഉളുപ്പില്ലയ്മയുടെ പേര് പറഞ്ഞ് ഞങ്ങള്‍ നിരന്തരം കളിയാക്കിക്കൊണ്ടിരുന്നു. പുറംതള്ളപ്പെട്ട മറ്റു ചിലര്‍ വരമ്പത്തിരുന്നു ഒരു കളിക്കാലം മുഴുവന്‍ കളി കണ്ടു തീര്‍ക്കുന്നതിലും അപൂര്‍വം ചില ആണ്‍കുട്ടികള്‍ ഗ്രൗണ്ടില്‍ കുപ്പിച്ചില്ലുകള്‍ പെറുക്കിയിടുന്നത് പോലെയുള്ള പ്രതിഷേധ പരിപാടികളിലും ഹരം കണ്ടെത്തി. ഒരു കളിയിടത്തിന്റെ ജൈവികമായ ഉത്സാഹങ്ങളെ മൊത്തമായി നശിപ്പിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി എന്താണ് നേടിയത്?' (ഉപജാപങ്ങളുടെ പ്രസ്ഥാനവും അവരുടെ മാതൃകകളും, ഗ്രാമപത്രിക, ചേന്നമംഗലൂര്‍ സി എച്ച് സൗധം ഉദ്ഘാടന സപ്ലിമെന്റ്, നവംബര്‍ 2013).

ജമാഅത്ത്‌വത്കരണാനന്തരം കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ട് ചേന്നമംഗലൂര്‍ ഗ്രാമത്തില്‍ നടക്കുന്ന രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങളുമായി ഈ കളിയനുഭവത്തിനു ഒട്ടേറെ സാമ്യങ്ങള്‍ ഉണ്ട് എന്നു വാദിക്കുന്ന നിസാര്‍, ചേന്നമംഗലൂരിലെ ജമാഅത്ത് വല്ക്കരണത്തിന്റെ സ്വഭാവവും ഘടനയും അന്വേഷിക്കാനുള്ള എളുപ്പ മാര്‍ഗം അവിടുത്തെ തറവാട്, കുടുംബ ബന്ധങ്ങളും അവ നിലനിര്‍ത്തിപ്പോന്ന പ്രാദേശിക അധികാരഘടനയെയും കുറിച്ച് പഠിക്കുകയാവും. അതായത് ഭൂവുടമകളും പ്രാദേശിക അധികാര കേന്ദ്രങ്ങളുമായുള്ള ചങ്ങാത്തവും കീരന്‍ തൊടിക, കെ സി, ഒടുങ്ങാകാട്, കൊയ്യപ്പുറം, ചെട്ട്യാന്‍ തൊടിക എന്നീ തറവാടുകളില്‍ നിന്നുള്ള ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ ഫ്യൂഡല്‍ ചരിത്രവും ബന്ധങ്ങളുമാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ഇവിടെ വേരോട്ടം ഉണ്ടാക്കിക്കൊടുത്തത്. നിസാര്‍ മേല്‍ ഉദ്ധരിച്ച അനുഭവ കഥ ഈ വസ്തുതയെ അടിവരയിടുന്നുണ്ട്. സാമൂഹിക ബന്ധങ്ങളുടെ കാര്യത്തില്‍ ചേന്നമംഗലൂരില്‍ ഇപ്പോഴും നിലനില്ക്കുന്ന ഹിന്ദു ഫ്യൂഡലിസത്തിന്റെ ഘടനയും ഈ ഹിന്ദു ഫ്യൂഡലിസത്തിന്റെ ചരിത്രപരമായ ദൗത്യത്തെ ആന്തരികവല്‍ക്കരിച്ച തറവാടുകളുമാണ് ചേന്നമംഗലൂരിനെ ജമാഅത്തെ ഇസ്ലാമിയുടെ മോസ്‌കോയാക്കി മാറ്റിയത്. അതുകൊണ്ടു തന്നെ ചേന്ദമംഗല്ലൂരിലെ ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയുടെ സ്വഭാവവും ഘടനയും അന്വേഷിക്കേണ്ടത് പുറത്തേക്ക് കാണിക്കുന്ന അതിന്റെ ഇസ്‌ലാമിക ഭാവത്തിലല്ല, മറിച്ച് അകമേ ഒളിപ്പിച്ചിട്ടുള്ള അതിന്റെ സവര്‍ണ ഹിന്ദു ഫ്യൂഡല്‍ സ്വഭാവത്തിലും സംസ്‌കാരത്തിലുമാണ് എന്നാണ് നിസാര്‍ വാദിക്കുന്നത്.ഇക്കാര്യങ്ങള്‍ ഇത്രയും ഓര്‍മ്മിക്കാന്‍ കാരണം സംവരണത്തെ കുറിച്ച് ജമാഅത്തെ ഇസ്ലാമി സൈദ്ധാന്തികനും മാധ്യമം പത്രാധിപരുമായ ഒ അബ്ദുറഹിമാന്‍ നടത്തിയ പരാമര്‍ശങ്ങളാണ്. ദളിത് മുസ്ലിം പിന്നാക്ക രാഷ്ട്രീയ ഐക്യത്തിന് വേണ്ടി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒ അബ്ദുറഹിമാന്‍, ഈ മേഖലയിലെ സേവനത്തിനു ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി എസ് ടി ഓര്‍ഗനൈസേഷന്‍സിന്റെ അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ് ലഭിച്ച ഒ.അബ്ദുറഹിമാന്‍, ചെങ്ങറയിലും മുത്തങ്ങയിലും ദളിത് ആദിവാസികളോടൊപ്പം പോരാട്ടത്തിനിറങ്ങിയ ജമാഅത്തെ ഇസ്ലാമിയുടെ സൈദ്ധാന്തികന്‍ ഇങ്ങനെ പറഞ്ഞതില്‍ അത്ഭുതപ്പെടുന്നവരില്‍ സി ഐ ടി യുക്കാരുടെ ആക്രമണം കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്ന ചിത്രലേഖക്ക് വേണ്ടി മുദ്രാവക്യം വിളിച്ച പുതിയ തലമുറ എസ് ഐ ഒ ക്കാര്‍ മാത്രമല്ല ഉള്ളത്, ജമാഅത്തെ ഇസ്ലാമിയുടെ വേദികളിലും പ്രസിദ്ധീകരണ ങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ദളിത് ബുദ്ധി ജീവികളും ഉണ്ട്. പക്ഷെ, അബ്ദുറഹിമാനും ജമാഅത്തെ ഇസ്ലാമിക്കും സ്വാഭാവികമായും എടുക്കാന്‍ കഴിയുന്ന ഒരു നിലപാടാണ് ഇതെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് അബ്ദുറഹിമാന്റെ സംവരണ വിരുദ്ധ നിലപാടില്‍ ഒട്ടും അത്ഭുതം തോന്നുകയില്ല. ചരിത്ര പശ്ചാത്തലത്തിലും സൂക്ഷ്മമായ പ്രവര്‍ത്തനങ്ങളിലൂടെയും മനസ്സിലാക്കുന്നതിനു പകരം ഉയര്‍ത്തിപ്പിടിക്കുന്ന ചില വചോടാപങ്ങളിലൂടെ മാത്രം 'സമഗ്ര ഇസ്ലാമിക പ്രസ്ഥാനത്തെ' മനസ്സിലാക്കേണ്ടി വന്നവര്‍ക്കേ അബ്ദുറഹിമാന്റെ സംവരണ വിരുദ്ധ പ്രസ്താവനയില്‍ അത്ഭുതപ്പെടേണ്ടി വരികയുള്ളൂ.

ഈ സംഭവം ഒറ്റപ്പെട്ടതല്ലെന്നും നിര്‍ണ്ണായകമായ സമയത്തൊക്കെയും ജമാഅത്തെ ഇസ്ലാമിയും അതിന്റെ നേതാക്കളും പ്രസിദ്ധീകരണങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് പെരുമാറിയത് എന്നും ബോധ്യപ്പെടുത്തുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. മലയാളത്തില്‍ ദളിത് ചിന്തകള്‍ക്ക് അര്‍ഹമായ ഇടം കൊടുത്ത പ്രസിദ്ധീകരണം എന്നാണു മാധ്യമം സ്വയം പരസ്യം ചെയ്യാറുള്ളത്. പക്ഷെ, മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ പദവി ലഭിച്ചപ്പോള്‍ മലയാളത്തിലെ ശ്രേഷ്ഠരായ കലാ സാംസ്‌കാരിക പ്രവര്‍ത്തകരെ മാധ്യമം ദുബായില്‍ വെച്ച് ആദരിച്ചു. പക്ഷെ അതിലേക്ക് മലയാളത്തില്‍ നിന്നുള്ള ഒരു ദളിത് കലാ സാംസ്‌കാരിക പ്രവര്‍ത്തകനെ പോലും കണ്ടെത്താന്‍ ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞിട്ടില്ല. അവാര്‍ഡ് നിര്‍ണയത്തിലെ ജാതിയേയും മതത്തെയും കുറിച്ചൊക്കെ എഡിറ്റോറിയലും ലേഖനവും കവര്‍ സ്‌റ്റോറിയും പ്രസിദ്ധീകരിക്കാറുള്ള ഒരു പ്രസാധനാലയത്തിന്റെ ഗതികേടാണിതെന്നോ ര്‍ക്കണം. അതേ സമയം, മലയാളിയുടെ ഹൈന്ദവ സവര്‍ണ ബോധത്തെ അരക്കിട്ടുറപ്പിച്ചവര്‍ എന്നു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ തെരുവിലും ഫെയ്‌സ്ബുക്കിലും തെറിവിളിക്കുന്ന മുഴുവന്‍ പേരും ആ ശ്രേഷ്ഠരുടെ പട്ടികയില്‍ ഉണ്ടായിരുന്നുതാനും.

സംവരണത്തെ കുറിച്ചുള്ള വിയോജനക്കുറിപ്പുകള്‍ എഴുതിയതിനു തൊട്ടു മുമ്പ് അബ്ദുറഹിമാന്‍ കൊച്ചു വര്‍ത്തമാനത്തില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് 'പുല്‍പ്പറമ്പുകാര്‍ നിരാശരാണ്' എന്നാണു. അബ്ദുറഹിമാന്റെ ജന്മ ദേശമാണ്' ചേന്നമംഗലൂരിലെ ഈ പ്രദേശം. ഈ മഴക്കാലത്ത് പുല്‍പ്പറമ്പ് അങ്ങാടിയില്‍ വെള്ളം നിറഞ്ഞൊഴുകുന്നത് കാണാന്‍ തരപ്പെടാത്തതിലെ നിരാശയാണ് അബ്ദുറഹിമാന്‍ ആ കുറിപ്പില്‍ പങ്കു വെക്കുന്നത്. ആ കുറിപ്പിന് താഴെ പുല്‍പ്പറമ്പുകാരനായ ഒരാളുടെ കമന്റ് മാധ്യമം നീക്കം ചെയ്തിട്ടില്ലെങ്കില്‍ ഇപ്പോഴും കാണും. ഓരോ മഴക്കാലത്തും പുല്‍പ്പറമ്പ് അങ്ങാടിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം കച്ചവടം മുടങ്ങുകയും അതുകാരണം ദിവസങ്ങളോളം കുടുംബം പോറ്റാന്‍ കഷ്ടപ്പെടുകയും ചെയ്യേണ്ടി വന്ന ഒരാളുടെ രോഷമാണ് ആ കമന്റില്‍ ഉള്ളത്. അങ്ങാടിയില്‍ വെള്ളം നിറഞ്ഞൊഴുകി പാവപ്പെട്ട ആളുകള്‍ കഷ്ടപ്പെടുന്നത് ഇന്നോവ കാറില്‍ ഇരുന്നു ആസ്വദിക്കാന്‍ കഴിയാത്തതിലെ നിരാശ ഒടുങ്ങാക്കാട്ടുകാര്‍ക്കു സ്വാഭാവികമായും ഉണ്ടാകും. മഴയെ കുറിച്ചും മാതൃഭൂമി പത്രത്തെ കുറിച്ചും (പച്ചക്കുതിര പ്രസിദ്ധീകരിച്ച അബ്ദുറഹിമാന്റെ അഭിമുഖം കാണുക) ഒ അബ്ദുറഹിമാന്‍ പുലര്‍ത്തുന്ന അതേ നൊസ്റ്റാള്‍ജിയയില്‍ നിന്നാണ് ഇപ്പോഴത്തെ സംവരണ വിരുദ്ധതയും വരുന്നത് എന്നു സാരം.ഡല്‍ഹിയിലെ ക്രൂരമായ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി മരിച്ച പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് 'സ്ത്രീ പീഡനത്തിന് സ്ത്രീകളുടെ പരിധിവിട്ട സ്വാതന്ത്ര്യബോധവും മിക്‌സഡ് വിദ്യാഭ്യാസവും ഉത്തരവാദിയാണെ'ന്ന് കണ്ടെത്തിയ ഒരു സമഗ്ര ഇസ്ലാമിക പ്രസ്ഥാനമാണ് അബ്ദുറഹിമാനെ പോലുള്ളവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ രൂപപ്പെടുത്തുന്നത് എന്നത് കൊണ്ടുതന്നെ, സംവരണ വിരുദ്ധ ലേഖനം തന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നു വായനക്കാര്‍ക്ക് മുന്നറിയിപ്പ് നല്കുന്ന അബ്ദുറഹിമാന്‍, ആ വ്യക്തിപരമായ അഭിപ്രായങ്ങളുടെ സോഴ്‌സ് ഇസ്ലാമിന്റെ ഏതുതരം സമഗ്രമായ വായനയില്‍ നിന്നാണ് ഉണ്ടാകുന്നത് എന്നെങ്കിലും വ്യക്തമാക്കണം. അടുക്കള മുതല്‍ പാര്‍ലമെന്റ് വരെ എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ച് സുവ്യക്തമായ അഭിപ്രായങ്ങള്‍ ഉള്ള ഒരു സമഗ്ര ഇസ്ലാമിക പ്രസ്ഥാനത്തിന് സംവരണത്തെ കുറിച്ചു മാത്രം വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആകാം എന്നാണോ?. വയനാട്ടിലെയും വണ്ടൂരിലെയും സംവരണ മണ്ഡലങ്ങളിലെ വോട്ടര്‍ അല്ല അബ്ദുറഹിമാന്‍. ഈ മണ്ഡലങ്ങളിലെ ദളിത് സംവരണം ഒരു ചേന്നമംഗലൂരുകാരന് താല്പര്യമുള്ള സ്വകാര്യ വിഷയമായി മാറുന്നതെങ്ങനെയാണ് എന്നറിയാനും താല്പര്യമുണ്ട്. പട്ടിക വര്‍ഗ മണ്ഡലത്തിലെ സീറ്റ് ഉന്നതകുല ജാതിക്കാരായ കുറിച്യര്‍ കയ്യടക്കി വെക്കുന്നു എന്നൊക്കെ പറഞ്ഞ് ആദിവാസികള്‍ക്കിടയിലെ അധികാര ബന്ധങ്ങള്‍ മനസ്സിലാക്കാന്‍ ആവേശം കാണിക്കുന്ന ഒരു ന്യൂനപക്ഷ രാഷ്ട്രീയ ചിന്തകന് എങ്ങനെ ഇതൊക്കെ സംഭവിക്കുന്നു എന്നല്ലേ. ഹിന്ദുക്കളിലെ ജാതി ബന്ധങ്ങളും തൊട്ടുകൂടായ്മ ഉള്‍പ്പെടെയുള്ള ചോദ്യങ്ങളും ഒരാള്‍ മുസ്ലിമായാല്‍ മതത്തിനകത്ത് ബൈ ഡിഫോള്‍ട്ട് ആയി മറി കടന്നു എന്നു വിശ്വസിക്കാന്‍ ശ്രമിക്കുന്ന മുസ്ലിം തറവാട്ടുകാര്‍ക്കൊക്കെയുള്ള തോന്നലാണ് അബ്ദുരഹിമാന്റെതും. അവര്‍ക്ക് പി കെ ജയലക്ഷ്മി കുറിച്യയാണ് എന്നൊക്കെ പെട്ടെന്ന് മനസ്സിലാകും. പക്ഷേ സ്വന്തം ജാതി ഏതാണെന്ന് മനസ്സിലാകാന്‍ പ്രയാസമായിരിക്കുകയും ചെയ്യും.

ന്യൂന പക്ഷ രാഷ്ട്രീയത്തെ കുറിച്ച് ഗൗരവതരമായ ലേഖനങ്ങള്‍ എഴുതാറുള്ള അബുറഹിമാന്റെ മേല്‍ സൂചിപ്പിച്ച ന്യൂനപക്ഷ വിരുദ്ധ ലേഖനങ്ങള്‍ ഒക്കെയും 'കൊച്ചു വര്‍ത്തമാനങ്ങള്‍' എന്ന പേരിലാണ് വന്നത്. 'കൊച്ചു വര്‍ത്തമാനങ്ങളുടെ' ഒരു ഗുണം അതിലൂടെ നാവു പിഴച്ച് അകമേ സൂക്ഷിച്ച പല സത്യങ്ങളും അറിയാതെ പുറത്തേക്കു വരും എന്നുള്ളതാണ്. ടി ടി ശ്രീകുമാറും കെ കെ ബാബുരാജും വായിക്കാന്‍ വാരികയില്‍ ലേഖനം എഴുതുന്നതു പോലെയല്ലല്ലോ, ഓണ്‍ ലൈനില്‍ എഴുതുന്ന കൊച്ചു വര്‍ത്തമാനം. ആദ്യത്തേത് മസിലു പിടിച്ചുള്ള എഴുത്താണ്. അപ്പോള്‍ പലതും ഒളിച്ചുവെക്കാനും മറച്ചു വെക്കാനും ഉണ്ടാകും. മസിലുകള്‍ അയച്ചുപിടിച്ചുള്ള രണ്ടാമത്തെ തരം എഴുത്തില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ഒന്നും ബാധകമല്ലല്ലോ. ഓ അബ്ദുറഹിമാന്റെ കൊച്ചു വര്‍ത്തമാനങ്ങളും വലിയ വര്‍ത്തമാനങ്ങളും തമ്മിലുള്ള വലിയ വ്യത്യാസവും ഇത് തന്നെയാണ്. ഓ അബ്ദുറഹിമാന്റെ മാത്രമല്ല, ജമാത്തെ ഇസ്ലാമിയുടെ തന്നെ നിലപാടുകളുടെ തുടര്‍ച്ച തന്നെയാണിത്. അതുകൊണ്ടാണ് അബ്ദുറഹിമാന്റെ സംവരണ വിരുദ്ധ ലേഖനം വന്നപ്പോള്‍ 'ഇയാള്‍ ഈ ഇമേജൊക്കെ കൊണ്ടുപോയി നശിപ്പിച്ചല്ലോ' എന്നു പോരാളികള്‍ക്ക് സ്വകാര്യം പറയേണ്ടി വരുന്നത്. സോളിഡാരിറ്റി ഉള്ള ജമാഅത്തെ ഇസ്ലാമിയും അതില്ലാത്ത ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള വ്യത്യാസമില്ലായ്മയെ മനസ്സിലാക്കാന്‍ ഇത്തരം കൊച്ചു വര്‍ത്തമാനങ്ങള്‍ ഏറെ സഹായിക്കും.ഒ അബ്ദുറഹിമാന്റെ സംവരണ വിരുദ്ധ ലേഖനത്തിലെ വാദങ്ങളെ ഈ ലേഖനം വിലയിരുത്തുന്നില്ല. വസ്തുതാപരമായി അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയമായി അങ്ങേയറ്റം പിന്തിരിപ്പനുമായ ആ ലേഖനവും അതിലെ പദാവലികളും വിലയിരുത്താന്‍ നാം ജമാഅത്തെ ഇസ്ലാമിയിലെ 'കീഴാള'രെ അനുവദിക്കുക. ബുദ്ധിയില്ലാത്ത, കാര്യശേഷിയില്ലാത്ത, കുടുംബം തകര്‍ക്കുന്ന ദളിതുകളും സ്ത്രീകളും കയ്യടക്കി വെച്ചിരിക്കുന്ന, ദളിതുകളുടെ കാര്യശേഷി കുറയ്ക്കുന്ന സംവരണത്തെ കുറിച്ച് അബ്ദുറഹിമാനും സമഗ്ര ഇസ്ലാമിക പ്രസ്ഥാനവും ഇനിയും എഴുതട്ടെ. ഒരു കാലത്ത് ഒരു സര്‍ക്കാര്‍ പദവിയും ജോലിയും എല്ലാം തന്നെ ഇസ്ലാമിക വിരുദ്ധം ആണെന്ന് നിലപാടെടുത്തവര്‍ ഇന്ന് സംവരണം വേണ്ട എന്നല്ലേ പറയുന്നുള്ളൂ എന്നു നമുക്ക് സമാധാനിക്കാം.

പക്ഷേ, അബ്ദുറഹിമാനോട് ഒരപേക്ഷ. ഇത്തരം വിഡ്ഢിത്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുന്നതിനു മുന്‍പ് ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി എസ് ടി ഓര്‍ഗനൈസേഷന്‍സിള്‍ നിന്നും വാങ്ങിയ അംബേദ്കര്‍ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ് ദയവു ചെയ്ത് തിരിച്ചു കൊടുക്കണം. സംവരണത്തിന് വേണ്ടി അഹോരാത്രം വാദിച്ച ആ മഹാ മനീഷിയെ അത് വേദനിപ്പിക്കും. സുന്നികളെ പോലെ മരിച്ചവരുടെ ആത്മാവ് വേദനിക്കും എന്നൊക്കെയുള്ള 'അന്ധ വിശ്വാസങ്ങള്‍' താങ്കളുടെ സമഗ്ര ഇസ്ലാമിക പ്രസ്ഥാനത്തിന് ഇല്ല എന്നറിയാം. എന്നാലും ഫാസിസത്തിന്റെ കാലത്ത് സച്ചിദാനന്ദന്മാരും സാറ ജോസഫുമാരും മാത്രം തിരിച്ചു കൊടുക്കേണ്ട ഒന്നല്ല അവാര്‍ഡുകള്‍. അംബേദ്കറുടെ പേരിലുള്ള അവാര്‍ഡ് വാങ്ങി വെച്ച് സംവരണത്തിന് നേരെ കുത്തുന്ന അബ്ദുറഹിമാന്‍മാര്‍ക്കും അതാവാം. ഇക്കാര്യത്തില്‍ തന്റെ കീഴ് ജീവനക്കാരനായ പി കെ പാറക്കടവിനെയെങ്കിലും അബ്ദുറഹിമാന്‍ മാതൃകയാക്കണം.

(അധ്യാപകനും കോളമിസ്റ്റുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories