TopTop
Begin typing your search above and press return to search.

ഒരാഴ്ച പിന്നിട്ടിട്ടും നാണക്കേടിന്റെ കണക്ക്; കാണാതായവര്‍ എത്ര? 397? അതോ 259?

ഒരാഴ്ച പിന്നിട്ടിട്ടും നാണക്കേടിന്റെ കണക്ക്; കാണാതായവര്‍ എത്ര? 397? അതോ 259?

ഒഖി ചുഴലിക്കാറ്റ് കേരള തീരങ്ങളില്‍ നാശം വിതച്ചിട്ട് ഒമ്പത് ദിവസം പിന്നിടുന്നു. ഇന്നലെ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരണം 37 ആയിരിക്കുകയാണ്. എന്നാല്‍ കടലില്‍ കാണാതായവരുടെ കണക്ക് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനോ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കോ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വരെയും 92 പേരെയാണ് കാണാതായതെന്ന് ആവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ട പുതിയ കണക്ക് അനുസരിച്ച് 397 പേരെയാണ് കാണാതായതെന്ന് വ്യക്തമായിരിക്കുന്നു. തിരുവനന്തപുരത്ത് മാത്രം 174 പേരെ കാണാനില്ലെന്നാണ് കഴിഞ്ഞ ദിവസം വരെ ലത്തീന്‍ അതിരൂപത പറഞ്ഞിരുന്നതെങ്കില്‍ ഇന്നലെ അവര്‍ നടത്തിയ കണക്കെടുപ്പ് അനുസരിച്ച് 259 പേരെയാണ് കാണാതായിരിക്കുന്നതെന്ന് വ്യക്തമായിരിക്കുന്നു.

ചെറുവള്ളങ്ങളില്‍ പോയ 96 പേരും വലിയ ബോട്ടുകളില്‍ പോയ 301 പേരും തിരിച്ചെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ പുതിയ കണക്ക്. എന്നാല്‍ ചെറിയ വള്ളക്കാരായ 103 പേരും വലിയ ബോട്ടുകാരില്‍ 156 പേരും തിരികെയെത്താനുണ്ടെന്ന് അതിരൂപത പറയുന്നു. ദുരന്തമുണ്ടായി ഇത്രയും ദിവസത്തിന് ശേഷം ഇതാദ്യമായാണ് സര്‍ക്കാരിന്റെ കണക്കുകള്‍ അതിരൂപതയേക്കാള്‍ മുന്നിലെത്തുന്നത്. തിരുവനന്തപുരം ജില്ലയിലെങ്കിലും സര്‍ക്കാര്‍ കണക്കുകളേക്കാള്‍ 138 പേരാണ് അതിരൂപതയുടേതിനേക്കാള്‍ കൂടുതലുള്ളത്. സര്‍ക്കാര്‍ പുതിയ കണക്കുകളില്‍ കുത്തനെ വര്‍ദ്ധനവുണ്ടായെങ്കിലും കേരളത്തിലെ ആകെ കണക്കെടുത്താല്‍ തീരദേശവാസികള്‍ പറയുന്ന കണക്കുകളുടെ ഏഴയലത്ത് പോലും എത്തില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള കന്യാകുമാരി ജില്ലയിലെ എട്ട് ഗ്രാമങ്ങളില്‍ മാത്രം 71 ബോട്ടുകളിലായി എഴുന്നൂറിലധികം ആളുകളും രണ്ട് ചെറിയ വള്ളങ്ങളിലായി 14 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് തൂത്തൂര്‍ ഫെറോന വികാരിയായ ഫാ. ആന്‍ഡ്ര്യൂസ് കോമൂസ് അഴിമുഖത്തോട് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമായിരിക്കണം ഈ കണക്കുകളിലെ വ്യത്യാസമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സര്‍ക്കാര്‍ കണക്കുകള്‍ കുറച്ചുകാണിച്ച് നഷ്ടപരിഹാര തുക കുറയ്ക്കുന്നുവെന്നാണ് തീരദേശവാസികളും ആരോപിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഒഖി ചുഴലിക്കാറ്റില്‍ കൂടുതല്‍ ആളുകളെ കാണാതായതെങ്കിലും കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ വലിയ തോതിലും കോഴിക്കോട് മലപ്പുറം എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് ബാധിച്ചു. ഈ ജില്ലകളിലെല്ലാം മത്സ്യത്തൊഴിലാളികളെ കാണാതാകുകയും ചെയ്തു.

http://www.azhimukham.com/ockhi-women-from-poonthura-have-something-to-say/

പോലീസ് സ്‌റ്റേഷനുകള്‍ മുഖേനയും കടലോര മേഖലകളില്‍ നേരിട്ടെത്തിയും റവന്യൂ വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് എണ്ണം കൂടിയിരിക്കുന്നത്. അതേസമയം വലിയ ബോട്ടുകളില്‍ കാണാതായവരുടെ എണ്ണം ആദ്യമായാണ് ശേഖരിക്കുന്നതെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്. അതിനാലാണ് കാണാതായവരുടെ എണ്ണം 92ല്‍ നിന്നും ഒറ്റയടിക്ക് 397 ആയി ഉയരാന്‍ കാരണമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ചെറുവള്ളങ്ങളില്‍ കാണാതായ 96 പേരും തിരുവനന്തപുരം ജില്ലക്കാര്‍ തന്നെയാണ്. അതിരൂപതയുടെ കണക്കില്‍ ഇത് 103 ആണ്. എന്നാല്‍ ഈ കണക്കുകളില്‍ ഏതാണ് വിശ്വസിക്കേണ്ടതെന്ന സംശയത്തിലാണ് ഇപ്പോള്‍ തീരദേശവാസികള്‍. 96 ആണെങ്കിലും 103 ആണെങ്കിലും ചെറുവള്ളങ്ങളില്‍ കാണാതായവര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ ഓരോ ദിവസം ചെല്ലുന്തോറും ഇല്ലാതാകുകയാണെന്നതാണ് സത്യം.

http://www.azhimukham.com/newswrap-ockhi-tamil-fisermen-demands-replicate-kerala-compensation-package-in-tamilnadu/

ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, ക്ഷേമനിധി ബോര്‍ഡ്, പള്ളികള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ തുടങ്ങിയ നിരവധി സര്‍ക്കാരിന്റേതും അല്ലാത്തതുമായ സംവിധാനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയിലുള്ളപ്പോഴാണ് കാണാതായവരെക്കുറിച്ചുള്ള അവ്യക്തത തുടരുന്നത്. മത്സ്യഫെഡിലും ക്ഷേമനിധി ബോര്‍ഡിലും അംഗത്വമുള്ള തൊഴിലാളികളെക്കുറിച്ച് മാത്രമാണ് കണക്കുകളുള്ളത്. അറുപത് ശതമാനത്തോളം മത്സ്യത്തൊഴിലാളികള്‍ക്കും അംഗത്വമില്ലെന്ന് നേരത്തെ തന്നെ ഇവര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മത്സ്യലേലത്തില്‍ നിന്നും ലഭിക്കുന്ന അഞ്ച് ശതമാനം പള്ളിയ്ക്ക് നല്‍കണമെന്നാണ് കടലോരങ്ങളിലെ പള്ളികളിലെ നിബന്ധന. ഈ രീതിയില്‍ വന്‍ വരുമാനമാണ് ഓരോ വര്‍ഷവും പള്ളികള്‍ക്ക് വന്നു ചേരുന്നത്. ഇത് കൂടാതെ മത്സ്യഫെഡും ക്ഷേമനിധി ബോര്‍ഡുമെല്ലാം വന്‍തോതില്‍ മത്സ്യത്തൊഴിലാളികളില്‍ നിന്നും പിരിവുകളും നടത്തുന്നുണ്ട്. കടലില്‍ പോകുന്ന തൊഴിലാളികളെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ സൂക്ഷിക്കാത്ത ഈ സംവിധാനങ്ങള്‍ അവരുടെ പണമുപയോഗിച്ച് പിന്നെ എന്ത് പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് ഇവിടെ ഉയരുന്ന ചോദ്യം.

ചിത്രം: സുര്‍ജിത്ത് കാട്ടായിക്കോണം

http://www.azhimukham.com/newswrap-disaster-reporting-shouldbe-changed/


Next Story

Related Stories