TopTop
Begin typing your search above and press return to search.

'സ്നേഹത്തിൻ പൂഞ്ചോലത്തീരത്തു' നിന്ന് 'പൂമുത്തോളേ'യിലേക്കുള്ള ചലച്ചിത്ര സംഗീതത്തിന്റെ ഭാവുകത്വ ദൂരം അളക്കുമ്പോൾ; '90കളെ'ന്ന ഒഴിയാബാധ

സ്നേഹത്തിൻ പൂഞ്ചോലത്തീരത്തു നിന്ന് പൂമുത്തോളേയിലേക്കുള്ള ചലച്ചിത്ര സംഗീതത്തിന്റെ ഭാവുകത്വ ദൂരം അളക്കുമ്പോൾ; 90കളെന്ന ഒഴിയാബാധ

'90കളിലെ പാട്ട്' എന്നൊരു പ്രയോഗമുണ്ട്. രവീന്ദ്രൻ, ജോൺസൺ, ഇളയരാജ, മോഹൻ സിതാര, ശരത്ത്, എംജി രാധാകൃഷ്ണൻ ഔസേപ്പച്ചൻ തുടങ്ങിയവർ അക്കാലത്തുണ്ടാക്കിയ മൗലികമായ ഈണങ്ങളെ പൊതുവിൽ ഉദ്ദേശിക്കുന്നതാണ് ഈ പ്രയോഗം. ഈ പാട്ടുകൾ മിക്കതും കവറുകളായും റീമിക്സുകളായും നമുക്കു മുമ്പില്‍ ദിനംപ്രതിയെന്നോണം എത്തുന്നുണ്ട്. 90കളിൽ ജനിച്ച് ഇപ്പോൾ കൗമാരകാലത്തിലൂടെ കടന്നുപോകുന്നവരാണ് ഇവയുടെ ആസ്വാദകരിലേറെയുമെന്ന് കാണാം.

തങ്ങളുടെ മുൻതലമുറയിൽ നിന്നും വ്യതിരിക്തമായ ശൈലീ രൂപീകരണത്തിൽ വിജയം കണ്ട സംഗീത സംവിധായകർ പൂത്തുലഞ്ഞ കാലമായിരുന്നു അത്. 80കളുടെ രണ്ടാംപകുതി മുതൽ 90കളുടെ അവസാനം വരെ ഈ തലമുറ മികച്ച ഗാനങ്ങൾ സൃഷ്ടിച്ചു. തങ്ങളുടെ കാലത്തിന്റെ സ്വഭാവത്തെ കൃത്യമായി നിർവ്വചിക്കാൻ ഈ സംഗീതകാരന്മാര്‍ക്ക് സാധിച്ചുവെന്നു തന്നെ പറയണം.

സ്വന്തമായ ഭാവുകത്വ രൂപീകരണം ഏതൊരു തലമുറയുടെയും വെല്ലുവിളിയാണ്. കാലത്തെ അതിവർത്തിക്കുന്ന കലയുണ്ടാക്കുക എന്നതിനൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് ഭാവുകത്വ നിർമാണമെന്നു പറയാം. 90കൾക്കൊടുവിൽത്തന്നെ ഈ വഴിക്കുള്ള ശ്രമങ്ങൾ പുതിയ സിനിമകളുടെ ഭാഗത്തു നിന്ന് തുടങ്ങിയിരുന്നു. രണ്ടായിരാമാണ്ട് പിന്നിട്ട് ആദ്യവർഷങ്ങളിൽ തന്നെ മാറ്റത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ഒരു സ്ഫോടനം പോലെ മലയാള സിനിമാ സംഗീതത്തിൽ വന്നെത്തി. എഡ്ഢി ഗ്രാന്റിനോട് സാമ്യമുള്ള ശബ്ദവുമായെത്തിയ ജാസ്സി ഗിഫ്റ്റാണ് 90കളെ അപ്പാടെ നിഷേധിക്കുന്ന സംഗീതഭാവുകത്വം ആദ്യമായി അവതരിപ്പിച്ചതെന്നു പറയാം. മലയാളത്തിന്റെ 'മുഖ്യധാര'യ്ക്ക് തികച്ചും അന്യമായ ഒരു ശൈലിയായിരുന്നു അത്. ആ മാറ്റത്തിനു പിന്നാലെ പോകാൻ പക്ഷെ മലയാളം തയ്യാറായില്ല. പകരം ഇത്രത്തോളം 'വിപ്ലവകര'മൊന്നുമല്ലാത്ത പാശ്ചാത്യ സംഗീത ജോണറുകളെ ഇന്ത്യന്‍ സംഗീതത്തോടൊപ്പം പിൻപറ്റുന്ന സംഗീത സംവിധായകരിലേക്ക് ഒരു സ്വാഭാവിക പരിണതി നടന്നു. തട്ടും തടസ്സവുമുണ്ടായില്ല. ആരുടെയും ചോദ്യം ചെയ്യലുകളുണ്ടായില്ല. വിമർശനങ്ങളുണ്ടായില്ല. എല്ലാം എത്രയും സ്വാഭാവികമായിരുന്നു.

തമിഴിനോളം ആരുറപ്പോ വേരിറക്കമോ ഇല്ലെങ്കിലും ബലമേറിയ ഒരു പാരമ്പര്യം മലയാള ചലച്ചിത്ര സംഗീതത്തിനുണ്ട്. പുതിയ ഭാവുകത്വ വഴികൾ തീർക്കുന്നതിലും അതിൽ മൗലികമായ വ്യക്തിഗത സൃഷ്ടികളുണ്ടാക്കുന്നതിലും മലയാള സംഗീതജ്ഞർ മിടുക്ക് കാട്ടിയിട്ടുമുണ്ട്. രണ്ടായിരാമാണ്ടിനു ശേഷം രണ്ടാം ദശകത്തിന്റെ ഒടുവിലെത്തി നിൽക്കുമ്പോൾ ഏതു തരത്തിലുള്ള പരിണതിയാണ് മലയാള ചലച്ചിത്ര സംഗീതത്തിന്റെ സ്വത്വത്തെ നിർണയിക്കുന്നത് എന്നാലോചിക്കുക രസകരമായിരിക്കും.

കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, പാശ്ചാത്യ സംഗീതം എന്നിങ്ങനെ സംഗീത സംവിധായകർക്ക് ചെന്നുചാടാൻ കൃത്യമായ ഇടങ്ങളുണ്ടായിരുന്നു നേരത്തെ. ഇതിന് കാര്യമായ പോറലുകൾ ഇന്നും വന്നിട്ടില്ലെങ്കിലും വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ സംഗീതത്തിലേക്ക് കടന്നു ചെല്ലാനുള്ള ധീരത ചിലരെങ്കിലും കാണിച്ചു തുടങ്ങിയിട്ടുണ്ട്. 2018ലും ഇത്തരം ശ്രമങ്ങൾ ചില അടയാളങ്ങൾ പതിപ്പിച്ചു പോയിട്ടുണ്ട്. അവയിലൊന്നാണ് ഉടലാഴം എന്ന ചിത്രത്തിലെ പാട്ടുകൾ. സംഗീത സംവിധാനത്തിലെയും ആലാപനത്തിലെയും നാട്യങ്ങൾ ഒരു വിമർശനമായി ഉന്നയിക്കാവുന്നതാണെങ്കിലും അതൊരു സ്വാഭാവിക പരിമിതി മാത്രമാണ്. ഇത്തരം ശ്രമങ്ങൾ ആമേൻ പോലുള്ള ചിത്രങ്ങളിലൂടെ മുമ്പും ഉണ്ടായിട്ടുണ്ട്. നീലക്കുയിൽ പോലുള്ള ചിത്രങ്ങളിലൂടെ കെ രാഘവനും മറ്റും സൃഷ്ടിച്ചെടുത്ത വഴിയിലൂടെ നമ്മുടെ സംഗീതം അധികം മുമ്പോട്ടു പോയിരുന്നില്ല. ഈ പരാതിയെ മറികടക്കാനുള്ള ശ്രമമാണ് 'ന്യൂ ജനറേഷൻ' എന്ന് ഒട്ടൊരു ആക്ഷേപസ്വരം കലർത്തി പലരും വിളിക്കുന്ന സിനിമാ സംവിധായകരുടെ ഭാഗത്തു നിന്നും കുറെയൊക്കെ ഉണ്ടായത്.

സംഗീത സംവിധായകർ സ്വയം ഈ വഴിയിൽ എത്രത്തോളം നീങ്ങുന്നുണ്ട് എന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ടതുണ്ട്. ഇന്നും 90കളുടെ സംഗീതമാണ് നമുക്ക് മെലഡി എന്ന് വരുന്നത് ഒരു നേട്ടമല്ല. വിജയ് യേശുദാസിന് മികച്ച ഗായകനുള്ള അവാർഡ് നേടിക്കൊടുത്ത പാട്ടുതന്നെ നോക്കൂ. 90കളിൽ ഇളയാരാജ നിർമിച്ചെടുത്ത ഭാവുകത്വമാണത്. ചിന്നത്തായവൾ തന്ത രാസാവേ, ആരാരിരോ പാടിയതാരോ, താലാട്ട് കേട്ക നാനും എത്തന നാൾ, എൻ തായിനും കോവിലൈ കാക്ക മറന്തിട്ട', 'ഏൻ പാട്ട് എൻ പാട്ട്', 'അന്ത വാനത്തപ്പോല മനം പടച്ച' തുടങ്ങിയ ഇളയരാജാ ഗാനങ്ങളിലൂടെ 90കളിൽ നമ്മിൽ ഉറച്ചുപോയ നിരവധി പാട്ടുകളിലൂടെ ഉറച്ചുപോയ ഒരീണം നമുക്കതിൽ കേൾക്കാം. ഇളയരാജയുടെ തന്നെ 'സ്നേഹത്തിൻ പൂഞ്ചോലത്തീരത്തിൽ നാമെത്തും നേരം' എന്ന പാട്ടിലും ഈ സംഗീതം നമ്മൾ കേട്ടിട്ടുണ്ട്. എന്നുവെച്ച് ഈ ഗാനം ഒരു കോപ്പിയടിയാണോ? അല്ലേയല്ല. ഇളയരാജയെപ്പോലൊരാളുടെ സ്വധീനമുണ്ടാകുന്നത് ഒട്ടും മോശമായ കാര്യമല്ല. വളരെ മനോഹരമായ ഒരു കംപോസിഷനുമാണത്. ജാസ്സി ഗിഫ്റ്റ് മുതൽ ഗോപി സുന്ദർ വരെയുള്ളവർ ഇങ്ങനെ പാട്ടുണ്ടാക്കിയിട്ടുണ്ട്. പക്ഷെ മെലഡി എന്ന് കേൾക്കുമ്പോൾ 90കളുടെ ഭാവുകത്വത്തിലേക്ക് നാം പിന്നെയും പിന്നെയും പോകുന്നത് അത്ര നല്ല ശീലമാകാൻ വഴിയില്ല.

ഇതര ജീവിതങ്ങളിലേക്ക് കടന്നു ചെല്ലാന്‍ സിനിമാ സംവിധായകർ കാണിക്കുന്ന ആർജവം സിനിമാ സംഗീതജ്ഞരും കാണിച്ചു തുടങ്ങേണ്ട കാലമായിരിക്കുന്നു. അത്തരം ശ്രമങ്ങളെ സംഗീതത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ നമ്മുടെ സംഗീതസംവിധായകർക്ക് സാധിക്കുമോയെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.


Next Story

Related Stories