TopTop

പൊണ്ണത്തടി കൗമാരക്കാരിലും കുട്ടികളിലും ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

പൊണ്ണത്തടി കൗമാരക്കാരിലും കുട്ടികളിലും ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും
കൗമാരക്കാരിലും കുട്ടികളിലും കാണുന്ന അമിതവണ്ണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഭാവിയില്‍ സൃഷ്ടിക്കുമെന്ന് പുറത്തുവരുന്ന കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ സൂചിപ്പിക്കുന്നു. വികസിത രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 50,000 കുട്ടികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തിയ 63 പഠനങ്ങളെ അടിസ്ഥാനമാക്കി, ഓക്‌സ്‌ഫോര്‍ഡ് സര്‍കലാശാലയിലെ ഗവേഷകര്‍ കുട്ടികളിലെ അമിത ഭാരവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തിന്റെ സാധ്യതകള്‍ അന്വേഷിച്ചു.

'പ്രായപൂര്‍ത്തിയായവരിലെ അമിത ഭാരം ഹൃദ്രോഗ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ കുട്ടികളിലെ അമിതവണ്ണത്തിന്റെ ഫലങ്ങള്‍ നമ്മള്‍ വളരെ കുറച്ചു മാത്രമേ മനസിലാക്കിയിട്ടുള്ളു', എന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ ഭാരമുള്ള കുട്ടികളെ അപേക്ഷിച്ച് ഉയര്‍ന്ന രക്ത സമ്മര്‍ദം, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയ പേശികള്‍ കട്ടിയാവല്‍ തുടങ്ങിയ നിരവധി അപകടസാധ്യതകള്‍ അമിതവണ്ണമുള്ള കുട്ടികളിലും കൗമാരക്കരിലും കൂടുതലാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മരണകാരണമായി തീരുന്ന രാജ്യങ്ങളിലാണ് ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ജീവിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ലോകത്തെമ്പാടുമുള്ള അമിത വണ്ണമുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍കലാശാല പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 'പുകയില അല്ലെങ്കില്‍ സീറ്റ് ബല്‍റ്റ് അല്ലെങ്കില്‍ മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയവ നിയന്ത്രിക്കുന്നത് പോലെ ഭക്ഷണവും പോഷകാഹാരവും സംബന്ധിച്ച നയങ്ങളൊന്നും നിലവിലില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ എനിക്ക് എന്ത് കഴിക്കാമെന്നും എന്ത് കഴിക്കരുതെന്നും സംബന്ധിച്ച് ഒരു നിയമനിര്‍മ്മാണവും സാധ്യവുമല്ല.'

'രോഗബാധ്യതയില്‍ ജനങ്ങള്‍ എന്ത് മാത്രം ഭീഷണി ശൈവ അമിതവണ്ണം ഉയര്‍ത്തുന്നതെന്നതിനെ കുറിച്ച് ഒരു ഇരുണ്ട ചിത്രമാണ് ഈ അവലോകനം പ്രദാനം ചെയ്യുന്നത്. പല കാര്യങ്ങളെ കുറിച്ചും പുനരാലോചന നടത്തേണ്ടി വരുന്ന അടുത്ത അഞ്ച് പത്തുവര്‍ഷങ്ങള്‍ മനുഷ്യ ചരിത്രത്തിലെ നിര്‍ണായക കാലഘട്ടമായിരിക്കും,' എന്ന് ലണ്ടനിലെ യുസില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിലെ ലീ ഹഡ്‌സണും റസ്സല്‍ വിന്നറും എഴുതുന്നു. ടൈപ്പ് രണ്ട് പ്രമേഹം മൂലം ഈ തലമുറയിലെ കുട്ടികള്‍ക്ക് വന്ധ്യത ബാധിച്ചേക്കാമെന്ന് 2000-തിന്റെ തുടക്കത്തില്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.

അമിതവണ്ണ പ്രശ്‌നം യുക്തിരഹിതമായ പ്രതികരണങ്ങളിലേക്ക് സര്‍ക്കാരുകളെ നയിച്ചിരുന്നു. 'അവര്‍ക്ക് സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കണം, അതേ സമയം സാമ്പത്തിക വളര്‍ച്ചയാണ് ഈ പ്രശ്‌നം സൃഷ്ടിക്കുന്നത്. രാഷ്ട്രീയ തലത്തില്‍ ഭക്ഷ്യ വ്യവസായത്തിനുള്ള സ്വാധീനവും ശക്തിയും നിങ്ങള്‍ക്ക് അറിയാമെങ്കില്‍, എന്തെങ്കിലും മാറ്റം വരുത്താന്‍ സര്‍ക്കാരുകള്‍ക്ക് എന്തുമാത്രം ബുദ്ധിമുട്ടായിരിക്കുമെന്നും നിങ്ങള്‍ക്കറിയാം.'

അമിതവണ്ണവും ആരോഗ്യസാധ്യതകളും സംബന്ധിച്ച തെളിവുകള്‍ ഒന്നിച്ച് കൊണ്ടുവന്നു എന്നതാണ് ഓക്‌സ്‌ഫോഡ് പഠനത്തെ ശ്രദ്ധേയമാക്കുന്നത്. ഈ വിഷയത്തില്‍ ഇടപെടലിന്റെ ഗുണങ്ങള്‍ കണക്കാക്കാന്‍ ശ്രമിക്കുന്ന മറ്റ് മാതൃകകളൊന്നും എല്ലാ വിഷയങ്ങളും കണക്കിലെടുക്കാറില്ല. 'അമിതവണ്ണം മൂലമുണ്ടാകുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളെ ലഘൂകരിച്ച് കാണാനാണ് ശ്രമിക്കുന്നത്. ഇടപെടലിന്റെ ഗുണങ്ങളെ കുറച്ചു കാണാനാണ് ഇത്തരം മാതൃകകള്‍ ശ്രമിക്കുന്നത്.'

Next Story

Related Stories