TopTop
Begin typing your search above and press return to search.

ഇരിക്കുന്ന കൊമ്പ് തന്നെ മുറിച്ചുകളഞ്ഞ ഈ ജനത നമുക്ക് ഒരു പാഠമാണ്

ഇരിക്കുന്ന കൊമ്പ് തന്നെ മുറിച്ചുകളഞ്ഞ ഈ ജനത നമുക്ക് ഒരു പാഠമാണ്

കാട് വെട്ടിയും വയല്‍ നികത്തിയും വീട് പണിയാനിരിക്കുന്നന്നവര്‍ കാസര്‍ഗോഡിന്റെ വടക്കേയറ്റത്തെ ബദിര ഗ്രാമത്തിലേക്കൊന്ന് നോക്കണം. വയല്‍ നികത്താനും കെട്ടിട സമുച്ഛയങ്ങളുയര്‍ത്താനും തയ്യാറെടുക്കുന്നവര്‍ ഈ നാട്ടുകാരുടെ ഇന്നത്തെ അവസ്ഥയും അവര്‍ അതില്‍ എത്രമാത്രം പശ്ചാത്തപിക്കുന്നുവെന്നും അറിയണം.

അതൊരു കൃഷിയായിരുന്നു. കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ ബദിര, തുരുത്തി പ്രദേശത്ത് നടന്നത് ഒരേ രാഷ്ട്രീയത്തിന്റെ ചുവടുപറ്റിക്കൊണ്ടുള്ള വിവിധ കുടുംബങ്ങളുടെ കൂട്ടുകൃഷി തന്നെയായിരുന്നു. ഒരു കാലത്ത് നഗരത്തിന്റെ വിശപ്പടക്കാനായി നോക്കെത്താദൂരത്തോളം കായ്ച്ചുകിടന്ന നെല്‍ ചെടികളെയെല്ലാം ഒരേ താളത്തില്‍ വേരോടെ പിഴുതെറിഞ്ഞു. തൊട്ടടുത്ത് തുരുത്തിലെ ഏറ്റവും വലുതെന്ന് പറയാവുന്ന കുന്നിനെ ഇടിച്ചു തുടങ്ങി. കുന്നിലെ മണ്ണെല്ലാം വയലിലിറങ്ങിയപ്പോള്‍ കൂട്ടുകൃഷിക്കൊത്ത മണ്ണൊരുങ്ങിക്കഴിഞ്ഞു. പിന്നെ പതുക്കെ, പതുക്കെ ഒന്നൊന്നായി വീടുകള്‍ തല പൊക്കി.അഞ്ച് വര്‍ഷക്കാലംകൊണ്ട് പഴയ കൃഷിഭൂമി കോണ്‍ക്രീറ്റ് കാടുകള്‍കൊണ്ട് നിറഞ്ഞു. അഞ്ച് ഏക്കര്‍ നെല്‍വയലാണ് വാസസ്ഥലങ്ങള്‍ക്ക് വേണ്ടി വഴിമാറിയത്. ഉപദ്വീപ് ഗണത്തില്‍ പരിഗണിക്കാവുന്ന ഈ പ്രദേശക്കാര്‍ ഇന്ന് വലിയൊരു കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്.

സാമാന്യം നല്ല മഴതന്നെ ഈ കാലവര്‍ഷത്തില്‍ കാസറഗോഡിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് മാസക്കാലം നീണ്ട ഉപ്പുവെള്ള പ്രതിസന്ധിക്കും ഒരുമാസക്കാലത്തെ രൂക്ഷമായ ജലക്ഷാമത്തില്‍ നിന്നും നഗരസഭയെ കരകേറ്റാന്‍ പാകത്തിന് മഴ തിമര്‍ത്ത് പെയ്യുമ്പോള്‍ നാടും നഗരവും നല്ല ആശ്വാസത്തിലാണ്. എന്നാല്‍ 25 ഏക്കറോളം നെല്‍പാടങ്ങള്‍ നികത്തി വീടുകള്‍ നിര്‍മ്മിച്ചതോടെ നാട് വെള്ളപ്പൊക്കഭീഷണിയിലാണ്. വെള്ളപ്പൊക്കത്തോടൊപ്പം പകര്‍ച്ച വ്യാധികളും പതിവായതോടെ ജനങ്ങള്‍ തീര്‍ത്തും പരിതാപകരമായ അവസ്ഥയിലായി. ഇവിടെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ചെയ്തുപോയ കാര്യം പുറത്ത് പറഞ്ഞാല്‍ വലിയ ജനപിന്തുണയൊന്നും ലഭിക്കില്ലെന്ന് നല്ല ബോധമുള്ള നാട്ടുകാര്‍ ആദ്യകാലത്തൊന്നും ആരെയും വിവരമറിയിച്ചില്ല. പിന്നീട് വീടുകളിലെല്ലാം വെള്ളം കയറിത്തുടങ്ങിയപ്പോഴാണ് സംഗതി നാലാളറിയുന്നത്.

മുസ്ലീം ലീഗിന് നല്ല വേരോട്ടമുള്ള ഇവിടെ നിന്നും ചില രാഷ്ട്രീയപരമായ ആശയഭിന്നതയെ തുടര്‍ന്ന് ഇവിടുത്തെ ഒരു വിഭാഗം സിപിഎമ്മിനോടൊപ്പം ചേര്‍ന്നു. ഇതിന് ശേഷമാണ് വയല്‍ നികത്തിയതും കുന്നിടിച്ചതുമെല്ലാം ഇവിടുത്തുകാര്‍ക്ക് വലിയ പ്രശ്‌നമായി തോന്നിത്തുടങ്ങിയതെന്ന് സമീപ പ്രദേശങ്ങളിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. കുന്നിടിക്കുമ്പോഴും വയല്‍ നികത്തുമ്പോഴും വീട് വയ്ക്കുമ്പോഴും തോളോട് തോള്‍ ചേര്‍ന്ന് ഒരുമിച്ച് നിന്നവര്‍ തന്നെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മലക്കം മറിയുന്ന പ്രതിഭാസത്തിനാണ് ഈ നാട് സാക്ഷ്യം വഹിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. നഗരസഭാ ചെയര്‍പേഴ്‌സണിന്റെ തൊട്ടടുത്ത്, അവര്‍ താമസിക്കുന്ന അതേ വാര്‍ഡില്‍, ഒരു പക്ഷേ, അയല്‍വക്കത്ത് അഞ്ച് വര്‍ഷക്കാലത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന ഈ കുന്നിടിക്കലും വയല്‍ നികത്തലും കണ്ടിരുന്നിട്ടും ഒരക്ഷരം പോലും പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ചെയര്‍പേഴ്‌സണും ഒരു പരിധിവരെ ഇതിന് കൂട്ടു നില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ മാസം ഒരു സ്വകാര്യ വ്യക്തി തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തിയപ്പോള്‍ അരികിലുണ്ടായിരുന്ന ഓവുചാല്‍ മൂടിപ്പോയതോടെയാണ് സംഗതി വഷളായത്. നാല് ദിവസമായി പെയ്ത മഴവെള്ളം കെട്ടിക്കിടന്നപ്പോള്‍ തന്നെ വെള്ളത്തിന് അസഹ്യമായ ദുര്‍ഗന്ധവും കൊതുകുകള്‍ക്ക് വാസസ്ഥലവും രൂപപ്പെടുകയായിരുന്നു. കൊതുകു ശല്യം പതിന്‍മടങ്ങ് വര്‍ധിച്ചതായും, ഡെങ്കിപ്പനിവരെ സ്ഥിരീകരിച്ചതായും ഇവിടുത്തെ താമസക്കാര്‍ പറയുന്നു. നഗരസഭയുടെ മൂക്കിന് താഴെ നടന്ന ഈ സംഭവത്തില്‍ ഇതുവരേയും നഗരസഭയുടെ ഭാഗത്ത് നിന്നും ഇടപെടലുകളൊന്നും തന്നെ ഉണ്ടായിട്ടില്ല. പ്രശ്‌നം രൂക്ഷമായതോടെ ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വെള്ളം മുഴുവന്‍ മോട്ടോര്‍ ഉപയോഗിച്ച് നീക്കം ചെയ്തു.

നിലവില്‍ സ്ഥലത്തെ വെള്ളക്കെട്ടിന് ശമനമുണ്ടായെങ്കിലും നെല്‍പ്പാടം നികത്തിയ ഈ പ്രദേശത്ത് നിരന്ന് നില്‍ക്കുന്ന കവുങ്ങുകള്‍ക്കും തെങ്ങുകള്‍ക്കും വലിയ കേടുപാടുകളാണ് ഇത് വഴി സംഭവിച്ചത്. ബദിരയെ ചുറ്റിയൊഴുകുന്ന ചന്ദ്രഗിരി (ഈ പ്രദേശത്ത് പെരുമ്പ പുഴ) കരകവിഞ്ഞാല്‍ വീണ്ടും വെള്ളം കയറും. കാലവര്‍ഷം കനത്തതോടെ നിരവധി നാശനഷ്ടങ്ങള്‍ ജില്ലയ്ക്കകത്തും പുറത്തുമായി പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇരിക്കുന്ന കൊമ്പ് തന്നെ മുറിച്ചുകളഞ്ഞ ഈ ജനത ആരോട് പരാതി പറയും? വേണമെങ്കില്‍ ഓവ് ചാല്‍ മൂടിയ സ്വകാര്യ വ്യക്തിക്ക് മേല്‍ പഴിചാരിക്കൊണ്ട് മറ്റുള്ള താമസക്കാര്‍ക്ക് രക്ഷപ്പെടാം. എങ്കിലും അവിടെ ചോദ്യം ബാക്കിയാകുന്നു, അപ്പോള്‍ നിങ്ങളുടേതടക്കമുള്ള ഈക്കാണുന്ന വീടുകളൊക്കെയും എങ്ങനെയുണ്ടായതാണ്? ഇവിടെ സ്ഥിതിചെയ്യുന്ന ഈ കോണ്‍ക്രീറ്റ് റോഡ് ആരുടെയെല്ലാം ഒത്താശയോടെയാണ് ഇവിടെ ഉയര്‍ന്നുവന്നത്? അത് വയല്‍ നികത്തിക്കൊണ്ട് തന്നെയായിരുന്നില്ലേ? അങ്ങനെയങ്ങനെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍.

ബദരി കേരളത്തിലെ മറ്റ് പ്രദേശങ്ങള്‍ക്ക് ഒരു പാഠമാണ്. സ്വയം കുഴിച്ച കുഴികളില്‍ വീണുപോകാതിരിക്കാന്‍ ഇനിയെങ്കിലും നമ്മള്‍ പ്രവര്‍ത്തിച്ച് തുടങ്ങേണ്ടിരിക്കുന്നു. ഭൂമിയുടെയും പ്രകൃതിയുടെയും സ്വാഭാവികതയെ മാറ്റിമറിച്ചാല്‍ അനുഭവിക്കേണ്ടിവരുന്നതും നമ്മള്‍ തന്നെയാണെന്ന് ഒരു നിമിഷത്തേക്കെങ്കിലും ചിന്തിക്കുക. നമ്മുടെ നാളേക്ക് കരുതിയിട്ടെങ്കിലും വയലുകള്‍ വയലുകളായും കുന്നുകള്‍ കുന്നുകളായും കാടുകള്‍ കാടുകളായും തന്നെ കിടക്കാന്‍ അനുവദിക്കുക.


Next Story

Related Stories