TopTop
Begin typing your search above and press return to search.

കണ്ണൂരിലെ ബർമീസ് രാജകുമാരൻ: ഇന്ത്യൻ പട്ടാളത്താവളത്തിലെ മോങ് ലാതിന്റെ ജീവിതം

കണ്ണൂരിലെ ബർമീസ് രാജകുമാരൻ: ഇന്ത്യൻ പട്ടാളത്താവളത്തിലെ മോങ് ലാതിന്റെ ജീവിതം
ഏതാണ്ടൊരു പതിറ്റാണ്ടു മുമ്പാണ്. മലബാർ തീരങ്ങളിലെ യൂറോപ്യൻ ശവമാടങ്ങളെക്കുറിച്ച് ഗവേഷണം ചെയ്യുകയായിരുന്ന ഞാൻ, കണ്ണൂരിലെ പഴയ ഗാരിസൺ പള്ളിയിൽ സൂക്ഷിച്ചിരുന്ന ചരമ രജിസ്റ്ററിലെ ആശ്ചര്യപ്പെടുത്തുന്ന ഒരു എൻട്രി എന്റെ ശ്രദ്ധയിൽ പെട്ടു: ബർമാക്കാരനായ തടവുപുള്ളി, പ്രിൻസ് മോങ് ലാതിന്റെ മകൻ എഗ്ബർട്ട് അലക്സാണ്ടർ ഗ്രാൻവിൽ ജേംസ് 1887 ഓഗസ്റ്റ് 19ന് മരിച്ചു, അടക്കം ചെയ്തു. രജിസ്റ്റർ പറയുന്നതു പ്രകാരം ഈ ആൺകുട്ടി മരിച്ചത് ജനിച്ച് ആറാമത്തെ ദിവസമാണ്. മരണകാരണം ടെറ്റനസ്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ മലബാർ മേഖല മുഴുവനും അധീനതയിലാക്കിയ ബ്രിട്ടീഷുകാർ കണ്ണൂരിൽ സൈനിക താവളം സ്ഥാപിച്ചത് 1810ലാണ്. ടിപ്പു സുൽത്താനിൽ നിന്നും പിടിച്ചെടുത്ത വൻ ഭൂപ്രദേശം കാക്കാനും തങ്ങളുടെ വ്യാപാര താൽപര്യങ്ങൾ സംരക്ഷിക്കാനുമായിരുന്നു ഈ നീക്കം. മേഖലയിൽ ഈ പട്ടാള താവളത്തെ കേന്ദ്രീകരിച്ച് നിരവധി സൈനികനീക്കങ്ങൾ പിന്നീട് നടക്കുകയുണ്ടായി. 1790കളിലെ പഴശ്ശി കലാപം മുതൽ 1921ലെ മാപ്പിള ലഹള വരെ നടന്ന, അങ്ങേയറ്റം കലുഷിതമായ രാഷ്ട്രീയസാഹചര്യം നിലനിന്നിരുന്ന ഒരു മേഖല കൂടിയാണിത്. എച്ച്എം 74ാം ഹൈലാൻഡേഴ്സ് മുതൽ റോയൽ ഫ്യൂസിലിറ്റേഴ്സ് വരെയുള്ള ബ്രിട്ടീഷ് പട്ടാളത്തിന്റെ മിക്കവാറും എല്ലാ റെജിമെന്റുകൾക്കും ഈ ബാരക്കുകൾ താവളമായിട്ടുണ്ട്. ബ്രിട്ടീഷുകാർ പട്ടാള താവളത്തിനൊപ്പം ഒരു ചർച്ചും സെമിത്തേരിയും നിർമിച്ചു. അവിടെ കച്ചവടക്കാരുടെയും പട്ടാളക്കാരുടെയും മറ്റ് നിരവധി യൂറോപ്യൻ പൗരന്മാരുടെയും ശവമാടങ്ങൾക്കൊപ്പം ഒരെണ്ണം ഈ മ്യാന്മർ രാജകുമാരന്റേതായിരുന്നു.

ഒരു ബർമീസ് രാജകുമാരന്‍ ജയിൽപ്പുള്ളിയായി ഗാരിസൺ ടൗൺ ചർച്ച് റെക്കോർഡുകളിൽ വന്നത് ആശ്ചര്യകരമായിരുന്നു. ബർമീസ് രാജകുടുംബത്തിൽ നിന്നും ഒരു ജയിൽപ്പുള്ളി മാത്രമേയുള്ളൂ എന്നാണ് ബ്രിട്ടീഷ് അധികാരികൾ എക്കാലത്തും പറഞ്ഞിരുന്നത്. ആ ജയിൽപ്പുള്ളി 1885ലെ മൂന്നാം ആംഗ്ലോ-ബർമ യുദ്ധത്തിൽ പിടികൂടിയ തിബോ രാജാവായിരുന്നു. ഇദ്ദേഹത്തിന്റെ അർധസഹോദരിയായ രാജ്ഞി സുപായലത്തും അവരുടെ മക്കളും പിന്നീട് പിടിയിലായി. ഇവരെ മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലുള്ള രത്നഗിരിയിലെ ഒരു കുന്നിൻമുകളിലുള്ള ഔട്രാം എന്ന വീട്ടിൽ താമസിപ്പിച്ചു. മുപ്പത് വർഷത്തോളം ദാരിദ്ര്യത്തിലും ഒറ്റപ്പെടലിലും ജീവിച്ച് തിബോ രാജാവ് 1916ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ രാജ്ഞിയെയും മൂന്ന് പെൺമക്കളെയും സ്വദേശത്തേക്ക് തിരിച്ചുപോകാൻ അനുവദിച്ചു. ഒരു നാട്ടുകാരനുമായി വിവാഹം കഴിഞ്ഞിരുന്ന മക്കളിലൊരാൾ മാത്രം ഇന്ത്യയിൽ നിന്നു. മൂത്ത രാജകുമാരി പിന്നീട് രത്നഗിരിയിലേക്കു തന്നെ തിരിച്ചെത്തി. കുടുംബത്തിന്റെ ഡ്രൈവറായി ജോലി നോക്കിയിരുന്ന ഗോപാൽ സാവന്തുമായി വിവാഹം കഴിഞ്ഞതിനാലായിരുന്നു ഇത്.

തിബോ രാജാവിന്റെ മരണത്തോടെ ബർമ രാജപരമ്പരയ്ക്ക് പ്രായോഗികാർത്ഥത്തിൽ അവസാനമായി.

ആരാണ് കണ്ണൂരിലെ പട്ടാളത്താവളത്തിലെ ബർമീസ് രാജകുമാരൻ എന്ന് മനസ്സിലാക്കിയെടുക്കാനും, അയാൾ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് എങ്ങനെ എത്തിച്ചേർന്നുവെന്ന് മനസ്സിലാക്കാനും എനിക്ക് കുറച്ചുകാലമെടുത്തു. ഒടുവിൽ 'ദി ലോർഡ് ഓഫ് ഗി സെലെസ്റ്റിയൽ എലിഫന്റ്' എന്ന, എലൈൻ ഹാൽറ്റൺ എഴുതിയ ചെറിയ പുസ്തകത്തിൽ നിന്നും ആ കഥ പുറത്തുവന്നു. 1999ൽ ലണ്ടനിൽ നിന്നും പബ്ലിഷ് ചെയ്തതാണ് ഈ പുസ്തകം. എഴുത്തുകാരി എലൈൻ ഹാൽറ്റൺ രാജകുമാരന്റെ പിൻഗാമിയാണ്. ലോകയുദ്ധത്തിനു ശേഷം ബ്രിട്ടനിലേക്ക് പോയതാണ് ഇവരുടെ മാതാപിതാക്കൾ. ഈ പുസ്തകത്തിൽ നിന്നും, വിവിധ ലൈബ്രറികളിലും ആർക്കൈവുകളിലും നടത്തിയ ഗവേഷണങ്ങളിൽ നിന്നുമാണ് കൊളോണിയൽ ചരിത്രപുസ്തകങ്ങളുടെ അടിക്കുറിപ്പുകളിൽ അടക്കം ചെയ്യപ്പെട്ട ഒരു ആശ്ചര്യകരമായ ജീവിതത്തെ എനിക്ക് കണ്ടെടുക്കാനായത്.

തിബോ രാജാവ് അധികാരത്തിലേറിയ കാലത്ത് നടന്ന അരമന കൊലപാതകങ്ങളിൽ നിന്ന് രക്ഷപ്പെട്ടയാളാണ് മോങ് ലാത് രാജകുമാരൻ. ഈ രക്ഷപ്പെടലിനു കാരണം 1978 ഒക്ടോബർ മാസത്തിൽ മിൻഡൻ മേൻ രാജാവ് മരണപ്പെടുകയും അദ്ദേഹത്തിന്റെ മകനായ തിബോ കിരീടധാരണം നടത്തുകയും ചെയ്യുമ്പോൾ മോങ് ലാത് രാജകുമാരൻ കണ്ണൂരിലെ ബ്രിട്ടീഷ് പട്ടാളത്തിന്റെ ജയിലിലായിരുന്നു. ബർമയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപത്തിൽ പങ്കെടുത്തതിനാണ് ഇദ്ദേഹം പിടിയിലായത്.

എൻപി ചെക്കുട്ടി എഴുതിയ ലേഖനം കൂടുതൽ വായിക്കാം

Next Story

Related Stories