TopTop
Begin typing your search above and press return to search.

അദാനിയുടെ ഇന്ത്യ; ഒരു വാര്‍ത്തയുടെ പേരില്‍ വിസ നിഷേധിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ അനുഭവം

അദാനിയുടെ ഇന്ത്യ; ഒരു വാര്‍ത്തയുടെ പേരില്‍ വിസ നിഷേധിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ അനുഭവം
'സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യ' എന്ന പരമ്പരയില്‍ റേഡിയോ നാഷണലിനായി പ്രമുഖരുടെ അഭിമുഖങ്ങള്‍ എടുക്കുന്നതിന് വേണ്ടി ഇന്ത്യയിലേക്ക് വരാന്‍ വിസ നിഷേധിക്കപ്പെട്ട ഇന്ത്യന്‍ വംശജയായ ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തക അമൃത സ്ലീ എബിസി ന്യൂസില്‍ എഴുതിയ അനുഭവ കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം.

പ്രഖ്യാപിത ദോഷൈകദൃക്കുകളും ചില കാല്പനിക വിചാരങ്ങള്‍ കൊണ്ടുനടക്കും- സൂക്ഷ്മപരിശോധനയില്‍ ബാലിശമെന്നോ അസ്വസ്ഥമെന്നോ തോന്നിക്കുന്ന ആശയങ്ങള്‍. ഇതാണെന്റെ വക: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു: ഇന്ത്യയില്‍.

അതിലെ ജനാധിപത്യഭാഗമാണ് ഞാന്‍ വിലമതിക്കുന്നത്. സമഗ്രാധിപത്യത്തിന് പകരം ഒരു തുറന്ന സമൂഹമായി മുന്നോട്ടുപോയ ഏക കൊളോണിയല്‍ ഭരണാനന്തര സമൂഹമാണ് ഇന്ത്യയെന്ന് പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ സൈദ്ധാന്തികന്‍ സുനില്‍ ഖില്‍നാനി കുറിക്കുന്നു, “അമേരിക്കന്‍, ഫ്രഞ്ച് വിപ്ലവങ്ങള്‍ 18-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുടങ്ങിവെച്ചതിലെ മൂന്നാമത്തെ മഹത്തായ ജനാധിപത്യ പരീക്ഷണമായാണ് സ്വതന്ത്ര ഇന്ത്യ പ്രത്യക്ഷപ്പെട്ടത്”- ഈ മൂന്നെണ്ണത്തിലും വെച്ച് ഏറ്റവും ഇളയതാണെങ്കിലും അതിന്റെ വലിപ്പം അതിനെ ഏറ്റവും പ്രധാനപ്പെട്ടതാക്കി.

തെരുവിലുള്ള ഓരോ മനുഷ്യനും ഓരോ രാഷ്ട്രീയക്കാരനും ഈ ആശയത്തെ പുണര്‍ന്നു. ഇതുവരെയും, ഞാനും. എന്തൊക്കെ പ്രശ്നങ്ങള്‍ അതിനുണ്ടെങ്കിലും, ഇന്ത്യയില്‍ സാര്‍വലൌകിക വോട്ടവകാശമുണ്ട്, തുല്യത വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടനയുണ്ട്, ശബ്ദമുണ്ടാക്കുന്ന, ബഹളം കൂട്ടുന്ന മാധ്യമങ്ങളുണ്ട്. ഞാന്‍ സന്ദര്‍ശിക്കുമ്പോളൊക്കെ സ്വന്തമായ അഭിപ്രായങ്ങളുള്ള ആളുകളെയാണ് കണ്ടത്. സുഹൃത്തുക്കള്‍, കുടുംബം, അപരിചിതര്‍; സ്വന്തം അഭിപ്രായം ആരും മറച്ചുവെക്കുന്നില്ല.

അതുകൊണ്ട് പുറത്തുള്ളവര്‍ രാജ്യത്തിന്റെ മന്ദഗതിയിലുള്ള പുരോഗതിക്ക് ജനാധിപത്യത്തെ കുറ്റപ്പെടുത്തുമ്പോള്‍ എന്റെ സാധാരണയുള്ള മറുപടി, “ജനാധിപത്യം കുഴഞ്ഞുമറിഞ്ഞതാണ്, ഞങ്ങള്‍ ചൈനയല്ല,” എന്നായിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ആക്രമണോത്സുകമായ ദേശീയതയുടെ വളര്‍ച്ചയും, ജാതി, ലിംഗ അസമത്വങ്ങളുടെ നിരവധി വാര്‍ത്തകളും, സ്വതന്ത്ര മാധ്യമങ്ങളും കോടതികളും നിരന്തരമായി ആക്രമിക്കപ്പെടുന്നതും രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടിയുള്ള വ്യാജ വാര്‍ത്തകളും കാരണം ഈ പ്രതിരോധം നിലനിര്‍ത്താന്‍ പാടായി. കഴിഞ്ഞയാഴ്ച്ച ഞാനത് ഉപേക്ഷിച്ചു.മാസങ്ങളായി ഞാനും സഹപ്രവര്‍ത്തകരും 'സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യ' എന്ന പരമ്പരയില്‍ റേഡിയോ നാഷണലിനായി പരിപാടികള്‍ ചെയ്യുന്നുണ്ടായിരുന്നു. ഉപഭൂഖണ്ഡത്തില്‍ സഞ്ചരിക്കാനും ഏറ്റവും മികച്ചവരുമായി-ചരിത്രകാരന്‍മാര്‍, സാമ്പത്തിക വിദഗ്ധര്‍, അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകര്‍, ആക്ഷേപഹാസ്യക്കാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, വിദ്യാര്‍ത്ഥി നേതാക്കള്‍ എന്നിങ്ങനെ- അഭിമുഖം നടത്താനും ഞങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

ഫെബ്രുവരിയിലേക്ക് ആസൂത്രണം ചെയ്ത യാത്രക്കായി ഞങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ വിസക്ക് അപേക്ഷ നല്കി, കാത്തിരുന്നു. പിന്നേയും കാത്തിരുന്നു. ഉദ്യോഗസ്ഥവൃന്ദത്തേക്കുറിച്ച് തമാശകള്‍ പറഞ്ഞു.

ഞാന്‍ സിഡ്നിയിലെ വിസ കാര്യാലയത്തില്‍ വിളിച്ചു. അവരുടെ കസ്റ്റമര്‍ സര്‍വീസ് ഇന്ത്യയിലേക്ക് പുറംപണിക്കായി കൊടുത്തിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. ആകാംക്ഷ വര്‍ധിക്കാന്‍ തുടങ്ങി.

http://www.azhimukham.com/video-digging-adani-abc-four-corners-live/

ഞങ്ങള്‍ക്ക് പണം തരുന്ന DFAT-യുമായി ഞാന്‍ ബന്ധപ്പെട്ടു. എന്താണ് തടസമെന്ന് അവര്‍ക്കെന്തെങ്കിലും ധാരണയുണ്ടോ എന്നറിയാനായിരുന്നു. ഞാന്‍ പഴയ ഇന്ത്യയില്‍ പിടിയുണ്ടായിരുന്ന സുഹൃത്തുക്കളേ വിളിച്ചു, നയതന്ത്ര കാര്യാലയങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍, മാധ്യപ്രവര്‍ത്തകര്‍ അങ്ങനെ എന്തെങ്കിലും പിടിപാടുള്ളവരെ. നിരവധി ഇ-മെയിലുകള്‍ ഞാനയച്ചു, ജൂലീ ബിഷപ്പിന്റെ കാര്യാലയവുമായി ബന്ധപ്പെട്ടു, ഡല്‍ഹിയിലേക്കും വിളിച്ചു.

ഉറപ്പുകള്‍ കിട്ടിക്കൊണ്ടേയിരുന്നു- ‘ഇതാണ് എപ്പോഴുമുള്ള വഴി’, കോണ്‍സുലേറ്റ് ‘അവസാനനിമിഷം വരെ കാക്കുന്നു’. പക്ഷേ ആ അവസാനനിമിഷം രണ്ടാഴ്ച്ച അകലെയായി, പിന്നെ ഒരാഴ്ച്ചയും. പിന്നെ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഒരു പ്രശ്നമുണ്ടെന്ന് അറിയിച്ചു, “അത് അദാനിയെ സംബന്ധിച്ച വാര്‍ത്തയുടെ പേരിലാണ്.”

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിവാദമായ അദാനി കല്‍ക്കരി ഖനി ഇടപാടിനെക്കുറിച്ച് റിപ്പോര്‍ട്ടര്‍ സ്റ്റീഫന്‍ ലോങും Four Corners സംഘവും വിശദമായി അന്വേഷണം നടത്തിയിരുന്നു. പാരിസ്ഥിതിക, കോര്‍പ്പറേറ്റ് ലംഘനങ്ങളുടെ ചരിത്രമാണ് കണ്ടെത്തിയതും. അതൊരു കനത്ത അടി നല്കിയ വാര്‍ത്താ ലേഖനമായിരുന്നു. പക്ഷേ അത് ഞങ്ങളുടെ യാത്രയെ ബാധിക്കുമെന്ന് കരുതിയില്ല.

http://www.azhimukham.com/india-adanigroup-scam-money-laundering-of-5000cr-corruption-deal-for-equipments-imported-for-powerplants/

എല്ലാത്തിനുമപ്പുറം ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണ്. ഞങ്ങള്‍ക്ക് വിസ കിട്ടിയതേയില്ല. ഞങ്ങള്‍ക്ക് ഒരു ഔദ്യോഗിക വിശദീകരണവും ലഭിച്ചില്ല. ഞങ്ങള്‍ സംസാരിക്കുന്നവരുടെ പട്ടിക നല്‍കാമെന്നും ഡല്‍ഹിയില്‍ ഒരാള്‍ക്ക് ഞങ്ങള്‍ക്കൊപ്പം വരാമെന്നും അഭ്യര്‍ത്ഥിച്ചു. ഇത് ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തനത്തിനുമേല്‍ എന്താണ് എന്നു ചോദ്യമുണ്ടാകാം. പക്ഷേ അതല്ല അപകടത്തില്‍.

ഞങ്ങള്‍ക്ക് അഭിമുഖം തരാന്‍ ഇരുന്നവരോട് ഞങ്ങള്‍ക്ക് വിസ കിട്ടിയില്ലെന്നും സന്ദര്‍ശനം റദ്ദാക്കുകയാണെന്നും പറഞ്ഞപ്പോള്‍ പ്രതികരണം ചടുലവും കൃത്യവുമായിരുന്നു, “എനിക്കു സങ്കടമുണ്ട്, പക്ഷേ അത്ഭുതമില്ല. ഇത് അദാനി വാര്‍ത്തയുടെ പേരിലല്ലേ?”

ഈ ജീര്‍ണവും ഹീനവുമായ സമീപനത്തിനെതിരെ പലരും രോഷം പ്രകടിപ്പിച്ചു. “ഞാന്‍ ഞങ്ങളുടെ ജനാധിപത്യത്തെയോര്‍ത്ത് ഭയക്കുന്നു,” ഒരാള്‍ എഴുതി.

“സങ്കടം, സങ്കടം, സങ്കടം,” മറ്റൊരാള്‍ എഴുതി.” ഇത് ഇന്ത്യയാണ്."

ഈ പ്രതികരണങ്ങളില്‍ നിന്നും മറ്റൊരു ഇന്ത്യയെക്കൂടി തെളിഞ്ഞുകാണുന്നുണ്ട്. പ്രതീക്ഷ കെട്ടുപോയി എന്നു കരുതുന്നതിന് പകരം, ഞങ്ങള്‍ അഭിമുഖം നടത്താന്‍ നിശ്ചയിച്ച ആളുകള്‍, അവരുടെ നേതാക്കളെയും രാജ്യത്തെയും ഉത്തരങ്ങള്‍ക്കായി ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു- പുസ്തകങ്ങള്‍, ലേഖനങ്ങള്‍, അരങ്ങിലും തിരശീലയിലും, തെരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും.

ചില വിസകള്‍ക്കപ്പുറം പലതും നഷ്ടപ്പെടാനുള്ളവരാണ് അവര്‍. ചിലര്‍ തടവിലായി, അപഹസിച്ചു, ഭീഷണിപ്പെടുത്തി. ചിലരുടെ സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വധഭീഷണികള്‍ അവര്‍ക്കുനേരെ നീണ്ടു. എന്നിട്ടും അന്നും ഇന്നും അവര്‍ സംസാരിക്കാന്‍ തയ്യാറാണ്.

നമ്മുടെ ജനാധിപത്യത്തിനുള്ള സമ്മതിയായി നമുക്കവരെ കേള്‍ക്കുക എന്ന മര്യാദ കാണിക്കാം.

http://www.azhimukham.com/protest-in-australia-against-coal-mine-adani/

Next Story

Related Stories