TopTop

ഗോരാഷ്ട്രീയം ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിര്; സണ്ണി എം കപീക്കാടിന് അജിത് കുമാര്‍ എ.എസിന്റെ മറുപടി

ഗോരാഷ്ട്രീയം ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിര്; സണ്ണി എം കപീക്കാടിന് അജിത് കുമാര്‍ എ.എസിന്റെ മറുപടി
[കന്നുകാലികളെ കശാപ്പിനായി വിപണനം ചെയ്യാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം വന്‍ വിവാദമായി മാറിയിരിക്കുകയാണ്. കേന്ദ്ര ഉത്തരവിനെതിരെ ഉള്ള പ്രതിഷേധങ്ങളില്‍ കേരളമാണ് മുഖ്യസ്ഥാനത്ത്. ഇടതുപക്ഷ സംഘടനകളും കോണ്‍ഗ്രസിന്റെ യുവജന വിഭാഗവും കഴിഞ്ഞ ദിവസം പരസ്യ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണവും മറ്റൊരാള്‍ തീരുമാനിക്കുന്നത് ഫാസിസമാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ ബീഫ് ഫെസ്റ്റും കേരളത്തില്‍ നടന്നു. എന്നാല്‍ വിഷയം തീന്‍മേശയില്‍ ഒതുക്കേണ്ടതല്ലെന്നും അങ്ങനെ തോന്നുന്നത് കൊണ്ടാണ് ബീഫ് ഫെസ്റ്റ് പോലുള്ളവ നടത്തുന്നതെന്നും അതിന്റെ കാരണം ബ്രാഹ്മണിസത്തിനെതിരേ നില്‍ക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭയമാണെന്നും ആയിരുന്നു പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ
സണ്ണി എം കപിക്കാട്
പ്രതികരിച്ചത്. കപിക്കാടിന്റെ 'ഇതൊരു തീന്‍മേശ പ്രശ്നമല്ല, ബ്രാഹ്മണിസത്തിനെതിരേ നില്‍ക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭയമാണ് അങ്ങനെയാക്കുന്നത്' എന്ന അഴിമുഖത്തിലെ ലേഖനത്തിന് ദളിത്‌ എഴുത്തുകാരനും സംഗീതജ്ഞനുമായ അജിത്‌ കുമാര്‍ എ.എസിന്റെ പ്രതികരണം.


ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന ഘടകമാണ് ഗോരാഷ്ട്രീയം. പോപ്പുലര്‍ വ്യവഹാരത്തില്‍ ഹിന്ദു രാഷ്ട്രവാദത്തിനും ഹിന്ദു നിര്‍മിതിക്കും ഏറ്റവും സാധ്യമായ ഒരു വൈകാരിക വിഷയമെന്ന നിലയില്‍ എപ്പോഴും ഗോരാഷ്ട്രീയം ഉയര്‍ത്തപ്പെടാറുണ്ട്. പോപ്പുലര്‍ സംസ്‌കാരത്തില്‍ 'പശു' ഈ നിലയ്ക്ക് അല്ല നില്‍ക്കുന്നത് എന്നതുകൊണ്ട് കേരളം പോലുള്ള പ്രദേശങ്ങളില്‍ ഗോരാഷ്ട്രീയം അത്രയും ചലനം സൃഷ്ടിക്കാറില്ല. അല്ലാതെ 'വര്‍ഗീയത' വിലപോവാത്തത് കൊണ്ടല്ല. ഗോരാഷ്ട്രീയത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ അതില്‍ ഒരേ പോലെ മുസ്ലീങ്ങളും ദളിതരിലെ ജാതി വിഭാഗങ്ങളും ആക്രമണത്തിന് ഇരയായിയിട്ടുണ്ട്. കിഴക്കന്‍ യുപി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 1880-കളില്‍ ഗോ സംരക്ഷണ രാഷ്ട്രീയം ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ ഈദ് വേളകളില്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു. പശുക്കളെ ബലി കഴിക്കുന്നു എന്നതായിരുന്നു ആരോപണം. ഇതേ സമയം തന്നെ ചമാര്‍ വിഭാഗത്തില്‍ പെട്ടവരും ആക്രമണങ്ങള്‍ നേരിടുകയും പശുക്കളെ വിഷം വച്ച് കൊല്ലുന്നു എന്ന ആരോപണങ്ങളും നേരിട്ടിരുന്നു. ഇവര്‍ പശുക്കളെ കൊല്ലുന്നവരാണെന്നും അവര്‍ക്ക് പശുക്കളെ വില്‍ക്കരുതെന്നും ഗോരക്ഷിണി സഭകള്‍ പ്രത്യക്ഷമായി തന്നെ പ്രമേയങ്ങള്‍ പാസാക്കിയിരുന്നു.

Also Read: ഇതൊരു തീന്മേശ പ്രശ്നം കൂടിയാണ്; സണ്ണി എം കപിക്കാടിന് മായ ലീലയുടെ മറുപടിഗ്യാനേന്ദ്ര പാണ്ഡെയുടെ 'റാലിയിംഗ് റൗണ്ട് ദി കൗ' എന്ന ലേഖനത്തില്‍ കിഴക്കന്‍ യുപിയിലെ ഈ സാഹചര്യങ്ങള്‍ വളരെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ ലേഖനവും അതെ പോലെ തന്നെ രാംനാരായന്‍ റാവത്തിന്റെ ചമാറുകളെ കുറിച്ചുള്ള പുസ്തകത്തിലും (reconsidering untouchability: chamars and dalit history in north india) ചര്‍ച്ച ചെയ്യുന്ന ചരിത്ര സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത് ഗോരാഷ്ട്രീയത്തിന്റെ ആദ്യ ഘട്ടങ്ങള്‍ മുതല്‍ തന്നെ മുസ്ലീങ്ങളും ചമാറുകള്‍ ഉള്‍പ്പടെയുള്ള ദളിത് വിഭാഗങ്ങളും ആക്രമണത്തിന് ഇരയാക്കപ്പെട്ടിരുന്നു എന്നതാണ്. ഈ അവസ്ഥ പിന്നീടു തുടര്‍ന്ന് വരുന്നതായാണ് കാണുന്നത്. ഇതിലെ ഒരു വ്യത്യാസം ചമാറുകളെ തിരുത്തി 'ഹിന്ദു' വ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ക്കുകയായിരുന്നു 'ഹിന്ദുക്കള്‍' ലക്ഷ്യം വച്ചിരുന്നത്. പാണ്ഡെ ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ മുസ്ലീങ്ങള്‍ ശത്രുക്കള്‍ എന്ന നിലയിലാണ് ആക്രമിക്കപ്പെട്ടിരുന്നത്. ഗോരാഷ്ട്രീയത്തിലും ഹിന്ദുത്വ രാഷ്ട്രീയത്തിലും പൊതുവേ കാണാവുന്ന ഒന്നാണ് ഈ പ്രവണത. ആദ്യകാലങ്ങളില്‍ ദളിതരെ ശുദ്ധീകരിച്ച് ഹിന്ദുക്കളാക്കുക എന്നത് സംഘപരിവാറിന്റെ ഒരു ലക്ഷ്യമായിരുന്നു. ഇവിടെ പറയാന്‍ ശ്രമിക്കുന്നത് ഹിന്ദുത്വത്തിന്റെ ദളിതരോടും മുസ്ലീങ്ങളോടുമുള്ള ഇടപാടുകളില്‍ വ്യത്യസ്തകള്‍ ഉണ്ടെന്നാണ്. ദളിതരെ ഉള്‍ച്ചേര്‍ക്കുക, മുസ്ലീങ്ങളെ നിഷ്‌കാസനം ചെയ്യുക എന്നതുമാണ് അതിന്റെ രീതി. ഘര്‍ വാപസി പോലും 'അന്യ' മതങ്ങളിലേക്ക് പോയ ദളിതരെ 'തിരിച്ചു കൊണ്ടു വരിക' എന്നതാണ്. ഒരിക്കലും ഹിന്ദു വ്യവസ്ഥയുടെ ഭാഗമല്ലാതിരുന്ന ദളിതരെ 'ഉള്‍ച്ചേര്‍ക്കുക' എന്നത് ഹിന്ദു നിര്‍മ്മിതിയുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ ഘടങ്ങള്‍ക്കെതിരെ മന:പൂര്‍വം കണ്ണടച്ചു കൊണ്ടാണ് പ്രമുഖ ദളിത് സൈദ്ധാന്തികനായ സണ്ണി എം കപിക്കാടിന്റെ ലേഖനം. ലേഖനത്തില്‍ പ്രധാനമായ രണ്ടു കാര്യങ്ങള്‍ ആണ് അപകടകരമായ സൂചനകള്‍ നല്‍കുന്നത്. അതില്‍ പറയുന്നു: 'ഇത് വളരെ കൃത്യമായ ഒരു രാഷ്ട്രീയ അജണ്ടയാണ്. ഹിന്ദുത്വം അഥവാ ബ്രാഹ്മണിസമാണ് അതിന്റെ അടിസ്ഥാനമായി നില്‍ക്കുന്നത്. ഇന്ത്യന്‍ ഫാസിസത്തിന്റെ രൂപം ബ്രാഹ്മണിസമാണെന്ന് അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ ഇതിന്റെ യഥാര്‍ഥ മെക്കാനിസം പിടികിട്ടൂ. ബ്രാഹ്മണിസത്തിന്റെ സഹജവാസനയെന്ന് പറയുന്നത് അതിനകത്ത് വരുന്ന ഇതര മനുഷ്യരോട് ഹിംസാത്മകമായി ഇടപെടാന്‍ പഠിപ്പിക്കുകയെന്നതാണ്. അന്യമതസ്ഥരോടല്ല. സ്വന്തം മതത്തിലുണ്ടെന്ന് അവന്‍ തന്നെ വിചാരിക്കുന്ന വിഭാഗങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന മൂല്യമണ്ഡലമാണ് ബ്രാഹ്മണിസം
.' ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം 'അന്യമതസ്ഥരോടല്ല' എന്ന പ്രയോഗമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാനമായ ഒരു വശത്തെയാണ് അത് നിഷേധിക്കുന്നത്. ഹിന്ദുത്വ അക്രമങ്ങളുടെ ചരിത്രം അറിയാത്ത വ്യക്തിയല്ല അദേഹം. ഗുജറാത്ത് വംശഹത്യയും ഭിവണ്ടിയും മുസഫര്‍നഗറും എല്ലാം മറന്നു കൊണ്ട് മുസ്ലീങ്ങള്‍ നേരിടുന്ന ആക്രമണങ്ങളെ എന്തുകൊണ്ടാണ് മറയ്ക്കുന്നത്?മറ്റൊന്ന് ഹിന്ദുത്വ രാഷ്ട്രീയത്തെ 'ബ്രാഹ്മണിസം' എന്ന ഒരു വ്യവഹാരത്തില്‍ ചുരുക്കാന്‍ കഴിയുമോ എന്നാ ചോദ്യമാണ്. ജാതി മാത്രമല്ല അതിന്റെ ഘടകം. മുസ്ലീങ്ങള്‍ക്കെതിരെ ആസൂത്രിതമായ ആ കര്‍മങ്ങള്‍ നടത്തുന്നതിനെ 'ബ്രാഹ്മണിസം' എന്ന് എങ്ങനെയാണ് ചുരുക്കാന്‍ കഴിയുക? പല മുസ്ലീം വിരുദ്ധ/ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങളിലും സംഘപരിവാറിന്റെ ഭാഗമായ ദളിത്/പിന്നോക്ക /ആദിവാസി പങ്കാളിത്തം എങ്ങനെയാണ് വിശദീകരിക്കാന്‍ കഴിയുക. മുസഫര്‍നഗര്‍ 'കലാപ'ങ്ങളില്‍ ജാട്ടുകളുടെ പങ്കാളിത്തത്തെ എങ്ങനെ വിശദീകരിക്കും? 'ഹിന്ദു' എന്നവകാശവാദം ഉന്നയിച്ചു കൊണ്ട് ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തില്‍ അവരുടെ കര്‍തൃത്വം തെളിയിക്കുമ്പോള്‍ എങ്ങനെയാണ് അതിനെ 'ബ്രാഹ്മണിസം' എന്ന് മാത്രം വിലയിരുത്താന്‍ കഴിയുന്നത്? 'മുസ്ലീം' വിഭാഗത്തെ ഈ വ്യവഹാരത്തില്‍ നിന്നും പുറന്തള്ളാനാണ് ഈ രാഷ്ട്രീയം പറയുന്നത് എന്നാണു ഞാന്‍ വിചാരിക്കുന്നത്. മുസ്ലീങ്ങളെ പുറന്തള്ളിയ മനുഷ്യ സംഗമം എന്ന ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ പരിപാടിയിലെ പ്രസംഗത്തില്‍ 'മുസ്ലിം' എന്ന ഒരു വാക്ക് പോലും സണ്ണി എം. കപിക്കാട് ഉപയോഗിച്ചില്ല എന്നത് അദേഹത്തിന്റെ പുതിയ രാഷ്ട്രീയ സമീപനത്തെയാണോ വ്യക്തമാക്കുന്നത്?

ഈ ലേഖനത്തില്‍ അദ്ദേഹം പറയുന്നു, 'മോദി അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്കകത്ത് മോദിക്കെതിരെ, സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ, സമര്‍ഥമായ, സാര്‍ഥകമായ മുന്നേറ്റം നടന്നിട്ടുണ്ടെങ്കില്‍, രണ്ടേ രണ്ട് സമ്മര്‍ദ്ദങ്ങള്‍ മാത്രമാണ് അങ്ങനെയായി എനിക്ക് തോന്നുന്നത്.' അതിലൊന്ന് ഗുജറാത്തിലെ ഉനാ പ്രക്ഷോഭവും രണ്ടാമത്തേത് ഭീം ആര്‍മിയും ആണെന്ന് അദേഹം പറയുന്നു. മുസ്ലീങ്ങള്‍ ഉള്‍പ്പടെ മറ്റു വിഭാഗങ്ങള്‍ നടത്തുന്ന ദൈനംദിന പ്രതിരോധങ്ങളെയും പ്രക്ഷോഭങ്ങളെയും ഈ ഒറ്റ വാക്കിലൂടെ റദ്ദു ചെയ്യുന്നത് പേടിപ്പെടുത്തുന്നുണ്ട്.

ലേഖനത്തിലെ മനസിലാകാത്ത ഒരു ഭാഗം ഇതാണ്, 'പശുവിന്റെ മുകളില്‍ അവകാശമുന്നയിക്കുകയല്ല, മറിച്ച് പശുവിനെ തന്നെ ഉപേക്ഷിച്ച് കളയുന്ന ജിഗ്‌നേഷ് മേവാനിയൊക്കെയുയര്‍ത്തിയ രാഷ്ട്രീയത്തിലേക്കാണ് ഇന്ത്യ പ്രവേശിക്കേണ്ടത്.' ഉന പ്രക്ഷോഭം ഉന്നയിച്ചത് അതല്ലല്ലോ. ജാതിവ്യവസ്ഥയുടെ ഭാഗമായി അടിച്ചേല്‍പ്പിക്കപ്പെട്ട 'കുലത്തൊഴില്‍' ചെയയില്ല എന്നല്ലേ അവര്‍ പറഞ്ഞത്? പശുവിനെ ഉപേക്ഷിക്കല്‍ അല്ലല്ലോ അത്. സണ്ണി എം. കപിക്കടിന്റെ ഈ ലേഖനം കാര്യമായ നിരീക്ഷണങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നില്ല. മറിച്ച് മറ്റു കീഴാള വിഭാഗങ്ങളെ പുറന്തള്ളുന്നുമുണ്ട്. ഗോരാഷ്ട്രീയം, ഹിന്ദുത്വ എന്നതിനെ പ്രതിരോധിക്കാന്‍ കുറച്ചു കൂടി ആഴത്തിലുള്ള വിലയിരുത്തലുകളും വ്യത്യസ്ത കീഴാള വിഭാഗങ്ങളുടെ ഐക്യവും ആവശ്യമാണ് എന്നാണ് തോന്നുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories