TopTop
Begin typing your search above and press return to search.

തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി പി രാമസ്വാമിയെ കെ സി എസ് മണി വെട്ടിയിട്ട് ഇന്നേക്ക് 72 വര്‍ഷം

തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി പി രാമസ്വാമിയെ കെ സി എസ് മണി വെട്ടിയിട്ട് ഇന്നേക്ക് 72 വര്‍ഷം
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരെ കെ സി എസ് മണി വെട്ടിയിട്ട് ഇന്നേക്ക് 72 വര്‍ഷമായി. 1947 ജൂലൈ 25ന് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നടന്ന സ്വാതി തിരുനാള്‍ ശതാബ്ദി ആഘോഷ ചടങ്ങിലായിരുന്നു കെ സി എസ് മണി, സര്‍ സി പിയെ വെട്ടിയത്. തിരുവതാകൂറിന്റെ ചരിത്രത്തെ തന്നെ മാറ്റിയ ആ വെട്ടിനെക്കുറിച്ച് 2014 ജനുവരി ഒന്‍പതിന് അഴിമുഖത്തില്‍ ഉമ്മിണി എഴുതിയ 'കഥ പറയും പ്രതിമകള്‍' എന്ന പരമ്പരയിലെ 'മണി സ്വാമി എന്ന ധീരന്‍' എന്ന ലേഖനം പുന പ്രസിദ്ധീകരിക്കുന്നു.


അമ്പലപ്പുഴയിലെ കോമനയിലെ കോനാട്ട് മഠം ചിദംബര അയ്യര്‍ സുബ്രഹ്മണ്യ അയ്യര്‍ എന്ന കെ സി എസ് മണിയ്ക്ക് തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു വലിയ സ്ഥാനമുണ്ട്. കിരാതമായ ഒരു ഭരണത്തെ ഒറ്റ രാത്രി കൊണ്ടാണ് ഈ മഹാന്‍ അവസാനിപ്പിച്ചത്. അതിന് വേണ്ടി വന്നത് ആകെ ഒരു അല്‍പ്പം ധൈര്യവും മനക്കരുത്തുമാണ്. 1947 ജുലൈ 25നായിരുന്നു ആ മഹാസംഭവം. സര്‍ സി പി രാമസ്വാമി അയ്യര്‍ എന്ന തിരുവിതാംകൂറിന്റെ ദിവാനെ കൊല്ലാന്‍ ശ്രമിച്ച്, വെട്ടിപരിക്കേല്‍പ്പിച്ചത് അന്നാണ്. സംഭവത്തിലെ നായകനും പ്രതിനായകനും മണിസ്വാമി തന്നെ. കാരണം കുറ്റകൃത്യം ചെയ്ത മണിസ്വാമി പ്രതിനായകനാണ്. എന്നാല്‍ തിരുവിതാംകൂറിന്റെ ജനങ്ങളുടെ ആഗ്രഹം സഫലമാക്കിയ മണിസ്വാമി നായകനാണ്.

എന്നാല്‍ സി.പിയെ കൊല്ലാന്‍ കഴിയുമെന്ന് മണിസ്വാമി തെളിയിച്ചത് സംഭവം നടക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ്. എറണാകളുത്ത് നിന്ന് വരുമ്പോള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അടുക്കുന്നതിനു മുമ്പ് ചെട്ടിക്കുളങ്ങര ജംഗ്ഷന് സമീപത്തായി വലത് വശത്ത് നിലവില്‍ കാടുപിടിച്ച് കിടക്കുന്ന ഓടിട്ട ഒരു കെട്ടിടമുണ്ട്. അതാണ് സചിവോത്തമ സര്‍.സി.പി. രാമസ്വാമി അയ്യര്‍ ഷഷ്ട്യബ്ദപൂര്‍ത്തി സത്രം. പണ്ട് അത് തമ്പാന്നൂര്‍ സത്രം എന്ന അറിയപ്പെട്ടിരുന്നതായാണ് കേട്ടറിവ്. ഏതായാലും 1939ല്‍ സി.പി. ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷിച്ചു. അന്ന് സമുദായ സംഘടനകള്‍ അത് കെങ്കേമമായി ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു. സത്രത്തിന് മുന്നില്‍ എന്‍.എസ്.എസ്, സി.പിയുടെ ഒരു വെണ്ണക്കല്‍ പ്രതിമ സ്ഥാപിച്ചു. ഇത് സഹിക്കാന്‍ കഴിയാതെ എസ്.എന്‍.ഡി.പിയും മറ്റൊരിടത്ത് പ്രതിമ സ്ഥാപിച്ചു. സി.പിയെ തൃപ്തിപ്പെടുത്തി സ്ഥാനമാനങ്ങള്‍ നേടിയെടുക്കുകയായിരുന്നു ഈ പ്രതിമാ സ്നേഹത്തിന് പിന്നിലെ രഹസ്യം.

സി.പിയെ കൊല്ലാന്‍ കുമ്പളത്ത് ശങ്കുപിള്ളയുടെ നേതൃത്വത്തിലുള്ള ഒരു വലിയ സംഘം വളരെ കാലം മുന്‍പെ തീരുമാനിച്ചിരുന്നു. കുമ്പളത്തിന്റെ മനസില്‍ തെളിഞ്ഞ ശക്തനായ വ്യക്തി കെ.സി.എസ്. മണിയായിരുന്നു. എന്നാല്‍ കമ്മ്യൂണിസത്തിന് വേണ്ടത്ര വിപ്ലവവീര്യമില്ലെന്ന് ചൂണ്ടിക്കാട്ടി റവല്യൂഷണറി സോഷ്യലിസം എന്ന ആശയവുമായി രംഗത്തുവന്ന എന്‍. ശ്രീകണ്ഠന്‍നായര്‍ക്ക് അതിനോട് തീരെ യോജിപ്പില്ലായിരുന്നു. പല ചരിത്രകാരന്മാരും ശ്രീകണ്ഠന്‍ നായരുടെ കൂടി പ്രേരണയാലാണ് മണി സ്വാമി കൃത്യം ചെയ്തതെന്നാണ് വിശ്വസിക്കുന്നത്. അത് തെറ്റാണ്. അതേക്കുറിച്ച് പിന്നീട് പറയാം. ഏതായാലും മണിസ്വാമി സി.പിയെ കൊല്ലാന്‍ മനസില്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അതിന്റെ ഭാഗമായി ഒരു തണുത്ത രാത്രിയില്‍ മണിസ്വാമി തിരുവിനന്തപുരത്ത് വന്നിറങ്ങി. പാതിരാത്രിക്ക് സത്രത്തിന് മുന്നിലുണ്ടായിരുന്ന സി.പിയുടെ പ്രതിമ തകര്‍ത്ത ശേഷം തിരുവനന്തപുരത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ആ ഓട്ടം അദ്ദേഹം അവസാനിപ്പിച്ചത് കുമ്പളത്തിന്റെ മുന്‍പിലായിരുന്നു. അന്ന് കുമ്പളത്തിന് ബോദ്ധ്യപ്പെട്ടു. ലോകത്ത് സി.പിയെ കൊല്ലാന്‍ മണിസ്വാമിക്ക് അല്ലാതെ ആര്‍ക്കും കഴിയില്ലെന്ന്. എന്നാല്‍ ശ്രീകണ്ഠന്‍ നായര്‍ അതിന് തടസവാദം ഉന്നയിച്ചു. ശ്രീകണ്ഠന്‍ നായര്‍ക്ക് അങ്ങനെയെ ചെയ്യാന്‍ പറ്റുമായിരുന്നുള്ളു. കാരണം ശ്രീകണ്ഠന്‍നായര്‍ ജയിലിലായിരുന്നപ്പോഴും ഒളിവിലായിരുന്നപ്പോഴും പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതിനായി ഓടിനടന്നപ്പോഴുമെല്ലാം അദ്ദേഹത്തിന്റെ അമ്മ ജാനകിയമ്മയെ നോക്കിയത് മണിസ്വാമിയായിരുന്നു. സഹോദര തുല്യമായ ആ സ്നേഹമാണ് ശ്രീകണ്ഠന്‍നായരെകൊണ്ട് മണിസ്വാമി പിന്മാറണമെന്ന നിലപാട് എടുക്കാന്‍ കാരണമായതെന്നാണ് പറയപ്പെടുന്നത്.

അങ്ങനെ ജുലായ് മാസം 20-ആം തീയതിയോട് അടുത്ത് മൂര്‍ച്ചയേറിയ വെട്ടുകത്തിയുമായി മണിസ്വാമി തിരുവനന്തപുരത്തെത്തി. രവീന്ദ്രമേനോന്‍ എന്ന പേരില്‍ ഹോട്ടലില്‍ മണിസ്വാമി മുറിയെടുത്തു. ദിവസങ്ങള്‍ കടന്നുപോയി. 25-ന് മണിസ്വാമി കത്തിയുടെ മൂര്‍ച്ച പരിശോധിച്ചു. മുണ്ടിന് അടിയിലെ ഡ്രൗസറിന് മുകളില്‍ വെട്ടുകുത്തി തിരുകിയിട്ടു. എന്നിട്ട് സംഗീത കോളേജിലേക്ക് വച്ചു പിടിച്ചു. അതിന് മുന്‍പ് ഒരു കാര്യം കൂടി ചെയ്തു. ഒരു പക്ഷേ താന്‍ വെടിയേറ്റു മരിച്ചാല്‍ തന്നെ തിരിച്ചറിയുന്നതിനായി സ്വന്തം പേരും താന്‍ പ്രതിനിധീകരിക്കുന്ന ട്രാവന്‍കൂര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പേരും ഒരു തുണ്ടു പേപ്പറില്‍ എഴുതി പോക്കറ്റിലിട്ടു. താന്‍ സി.പിയെ കൊന്ന ശേഷം കൊല്ലപ്പെടുമെന്നും കൊല്ലപ്പെട്ടില്ലെങ്കില്‍ പിടിക്കപ്പെടുമെന്നും പിന്നീട് കഴുമരത്തിന് കീഴില്‍ നില്‍ക്കേണ്ടിവരുമെന്നും ഉറപ്പായിരുന്നു മണിസ്വാമിക്ക്. ഇക്കാര്യങ്ങള്‍ ആലോചിച്ചുകൊണ്ടു തന്നെ സംഗീത കോളേജിലേക്ക് മണി സ്വാമി അടുത്തു.

രാജാവ് സംസാരിച്ചു മടങ്ങിയ ശേഷം ശെമ്മാങ്കുഡിയുടെ സംഗീത കച്ചേരി ഇത്തിരിനേരം സി.പി. ആസ്വദിച്ചു. സമയം ഏഴരയോടടുത്തു കാണും. സി.പി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. മണിസ്വാമിയും ചരിത്രകൃത്യത്തിനായി ഒരുങ്ങി. ദിവാന്‍ അടുത്തെത്തിയപ്പോള്‍ മണി സ്വാമി തന്റെ കത്തികൊണ്ട് മനസില്‍ ഉറപ്പിച്ചിരുന്നപോലെ തന്നെ സി.പിയുടെ കഴുത്തില്‍ വെട്ടി. എന്നാല്‍ വെട്ടുകൊണ്ടില്ല. കഴുത്തില്‍ ചുറ്റിയിരുന്ന പട്ടാണ് സി.പിയെ ആദ്യം രക്ഷിച്ചത്. മണിസ്വാമി മടിക്കാതെ വീണ്ടും വെട്ടി. ആ വെട്ട് ഇടത് കവിളില്‍ തറച്ചു. രക്തം വാര്‍ന്നൊഴുകി. മണിസ്വാമി വീണ്ടും വെട്ടിയെങ്കിലും ആ വെട്ടും പാഴായി. തലപ്പാവ് ആണ് തെറിച്ചുവീണത്. ഈ സമയത്തിനിടയില്‍ രണ്ടു വട്ടം വെളിച്ചം കെട്ടു. ഇതിനിടയില്‍ മണിസ്വാമി പൊലീസിന്റെ പിടിയിലായെങ്കിലും വീണ്ടും ഒരു വട്ടം കൂടി വെളിച്ചം കെട്ടതോടെ അവരുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെട്ട് മണിസ്വാമി ഓടി മറഞ്ഞു.

ഒളിവില്‍ പോയ മണിസ്വാമിയെ രക്ഷിച്ചതിനെക്കുറിച്ച പല കഥകളുമുണ്ട്. ഏതായാലും പാലക്കാട്ടേക്ക് പോയ മണിസ്വാമി കുറച്ചു നാള്‍ക്ക് ശേഷം വീണ്ടും നാട്ടിലെത്തി. പക്ഷേ പിന്നീട് മണിസ്വാമി ഒന്നും ആയില്ല. 10 വര്‍ഷക്കാലത്തോളം പഞ്ചായത്ത് അംഗമായിരുന്നു. ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചു. എന്തുകൊണ്ടോ ജനം അദ്ദേഹത്തെ വിജയിപ്പിച്ചില്ല. കാലം വീണ്ടും കടന്നുപോയി. സ്വന്തം പാര്‍ട്ടി പോലും മണിസ്വാമിക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ലെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു. പക്ഷേ അതില്ലൊന്നും അദ്ദേഹത്തിന് വിഷമമില്ലായിരുന്നു.

ചരിത്രത്തില്‍ സി.പി.യെ ഒരു അഞ്ജാതന്‍ വെട്ടിപരിക്കേല്‍പ്പിച്ചതായാണ് ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ആകെകൂടിയുള്ളയൊരു അംഗീകാരം പത്രപ്രവര്‍ത്തകനായ ജി. യദുകുലകുമാര്‍ എഴുതിയ സര്‍ സി.പിയെ വെട്ടാന്‍ ശ്രമിച്ച കെ.സി.എസ്. മണി എന്ന പുസ്തകമാണ്. കഴുമരത്തിന് കീഴില്‍ നില്‍ക്കേണ്ടി വരുമെന്ന് ധരിച്ചത് കൊണ്ടാണ് മണിസ്വാമി രക്ഷപ്പെടാന്‍ ശ്രമിച്ചത്. അല്ലെങ്കില്‍ മണിസ്വാമിയെ ഇഷ്ടക്കാര്‍ രക്ഷിച്ചത്. എന്നാല്‍ ചരിത്രത്തിന്റെ മറ്റൊരു മണ്ടത്തരം അവിടെ അവശേഷിക്കുന്നു. മണിസ്വാമി ഒരു ബ്രാഹ്മണനായിരുന്നു. തിരുവിതാംകൂറില്‍ ഒരു ബ്രാഹ്മണനെ തൂക്കിക്കൊല്ലുന്നതിന് നിയമമില്ലായിരുന്നു. ചുരിക്കിപ്പറഞ്ഞാല്‍ ആ ധീരദേശാഭിമാനി പിടികൊടുത്തിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലായിരുന്നു. ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്യുമായിരുന്നു.  മണിസ്വാമിയുടെ ഒരു പ്രതിമ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍.എസ്.പിക്കാര്‍ അമ്പലപ്പുഴയില്‍ സ്ഥാപിച്ചിട്ടുണ്ട്. ദിവാന്റെ കിരാത ഭരണം അവസാനിപ്പിക്കാന്‍ കാരണമായ സംഗീത കോളേജിന് മുന്നില്‍ ഒരു സ്മാരകമുണ്ട്. 1987 സെപ്തംബറിലാണ് ഉഗ്രപ്രതാപിയായിരുന്ന മണിസ്വാമി അന്തരിച്ചത്.Read: പൂവാര്‍ കൊലപാതകം: പഴക്കം ഒരു മാസം, പ്രതി സൈനികന്‍, മൃതദേഹത്തില്‍ ഉപ്പു വിതറി, പുരയിടം മുഴുവന്‍ കിളച്ച് കമുകിന്‍ തൈകള്‍ നട്ടു

Next Story

Related Stories