TopTop

ഇതൊരു തീന്മേശ പ്രശ്നം കൂടിയാണ്; സണ്ണി എം കപീക്കാടിന് ഒരു മറുപടി

ഇതൊരു തീന്മേശ പ്രശ്നം കൂടിയാണ്; സണ്ണി എം കപീക്കാടിന് ഒരു മറുപടി
[കാലിച്ചന്തകളില്‍ നിന്ന് കന്നുകാലികളെ കശാപ്പിനായി നല്‍കാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം വന്‍ വിവാദമായി മാറിയിരിക്കുകയാണ്. കേന്ദ്ര ഉത്തരവിനെതിരെ ഉള്ള പ്രതിഷേധങ്ങളില്‍ കേരളമാണ് മുഖ്യസ്ഥാനത്ത്. ഇടതുപക്ഷ സംഘടനകളും കോണ്‍ഗ്രസിന്റെ യുവജന വിഭാഗവും കഴിഞ്ഞ ദിവസം പരസ്യ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണവും മറ്റൊരാള്‍ തീരുമാനിക്കുന്നത് ഫാസിസമാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ ബീഫ് ഫെസ്റ്റും കേരളത്തില്‍ നടന്നു. എന്നാല്‍ വിഷയം തീന്‍മേശയില്‍ ഒതുക്കേണ്ടതല്ലെന്നും അങ്ങനെ തോന്നുന്നത് കൊണ്ടാണ് ബീഫ് ഫെസ്റ്റ് പോലുള്ളവ നടത്തുന്നതെന്നും അതിന്റെ കാരണം ബ്രാഹ്മണിസത്തിനെതിരേ നില്‍ക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭയമാണെന്നും ആയിരുന്നു പ്രമുഖ ദളിത്‌ ചിന്തകനും എഴുത്തുകാരനുമായ
സണ്ണി എം കപീക്കാട്
പ്രതികരിച്ചത്‌ - ഇതൊരു തീന്‍മേശ പ്രശ്‌നമല്ല, ബ്രാഹ്മണിസത്തിനെതിരേ നില്‍ക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭയമാണ് അങ്ങനെയാക്കുന്നത്
അഴിമുഖത്തിൽ വന്ന ഈ ലേഖനത്തില്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് എഴുത്തുകാരിയും ഭാഷാശാസ്ത്ര വിദഗ്ദ്ധയുമായ മായ ലീലയുടെ മറുപടി.]

കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് ബീഫ് കഴിക്കുന്നതിന് എതിരേ അല്ലായെന്നും അതങ്ങനെയല്ല എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മനസ്സിലായിട്ടില്ല എന്നും തറപ്പിച്ച് പ്രഖ്യാപിക്കുന്നതാണ് സണ്ണി കപിക്കാടിന്റെ ലേഖനം. പ്രധാനമായും 'എനിക്ക്' മനസ്സിലായത് ഒരു ബഹുജനപാര്‍ട്ടിയിലെ ഒരാള്‍ക്ക് പോലും മനസ്സിലായിട്ടില്ല എന്ന രീതിയില്‍ ഒരു യുക്തിരാഹിത്യത്തിന്‍റെ വീക്ഷണമാണ് ലേഖനത്തിന്‍റെ മുഴുവന്‍ കാതല്‍ എന്നാണ്. അതുകൂടാതെ ലേഖനത്തില്‍ ഉന്നയിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം ലക്‌ഷ്യം വയ്ക്കുന്നത് അന്യമതസ്ഥരെ പോലുമല്ല, പകരം ബ്രാഹ്മണേതര ദളിതരെ ആണ് എന്ന സ്വത്വവാദ രാഷ്ട്രീയം കൂടിയാണ്. അങ്ങനെയുള്ള ഒരു വാദത്തില്‍ നിന്നാണ് ദളിതരുടെ കഷ്ടതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഈ നീക്കത്തിന് എതിരേ ബീഫ് ഫെസ്റ്റ് നടത്തിയാല്‍ എങ്ങനെയത് പ്രതിഷേധം ആകും എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത്.


ബ്രാഹ്മണ്യ അധികാരത്തെ ചോദ്യം ചെയ്യാന്‍ ഇന്ന ഇന്ന വഴികള്‍ മാത്രമേ ഉള്ളൂ ആരും തിട്ടപ്പെടുത്തിയിട്ടില്ല, എന്നാലോ ഫാഷിസത്തെ എതിര്‍ക്കാനുള്ള കൃത്യമായ രാഷ്ട്രീയം മാര്‍ക്സിസ്റ്റ്‌ ആശയത്തിനുണ്ട് താനും. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ആശയത്തില്‍ ഊന്നിയ ഒരു പ്രതിഷേധമായി മാത്രമേ ബീഫ് ഫെസ്റ്റുകളെ കാണാന്‍ കഴിയൂ. അല്ലായെന്ന് വാദിക്കുന്ന ലേഖനം അത് പറഞ്ഞു ഫലിപ്പിക്കാന്‍ പരാജയപ്പെട്ടിട്ടുണ്ട്. അറക്കാന്‍ പാടില്ലായെന്ന് ഉത്തരവ് വരുന്നത് കച്ചവടവും തീറ്റിയും നിര്‍ത്തിക്കാന്‍ കൂടിത്തന്നെയാണ്, അത് മാത്രമല്ല അവരുടെ ലക്ഷ്യമെങ്കില്‍ പോലും അവരുടെ ലക്ഷ്യങ്ങളില്‍ ഒന്നിനെയാണ് ബീഫ് ഫെസ്റ്റ് കൊണ്ട് എതിര്‍ക്കുന്നത്. അതായിരുന്നു ഏറ്റവും പെട്ടെന്ന് നടത്താന്‍ പറ്റുന്ന പ്രതിഷേധ മാര്‍ഗ്ഗവും കാരണവും.


ചെറുകിട കച്ചവടക്കാരുടെ വ്യാവസായിക നഷ്ടങ്ങളേയും മാര്‍ക്സിസ്റ്റ്‌ ആശയത്തില്‍ ഊന്നി പാര്‍ട്ടി ചെറുക്കേണ്ടതുണ്ട്, പക്ഷേ അത് കുറച്ചു കൂടി വലിയൊരു പദ്ധതിയുടെ ഭാഗമായി മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഒട്ടനവധി കന്നുകാലികളെ നടുറോഡില്‍ ഇട്ട് അറുത്തു കൊണ്ടോ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി സകല കന്നുകാലികളുടെയും കച്ചവടം ഏറ്റെടുത്തു കൊണ്ടോ ഇതിനെതിരേ പ്രതിഷേധിക്കാന്‍ ഇരുട്ടി വെളുക്കുമ്പോള്‍ കഴിയുകയില്ല. അനീതി ഉണ്ടായ അടുത്ത പകലില്‍ നാട് കത്തി ചാമ്പല്‍ ആയില്ലെങ്കിലും അതിനെതിരേ നടന്ന ഈ പ്രതിഷേധം ശക്തമായ സന്ദേശമാണ് കേന്ദ്രത്തിനും കേരളത്തില്‍ ഉണര്‍ന്ന വിഷങ്ങള്‍ക്കും കൊടുത്തത്. അതങ്ങനെ വേണമായിരുന്നു, അതങ്ങനേയും വേണമായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്ന് തന്നെ നിയമപരമായി ഇതിനെതിരെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെ അല്ല എതിര്‍ക്കേണ്ടത് എന്ന് പറയുന്ന ലേഖനം മതപരിവര്‍ത്തനവും മറ്റുമാണ് ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പ്രാപ്തിയുള്ള പ്രതിഷേധം എന്ന് പറയുന്നത് രാഷ്ട്രീയ അടിസ്ഥാനമില്ലാത്ത വാദമാണ്, സ്വത്വവാദങ്ങളില്‍ കിടന്നു തിരിയുകയാണ് അവര്‍.


മതപരിവര്‍ത്തനം സാമൂഹ്യ മുന്നേറ്റം ആകുമോ?
അറവിനെ തടയുന്നതിനെതിരെ അറുത്ത് വേവിച്ചതിനെ തിന്നല്ല പ്രതിഷേധിക്കേണ്ടത്, അങ്ങനെ ചെയ്യുന്നത് ബ്രാഹ്മണിസത്തെ നേരിടാന്‍ പ്രാപ്തമായ ഒന്നല്ല എന്ന് പറയുന്ന ലേഖനം, ദളിതര്‍ മതം മാറുന്നതിനെ ഉദ്ഘോഷിക്കുന്നുണ്ട്. മതവും ജാതിയും ശ്രേണികളും അടിച്ചേല്‍പ്പിക്കപ്പെട്ട ഐഡന്റിറ്റികളാണ്, താഴെക്കിടയില്‍ ഉള്ളവര്‍ക്ക്. അവര്‍ ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേയ്ക്ക് മാറിയാല്‍ അധ:കൃതന്‍ എന്ന ചാര്‍ത്തിത്തന്നിട്ടുള്ള ഐഡന്റിറ്റി മാറുന്നുണ്ടോ? ഹിന്ദുവായ ദളിതന്‍ ബുദ്ധനായ ദളിതനായി തുടരുന്നതല്ലാതെ എന്ത് സാമൂഹ്യ മാറ്റമാണ്‌ പൊതുസമൂഹത്തില്‍ അതുണ്ടാകുന്നത്? ഇക്കണ്ട കാലമായിട്ടും മതം മാറി ഇസ്ലാമായ ദളിതരും ക്രിസ്ത്യാനികള്‍ ആയ ദളിതരും സാമൂഹ്യ സാമ്പത്തിക അവസ്ഥയില്‍ എന്ത് മുന്നേറ്റം ആണ് അനുഭവിക്കുന്നത്?
ഞാന്‍ ദളിതയാണ് എന്ന് പറഞ്ഞല്ല ദളിതരുണ്ടായത്, നീ ദളിതാണ് മറഞ്ഞു നില്‍ക്കൂ എന്നടിച്ചേല്‍പ്പിച്ച സമൂഹത്തില്‍ ഞാനിപ്പോ ഹിന്ദുവല്ല ബുദ്ധമതക്കാരിയാണ് എന്ന് പറഞ്ഞാല്‍ എനിക്കവര്‍ ചാര്‍ത്തി തന്ന ഐഡന്റിറ്റി മാറുന്നുണ്ടോ? തീന്മേശയില്‍ നിന്ന് മാറി മുഖാമുഖം നിന്ന് ബ്രാഹ്മണ്യവരേണ്യതയെ എതിര്‍ക്കൂ എന്ന് പറയുന്നതുപോലെ, ജാതിയുടേയും മതത്തിന്‍റെയും ഐഡന്റിറ്റികള്‍ കളഞ്ഞ് ആ കൂട്ടത്തില്‍ നിന്ന് വെളിയില്‍ വന്നുകൊണ്ട്‌ വരേണ്യതയെ എതിര്‍ക്കാന്‍ പറയാത്ത ലേഖനം വിടവുകള്‍ ശേഷിപ്പിക്കുന്നുണ്ട്. ദളിതരുടെ മതം മാറ്റിയല്ല സാമൂഹ്യമുന്നേറ്റം നടക്കുക, തിരിച്ചടിക്കാന്‍ ഘര്‍ വാപ്പസി പോലുള്ള ആയുധങ്ങള്‍ സംഘപരിവാറിനു കൊടുക്കാം എന്നല്ലാതെ, മയങ്ങി കിടക്കുന്ന ഹിന്ദുവിനെ നോക്കൂ മതപരിവര്‍ത്തനം, എന്ന് പേടിപ്പിച്ച് ഉണര്‍ത്താം എന്നല്ലാതെ ഇത്തരം മതപരിവര്‍ത്തനം ഒരു ദളിത്‌ വിപ്ലവമായി കണക്കാക്കാന്‍ കഴിയില്ല. 


അങ്ങനെ സോഷ്യല്‍ സ്റ്റാറ്റസില്‍ മാറ്റം വരുത്താന്‍ ആണീ പരിവര്‍ത്തനം എങ്കില്‍ ദളിതരൊക്കെ നാളെ പൂണൂലിട്ട് ബ്രാഹ്മണര്‍ ആകട്ടെ എന്ന് ചോദിക്കാമല്ലോ. 'താഴ്ന്ന' ജാതി ആരും സ്വയം തിരഞ്ഞെടുക്കുന്നില്ല എന്നിരിക്കേ 'ഉയര്‍ന്ന' ജാതി ആര്‍ക്കും തിരഞ്ഞെടുക്കാന്‍ അവകാശമില്ല എന്നിരിക്കേ ആദ്യം ആ രീതിയല്ലേ മാറേണ്ടത്? അതിനെന്താണ് വിഷമം? സാങ്കേതിക തടസ്സങ്ങള്‍ ആണെന്ന് പറഞ്ഞാല്‍, അതിനു മതത്തില്‍ നിയമങ്ങളില്ല എന്ന് പറഞ്ഞാല്‍; നിങ്ങള്‍ മതങ്ങളുടേയും ജാതികളുടെയും കെട്ടുകഥകള്‍ ആയ സാങ്കേതികതകളും നിയമങ്ങളും ഉള്‍ക്കൊണ്ടു കൊണ്ടാണോ ഒരു ജാതിയുടെ ഉന്നമനത്തിനായി വര്‍ത്തിക്കാന്‍ പോകുന്നത് എന്നു ചോദിക്കേണ്ടി വരും! അവരുണ്ടാക്കിയ നിയമങ്ങള്‍ അനുസരിച്ച്, ശരി ഞങ്ങള്‍ പോയേക്കാം എന്ന് പറഞ്ഞു വിടവാങ്ങുന്നതാണോ വിപ്ലവം? നിയമങ്ങള്‍ അവരുണ്ടാക്കിയതാണ്, സവര്‍ണ്ണത അവര്‍ സ്വയം അണിയുകയും അവര്‍ണ്ണത എടുത്ത് അണിയിക്കുകയും ചെയ്തതിനെ  തിരുത്തി എഴുതിയാലും വിപ്ലവമാണല്ലോ, ആകണമല്ലോ.


നിങ്ങളുടെ നിയമങ്ങളില്‍ മുന്നോട്ടു പോകുകയില്ല, പുതിയ നിയമങ്ങള്‍ എഴുതി ചേര്‍ത്തുകൊണ്ട് പുതിയ സമൂഹം കെട്ടിപ്പടുക്കുന്നത് അല്ലേ വിപ്ലവം? പുരോഗമനം? രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റം? എന്തിനാണ് പരിവര്‍ത്തനം എന്നല്ല ഇവിടെ ചോദ്യം, പരിവര്‍ത്തനം കൊണ്ട് ദളിതെന്ന ഐഡന്റിറ്റിക്ക് എന്ത് സാമൂഹ്യ മാറ്റമാണ് എന്നാണു ചോദ്യം. അത് മാറാന്‍ മറ്റൊരു മതമോ ഹിന്ദു മതമോ തന്നെ പരാജയപ്പെട്ടിരിക്കുകയാണ്. മതമെന്ന അധികാര രൂപത്തില്‍ നിന്നുകൊണ്ട് വരുത്താന്‍ കഴിയാത്ത സാമൂഹ്യ മാറ്റം മാര്‍ക്സിസ്റ്റ്‌ ആശയം മുന്നോട്ടു വയ്ക്കുന്നത് അവിടെയാണ്. അടിച്ചമര്‍ത്തലിന്റെ അധികാര ഹെഗമണി രൂപങ്ങളുടെ ഇല്ലായ്മയിലൂടെ തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിലൂന്നിയ സംഘടിത പ്രവര്‍ത്തനത്തില്‍ ആണ് സമൂഹത്തിലെ അസന്തുലിതാവസ്ഥ മാറുന്നത്. സ്വത്വവാദ രാഷ്ട്രീയത്തിന് ദീര്‍ഘദൂര മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ല. ഹിന്ദുമതം ഉപേക്ഷിച്ചു ജീവിക്കുന്ന ദളിതനും ഹിന്ദു മതത്തില്‍ ഉള്ള ദളിതനും ഒരേ അടിച്ചമര്‍ത്തല്‍ ആണ് ഇന്നും അനുഭവിക്കുന്നത്, ആക്രമിക്കപ്പെടുന്നതും അരികുവത്കരിക്കപ്പെട്ടിരിക്കുന്നതും. അത്രയും യാഥാര്‍ത്ഥ്യം മുന്നിലുള്ള ഇന്ത്യയില്‍ ഇനിയും മതപരിവര്‍ത്തനമാണ് പ്രതിഷേധം എന്ന് വാദിക്കുന്നത് അന്ധത അഭിനയിക്കലാണ് (വ്യക്തിഗത മതപരിവര്‍ത്തനം എന്നതിനെയല്ല, സമൂഹ്യ മുന്നേറ്റം എന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന പരിവര്‍ത്തനങ്ങളെ ആണ് ഇവിടെ പ്രതിപാദിക്കുന്നത് എന്നോര്‍മ്മിപ്പിക്കുന്നു)


ബ്രാഹ്മണ്യം എന്ന പരിചിതമുഖത്തിന്‌ പിന്നിലെ ഫാഷിസമെന്ന ദുരന്തമുഖവും മുതലാളിത്തത്തിന്‍റെ ഇരട്ടമുഖവും.
ഇന്ത്യയില്‍ ബ്രാഹ്മണ്യത്തിന്‍റെ മുഖമാണ് ഫാഷിസത്തിന് എന്നാണ് ലേഖനം പറയുന്നത്, അതങ്ങനെ പറഞ്ഞുറപ്പിക്കാനും നാസിസം, ഫാഷിസം എന്ന പദങ്ങള്‍ ഉപയോഗിച്ച് ദുരൂഹത വരുത്തേണ്ടതില്ല എന്നും. അതിനും കുഴപ്പമുണ്ട്, ലേഖനത്തില്‍ തന്നെ പറയുന്നത് പോലെ ബ്രാഹ്മണ്യം എന്ന പദം ഇന്ത്യന്‍ സമൂഹത്തില്‍ ഇഴ ചേര്‍ന്ന് സാധാരണമായ ഒന്നായിരിക്കുമ്പോള്‍ അതേ പദം ഉപയോഗിച്ച് അതിനെ എതിര്‍ക്കാന്‍ പറയുന്നത് ഫലം കാണാതെ പോവുകയില്ലേ? നാസിസവും ഫാഷിസവും ആണ് ബ്രാഹ്മണ്യ സവര്‍ണ്ണത, അതിനെ എതിര്‍ക്കണം എന്ന് പറയുന്നതല്ലേ കൂടുതല്‍ ഫലം കാണുന്നത്? സര്‍വ്വ സമ്മതമായ ബ്രാഹ്മണ അധികാരം ഫാഷിസമാണ്, നാസിസമാണ് എന്ന് തിരുത്തണം എന്നു തന്നെയാണ് വേണ്ടത്, കാരണം അത് വിതച്ച നാശനഷ്ടങ്ങളുടെ ഉദാഹരണം ലോക ചരിത്രത്തിലുണ്ട്. ഇന്ത്യന്‍ ചരിത്രത്തില്‍ ഉള്ള നാശനഷ്ടങ്ങള്‍ അതിനു സമാനമാണ് എന്ന് എടുത്ത് പറയേണ്ടതുണ്ട്, കാരണം ഈ സമൂഹം ഇതേ നാശനഷ്ടങ്ങള്‍ സാധാരമായി ഉള്‍ക്കൊണ്ടു കഴിഞ്ഞതാണ്. അതിനെ മുഖാമുഖം എതിര്‍ക്കാന്‍ ഇന്ത്യയെന്ന സമൂഹത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല, അതുകൊണ്ട് തന്നെയുള്ള പിഴവുകള്‍ ആണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വന്നേക്കാവുന്ന കുറവുകളും.


ഇതര മതസ്ഥരോട് ബ്രാഹ്മണ്യത്തിനു ഹിംസയില്ല എന്നെങ്ങനെയാണ് ലേഖകന് പറയാന്‍ സാധിക്കുന്നത്! ഇസ്ലാം ആയതിന്‍റെ പേരില്‍ മാത്രം അപരത്വം സൃഷ്ടിച്ച് ഹിംസ അഴിച്ചു വിടുന്ന സംഘപരിവാരത്തിന്റെ ഹിംസയെ പറ്റി തന്നെയാണോ ലേഖനം സംസാരിക്കുന്നത് എന്ന് തോന്നിപ്പോകുന്നുണ്ട്. സ്വന്തം തട്ടകത്തിലെ ഇതരമനുഷ്യരെ മാത്രമേ ബ്രാഹ്മണ മൂല്യബോധം ഹിംസിക്കുകയുള്ളൂ എന്നെല്ലാം പറയുന്നത് എന്ത് രാഷ്ട്രീയമാണ്! താന്‍ ഒരു വിഭാഗത്തിലെ അംഗമാണ്, ആ വിഭാഗത്തിന് മാത്രമാണ് ഭീഷണി എന്ന് യാതൊരു യുക്തിയും ഇല്ലാതെ വാശിപിടിക്കുന്നൊരു സ്വത്വവാദ രാഷ്ട്രീയമല്ലാതെ മറ്റെന്താണിത്? ഇതുകൊണ്ട് എങ്ങനെയാണ് സവര്‍ണ്ണ ബ്രാഹ്മണ ഫാഷിസത്തെ എതിര്‍ക്കാന്‍ ചെല്ലുന്നത്! മലപ്പുറത്തുള്ള ഒരു ഇസ്ലാം അറവുകാരന്‍ ഇതേ വാദം ഉപയോഗിച്ചാല്‍ അയാള്‍ക്ക് നേരിടുന്ന ഭീഷണിയെ എവിടെക്കൊണ്ട് കെട്ടണം? അവര്‍ ലക്ഷ്യമിടുന്നത് ഹിന്ദുവായി നില്‍ക്കുന്ന ദളിതരെ മാത്രമാണ്, എന്നെയീ സര്‍ക്കുലര്‍ ബാധിക്കുകയില്ല എന്ന് അയാള്‍ കരുതുന്നത് കൊണ്ട് നിയമം അയാളെ പരിരക്ഷിക്കുമോ, ഇല്ല. അതിനും മീതെ ബുദ്ധമതം സ്വീകരിച്ച ഒരു ദളിതന് ഇത് തന്നെ ബാധിക്കുകയില്ല എന്ന് വാദിച്ച് തുകല്‍ കച്ചവടം തുടരാന്‍ സാധിക്കുമോ!


പശുവിനെ അറക്കാന്‍ പാടില്ലായെന്ന് സംഘപരിവാര്‍ പറയുമ്പോള്‍ പശുവിനെ ഉപേക്ഷിക്കുന്നത് എങ്ങനെയാണ് പ്രതിഷേധ രാഷ്ട്രീയം ആകുന്നത്? അറക്കരുത് എന്ന് പറയുന്ന സര്‍ക്കുലര്‍ ലക്‌ഷ്യം വയ്ക്കുന്ന ഒന്ന് അതിന്‍റെ ഭക്ഷ്യ മൂല്യമാണ്. അപ്പോഴതിനെ നിരാകരിച്ചുകൊണ്ട്‌, ഭക്ഷിച്ചുകൊണ്ട് തന്നെയല്ലേ പ്രതിഷേധിക്കേണ്ടത്. അല്ലാതെ പശുവിനെ ഉപേക്ഷിക്കുന്നത് വന്‍കിട വ്യവസായിയേയും ബ്രാഹ്മണന്റെ കുത്സിത താത്പര്യങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുക.
തുകല്‍ വില്‍പ്പനയും മാംസ വില്‍പ്പനയും നടത്തുന്ന ചെറുകിട കച്ചവടക്കാരുടെ നിലനില്‍പ്പിന് കൂടി ഭീഷണിയായ ഈ നിയമത്തെ തൊഴിലാളി വര്‍ഗ്ഗ സംഘടനയ്ക്കും ആശയത്തിനും അല്ലാതെ മറ്റെന്തിനാണ് എതിര്‍ക്കാന്‍ കഴിയുന്നത്. അത് കാണാതെ പോകുന്നില്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; എല്ലാക്കാലത്തും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത് ഇവിടെയുള്ള തൊഴിലാളി വര്‍ഗ്ഗ സംഘടനകള്‍ തന്നെയാണ്, പോരാട്ടങ്ങള്‍ തുടരുന്നതും വര്‍ഗ്ഗ ബോധത്തില്‍ അധിഷ്ടിതമായ സംഘടനകള്‍ ആണ്. ഫാഷിസം പല്ലക്കിലേറ്റി കൊണ്ടുവരുന്ന മുതലാളിത്തത്തിനുള്ള ഇളവുകളെ പൊതുസമൂഹത്തിനു മുന്‍പില്‍ തുറന്നു കാണിക്കാന്‍ ഈ ആശയത്തിനാണ് കഴിയുക. ദളിതരുടെ തൊഴില്‍ ആശങ്കകള്‍ പങ്കുവയ്ക്കുന്ന ലേഖനം ഒരിടത്ത് പോലും മുതലാളിത്തമെന്നോ കോര്‍പ്പറേറ്റുകള്‍ എന്നോ ഉപയോഗിക്കാത്തത് കൌതുകകരമാണ്!


സംഘപരിവാരത്തെ എതിര്‍ക്കാന്‍ സംഘടിതമായ ഒരു പ്രതിപക്ഷമില്ല രാഷ്ട്ര തലത്തില്‍ എന്നത് ശരിയാണ്. അതുകൊണ്ട് ചിതറി തെറിച്ച പ്രതിഷേധങ്ങള്‍ പോലും വേണ്ടായെന്നു വെയ്ക്കാന്‍ കഴിയില്ലല്ലോ. ചിതറി തെറിച്ചത്‌ എന്ന് പറയുന്നത് ഭൂമിശാസ്ത്രമായാണ്, ആശയവും രാഷ്ട്രീയവും ലക്ഷ്യബോധവും വളരെ കൃത്യമായുള്ള പ്രതിഷേധമാണ് ബീഫ് ഫെസ്റ്റുകള്‍.

ബീഫ് കഴിക്കാന്‍ മുട്ടിയിട്ടു കൊതി മൂത്ത് ആശങ്കപ്പെടുന്ന ദളിതേതര കൂട്ടങ്ങള്‍ ആണ് ബീഫ് ഫെസ്റ്റ് നടത്തിയതെന്ന് കരുതിയാണീ ലേഖനം എഴുതിയതെന്ന് തോന്നുന്നു. അങ്ങനെയല്ലല്ലോ, കടന്നുകയറ്റത്തെ ചെറുക്കാന്‍ ഉള്ള പ്രതിഷേധ രൂപമായിരുന്നു ബീഫ് ഫെസ്റ്റ്. അതിനെതിരെ സംഘികള്‍ പോര്‍ക്ക്‌ ഫെസ്റ്റ് നടത്തുന്നത് അവര്‍ക്ക് അഞ്ചു പൈസയ്ക്ക് യുക്തിയില്ലാത്തത് കൊണ്ടാണ്. പോര്‍ക്കിനെതിരെ യാതൊരു സര്‍ക്കുലറും ഇല്ല, എന്തിന് ഈ സര്‍ക്കുലറിലെ നാല്‍ക്കാലികളില്‍ പോലും പന്നിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ബ്രാഹ്മണന്‍ അമ്മയായി കാണുന്ന പശുവിനെ കണ്ടവരൊക്കെ തിന്നുകയും ഒട്ടനവധി ചെറുകിട അബ്രാഹ്മണര്‍ അറുത്ത് വില്‍ക്കുകയും വിശപ്പടക്കുകയും ലാഭം കൊയ്യുകയും ചെയ്യുന്ന നിലവിലെ വ്യവസ്ഥിതി പാടെ എടുത്തു കളയുകയാണ് ഈ സര്‍ക്കുലര്‍ ചെയ്യുക.


സംഘിയുടെ പ്രിയപ്പെട്ട സവര്‍ണ്ണ വികാരവും മുതലാളിത്ത കച്ചവട വികാരവും പൂണ്ടടക്കം സംരക്ഷിക്കുന്ന ബൃഹത്തായ പദ്ധതി. ഇതിനെതിരേ പ്രതിഷേധങ്ങള്‍ എങ്ങനെ ഉയര്‍ന്നാലും അതിനെയൊക്കെ വരവേല്‍ക്കുകയാണ് വേണ്ടത്. വിഘടിച്ചു നിന്നുകൊണ്ട് ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്, ഞങ്ങള്‍ക്ക് മാത്രമേ ഇതിലെ രാഷ്ട്രീയം മനസ്സിലാകൂ എന്നൊക്കെ വാശിപിടിച്ചു നിന്നാല്‍ അടുക്കളയിലും കിടപ്പറയിലും എത്തി നില്‍ക്കുന്ന പൂണൂലിട്ട കാവി ഫാഷിസം ശ്വാസം മുട്ടിക്കാന്‍ തുടങ്ങിക്കഴിയും. സ്വത്വവാദ രാഷ്ട്രീയവും മാര്‍ക്സിസ്റ്റ്‌ രാഷ്ട്രീയവും തമ്മില്‍ തല്ലുന്നതും ഫലത്തില്‍ ലാഭമുണ്ടാക്കുന്നതും ഫാഷിസ്റ്റ്‌ ബ്രാഹ്മണ അധികാരത്തിനാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories