TopTop
Begin typing your search above and press return to search.

ലൗ ജിഹാദ്; പ്രണയത്തിന്റെ വര്‍ഗീയവത്ക്കരണ പ്രചരണങ്ങളില്‍ മലയാളി തോറ്റു പോകുമോ?

ലൗ ജിഹാദ്; പ്രണയത്തിന്റെ വര്‍ഗീയവത്ക്കരണ പ്രചരണങ്ങളില്‍ മലയാളി തോറ്റു പോകുമോ?
ലവ് ജിഹാദ് വീണ്ടും മാധ്യമ - ജുഡീഷ്യല്‍ ചര്‍ച്ചകളില്‍ നിറയുകയാണ്. ഹാദിയയുടെ നിയമാനുസൃതമായ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ശേഷമാണ് കേരളത്തില്‍ ഇപ്പോള്‍ വീണ്ടും ലവ് ജിഹാദ് സംവാദ വിഷയമായിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിതന്നെ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്നു സൂചിപ്പിക്കുകയും, അതും ഈഴവ പെണ്‍കുട്ടികളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പറഞ്ഞതായി ആ പത്രം അച്ചടിച്ചു. എന്നാല്‍ പിന്നീട് പോലീസ് മേധാവി തന്നെ ആ പ്രസ്താവനയെ നിഷേധിച്ചു. എന്തായാലും മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രണയങ്ങളെയും മിശ്ര വിവാഹങ്ങളെയും പോലും ഫാഷിസ്റ്റ് കാലത്തെ മതഭ്രാന്തിന്റെ അളവുകോലുകള്‍ വച്ചുകൊണ്ട് മാപിനീവത്ക്കരിക്കുന്നു രാജ്യമൊട്ടാകെയും എന്നതാണ് ഈ അസംബന്ധ സംവാദത്തിന്റെ ഏറ്റവും അപകടകരമായ പരിണിതി.

ലവ് ജിഹാദ് എന്ന പദത്തെ ലവ് എന്നും ജിഹാദ് എന്നും പിരിചെഴുതാം എന്ന് തോന്നുന്നു . ലവ് എന്ന ഇംഗ്ലീഷ് വാക്കിനു മലയാളത്തില്‍ സ്‌നേഹം, പ്രേമം, പ്രണയം തുടങ്ങിയ അര്‍ത്ഥങ്ങള്‍ ഉണ്ട്. ജിഹാദ് എന്നത് പ്രയാസങ്ങളോട് മല്ലിടുക എന്നര്‍ത്ഥം വരുന്ന അറബി പദമാണ്. ഈ വാക്കിന് വ്യക്തിഗതമായ ശ്രമം അഥവാ personal effort എന്നൊരര്‍ത്ഥം കൂടിയുണ്ട്. അല്‍-ജിഹാദ് ഫീ സബീലില്ലാഹ് (ദൈവമാര്‍ഗ്ഗത്തിലെ സമരം) എന്ന രൂപത്തില്‍ ഖുര്‍ആനിലും ഹദീസുകളിലും ധാരാളമായി വന്നിട്ടുള്ള രൂപമാണ് സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ജിഹാദില്‍ ഏര്‍പ്പെടുന്ന വ്യക്തിയെ 'മുജാഹിദ്' എന്ന് വിളിക്കുന്നു.

എന്തായാലും നിഘണ്ടുവിലും ഇസ്ലാമിക പ്രത്യയശാസ്ത്രങ്ങളിലും കല്പ്പിക്കപ്പെടുന്ന അര്‍ത്ഥമൊന്നുമല്ല കഴിഞ്ഞ പതിറ്റാണ്ടുകളായി ലോകവും ഭരണകൂടങ്ങളും ഈ പദത്തിന് നല്കിയിരിക്കുന്നത്. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും, വ്യാഖ്യാനമോ ദുര്‍വ്യാഖ്യാനമോ ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള വാക്കുകളില്‍ ഒന്നാമത് നില്‍ക്കുന്നത് ഒരു പക്ഷേ ജിഹാദ് എന്ന പദം തന്നെയായിരിക്കും. അതിന് ഇസ്ലാമിതരമായ കാരണങ്ങളെ പഴിക്കാന്‍ മുസ്ലിങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത്തരമൊരു തെറ്റിദ്ധാരണ പരക്കുന്നതില്‍ പ്രമുഖമായ പങ്ക് ഇസ്ലാമിനോ, അല്ലെങ്കില്‍ ഇസ്ലാമിന്റെ പേരില്‍ ആ മതത്തെ ലോകത്തിനു മുന്നില്‍ വികൃതമാക്കിക്കളഞ്ഞ തീവ്രവാദികള്‍ക്കോ തന്നെയാണ്. എന്തായാലും പുതിയ ലോകത്ത് സെപ്തംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷമായിരിക്കും ഈ വാക്ക് ദൂരവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടാവുക എന്നത് സംശയരഹിതമാണ്.

ലവ് ജിഹാദ് തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയ സംജ്ഞയാണ്, വിശേഷിച്ചു കേരളത്തില്‍. ഒരു പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍, കേരളീയ രാഷ്ട്രീയ പരിസരത്ത് വലിയ തോതില്‍ വിളവ് കൊയ്യാനാകുമോ എന്ന് സംഘപരിവാര്‍ നടത്തിയ കേവല പരീക്ഷണം മാത്രമായിരുന്നു അത്. സംഘപരിവാറിന്റെ വിധ്വംസക രാഷ്ട്രീയത്തിന് പൊതുവേ വളക്കൂറില്ലാത്ത കേരളത്തിലാണ് ഇതിന്റെ ബീജാവാപവും, പിറവിയും എന്നത് ഒരു പ്രബുദ്ധ സമൂഹം എന്ന നിലയില്‍ കേരളത്തിന് അപമാനകരം തന്നെയാണ്!

പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ത്ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കവെ കേരള ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര, തീവ്രവാദബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു കേരള ഡിജിപിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഇത് 2009 ഡിസംബര്‍ 9-ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ നടത്തിയ ചില നിരീക്ഷണങ്ങള്‍ കൂടിയായിരുന്നു. ഇതെത്തുടര്‍ന്ന് ലൗ ജിഹാദിനെ പ്രധാനപ്പെട്ട പ്രശ്‌നമായി കാണണമെന്ന് കേരളത്തിലെ ഹൈന്ദവസംഘടനകളും ബി.ജെ.പിയും ആവശ്യമുന്നയിച്ചു തുടങ്ങി. പിന്നീട് കര്‍ണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ ഈ വിവാദം ചൂടുപിടിച്ചു. പക്ഷേ, ഇതിന്റെ പേരില്‍ കേരളത്തിലെയും കര്‍ണ്ണാടകയിലെയും കുറെ ന്യൂനപക്ഷ യുവാക്കള്‍ പോലീസ് സ്റ്റേഷനിലും കോടതിയിലുമായി പീഡിപ്പിക്കപ്പെട്ടെങ്കിലും, ഭാഗ്യവശാല്‍ സംഘപരിവാറിന് അവര്‍ ഉദേശിച്ചത് പോലെയുള്ള ഒരു രാഷ്ട്രീയ നേട്ടം ഇതില്‍ നിന്നും കൊയ്യാനായില്ല.

ഈ വിവാദത്തെത്തുടര്‍ന്ന് ലൗ ജിഹാദിനെ കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കില്‍ അവര്‍ക്കുള്ള ദേശീയ- അന്തര്‍ദ്ദേശീയ ബന്ധവും അത്തരക്കാര്‍ക്ക് മയക്കുമരുന്ന്- കൊള്ളസംഘങ്ങള്‍ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേരള ഡി.ജി.പി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ നടത്തിയ സത്യവാങ്മൂലത്തില്‍ ഇത്തരത്തില്‍ സംഘടനകള്‍ കേരളത്തില്‍ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കി. കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആരോപിതമായ പ്രവര്‍ത്തനങ്ങളുമായി വിവാദ മിശ്രവിവാഹങ്ങള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്ന് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങള്‍ ഉണ്ടെന്നും ഡി.ജി.പി നല്‍കിയ സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു .

ഈ കേസ് പരിഗണിക്കവേ ഹൈക്കോടതി ജസ്റ്റിസ് എം. ശശിധരന്‍, ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം കുപ്രചാരണങ്ങള്‍ എന്നും നീതിപീഠത്തിന്റെ മനസ്സിനെ ഇത് വേദനിപ്പിക്കുന്നു എന്നും തന്റെ വിധിന്യായത്തില്‍ പറഞ്ഞു. മാത്രമല്ല പോലീസ് മനഃപൂര്‍വ്വം കെട്ടിച്ചമച്ച കേസാണിതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ജസ്റ്റിസ് ശശിധരന്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇതിനെക്കുറിച്ച് പൊലീസ് സത്യവാങ്മൂലം നല്കണമെന്നും കോടതി നിര്‍ദേശിച്ചു. പത്തനംതിട്ടയിലെ സ്വാശ്രയ കോളജിലെ രണ്ടു വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. ഇവര്‍ക്കെതിരായ തുടര്‍ നടപടിയും ഹൈക്കോടതി സ്റ്റേ ചെയ്യുകയുണ്ടായി. സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ സാധാരണമായതിനാല്‍ അതൊരു കുറ്റമായി കാണാന്‍ കഴിയില്ലെന്നും തന്റെ വിധിയില്‍ ജഡ്ജി പറഞ്ഞു.ലൗ ജിഹാദ് വഴി ദക്ഷിണ കര്‍ണ്ണാടകയിലെ 3000 ഹിന്ദു പെണ്‍കുട്ടികളും കര്‍ണ്ണാടകയിലുടനീളമായി 30,000 പെണ്‍കുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടര്‍ന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കര്‍ണ്ണാടക പോലീസ് ഔദ്യോഗിക വിശദീകരണം നല്‍കുകയുണ്ടായി. 2009 സെപ്റ്റംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത് എന്നും അതില്‍ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്ന 57 പേരില്‍ വിവിധ മതക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

അക്കാലയളവില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ പോലും ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് ലേഖന പരമ്പരകള്‍ വന്നു. നമ്മുടെ ചില ദൃശ്യ മാധ്യമങ്ങളും അത് വാര്‍ത്താപരമ്പരയാക്കി. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാകുന്ന കൌതുകകരമായ ഒരു കാര്യം, പ്രത്യേകിച്ച് ഒരു സമുദായത്തോടും പക്ഷപാതിത്വമില്ലാത്ത കേരളീയ മാധ്യമങ്ങളില്‍ പോലും ആ വാര്‍ത്തകള്‍ വന്നത്, അത്തരം മാധ്യമങ്ങളില്‍ ഉണ്ടായിരുന്ന സംഘപരിവാര്‍ അനുയായികളായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ എഡിറ്റര്‍മാരെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടായിരുന്നു എന്ന് ഇപ്പോള്‍ പല മാധ്യമസുഹൃത്തുക്കളും സ്വകാര്യ സംഭാഷണങ്ങളില്‍ സമ്മതിക്കുന്നു . പക്ഷേ എന്നിട്ടുപോലും ലൗ ജിഹാദ് എന്നത് ഹിന്ദുത്വയില്‍ രൂപപ്പെടുത്തിയ ഒരു വര്‍ഗ്ഗിയ പ്രചാരണം മാത്രമായിരുന്നു എന്ന് നീതിപീഠവും പോലീസും തിരിച്ചറിഞ്ഞതിനു ശേഷവും നിലനില്‍പ്പിനായി എന്നും നുണപ്രചരണങ്ങളെ ആശ്രയിക്കുന്ന ഹിന്ദുത്വ ബന്ധമുള്ള വെബ്സൈറ്റുകള്‍, സംഘടനകള്‍ ഈ ആരോപണം സജീവമായി നിലനിര്‍ത്താനും, രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന നവസാമൂഹികപ്രസ്ഥാനങ്ങളെ കരിവാരിത്തേക്കാനും ആരോപണത്തിന്റെ മുള്‍മുനയില്‍ നിറുത്താനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോയി. നാട്ടിലെ നിഷ്‌ക്കളങ്കരായ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു; ആശങ്കയിലാക്കി. ആരോഗ്യകരമായ സ്ത്രീ-പുരുഷ സൌഹൃദങ്ങളെ കാമ്പസ്സുകളില്‍ പോലും സംശയദൃഷ്ടിയോടെ കാണുന്ന അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷം സംജാതമാക്കി.

എന്തായാലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളരെ അപൂര്‍വ്വമായി മാത്രമേ ഇത് സംബന്ധിച്ച വാര്‍ത്തകളും പരാമര്‍ശങ്ങളും കാണുവാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ 2014 സെപ്റ്റംബര്‍ 13ന് യു.പിയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലവ് ജിഹാദ് പ്രചാരണവുമായി ആര്‍എസ്എസ് വീണ്ടും രംഗത്തുവന്നത്. ലവ് ജിഹാദിന് ഇരയാകുന്ന ഹിന്ദുസ്ത്രീകളെ രക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവരണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. നേരത്തേ സംഘപരിവാറില്‍പ്പെട്ട വിഎച്ച്പി, ബജ്‌റംഗ്ദള്‍, ഹിന്ദു ജാഗരണ്‍ മഞ്ച്, ധര്‍മ ജാഗരണ്‍ മഞ്ച് എന്നിവ ലവ് ജിഹാദ് പ്രചാരണം നടത്തിയിരുന്നു. ഗോരഖ്പുര്‍ എംപി യോഗി ആദിത്യനാഥാണ് ഇതുസംബന്ധിച്ച വിവാദ പ്രസ്താവനയുമായി ആദ്യം രംഗത്തിറങ്ങിയത്. ഉത്തര്‍പ്രദേശില്‍ 'ലവ് ജിഹാദ്' നിലനില്‍ക്കുന്നുവെന്നും അഖിലേഷ് യാദവ് സര്‍ക്കാര്‍ അതിനു ചൂട്ടു പിടിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഒരു ഹിന്ദു യുവതിയെ മുസ്ലിം വിശ്വാസി വിവാഹം ചെയ്താല്‍ 100 മുസ്ലിം സ്ത്രീകളെ വിവാഹം ചെയ്ത് ഹിന്ദുമതത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം പിന്നീട് പ്രസംഗിച്ചു.

മുസ്ലിം യുവാക്കള്‍ ചേലാകര്‍മ്മം ചെയ്യുന്നതിനാല്‍ ഹൈന്ദവയുവതികള്‍ക്ക് പരമാവധി ലൈംഗിക ആനന്ദം പ്രദാനം ചെയ്യാന്‍ സാധിക്കുന്നതു കൊണ്ടാണ് ഹിന്ദു യുവതികള്‍ ഇത്തരം കെണികളില്‍ പെട്ടുപോകുന്നത് എന്ന വിഎച്ച്പി നേതാവ് ഗിരിരാജ് കിഷോറിന്റെ പ്രസ്താവന (ഔട്ട്ലുക്ക് വാരിക, സപ്തംബര്‍ 8, 2014) സ്വന്തം സമുദായത്തിലെ യുവതീ യുവാക്കളെ അപമാനിച്ചാലും വേണ്ടിയില്ല, തങ്ങളുടെ പാര്‍ലമെന്ററി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഏതറ്റം വരെയും പോകും എന്നതിന്റെ തെളിവായി കാണാവുന്നതാണ്.

ഭാഗ്യവശാല്‍ ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദിന് ഇതുവരെ രാഷ്ട്രീയമായ ശക്തി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. കാരണം യുവതികളൊക്കെ തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇണകളെ തെരഞ്ഞെടുക്കുന്നത്. ജാതിയുടേയും മതത്തിന്റെയും വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ടാണ് അവര്‍ അപരിചിതരുമായി 'പ്രണയ വിവാഹ'ത്തില്‍ ഏര്‍പ്പെടുന്നത്. അതേസമയം ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ ചിലതൊക്കെ സമൂഹത്തിന്റെ സമ്മര്‍ദം കാരണമായും, സംഘ്പരിവാര്‍ ഉപജാപത്തിന്റെ ഫലമായും പരാജയപ്പെടാറുണ്ട്. എന്നാല്‍ കൂടുതല്‍ പേരും അതിജീവിക്കാറാണ് പതിവ്. ഇവരൊക്കെ തന്നെ ഒരു വന്‍ ഗൂഢാലോചനയുടെ ബാക്കിപത്രങ്ങളാണെന്ന തരത്തില്‍ രാഷ്ട്രീയ സ്ഫോടനങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല. അതില്‍ നിന്നും പാഠമുള്‍ക്കൊണ്ടിട്ടാകണം ജനങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ സാധിക്കാത്ത ലൗ ജിഹാദ് എന്ന പദത്തിന് പകരം വേറെ ഒരെണ്ണവുമായി അവര്‍ അവതരിച്ചത്.

മുസഫര്‍നഗര്‍ കലാപത്തിനും അതിനെ തുടര്‍ന്ന് വന്ന ലോക്സഭാ തെരഞ്ഞെടുപ്പിനും ശേഷം 'ബാഹു ബേട്ടി ബച്ചാവോ ആന്തോളന്‍' (പെണ്‍മക്കളേയും മരുമക്കളേയും സംരക്ഷിക്കുന്ന പ്രസ്ഥാനം) എന്ന പ്രസ്ഥാനവുമായി ഇറങ്ങിയയതും ഒരു പാളിപ്പോയ രാഷ്ട്രീയ അതിമോഹത്തിന്റെ ക്രൌര്യ രൂപമായിരുന്നു. ഹിന്ദു സ്ത്രീകളെ മുസ്ലിം ചെറുപ്പക്കാര്‍ ലൈംഗികമായി ആക്രമിക്കുന്നു എന്നാണ് ഈ പ്രസ്ഥാനത്തിന്റെ മുഖ്യവാദം. ദേശീയ തലത്തില്‍ ഗുജറാത്ത് മോഡലിനേയും നരേന്ദ്ര മോദിയേയും ഉയര്‍ത്തി പിടിച്ചാണ് ബി.ജെ.പി ഇലക്ഷന്‍ പ്രചാരണം നടത്തിയത്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് അമിത്ഷായും സംഘവും ഏര്‍പ്പെട്ടത്. 'നമ്മുടെ സ്ത്രീകളുടെ മാനം കവരുന്നവരാണ് മുസ്ലിംകള്‍' എന്ന തരത്തിലായിരുന്നു അമിത്ഷായുടെ സംസാരങ്ങള്‍. 'നമ്മുടെ പെണ്‍കുട്ടികളുടേയും മരുമക്കളുടേയും മാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പ്' എന്നായിരുന്നു സഞ്ജീവ് ബല്യാന്റെ ഇലക്ഷന്‍ മുദ്രാവാക്യം. പ്രണയിക്കുന്നവരെ കുറിച്ചുള്ള സംസാരമല്ല പിന്നീട് കേട്ടത്, പകരം നിര്‍ബന്ധമായും പ്രതികാരം ചെയ്യേണ്ട ലൈംഗിക കുറ്റകൃത്യങ്ങളാണ് അവിടങ്ങളില്‍ നടക്കുന്നത് എന്ന രീതിയിലാണ് കാര്യങ്ങള്‍ പ്രചരിക്കപ്പെട്ടത്.

തെരഞ്ഞെടുപ്പിന് ശേഷം ദേശീയ മാധ്യമങ്ങളില്‍ തട്ടികൊണ്ടു പോകലും, കൂട്ടബലാത്സംഗവും നിര്‍ബന്ധ മതപരിവര്‍ത്തനവും അടക്കമുള്ള വാര്‍ത്തകള്‍ നിറഞ്ഞു നിന്നു. ഇതിനൊക്കെയെതിരെ ഒരു ഹിന്ദു സംഘടനയുടെ പ്രതിഷേധ പരിപാടികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ ലൗ ജിഹാദ് എന്ന ഒരു പദം ഒരിക്കലും ഉപയോഗിക്കാത്ത ഹിന്ദി പത്രങ്ങളൊക്കെ തന്നെ കഴിഞ്ഞ അനേകം വര്‍ഷങ്ങളായി ആ പദം ആഘോഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മീററ്റില്‍ നടന്നതായി പറയപ്പെട്ടിരുന്ന കൂട്ടമാനഭംഗവും മതപരിവര്‍ത്തവും അതുപോലെ മറ്റു ചില കേസുകളും മാധ്യമങ്ങള്‍ ആഘോഷിച്ചെങ്കിലും അവയ്ക്കൊന്നും തന്നെ തീ ആളിക്കത്തിക്കാന്‍ സാധിച്ചില്ല. കാരണം അത്തരം സംഭവങ്ങളൊക്കെ തന്നെ ഇണകളുടെ പരസ്പര സമ്മതത്തോടെ നടന്ന ഒരുമിച്ചു ചേരലായിരുന്നു. താനാ ഭവനില്‍ നടന്നതായി, നേരത്തെ മുസഫര്‍നഗറില്‍ നടന്നെന്ന് പറയപ്പെട്ട സംഭവം ആഗസ്റ്റ് പകുതിയോടെ തന്നെ വ്യാജമാണെന്ന് തെളിഞ്ഞ് കെട്ടടങ്ങുകയാണുണ്ടായത്. ആ സംഭവത്തിലെ യുവതി പിന്നീട് താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കാമുകനോടൊപ്പം വീട് വിട്ടിറങ്ങി പോയതെന്ന് അധികാരികളെ ബോധിപ്പിക്കുകയും തനിക്ക് ഹൈക്കോടതിയുടെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നിട്ടും ലൗജിഹാദ് എന്ന വിഷയത്തില്‍ തന്നെയാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഉത്തര്‍പ്രദേശില്‍ നടന്ന ബി.ജെ.പിയുടെ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സംസ്ഥാനത്ത് നടക്കുന്ന 99 ശതമാനം ബലാത്സംഗ കേസുകളിലേയും പ്രതികള്‍ മുസ്ലിങ്ങളാണെന്ന പച്ചകള്ളം അക്കാലത്തെ യു.പിയിലെ ബി.ജെ.പി പ്രസിഡന്റ് ലക്ഷ്മീകാന്ത് ബജ്പാല്‍ ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ 'ലൗ ജിഹാദി'കളെ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന് അയാള്‍ ആരോപിക്കുകയുണ്ടായി. എന്നാല്‍ സംസ്ഥാന ഘടകത്തിലെ ഔദ്യോഗിക രാഷ്ട്രീയ വക്താക്കള്‍ ലൗ ജിഹാദ് എന്ന പദം പരമാവധി ഒഴിവാക്കി കൊണ്ടുള്ള വര്‍ത്തമാനങ്ങളാണ് പറഞ്ഞിരുന്നത്. ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്ന ചിലര്‍ മറ്റു വിഭാഗത്തിലെ സ്ത്രീകള്‍ക്കു നേരെ മാനഭംഗം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് എല്ലാവരുടേയും പരിഗണനക്ക് വരേണ്ടതാണ് എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ അവര്‍ ഇറക്കുന്നുണ്ട്. ലൗ ജിഹാദ്, ബാഹു ബേട്ടി ബച്ചാവോ തുടങ്ങിയവ കേവലം ചില സാങ്കേതിക പദങ്ങള്‍ മാത്രമാണ്. ഹിന്ദു സ്ത്രീകളെ ഹിന്ദു പുരുഷന്‍മാര്‍ക്ക് മാത്രം അനുഭവിക്കാനുള്ളതാണ് എന്നതാണ് ബി.ജെ.പിയുടെ കാഴ്ച്ചപ്പാട്. പക്ഷെ തങ്ങളുടെ ഹിന്ദു സ്ത്രീകള്‍ അവരുടെ പ്രണയത്തിന്റെ കാര്യത്തില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് അവര്‍ ഗൗനിക്കുന്നേയില്ല.

എന്തായാലും 2014 സെപ്റ്റംബര്‍ 13ന് യു.പിയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഫലത്തിലും ലവ്ജിഹാദ് എന്ന സംഘപരിവാര്‍ ആയുധം ഉത്തര്‍പ്രദേശില്‍ വേണ്ടത്ര ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല എന്നത് ആശ്വാസകരമായ രാഷ്ട്രീയ ചരിത്രം. ഇന്ത്യയില്‍ സംഘപരിവാര്‍ ഫാസിസത്തിന്റെ വളര്‍ച്ചയും ബി.ജെ.പിയുടെ അടുത്തകാലത്തെ രാഷ്ട്രീയ വളര്‍ച്ചയും പരിശോധിക്കുമ്പോള്‍ നമുക്ക് ആയാസരഹിതമായി മനസ്സിലാകുന്ന കാര്യം, രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെയും ഇന്ത്യയുടെ മതേതര മനസിനെ ഭിന്നിപ്പിച്ചും കൊണ്ടാണ് അവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്തത് എന്നതാണ്. അദ്വാനിയുടെ രഥയാത്രയും രാമക്ഷേത്രവും ഒരു കാലത്ത് സംഘപരിവാര്‍ വിദഗ്ദമായി ഉപയോഗിച്ച് ഇന്ത്യയുടെ മതേതരത്വത്തില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചെങ്കില്‍, പിന്നീട് കാണുന്നത് നരേന്ദ്ര മോദി എന്ന സംഘപരിവാര്‍ നേതാവിനെ മുന്‍നിര്‍ത്തി കോടാനുകോടികള്‍ മുടക്കി മാധ്യമങ്ങളെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളെയും പി.ആര്‍ ഗിമ്മിക്കുകളെയും മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതും അതില്‍ വിജയം കാണുന്നതുമാണ്.

ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്ന രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാകുന്ന കാര്യം രാമക്ഷേത്രവും നരേന്ദ്ര മോദിയുടെ സ്വപ്നവ്യാപാരങ്ങളുമെല്ലാം രാഷ്ട്രീയ ഗോദയിലെ എടുക്കാച്ചരക്കുകള്‍ ആയിരിക്കുന്നു എന്നതാണ്. അത്തരം ഒരവസരത്തിലാണ് പ്രണയത്തിന്റെ വര്‍ഗ്ഗീയവത്ക്കരണ സാധ്യതകള്‍ സംഘപരിവാര്‍ ആരായുന്നത്. അങ്ങനെയാണ് ലവ് ജിഹാദ് വ്യത്യസ്തമായ പേരിലും ഭാവത്തിലും ഇന്ത്യയിലുടനീളം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ അവര്‍ തീരുമാനിക്കുന്നത്.

ധാരാളം മതേതര പ്രണയങ്ങളും മിശ്രവിവാഹങ്ങളും നടക്കുന്ന, പുരോഗമനപരമായ ഒരു സമൂഹമായ കേരളത്തില്‍ പുതിയ കാലത്ത് മിശ്രവിവാഹങ്ങള്‍ പോലും ഫാഷിസ്റ്റ് ഭീതിയോടെയാണ് നടക്കുന്നതെന്ന് യാതാര്‍ത്ഥ്യമാണ്. ചില അപൂര്‍വ്വ അവസരങ്ങളിലെങ്കിലും നമ്മുടെ പോലീസും ജുഡീഷ്യറിയുമെല്ലാം ആഴവും പരപ്പുമുള്ള ഇത്തരം കെണിയില്‍പ്പെട്ട് തെറ്റിദ്ധരിക്കപ്പെടുന്നു എന്നതും അസ്വസ്ഥതയുളവാക്കുന്ന വസ്തുതയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും അപൂര്‍വ്വമായെങ്കിലും കോടതികളില്‍ നിന്നെല്ലാമുള്ള നിലപാടുകളിലെ പിശകുകള്‍ ഇക്കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംഘപരിവാറിന്റെ ഒട്ടുമിക്ക പരീക്ഷണങ്ങളും പാളിപ്പോയ മണ്ണായ കേരളത്തില്‍ വേരുറപ്പിക്കാന്‍ എന്തൊക്കെ തരം രാഷ്ട്രീയ കുടില പരീക്ഷണങ്ങള്‍ക്കും ഈ ഫാഷിസ്റ്റ് ക്യാമ്പ് തയ്യാറാണ് എന്നിരിക്കെ, ലവ് ജിഹാദ് ഒരു മാരകായുധമായി മാറി നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ സ്വാസ്ഥ്യത്തെയും സമാധാന ജീവിതത്തെയും മതാതീതമായ സ്ത്രീ പുരുഷ ബന്ധങ്ങളെയും പ്രണയത്തെയും വിവാഹങ്ങളെയും ഇല്ലാതാക്കുന്നതിനെ നാം കരുതിയിരിക്കണം.

എന്തായാലും ഫലത്തില്‍ ഫാസിസത്തിന്റെ പുതിയ രാഷ്ട്രീയ പരീക്ഷണ രീതികള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ ആയിത്തീരുകയാണ്. ഈ മഹാരാജ്യത്തിലെ മതേതര - ജനാധിപത്യ വിശ്വാസികളും സമാധാനകാംക്ഷികളും ജാഗരൂകരായിരിക്കേണ്ട ആസുരകാലമാണ് മുന്നില്‍ എന്നതിന് സംശയമൊന്നുമില്ല. ഇല്ലെങ്കില്‍ മുസഫര്‍നഗറുകളും വര്‍ഗ്ഗീയ കലാപങ്ങളും നമ്മെ ദു:സ്വപ്നങ്ങളായി പിന്തുടരുമെന്നു ഭയക്കേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories