Top

എന്തുകൊണ്ട് അവൾ അപ്പോൾ പറഞ്ഞില്ല? മീടൂ ക്യാംപയിനിനെ കുറിച്ച് എട്ട് ചോദ്യങ്ങളും ഉത്തരങ്ങളും

എന്തുകൊണ്ട് അവൾ അപ്പോൾ പറഞ്ഞില്ല? മീടൂ ക്യാംപയിനിനെ കുറിച്ച് എട്ട് ചോദ്യങ്ങളും ഉത്തരങ്ങളും
അക്കാദമിക രംഗത്തെ ലൈംഗിക പീഡകരുടെ പട്ടിക പുറത്ത് വിട്ട് റയ സർക്കാർ എന്ന നിയമ വിദ്യാർത്ഥിനിയാണ് 2017ൽ ഇന്ത്യയിൽ മീടൂ ക്യാമ്പയിനിന് തുടക്കം കുറിച്ചത്. സംഭവം നടന്നു വർഷങ്ങൾക്ക് ശേഷം സ്ത്രീകൾ പീഡന കാര്യങ്ങള്‍ തുറന്ന് പറയുന്നതും കൃത്യമായി പേര് വെളിപ്പെടുത്താത്തതുമൊക്കെ പലവിധ ചോദ്യങ്ങൾക്കും വഴിതെളിച്ചു. ഒരു വർഷത്തിന് ശേഷവും അതേ സാഹചര്യം തന്നെയാണ് നിലനിൽക്കുന്നത്.

കഴിഞ്ഞ തവണ സാമൂഹ്യ മാധ്യമങ്ങളെയും പുരോഗമന കലാ മേഖലകളെയും ഒരു വിഭാഗം മാധ്യമങ്ങളെയും ചുറ്റിപ്പറ്റിയാണ് മീടൂ ഉയര്‍ന്നുവന്നതെങ്കില്‍, ഇത്തവണ അത് സിനിമ, രാഷ്ട്രീയ, മാധ്യമമേഖലകളിലെ പുഴുക്കുത്തുകളെ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. സമൂഹത്തിലെ അവരുടെ ഉയര്‍ന്ന സ്ഥാനമാനങ്ങളും സാന്നിധ്യവും കാരണം 2017ൽ ഉയർന്ന അതേ ചോദ്യങ്ങൾ കൂടുതൽ ഉച്ചത്തിൽ ആവർത്തിക്കപ്പെടുകയാണ്.


മീടൂവിനെ വ്യക്തമായി മനസിലാക്കുവാന്‍ അത്തരം ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുകയാണ് ദി ന്യൂസ് മിനിറ്റ് വെബ്പോര്‍ട്ടല്‍ ഇവിടെ. തയ്യാറാക്കിയത് സൗമ്യ രാജേന്ദ്രന്‍.

1. സംഭവം നടന്നപ്പോള്‍ എന്തുകൊണ്ടവൾ സംസാരിച്ചില്ല?

ഈ ചോദ്യം നാനാ പടേക്കറെ കുറിച്ച് ആരോപണം ഉന്നയിച്ച് വീണ്ടും മീടൂവിന് തുടക്കം കുറിച്ച തനുശ്രീ ദത്തയുടെ നേരെയാണെങ്കില്‍, 2008-ൽ തന്നെ അവർ ഇതിനെ കുറിച്ച് പറയുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തതാണ്. പക്ഷെ ഒന്നും സംഭവിച്ചില്ല. അവരുടെ കാർ ആക്രമിക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ട് കൂടി (നാനാ പടേക്കർ ആസൂത്രണം ചെയ്തതെന്ന് അവർ ആരോപിക്കുന്നു) ഇതെല്ലം തനുശ്രീയുടെ വെറും ജല്പനങ്ങളായി തള്ളിക്കളഞ്ഞു.

തനുശ്രീയുടെ അനുഭവങ്ങൾ മാത്രം മതി തൊഴിലിടങ്ങളിൽ നടക്കുന്ന പീഡനങ്ങൾ പുറത്തു പറയാൻ സ്ത്രീകൾ എന്തുകൊണ്ട് മുതിരുന്നില്ല എന്ന് നമുക്ക് വ്യക്തമാക്കി തരാൻ. അവരെ ആരും വിശ്വസിക്കാൻ തയാറാവുന്നില്ല. പ്രശ്നക്കാരായി മുദ്രകുത്തപ്പെടുന്നു. പുരുഷാധിപത്യ സമൂഹത്തിലെ തുറന്ന് പറച്ചിലുകൾ കൊണ്ട് നഷ്ടങ്ങൾ മാത്രം കണക്കിൽ സൂക്ഷിക്കേണ്ടവരായി അവർ മാറുന്നു- ജോലി, ജീവിതം ആത്മാഭിമാനം അങ്ങനെ എല്ലാം എല്ലാം.

2. എന്തുകൊണ്ട് അവൾ ഇപ്പോൾ പറയുന്നു?


മീടൂ എന്ന പ്രസ്ഥാനം നിലകൊള്ളുന്നത് ഐക്യപ്പെടലിലും സാഹോദര്യത്തിലുമാണ്. ഇത്തരം അനുഭവങ്ങൾ നേരിട്ടവരുടെ സാക്ഷ്യങ്ങൾ വിശ്വസിക്കുന്നതിലും അവരുടെ കൂടെ നിൽക്കുന്നതിലുമാണ് ഇത് ഊന്നൽ നൽകുന്നത്. വർഷങ്ങൾക്ക് മുമ്പ് തങ്ങൾക്ക് നേരിടേണ്ടി വന്ന സംഭവങ്ങളെ കുറിച്ച് തുറന്ന് പറയാൻ ഒരുപാട് സ്ത്രീകൾക്ക് ഇത് ധൈര്യം നൽകി.

പഴയ മുറിവുകൾ ഉണക്കുന്ന ഒരു ശുദ്ധീകരണ നീക്കം മാത്രമല്ലിത്. മറിച്ച് ആരോപണം നേരിട്ട വ്യക്തികൾക്കൊപ്പം ഇപ്പോഴും ജോലി ചെയ്യുന്ന സ്ത്രീകൾക്കുള്ള ഒരു നിർദ്ദേശം കൂടിയാണ്.

3. എന്തുകൊണ്ട് അക്രമിയുടെ പേര് വെളിപ്പെടുത്തുമ്പോള്‍ അജ്ഞാതയായി ഇരിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു?

ആരോപണം ഉന്നയിച്ച വ്യക്തിയുടെ തൊഴില്‍ ജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ വിധം സ്വാധീന ശക്തി ഉള്ളവരാണ് ആരോപണ വിധേയരായ പലരും. മീ ടൂവിൽ പങ്കുവെയ്ക്കപ്പെടുന്ന കഥകളിലൂടെ കടന്ന് പോയാൽ ഇതെങ്ങനെയാണെന്ന് നിങ്ങൾക്ക് മനസിലാവും. പരാതിയുയർത്തിയ വനിതാ ജീവനക്കാരിയെ തൊഴിൽ ഇടങ്ങളിൽ ഒറ്റപ്പെടുത്തുക, അവരുടെ ജോലിയെ തരം താഴ്ത്തുക, പ്രൊമോഷൻ, ശമ്പള വർദ്ധനവ് തുടങ്ങിയവ തടയുക, വളരാനുള്ള ഓരോ സാഹചര്യങ്ങളും ഇല്ലാതാക്കുക അങ്ങനെ നീളുന്നു അത്. നേരിട്ട് പരാതിപ്പെടുകയാണെങ്കിൽ ജോലി തന്നെ നഷ്ടപ്പെടാനുള്ള സാഹചര്യങ്ങളും ഉണ്ട്.

4. മോശം സാഹചര്യം ആയിരുന്നെങ്കിൽ എന്തുകൊണ്ട് അവിടെ നിന്ന് പോവുകയൊ ജോലി ഉപേക്ഷിക്കുകയോ ചെയ്തില്ല?

അത്തരം ഒരു തീരുമാനം എടുക്കാൻ മാത്രം സാമ്പത്തികമോ സാമൂഹികമോ ആയ സുരക്ഷിതത്വം എല്ലാവർക്കും ഉണ്ടാവണമെന്നില്ല. മാത്രമല്ല, മറ്റൊരു തൊഴിലിടത്തിലേക്ക് മാറിയാലും ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ല എന്നതിന് ഒരുറപ്പും ഇല്ല. തൊഴിൽ മേഖലയിലെ നേട്ടങ്ങൾ സാമൂഹ്യ ബന്ധങ്ങളിൽ കൂടി ചുറ്റപ്പെട്ട് കിടക്കുമ്പോൾ, അധികാരത്തിൽ ഇരിക്കുന്ന ആക്രമിക്ക് മറ്റു തൊഴിൽ സ്ഥാപനങ്ങളെയും വ്യക്തികളെയും വളരെ എളുപ്പം സ്വാധീനിക്കാൻ കഴിയും. അതായത് ഉള്ള ജോലി ഉപേക്ഷിച്ചാലും ഭാവി ജീവിതം ദുസ്സഹമാക്കാൻ സാധിക്കും എന്ന് ചുരുക്കം.

5. തെളിവ് എവിടെ?

മീടൂവിൽ പങ്കെടുത്ത പലരും അവർക്ക് ലഭിച്ച ഇമെയിലുകളും മറ്റ് സ്ക്രീൻ ഷോട്ടുകളുമെല്ലാം പുറത്ത് വിട്ടിട്ടുണ്ട്. ഇതെല്ലം കുറ്റകൃത്യത്തിന്‌ തെളിവുകളാണ്. ആരോപണവുമായി ഒരു സ്ത്രീ രംഗത്തെത്തുമ്പോൾ, അവർ പരാതിപ്പെട്ട വ്യക്തിയിൽ നിന്ന് സമാന അനുഭവം നേരിട്ട മിക്ക ആളുകളും അത് പങ്കു വെക്കുന്നതായി പല കേസുകളിലും കാണാം. ചില കേസുകളിൽ, ആ സംഭവങ്ങളെ കുറിച്ച് നേരിട്ട് അറിവുള്ളവർ സാക്ഷ്യപ്പെടുത്തലുകൾ നടത്തുന്നു. തനുശ്രീയുടെ കാര്യത്തിൽ തന്നെ മാധ്യമപ്രവർത്തക ജാനിസ് സെക്വിറ സംഭവങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

തങ്ങളുടെ സംഘത്തിൽപ്പെട്ട ഒരാൾക്കെതിരെ വന്ന ലൈംഗികാരോപണ പരാതി അറിയാമായിരുന്നെന്നു കോമഡി ബാൻഡ് ആയ എ ഐ ബി ഔദ്യോഗിക കുറിപ്പ് തന്നെ പുറത്തിറക്കി. പങ്കാളികളിൽ ഒരാളായ വികാസ് ബാലിന്റെ മോശം പെരുമാറ്റം അറിയാമായിരുന്നെന്ന് അനുരാഗ് കശ്യപ് തന്നെ അംഗീകരിക്കുകയും ഫാന്റം ഫിലിംസ് പിരിച്ചുവിടുകയും ചെയ്തു. പരാതി പരസ്യമായപ്പോൾ മാത്രമാണ് സ്ഥാപനങ്ങൾ രംഗത്ത് വന്നത് എന്നതാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്.

തങ്ങളുടെ മൊഴി ഒഴികെ മറ്റൊരു തെളിവും സൂക്ഷിക്കാൻ ആവാത്തവിധം ഒറ്റപ്പെട്ട സാഹചര്യങ്ങളിലാണ് പലപ്പോഴും ആക്രമണങ്ങൾ നടക്കുന്നത്. എന്നാൽ മുകളിൽ പറഞ്ഞ പോലെ ഇരകളുടെ പ്രസ്താവനകളെ വിശ്വാസത്തിലെടുക്കുകയാണ് മീടൂവിന്റെ ആദ്യ പടി. അല്ലെങ്കിലും എല്ലാ പ്രമാണങ്ങളും മെഡിക്കൽ രേഖകളും ഉണ്ടായിട്ടും ഇരകളെ വിശ്വാസത്തിൽ എടുക്കാത്ത സമൂഹവും പുരുഷാധിപത്യ നിയമവ്യവസ്ഥയും ആണല്ലോ നിലനിൽക്കുന്നത്.

6. പുരുഷനോട് നീതികേടോ?

ലൈംഗിക പീഡന ആരോപണം ഏറ്റുവാങ്ങുന്നവർ അധികം വില ഒന്നും നൽകേണ്ടതായി കാണാറില്ല. പല സ്ഥാപനങ്ങളിലും ഇത്തരക്കാരെ കുറിച്ചുള്ള വിവരങ്ങൾ ഒരു പരസ്യമായ രഹസ്യവുമായിരിക്കും. സ്ഥാപനത്തിന് മുതൽക്കൂട്ടെന്ന നിലയിലും അധികാരവും ശക്തിയും കൊണ്ടും ഇവർക്കെതിരെ നടപടിയൊന്നും സ്വീകരിക്കാതെ പോകുന്നു. സ്വഭാവത്തെക്കാളധികം കഴിവിന് പ്രാധാന്യവും "ആണുങ്ങൾ എപ്പോഴും ആണുങ്ങൾ" ആണെന്ന സ്ഥിരം ശൈലിയും. അയാൾ കാരണം സ്ഥാപനം ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണമൊന്നും ഒരു പ്രശ്നമേ അല്ല.

ഒരു ആരോപണം ഉയർന്നാൽ ന്യായമായ അന്വേഷണ പ്രക്രിയ ആരംഭിക്കേണ്ടതാണ്. പത്ത് പേരെങ്കിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഒരു ഇന്റേണൽ പരാതി പരിഹാര കമ്മിറ്റി വേണം എന്നാണ് നിയമമെങ്കിലും പലയിടങ്ങളിലും അത് പ്രാവർത്തികമാക്കിയിട്ടില്ല. അത്തരം കമ്മിറ്റികൾ നിലനിൽക്കുന്ന സ്ഥാപനങ്ങളിൽ തന്നെ ആരോപണ വിധേയർ അതിന്റെ ഭാഗമോ അതിനെ സ്വാധീനിക്കാൻ തക്ക ശക്തിയോ ഉള്ളവർ ആവും. അതിനാൽ അന്വേഷണത്തിന്റെ ആഘാതം നേരിടേണ്ടി വരുന്നതും പരാതിക്കാരി തന്നെയാവും. ആരോപണ വിധേയരാവട്ടെ, തങ്ങളുടെ സ്ഥാനമാനങ്ങൾക്ക് ഒരു കോട്ടവും തട്ടാതെ തത്സ്ഥാനത്ത് തുടരുകയും ചെയ്യും.

ക്രിമിനൽ പരാതി ഫയൽ ചെയ്താലും പരാതികാരിക്ക് തന്നെയാണ് ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നത്. പോലീസും കോടതിയും ഒക്കെയായി സ്വഭാവഹത്യയും തരംതാഴ്ത്തലും എല്ലാം കടുത്ത ആഘാതം ഏല്പിക്കുന്നു. തൊഴിൽ തന്നെ നഷ്ടമായേക്കാവുന്ന സാഹചര്യത്തിൽ നിയമ പരിഹാരം കണ്ടെത്തുന്നത് ചിലപ്പോൾ താങ്ങാവുന്നതിലും അപ്പുറമാവും.

നിയമ നടപടികൾക്ക് പകരമല്ല മീ ടൂ. ചുറ്റുമുള്ള മുഴുവൻ സംവിധാനങ്ങളും സ്ത്രീകളെ നിശബ്ധതയിലേക്ക് തള്ളിവിട്ടപ്പോൾ അവർക്ക് സംസാരിക്കാനുള്ള പ്രോത്സാഹനം നൽകിയ പ്രസ്ഥാനമാണത്. തങ്ങൾക്ക് ലഭിച്ച പിന്തുണ കൊണ്ട് തുറന്നു പറഞ്ഞ ചിലരെങ്കിലും ഔദ്യോഗികമായി പരാതിപ്പെടാനും തയ്യാറായി. ചില സ്ഥാപനങ്ങൾ ആരോപണ വിധേയർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയും ചെയ്തു.

7. തെറ്റായ ആരോപണങ്ങളോ?

എല്ലാം തികഞ്ഞ ഒന്നല്ല മീ ടൂ ക്യാമ്പയിൻ. ഏതെങ്കിലും ഒരു സ്ഥാപനം സംഘടിപ്പിക്കുന്നതുമല്ല. അതൊരു ജൈവപ്രക്രിയ പോലെ ഉടലെടുത്തതാണ്. അക്രമം നേരിട്ട ഒരു വ്യക്തി മുന്നോട്ടു വരികയും മറ്റു പലരും അതിനോട് കൂടിച്ചേരുകയും ചെയ്യുന്ന അവസ്ഥ. വ്യാജ ആരോപണങ്ങൾ സംഭവിക്കാമെങ്കിലും രാജ്യത്തിന്‍റെ നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്താൽ അതിനുള്ള സാധ്യതകൾ വളരെ കുറവാണ്. പ്രത്യേകിച്ച് വെളിപ്പെടുത്തുന്ന വ്യക്തി തങ്ങളുടെ പേരുവിവരങ്ങൾ മറച്ചു വെക്കാത്തതിനാൽ അവരുടെ വ്യക്തി ജീവിതത്തെയും തൊഴിൽ ജീവിതത്തെയും എല്ലാം അത് വലിയ രീതിയിൽ ബാധിക്കും എന്നതുകൊണ്ട്.

ചില സമയങ്ങളിൽ, തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പൊതു ഇടങ്ങളിൽ തങ്ങള്‍ക്ക് വിശ്വാസമുള്ള മറ്റൊരു വ്യക്തിയുമായി പങ്കുവെക്കുകയും അവർ പിന്നീട് ഐഡന്റിറ്റി വെളിപ്പെടുത്താതെ പരസ്യപ്പെടുത്തുകയും ചെയ്യുന്നു.

മീ ടൂവിന്റെ ആദ്യ കാലത്ത് റയ സർക്കാർ ആണ് ഈ ദൗത്യം ഏറ്റെടുത്ത് മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചത്. അവർ ഒരു പട്ടിക തന്നെ തയ്യാറാക്കി. ഇപ്പോൾ സന്ധ്യ മേനോനെ പോലുള്ള മാധ്യമ പ്രവർത്തകർ ആരോപണങ്ങൾ പുറത്ത് വിടുന്നതിന് പരിശോധനകൾ നടത്തി വരുന്നുണ്ട്. ആരോപണ വിധേയനായ വ്യക്തിക്ക് ഏതു കോടതിക്ക് മുന്നിലും സാമൂഹ്യ മാധ്യമങ്ങളിലും പരാതി പരിഹാര കേന്ദ്രങ്ങളിലുമെല്ലാം ചോദ്യം ചെയ്യാന്‍ കഴിയുന്ന ആരോപണങ്ങൾ ആണെന്ന സ്വാതന്ത്ര്യവും നിലനിൽക്കുന്നു.

8. എന്തുകൊണ്ട് മുഖ്യധാര മാധ്യമങ്ങൾ ഇത് കവര്‍ ചെയ്യണം?

കാരണം ജനസംഖ്യയുടെ പകുതിയോളം വരുന്നത് സ്ത്രീകൾ ആയത് കൊണ്ടും അവർ പറയുന്നത് ശ്രദ്ധിക്കപ്പെടേണ്ടതുകൊണ്ടും കൊണ്ടും. ഇതിന് മുമ്പ് ഒന്ന് സ്പർശിക്കാൻ പോലും കഴിയാതെയിരുന്ന ഹാർവേ വെയിൻസ്റ്റീനെ പോലുള്ളവരെ താഴെ ഇറക്കാൻ സ്ത്രീകളുടെ സധൈര്യമായ തുറന്ന് പറച്ചിലുകൾ കൊണ്ട് സാധിച്ചു.

നിലവിലുള്ള സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും പുത്തൻ ആശയങ്ങൾ ആവശ്യമായതിനാലും അത് അനിവാര്യമാണ്. മുമ്പില്ലാതിരുന്ന വിധം ലോകത്താകമാനം സ്ത്രീകളെ കൂട്ടിയിണക്കുകയും അവരെ സ്വന്തന്ത്രരായി സംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത സാങ്കേതികവിദ്യയുള്ള ചരിത്രവേളയാണിത്. മുഖ്യധാരാ മാധ്യമങ്ങൾ ഇത് അടയാളപ്പെടുത്തേണ്ടത് കാലത്തിന്റെ കൂടി ആവശ്യമാണ്.

(വിവര്‍ത്തനം: അഖില)

https://www.azhimukham.com/india-mjakbar-metoo-sexassault-allegation/

https://www.azhimukham.com/india-metoo-campaign-brings-light-to-newsrooms/

https://www.azhimukham.com/cinema-hollywood-support-me-too-campaign-malayala-cinema-harassing-women-protesters/

Next Story

Related Stories