TopTop
Begin typing your search above and press return to search.

ഓണാട്ടുകരയിലെ കാളക്കൂറ്റന്‍മാര്‍

ഓണാട്ടുകരയിലെ കാളക്കൂറ്റന്‍മാര്‍

കൃഷ്ണഗോവിന്ദ്

ഓണാട്ടുകരയിലെ കാളക്കൂറ്റമാരെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കന്നിമാസത്തിലെ തിരുവോണം നാളിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പടനിലത്തെത്തിയാൽ മതി. മുട്ടൊപ്പം മുതൽ ആകാശം മുട്ടെ പൊക്കമുള്ള നൂറുകണക്കിന് കെട്ടുകാളകളാണ് ഇരുപ്പത്തിയെട്ടാമോണത്തിന് പടനിലത്തെത്തുന്നത്. (ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞ്ഇരുപ്പത്തിയെട്ടാമത്തെ ദിവസമായ കന്നിമാസത്തിലെ തിരുവോണത്തിനാണ് കാളക്കെട്ട് നടക്കുന്നത്, ഓണാട്ടുകരക്കാർ ആ ദിവസത്തെ ഇരുപ്പത്തിയെട്ടാമോണമെന്നു വിളിക്കുന്നു.) നൂറ്റാണ്ടുകൾക്ക് മുമ്പ് കൃഷിയുമായി ബന്ധപ്പെട്ട ഒരാചാരം പിന്നീട് പരിണമിച്ച് കാളക്കെട്ട് ഉത്സവമായിയെന്നാണ് പഴമക്കാർ പറയുന്നത്.

ആദ്യകാലഘട്ടത്തിൽ സമൃദ്ധമായ വിളവെടുപ്പിന് സഹായിച്ച കാളകൾക്കും ദേശദേവനായ പരബ്രഹ്മത്തിനുമുള്ള നന്ദി പ്രകടിപ്പിക്കാൻ, കാളയുടെ രൂപവും വിളവിന്റെ ഒരു പങ്കുമായി ഓച്ചിറ ക്ഷേ ത്രത്തിലേക്കുള്ള എഴുന്നെള്ളത്തായിരുന്നു. പിന്നീടതിൽ ആചാരങ്ങളും സങ്കല്പങ്ങളുമുണ്ടായി.

കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള ദേശങ്ങളാണ് ഓണാട്ടുകരയിലുൾപ്പെടുന്നത്. ഓണാട്ടുകരയിലെ അമ്പത്തിരണ്ട് കരക്കാരാണ് കാളക്കെട്ട് ഉത്സവത്തിന് പങ്കെടുക്കുന്നത്. കെട്ടുകാളകളെ തയ്യാറാക്കുന്നത് ഈ കരകളിലെ യുവജന സമിതികളും, വനിത സംഘടനകളും, പഴയ തറവാട്ടുകാരുമാണ്.

ഒരോ ജോടി കെട്ടുക്കാളകളെയാണ് ഇവർ തയ്യാറാക്കുന്നത്. ജോടികളിൽ ഒന്ന് വെളുപ്പും ഒന്ന് ചുവപ്പും കാളകളാണ്. ചുവന്നകാള പരമശിവനെയും വെള്ളക്കാള പാർവ്വതിദേവിയേയും കുറിക്കുന്നതാണ്. ശിവ-പാർവ്വതി വാഹനമായ നന്ദികേശ സങ്കൽപമാണ് കെട്ടുക്കാളകൾക്കുള്ളത്.

പല ഘട്ടമായിട്ടുള്ള ആചാര അനുഷ്ഠാനങ്ങളോടുകൂടിയാണ് കെട്ടുക്കാളയുടെ നിർമ്മാണം പുരോഗമിക്കുന്നത്. ചിങ്ങമാസത്തിലെ തിരുവോണത്തിനു ശേഷമാണ് നന്ദികേശ ശിരസ് (കാളശിരസ്) ഒഴിച്ചുള്ള ഉടലിന്റെ നിർമ്മാണം തുടങ്ങുന്നത്. നന്ദികേശ ശിരസ് അതാത് കരക്കാര്‍ക്കോ സമിതികൾക്കോ സ്ഥിരമായി പാലത്തടിയിൽ തീർത്തത് ഉണ്ടാവും. ശിരസിനസുരിച്ചുള്ള അളവയായിരിക്കും ഉടലിനുമുള്ളത്. ആ കണക്ക് ശിരസ് നിർമ്മിച്ച ശില്പി കരക്കാർക്ക് നൽകിയിരിക്കും.

കെട്ടുകാള നിർമ്മാണത്തിനുള്ള ആദ്യചടങ്ങ് കാൽനാട്ട് കർമ്മത്തോടെയാണ് ആരംഭിക്കുന്നത്. കാളകളെ നിർമ്മിക്കാനുള്ളപന്തലിന്റെ തൂണ് കന്നിമൂലയിൽ (തെക്ക്-പടിഞ്ഞാർ മൂല) പ്ലാവിൻ തടികൊണ്ട് നാട്ടുന്നതാണ് കാൽനാട്ട് കർമ്മം. പിന്നീട് ചട്ടക്കൂട് നിർമ്മാണമാണ്. കാളയുടെ ചട്ടക്കൂട് തയ്യാറാക്കി ഉടൽ ഒരുക്കും.

ഉടൽ ഒരുക്കാനായി ഓണാട്ടുകരയിലെ കൃഷിയിടങ്ങളിൽ നിന്നും സംഭരിച്ച വയ്ക്കോൽ (കച്ചി)കൊണ്ട് ചട്ടക്കൂട് പൊതിയും. അതിനുശേഷം ഉടൽ ചുവന്ന പട്ടിലും വെള്ള പട്ടിലും പൊതിയും. ഏറ്റവും ഒടുവിൽ നന്ധികേശ ശിരസ് സ്ഥാപിക്കും.

ഈ ഘട്ടത്തിലെല്ലാം പന്തലിൽ പ്രേത്യക ചടങ്ങുകളും പൂജകളും ഉണ്ടാവും. കരക്കാർ ചെണ്ട മേളത്തോടെയും ആർപ്പുവിളികളോടെയുമാണ് ഇതെല്ലാം നടത്തുന്നത്. ശിരസ് സ്ഥാപിച്ചു കഴിഞ്ഞാൽ കാളകൾക്ക് മണിക്കെട്ടുകയും, തിടമ്പ്, നെറ്റിപ്പട്ടം, മുത്തുക്കുട തുടങ്ങിയവകൊണ്ട് അലങ്കരിക്കുകയുംചെയ്യും. കാളയുടെ നിർമ്മാണ സമയത്ത് പന്തലിൽ പ്രേത്യക സദ്യയുണ്ടാവും. ഈ സദ്യയ്ക്ക് കാളമൂട്ടിൽ സദ്യ എന്നാണ് പറയുന്നത്.

കാളക്കെട്ടുത്സവത്തിനുള്ള കാളകൾ തയ്യാറായാൽ ഈ കാളകളെ പരബ്രഹ്മ ക്ഷേത്ര ത്തിലേക്ക് എഴുന്നെള്ളിക്കാനുള്ള ഒരുക്കത്തിലായിരിക്കും കരക്കാർ. ഇരുപ്പത്തിയെട്ടാമോണത്തിന്റെ അന്നായിരിക്കും കെട്ടുക്കാളകളെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുക. താലപ്പൊലി , ചെണ്ടമേളം, കരകം തുള്ളൽ, നിശ്ചല ദൃശ്യങ്ങൾ തുടങ്ങിയവയോടുകൂടിയാണ് കാളക്കെട്ടു ഘോഷയാത്ര നടത്തുന്നത്.

ഇത്തവണത്തെ കാളക്കെട്ടുത്സവം സെപ്റ്റംബർ 24നാണ്. 148 കാളകളെയാണ് ഓണാട്ടുകരക്കാർ ഇത്തവണ ഒരുക്കുന്നത്. ഈ 148 കാളകളിലെ മുക്കാൽ പങ്കു കാളകളെയും നിർമ്മിച്ചത് ഓണാട്ടുകരയുടെ സ്വന്തം ശില്പി ചുനക്കര രാജൻ ആണ്. ബാക്കിയുള്ളത്‌ അദ്ദേഹത്ത്തിന്റെ പിൻതലമുറക്കാരും. ഒരോ കാളയ്ക്കും അതിന് യോജിച്ച പേരുകളും കരക്കാർ നൽകിയിട്ടുണ്ട്. ആദ്യമായി സ്വന്തമായി കാളയെയുണ്ടാക്കിയ മേമന തെക്ക് കരയിലെ കാളയുടെ പേര് 'ഒന്നാമൻ'. നിലവിലെ ഏറ്റവും വലിയ കാളയുള്ള മാമ്പ്രക്കന്നേൽ കരയിലെ കാളയുടെ പേര് 'ഓണാട്ടു കതിരവൻ', ഇങ്ങനെ ഓരോ കരയ്ക്കും ഓരോരോ പേരുകളോടുകൂടിയ കാളകളാണ് ഉള്ളത്.

ക്ഷേത്രത്തിലെത്തുന്ന കെട്ടുക്കാളകളെ പരബ്രഹ്മ മൂർത്തിയുടെ മുന്നിൽ ഒന്നിച്ചിരുത്തുന്നു. പിറ്റേന്ന് രാവിലെവരെ ഈ കെട്ടുക്കാളകളെ ക്ഷേത്രത്തിലിരുത്തും. അതോടെ ആ കൊല്ലത്തെ കാളക്കെട്ടുത്സവം അവസാനിക്കുകയായി. പിന്നീട്അവിടെവച്ച് തന്നെ ഈ കാളകളെ പൊളിച്ച് ശിരസും ചട്ടക്കൂടും തിരിച്ച് കൊണ്ടുപോരും, അടുത്ത ഇരുപ്പത്തിയെട്ടാമോണത്തിനുള്ള ഒരുക്കത്തിനായി...

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് കൃഷ്ണ ഗോവിന്ദ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories