UPDATES

വായന/സംസ്കാരം

പ്രൊഫ. ‘പത്മന’ രാമചന്ദ്രന്‍ നായരാദരാഞ്ജലികളോട് പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ പൊറുക്കുമോ?

പത്രങ്ങളിലെയും ഉത്തരപേപ്പറുകളിലെയും അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയാണ് അദ്ദേഹം മലയാളികളെ തിരുത്തിയത്

പ്രൊഫ. ‘പത്മന’ രാമചന്ദ്രന്‍ നായരാദരാഞ്ജലികളോട് പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ പൊറുക്കുമോ? കവി എസ് കലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഇനി എഴുതാന്‍ പോകുന്നതില്‍ അക്ഷരത്തെറ്റ് സംഭവിച്ചാല്‍ ആരും പൊറുക്കരുത്. കാരണം അതൊരു ഗുരുത്വദോഷമാകും.

ഇന്നലെ രാത്രി എട്ടരയോടെ അന്തരിച്ച പന്മന രാമചന്ദ്രന്‍ മലയാള ഭാഷയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. എംഎയ്ക്ക് മാത്രം മലയാളം പഠിച്ച പന്മന സാറാണ് മലയാള ഭാഷാ സംസ്‌കാരം ഉണ്ടാക്കണമെന്ന് ഈ സമൂഹത്തോട് നിരന്തരം ആവശ്യപ്പെട്ടവരില്‍ ഒരാള്‍. ശുദ്ധ മലയാളത്തിന്റെ കാവല്‍ക്കാരനായിരുന്നു അദ്ദേഹം. ഭാഷയെ തെറ്റില്‍ നിന്നും ശരിയിലേക്ക് നടത്തിച്ച പ്രധാനാധ്യാപകനായിരുന്നു. എഴുതുന്ന കവിതകള്‍ മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്തമല്ലെങ്കില്‍ കവിത എഴുതരുതെന്ന് തീരുമാനിച്ച് കവിത എഴുത്ത് മതിയാക്കിയ വ്യക്തിയാണ് പന്മന. വള്ളത്തോളിന്റെയും ജിയുടെയുമെല്ലാം കവിതകള്‍ പഠിപ്പിക്കുമ്പോള്‍ അതിലെ കുറ്റങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന തന്റെ കവിതകളിലും തെറ്റുണ്ടെങ്കില്‍ അത് മോശമല്ലേയെന്ന ചിന്തയായിരുന്നു അതിന് പിന്നില്‍. പന്മന സാറിന്റെ അധ്യാപകനും പാലക്കാട് വിക്ടോറിയ കോളേജില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡും ആയിരുന്ന ഗുപ്തന്‍ നായര്‍ സാറാണ് കവിതാ സമാഹാരം പ്രസിദ്ധീകരിക്കണമെന്ന് പറഞ്ഞത്.

വ്യാകരണം, നിരൂപണം, വ്യാഖ്യാനം, പരിഭാഷ, ആത്മകഥ എന്നീ വിഭാഗങ്ങളിലായി 19 പുസ്തകങ്ങള്‍ രചിച്ചു. പത്രങ്ങളിലെയും ഉത്തരപേപ്പറുകളിലെയും അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയാണ് അദ്ദേഹം മലയാളികളെ തിരുത്തിയത്. നല്ല മലയാളമേ ഇവിടെയുള്ളൂവെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിന് സമീപമുള്ള സംസ്‌കൃത വിദ്യാലയത്തില്‍ പഠിച്ച് രാമചന്ദ്രന്‍നായര്‍ ശാസ്ത്രിപ്പരീക്ഷ ജയിച്ചു. കരുനാഗപ്പള്ളി ഹൈസ്‌കൂളില്‍ പഠിച്ച് ഇ.എസ്.എല്‍.സി. പാസ്സായി. ഇന്റര്‍മീഡിയറ്റ് കോളേജിലെ പഠനത്തെ തുടര്‍ന്ന് കൊല്ലം എസ്. എന്‍. കോളേജില്‍ നിന്ന് ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. 1957ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എം. എ. മലയാളം ഒന്നാം ക്ലാസ് ഒന്നാം റാങ്കോടെ പാസ്സായി ഡോ. ഗോദവര്‍മ്മ പുരസ്‌കാരം നേടി.

1960ല്‍ വകുപ്പധ്യക്ഷന്‍ പ്രൊഫ. എസ്. ഗുപ്തന്‍ നായരുടെ കീഴില്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ മലയാള അധ്യാപകനായി. 1958ല്‍ ഗ്രന്ഥശാലാസംഘത്തില്‍ അംഗമാകുകയും രണ്ടാംവര്‍ഷത്തില്‍ ഗ്രന്ഥലോകത്തിന്റെ സഹപത്രാധിപര്‍ ആകുകയും ചെയ്തു.

28 വര്‍ഷം നീണ്ട അധ്യാപന സപര്യയില്‍ കൊല്ലം ഫാത്തിമ മാതാ കോളേജ്, പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ്, തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി സായാഹ്ന കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ പന്മന പഠിപ്പിച്ചു. 1987ല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു.

ഗോമതിയമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഹരീന്ദ്ര കുമാര്‍, ഡോ. ഉഷാ കുമാരി, മഹേന്ദ്ര കുമാര്‍ എന്നിവരാണ് മക്കള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍