Top

പുരോഹിതന്‍ കയറിപ്പിടിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട് ബാത്ത് റൂമിൽ കയറി മെഴുകുതിരി കൊണ്ട് ദേഹം പൊള്ളിച്ചു; ദയാഭായി വെളിപ്പെടുത്തുന്നു

പുരോഹിതന്‍ കയറിപ്പിടിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട് ബാത്ത് റൂമിൽ കയറി മെഴുകുതിരി കൊണ്ട് ദേഹം പൊള്ളിച്ചു; ദയാഭായി വെളിപ്പെടുത്തുന്നു
മഠങ്ങളിൽ തങ്ങളനുഭവിക്കുന്ന പീഡനങ്ങൾ തുറന്നു പറയാൻ കൂടുതൽ കന്യാസ്ത്രീകൾ രംഗത്തെത്തിയിരിക്കുകയാണ്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരവധി തവണ ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി കന്യാസ്ത്രീകളും പൊതു സമൂഹവും അവർക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. ഒപ്പം മഠങ്ങൾക്കുള്ളിലെ വേറെയും പീഡന കഥകളും പുറത്തു വരുന്നുണ്ട്. കന്യാസ്ത്രീകളുടെ ഈ തുറന്നു പറച്ചിലിനെയും സമരത്തെയും അഭിനന്ദിക്കുകയാണ് സാമൂഹിക പ്രവർത്തക ദയാഭായി. ഒപ്പം വർഷങ്ങൾക്ക് മുമ്പ് കന്യാസ്ത്രീ മഠത്തിൽ നിന്നും തനിക്കനുഭവിക്കേണ്ടി വന്ന പീഡനത്തെക്കുറിച്ചും അവർ വെളിപ്പെടുത്തുന്നു.

കന്യാസ്ത്രീയുടെ തുറന്നു പറച്ചിലിൽ രണ്ട് പക്ഷവും പിടിക്കുന്നവരുണ്ട്. തുറന്നു പറച്ചിലിന്റെ കാലതാമസത്തെയാണ് പലരും ചോദ്യം ചെയ്യുന്നത്. എന്നാൽ സത്യം പുറത്തു വരണമെന്നാണ് എന്റെ പക്ഷം. കന്യാസ്ത്രീ മഠത്തിനുള്ളിലെ ജീവിതം അനുഭവിച്ച ഒരാളെന്ന നിലയിൽ ഈ കാലതാമസം എന്നെ അത്ഭുതപ്പെടുത്തുന്നില്ല. എനിക്ക് നേരെ പീഡന ശ്രമമുണ്ടായത് കന്യാസ്ത്രീ ജീവിതം ഉപേക്ഷിച്ചതിന് ശേഷമാണ്. കോൺവെന്റിൽ നിന്നും ഇറങ്ങിയെങ്കിലും എഴുപതുകളുടെ തുടക്കത്തിൽ വരെ കോൺവെന്റിന്റെ അന്തരീക്ഷത്തിലാണ് താമസിച്ചിരുന്നത്. ജോലിയുടെ ഭാഗമായും പഠിക്കാനും മറ്റും കോൺവെന്റിൽ തന്നെയാണ് താമസിച്ചിരുന്നത്. ആ കാലഘട്ടത്തിലാണ് പ്രായം കൊണ്ടും സ്ഥാനം കൊണ്ടും വളരെ മുതിർന്ന ഒരു പുരോഹിതൻ എന്നോടും മോശമായി പെരുമാറിയിട്ടുണ്ട്. അപ്രതീക്ഷിതമായി കയറി പിടിക്കുകയായിരുന്നു. അവിടെ നിന്നും ഓടി രക്ഷപ്പെട്ട് ബാത്ത് റൂമിൽ കയറി ഒരു മെഴുകുതിരി കൊണ്ട് ദേഹം പൊള്ളിക്കുകയായിരുന്നു.


അപ്പോഴത്തെ മനസിലെ ചിന്തയെന്തായിരുന്നെന്ന് എനിക്ക് ഇപ്പോഴും എനിക്കറിയില്ല. എന്താണ് ചെയ്യേണ്ടതെന്നും അന്ന് അറിയില്ലായിരുന്നു. കുറ്റബോധത്തേക്കാളുപരി ഇനിയൊരിക്കലും അയാളെന്റെ ശരീരത്തിൽ തൊടരുതെന്ന് മാത്രമാണ് അപ്പോൾ ചിന്തിച്ചത്. ശരീരത്തിൽ വൃണം കണ്ടാൽ അയാൾക്ക് കയറി പിടിക്കാനാകില്ലല്ലോയെന്നാണ് ചിന്തിച്ചത്. കേരളത്തിൽ ഇവിടുത്തെ സംസ്കാരം പിന്തുടരുന്ന മഠത്തിലാണ് ഈ സംഭവം. അന്നിത് ആരോടും പറയാൻ ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് പലപ്പോഴും ആ പുരോഹിതൻ പാർലറിലേക്ക് വിളിച്ചിട്ടുണ്ടെങ്കിലും ഞാൻ പോയിട്ടില്ല. അച്ചൻ വിളിച്ചിട്ടും പോകാത്ത ഞാൻ അഹങ്കാരിയാണെന്നും ഇംഗ്ലീഷ് അറിയുന്നതിന്റെ അഹങ്കാരമാണതെന്നുമാണ് അന്തേവാസികൾ പലരും പറഞ്ഞിരുന്നത്. എന്നിട്ടും ഞാനത് ആരോടും പറഞ്ഞില്ല. പറഞ്ഞാലും ആരും വിശ്വസിക്കില്ലായിരുന്നു. സന്യാസിനികളുടെ കുറ്റപ്പെടുത്തൽ കേട്ട് മടുത്താണ് മഠത്തിൽ നിന്നും ഞാനിറങ്ങിയത്. സന്യാസിനി അല്ലാത്തതിനാൽ എനിക്കത് എളുപ്പവുമായിരുന്നു.


കന്യാസ്ത്രീമാരുടെ സമരത്തെക്കുറിച്ച് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്. ഇവരുടെ ഈ നീക്കത്തിൽ ഞാൻ അഭിനന്ദിക്കുന്നു. മനസുകൊണ്ട് ഞാനവർക്കൊപ്പമുണ്ട്. എത്രമാത്രം കുറ്റപ്പെടുത്തലുകൾ സമൂഹത്തിൽ നിന്നുണ്ടായാലും ഈ സമരത്തിൽ നിന്നും പ്രതിഷേധത്തിൽ നിന്നും കന്യാസ്ത്രീകൾ പിന്നോട്ടു പോകരുതെന്നാണ് എനിക്ക് പറയാനുള്ളത്. എനിക്കിപ്പോഴും ചോദിക്കാനുള്ളത് ബിഷപ്പ് ഫ്രാങ്കോ എന്തിനാണ് ഇപ്പോഴും ന്യായീകരിക്കുന്നതെന്നാണ്. നിയമപരമായി ഈ ആരോപണത്തെ നേരിടുന്നതിന് പകരം പ്രിവിലേജ് ഉപയോഗിക്കുകയാണ് അയാൾ. സാധാരണക്കാരനായ ഒരു വ്യക്തിക്കില്ലാത്ത എന്ത് പ്രിവിലേജ് ആണ് ഈ പുരോഹിതനുള്ളത്? ഇന്ദിരാ ഗാന്ധി പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നെ ഇയാളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? അറസ്റ്റ് വൈകിച്ചാൽ ഇയാൾ കേസിൽ നിന്നും രക്ഷപ്പെടുമെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഞാൻ വായിച്ചിരുന്നു. ഇത്രയും തെളിവുണ്ടായിട്ടും അറസ്റ്റ് വൈകിക്കുകയാണെന്ന് ഇതിൽ വ്യക്തമാണ്. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യന്മാരാണെന്ന വസ്തുതയാണ് ഇവിടെ അധികൃതർ മറന്നത്.


വർഷങ്ങൾക്ക് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നെ കുരുക്കാനായി തേക്ക് മരം കൊണ്ടുവന്ന് എന്റെ പറമ്പിലിട്ടു. പിറ്റേന്ന് രാവിലെ അവർ വന്ന് അത് റെയ്ഡ് ചെയ്ത് പിടിക്കുകയും ചെയ്തു. വകുപ്പുതല നടപടിയായി 25,000 രൂപ കൊടുത്ത് സെറ്റിൽ ചെയ്യാനാണ് അവർ പറഞ്ഞത്. എന്നാൽ കേസുമായി കോടതിയെ സമീപിക്കാനായിരുന്നു എന്റെ തീരുമാനം. കോടതി പ്രക്രിയകൾ കാലതാമസമുണ്ടാക്കുമെന്ന് പറഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കേസ് ഒതുക്കാൻ നിർബന്ധിച്ചെങ്കിലും ഞാൻ വഴങ്ങിയില്ല. ഇപ്പോഴും ആ കേസ് നടക്കുകയാണ്. ആ തേക്ക് മരങ്ങൾ ഇപ്പോഴും എന്റെ പറമ്പിൽ കിടക്കുന്നുണ്ട്. 25,000 രൂപയ്ക്ക് പോയിട്ട് 25 പൈസയ്ക്ക് പോലും സെറ്റിൽ ചെയ്യാൻ തയ്യാറല്ലെന്നാണ് ഞാൻ പറഞ്ഞത്. എന്റെ കയ്യിൽ കാശില്ലെന്നതായിരുന്നു അതിന് കാരണം. കോടതി പിഴയടയ്ക്കാൻ പറഞ്ഞാലും എനിക്കതിന് സാധിക്കില്ലായിരുന്നു. പകരം ശിക്ഷയനുഭവിക്കാനാണ് എന്റെ തീരുമാനം. എന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന ഉറപ്പാണ് കോടതിയെ സമീപിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഈ കേസിൽ ബിഷപ്പിന്റെ അറസ്റ്റ് നീട്ടിക്കൊണ്ട് പോകുന്നത് തന്നെ തുല്യനീതിയില്ലായ്മയാണ്. നിയമത്തിന് മുന്നിൽ ആർക്കും ഒരു പ്രിവിലേജുമില്ലെന്ന് ഇവർ മറന്നു പോകുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ ബിഷപ്പ് നിയമത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാകുകയാണ് വേണ്ടത്.

Next Story

Related Stories