TopTop
Begin typing your search above and press return to search.

വളർത്തുപൂച്ച മരിച്ചപ്പോൾ ഉടമ കണ്ടെത്തിയ മാർഗം: ചൈനയിലെ ആദ്യത്തെ ക്ലോൺ പൂച്ച ജനിച്ചു; ക്ലോണിങ്ങിൽ വൻശക്തിയെന്ന് തെളിയിച്ച് ചൈന

വളർത്തുപൂച്ച മരിച്ചപ്പോൾ ഉടമ കണ്ടെത്തിയ മാർഗം: ചൈനയിലെ ആദ്യത്തെ ക്ലോൺ പൂച്ച ജനിച്ചു; ക്ലോണിങ്ങിൽ വൻശക്തിയെന്ന് തെളിയിച്ച് ചൈന
വളര്‍ത്തു മൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. അത്രയും സ്നേഹവും വിശ്വാസവും നമ്മളിൽ അർപ്പിക്കുന്ന ജീവികളാണ് ഒട്ടുമിക്ക വളർത്തു മൃഗങ്ങളും. എന്നാൽ അവയെങ്ങാനും ചത്തുപോയാലോ? അത്രയും പ്രിയപ്പെട്ടവയാണെങ്കില്‍ കുറച്ചു ദിവസം വിഷമം കാണും. നമ്മുടെ വീട്ടിലെ ഒരംഗത്തെപ്പോലെ കാണുന്ന ഒന്നാണെങ്കിലോ? ചൈനക്കാരനായ ഹുവാങ് യു ചെയ്ത അത്രയൊന്നും എന്തായാലും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല.

കണ്ണിലെ കൃഷ്ണമണി പോലെയാണ് ഹുവാങ് യു എന്ന 22കാരന്‍ ഗാര്‍ലിക് എന്നുപേരുള്ള പൂച്ചയെ വളര്‍ത്തിയിരുന്നത്. വീട്ടിൽ വളർത്തുന്ന പൂച്ചകൾ 14 മുതൽ 20 വർഷം വരെയെ ജീവിക്കൂ എന്നതാണ് സത്യം. ഗാര്‍ലിക്കിനും പ്രായമായി. ഒരുദിവസം മരണപ്പെടുകയും ചെയ്തു. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് തന്‍റെ വീടിനു തൊട്ടടുത്തുള്ള ഒരു പാര്‍ക്കില്‍ ഹുവാങ് യു അതിന് അന്ത്യവിശ്രമം ഒരുക്കിയത്. പക്ഷെ, ഗാര്‍ലിക് ഇല്ലാത്ത ഒരൊറ്റ നിമിഷത്തോടുപോലും പൊരുത്തപ്പെടാന്‍ അയാള്‍ക്കാകുമായിരുന്നില്ല. അങ്ങിനെയിരിക്കുമ്പോഴാണ് പെട്ടന്ന് അദ്ദേഹത്തിന് ഡോഗ് ക്ലോണിംഗിനെ കുറിച്ച് മുന്‍പ് വായിച്ച ഒരു ആര്‍ട്ടിക്കിള്‍ ഓര്‍മ്മവന്നത്. ഉടന്‍തന്നെ മണ്ണുമാന്തി പൂച്ചയുടെ ജഡം പുറത്തെടുത്ത ഹുവാങ് അതിനെ തന്‍റെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. 'ക്ലോണ്‍ ചെയ്യുകയല്ലാതെ വേറെ വഴിയില്ല’ എന്നായിരുന്നു ഹുവാങിന്‍റെ ചിന്ത.

ആ ചിന്ത അദ്ദേഹത്തെ ബീജിംഗ് ആസ്ഥാനമായുള്ള വാണിജ്യ വളർത്തുമൃഗ-ക്ലോണിംഗ് കമ്പനിയായ ‘സിനോജീനിലേക്കാണ്’ എത്തിച്ചത്. ഏകദേശം ഇരുപത്തിയഞ്ചു ലക്ഷം മുതല്‍മുടക്കിനും ഏഴുമാസത്തെ കാത്തിരിപ്പിനുമൊടുവില്‍ സിനോജീനില്‍നിന്നും ആ സന്തോഷ വാര്‍ത്ത ഹുവാങിനെ തേടിയെത്തി. രാജ്യത്തെ ആദ്യത്തെ ക്ലോൺ ചെയ്ത പൂച്ചയെന്ന ഖ്യാതിയുമായി ഗാര്‍ളിക് പുനര്‍ജനിച്ചു. ഒപ്പം, ക്ലോണിംഗിലേയും ജനിതകശാസ്ത്രത്തിലേയും വന്‍ശക്തി തങ്ങളാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ചൈന.

രണ്ടു പൂച്ചകളും കാണാന്‍ ഒരേപോലെയാണെങ്കിലും അവയുടെ സ്വഭാവങ്ങളും വ്യക്തിത്വവുമെല്ലാം വ്യത്യസ്തമായിരിക്കുമെന്ന് കമ്പനിയുടെ മുഖ്യ ശാസ്ത്രജ്ഞനും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ റിസർച്ച് ഫെലോയുമായ ലായ് ലിയാങ്‌ക്യൂ പറയുന്നു. ആയുസ്സ് സാധാരണ പൂച്ചയുടേതിനു സമാനമായിരിക്കും. ഗാര്‍ളികിന്‍റെ ജനനം ക്ലോണിംഗ് രംഗത്തുതന്നെ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടാക്കാന്‍ പോകുന്നത്. രണ്ടരലക്ഷം യുവാന്‍ ഈടാക്കി കൂടുതല്‍ ക്ലോണിംഗുകള്‍ ചെയ്യാനൊരുങ്ങുകയാണ് സിനോജീന്‍. പൂച്ചകളെ വളര്‍ത്തുന്ന നിരവധി ആളുകള്‍ ഇതിനകംതന്നെ ബുക്കിംഗ് നല്‍കിക്കഴിഞ്ഞുവെന്ന് കമ്പനി പറയുന്നു.

സ്വാഭാവിക പ്രത്യുൽപാദനമാർഗങ്ങൾ സ്വീകരിക്കാതെ ജീവികളുടെ കോശകേന്ദ്രം ഒരു ഭ്രൂണത്തിലേക്ക് സം‌യോജിപ്പിച്ച് കോശകേന്ദ്രത്തിന്റെ ഉടമയായ ജീവിയുടെ തനിപ്പകർപ്പിനെ സൃഷ്ടിക്കാനുള്ള മാർഗ്ഗമാണ്‌ ക്ലോണിങ്ങ്. 2018-ൽ ചൈനയിൽ കുരങ്ങന്മാര്‍ക്ക് ക്ലോണിംഗിലൂടെ ജന്മം നൽകിയതോടെ മനുഷ്യരിൽ ക്ലോണിംഗ് പരീക്ഷണത്തിനുള്ള സാധ്യതയും തെളിഞ്ഞുവന്നിരുന്നു. രണ്ട് പതിറ്റാണ്ട് മുന്‍പ് ഡോളി എന്ന ആടിന് ജന്മം നൽകിയ അതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചൈനീസ് ശാസ്ത്രഞ്ജർ കുരങ്ങുകൾക്കും ജീവന്‍ നൽകിയത്.

Next Story

Related Stories