Top

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം
ഒരു യാത്രികനെ സംബന്ധിച്ചടത്തോളം എന്തും ഏതും യാത്രകള്‍ തന്നെയാണ്. യാത്രകളില്‍ ഭ്രാന്തമായ സ്വപ്‌നങ്ങള്‍ കൂടി കലര്‍ത്തിയുള്ള സഞ്ചാരങ്ങള്‍ യഥാര്‍ത്ഥ്യമാകുവാന്‍ അവസരങ്ങള്‍ ലഭിച്ചാല്‍ ഒരു യാത്രികനും അത് നഷ്ടപ്പെടുത്തില്ല. അതുകൊണ്ട് തന്നെയായിരിക്കണം അഭിലാഷ് ടോമി എന്ന മലയാളി നാവികന്‍ ചെറിയ ഒരു പായ് വഞ്ചിയില്‍ സമുദ്രത്തിലൂടെ ഭൂമി ഒന്ന് ചുറ്റിവരാന്‍ പുറപ്പെട്ടത്. ഇന്ത്യന്‍ നേവിയുടെ കമാന്‍ഡര്‍, 'ഗോള്‍ഡന്‍ ഗ്ലോബ് റേസി'ലെ ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള മത്സരാര്‍ത്ഥി എന്നൊക്കെയുള്ളത് മാറ്റി നിര്‍ത്തി, യാത്രാപ്രേമികളെ സംബന്ധിച്ച് അഭിലാഷ് ടോമി തികഞ്ഞ ഒരു യാത്രികന്‍ മാത്രമാണ്. അഭിലാഷ് ആ മത്സരത്തില്‍ ജയിച്ചാലും അവര്‍ക്ക് ഒന്നുമില്ല, തോറ്റാലും ഒന്നുമില്ല. അവര്‍ നോക്കുന്നത് അഭിലാഷിന്റെ യാത്രകള്‍ മാത്രമാണ്. ഒരുപക്ഷെ അഭിലാഷും യാത്രകള്‍ മാത്രമായിരിക്കും ലക്ഷ്യം വച്ചിരിക്കുക. വിജയത്തിനോ ഒന്നാം സ്ഥാനത്തിനോ ഒന്നും അദ്ദേഹം പ്രാധാന്യം അത്ര കൊടുത്തുകാണില്ല.

'ഗോള്‍ഡന്‍ ഗ്ലോബ് റേസ്'

അരനൂറ്റാണ്ട് മുമ്പത്തെ സമുദ്ര യാത്രാ സങ്കേതങ്ങളും സമ്പ്രദായങ്ങളും ഉപയോഗിച്ചാണ് 39-കാരനായ അഭിലാഷ്, തുരീയ എന്ന തന്റെ ചെറിയ പായ് വഞ്ചിയുമായി ഇറങ്ങിയത്. അതാണ് 'ഗോള്‍ഡന്‍ ഗ്ലോബ് റേസി'ലെ നിയമങ്ങളും. 2018 ജൂലൈയില്‍ ഫ്രാന്‍സിലെ 'ലെ സാബ്ലെ ദെലോന്‍' തുറമുഖത്തുനിന്നാണ് അഭിലാഷ് യാത്ര ആരംഭിച്ചത്. പരമ്പരാഗത രീതികള്‍ മാത്രം ഉപയോഗിച്ച് പായ്‌വഞ്ചിയില്‍ ഒരിടത്തും നിര്‍ത്താതെ ലോകം ചുറ്റി 'ലെ സാബ്ലെ ദെലോനി'ല്‍ തന്നെ തിരിച്ചെത്തുകയെന്നതാണ് 'ഗോള്‍ഡന്‍ ഗ്ലോബ് റേസ്'. മാത്രമല്ല യാത്ര സോളോ സെയിലിംഗ് (ഒറ്റയ്ക്കുള്ള സമുദ്ര സഞ്ചാരം) ആയിരിക്കും, പുറംലോകവുമായി നേരിട്ട് ആശയവിനിമയം പാടില്ലെന്നതും നിയമത്തില്‍പ്പെടുന്നു. അതിവേഗത്തില്‍ സഞ്ചരിച്ച് തിരിച്ച് എത്തുന്നവരാണ് വിജയിയാകുന്നത്. 1968-ല്‍ ബ്രട്ടീഷുകാരനായ സര്‍ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണ്‍ 312 ദിവസം എടുത്ത് ലോകം ചുറ്റിയ പാതയിലൂടെ തന്നെയാണ് അഭിലാഷും സഞ്ചരിച്ചുകൊണ്ടിരുന്നത്. സര്‍ റോബിന്‍ നടത്തിയ യാത്രയുടെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് ഇത്തവണ ഈ യാത്ര നടത്തുന്നത്.

തുരീയ311 ദിവസം കൊണ്ട് ലോകം ചുറ്റിവരാനായിരുന്നു അഭിലാഷിന്റെ പദ്ധതി. കൃത്യമായ പാതയിലൂടെ സഞ്ചരിക്കുയാണെങ്കില്‍ ഏകദേശം 26000 നോട്ടിക്കല്‍ മൈല്‍ (ഒരു നോട്ടിക്കല്‍ മൈല്‍ എന്നത് 1.852 കി.മീ ആണ്) സഞ്ചരിക്കേണ്ടതായിട്ടുണ്ട്. സര്‍ റോബിന്‍ സഞ്ചരിച്ചിരുന്ന സുഹൈലി മാതൃകയില്‍ തന്നെയുള്ള പായ് വഞ്ചിയാണ് അഭിലാഷും തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നുള്ള മരങ്ങള്‍ ഉപയോഗിച്ച് ഗോവയിലെ അക്വാറിസ് ഷിപ്പ്യാര്‍ഡിലാണ് വഞ്ചി നിര്‍മ്മിച്ചത്. വഞ്ചിക്കുള്ള പായകള്‍ വിദേശത്ത് നിന്നും എത്തിച്ചു. തുരീയ എന്നാണ് അഭിലാഷ് ഈ പായ് വഞ്ചിക്ക് പേരിട്ടിരിക്കുന്നത്. ജാഗ്രത, സ്വപ്നം, സുഷുപ്തി എന്നിവ കഴിഞ്ഞുള്ള നാലാമത്തെ അവസ്ഥയാണ് തുരീയ. താപസന്മാരുടെ ബോധതലത്തില്‍ (ഞാനെന്ന ഭാവം ഉപേക്ഷിക്കപ്പെട്ട് സമ്പൂര്‍ണ സമത കൈവരുന്ന) എത്തുന്ന അവസ്ഥയാണ് തുരീയ. ഈ പായ് വഞ്ചിയില്‍ സഞ്ചാരത്തിനായി ഭൂപടവും വടക്കുനോക്കി യന്ത്രവും മാത്രമാണുള്ളത്. ദിശ തീരുമാനിക്കാന്‍ നക്ഷത്രങ്ങളെ ആശ്രയിക്കേണ്ടിയും വരും. കാറ്റാണ് പായ് വഞ്ചിയുടെ ഊര്‍ജ്ജം. 32 അടി നീളവും പതിനൊന്നരടി വീതിയുമുള്ള തുരീയയ്ക്ക് 8500 കിലോഗ്രാം ഭാരവുമുണ്ട്.

മൂന്ന് പായ്കളില്‍ എത്തുന്ന കാറ്റാണ് തുരീയെ മുന്നോട്ട് നയിക്കുന്നത്. മെയ്ന്‍ മാസ്റ്റ് എന്ന പ്രധാന പായ്മരം, അതിനൊപ്പമുള്ള സ്റ്റേ സെയ്ല്‍ എന്ന മുന്നിലെ പായ. മിസൈന്‍ മാസ്റ്റ് എന്ന പിന്നിലെ പായ് മരം. ഇതുകൊണ്ടാണ് വഞ്ചിയുടെ വേഗതയും ദിശയും നിയന്ത്രിക്കുന്നത്. പായ് വഞ്ചിക്കുള്ളില്‍ രണ്ടു ചെറിയ മുറിപോലെയുള്ള ഭാഗങ്ങളും 250 ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കുമുണ്ട്. വളരെ അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാറ്റലൈറ്റ് ഫോണും ഒരു ഡീസല്‍ എഞ്ചിനുമുണ്ട്. കൂടാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നാലുള്ള ഘട്ടങ്ങളില്‍ ടെക്‌സ്റ്റ് മെസേജ് അയ്ക്കുവാന്‍ വൈബിത്രീ ടെക്‌സ്റ്റിങ്ങ് യൂണിറ്റുമുണ്ട്. എന്നാല്‍ ഇതെല്ലാം ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രമാണ് 'ഗോള്‍ഡന്‍ ഗ്ലോബ് റേസ്' നിയമത്തിലുള്ളത്. ദീര്‍ഘനാളത്തേക്ക് തയ്യാര്‍ ചെയ്ത കേടാകാത്ത ഭക്ഷണങ്ങളും 250 ലിറ്റര്‍ ശുദ്ധജലവും അത്യാവശ്യ മരുന്നുകളും മറ്റുമായിട്ടാണ് അഭിലാഷ് യാത്ര ആരംഭിച്ചത്. എണ്‍പത്തിയഞ്ചു ദിവസമായിട്ടുളള യാത്രയ്ക്കിടയില്‍ പായ് വഞ്ചിക്കുണ്ടായ തകരാര്‍ അഭിലാഷ് തന്നെ പരിഹരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയോട് ചേര്‍ന്നുള്ള കേപ് ഓഫ് ഗുഡ് ഹോപ് ഭാഗങ്ങള്‍ കടന്ന് ഇതുവരെ 19400 കി.മീറ്ററോളം ദൂരം അഭിലാഷ് ടോമി പിന്നിട്ടതിന് ശേഷമാണ് അപകടത്തില്‍ പെടുന്നത്.

20/09/2018 ല്‍ അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്' അധികൃതരുമായി സാറ്റ്‌ലൈറ്റ് ഫോണില്‍ സംസാരിച്ചതിന്റെ ഓഡിയോഅടി തെറ്റിച്ച തിരമാലകള്‍

വെള്ളിയാഴ്ചയാണ് (21-09-2018) തുരീയ അപകടത്തില്‍പ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കന്യാകുമാരിയില്‍ നിന്ന് 2700 നോട്ടിക്കല്‍ മൈലും ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1900 നോട്ടിക്കല്‍ മൈലും അകലത്തിലാണ് അഭിലാഷ് അപകടത്തില്‍പ്പെട്ട പ്രദേശം. കനത്തമഴയിലും കൊടുങ്കാറ്റിലും അഭിലാഷിന്റെ പായ് വഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. 110 കി.മീ വേഗതയില്‍ കാറ്റ് ആഞ്ഞടിച്ചപ്പോള്‍ തിരമാലകള്‍ 10 മുതല്‍ 12 വരെ അടിയാണ് ഉയര്‍ന്നത്. വഞ്ചി സഞ്ചരിക്കുന്ന സമുദ്രത്തിലെ ഭാഗത്തിന്റെ ആഴം നാലു മുതല്‍ അഞ്ച് കി.മീ വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴകൂടി എത്തിയത്തോടെ പൂര്‍ണമായും ദുരിതത്തിലായി. വഞ്ചിയുടെ പിന്നിലെ പായ് മരം മിസൈന്‍ മാസ്റ്റ് ഒടിഞ്ഞ് അഭിലഷിന്റെ ദേഹത്ത് വീഴുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തി. അതല്ല നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടില്‍ വീണ് അഭിലാഷിന് പരിക്ക് ഏല്‍ക്കുകയായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നടുവിന് സാരമായ പരുക്കേറ്റുവെന്നും അനങ്ങാന്‍ സാധിക്കുന്നില്ലെന്നും സ്ട്രക്ച്ചര്‍ വേണമെന്നും സാറ്റലൈറ്റ് ഫോണ്‍ എടുക്കാന്‍ സാധിക്കുന്നില്ലെന്നും അഭിലാഷ് മത്സര അധികൃതരെ അറിയിച്ചിരുന്നു. മറ്റൊരു മത്സാര്‍ഥി അയര്‍ലന്‍ഡ് നാവികന്‍ ഗ്രിഗര്‍ മക്ഗുകിന്റെ വഞ്ചിയുടെ പായ് മരവും തകര്‍ന്ന് അപകടത്തില്‍പ്പെട്ടിരുന്നുവെങ്കിലും പരുക്കുകളില്ല. ഹോളണ്ട് സ്വദേശി മാര്‍ക്ക് സ്ലേറ്റ്‌സിന്റെ വഞ്ചിയും അപകടത്തില്‍പ്പെട്ടിരുന്നുവെങ്കിലും രക്ഷപ്പെട്ടു. ഇവരോടും മറ്റ് മത്സരാര്‍ഥികളോടും അഭിലാഷിന്റെ സഹായത്തിനായി എത്താന്‍ 'ഗോള്‍ഡന്‍ ഗ്ലോബ് റേസ്' അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡീസല്‍ എഞ്ചിന്‍ പ്രവര്‍ത്തിച്ച് അഭിലാഷിന്റെ അടുത്ത് എത്താനുള്ള ശ്രമത്തിലാണ് ഗ്രിഗര്‍. നിലവില്‍ അഭിലാഷിന്റെ ഏറ്റവും അടുത്തുള്ളത് ഗ്രിഗറാണ്.

പരമ്പരാഗത സങ്കേതങ്ങള്‍ മാത്രം ഉപയോഗിച്ചിരുന്നതിനാല്‍ സമുദ്ര പാതയില്‍ അപകടകരമായ തിരമാലകളും കൊടുങ്കാറ്റുമുണ്ടാകുമെന്നുള്ളതും ഇവര്‍ അറിഞ്ഞിരുന്നില്ല. ഈ വിവരം സംഘാടകര്‍ അഭിലാഷിനെയും മറ്റുള്ളവരെയും അറിയിച്ചിരുന്നുവെങ്കിലും വൈകിപ്പോയിരുന്നു. സഞ്ചാര ദിശ മാറ്റി പോകുവാനുള്ള സമയം കിട്ടാത്തതിനാല്‍ വഞ്ചി അപകടത്തില്‍പ്പെടുകയും ചെയ്തു. ഇപ്പോള്‍ തുരീയ നിയന്ത്രണം നഷ്ടപ്പെട്ട് തിരകളില്‍ ചാഞ്ചാടി ഒഴുകുകയാണ്. അഭിലാഷ് അപകടത്തിലായ വിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐഎന്‍എസ് സത്പുരയും, ഐഎന്‍എസ് ജ്യോതി എന്ന ടാങ്കര്‍ യാനവും (ഇതില്‍ പ്രതികൂല കാലാവസ്ഥയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഒരു ഹെലിക്കോപ്റ്ററുമുണ്ട്), ദീര്‍ഘദൂര നിരീക്ഷണ വിമാനം P8i യും ശനിയാഴ്ച തന്നെ രക്ഷാദൗത്യത്തിനായി പുറപ്പെട്ടിരുന്നു. കൂടാതെ ഓസ്‌ട്രേലിയന്‍ നേവി വിഭാഗത്തിനോടും സഹായാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. അഭിലാഷിന്റെ പായ് വഞ്ചി സഞ്ചരിച്ച് കൊണ്ടിരിക്കുന്നതിന്റെ അടുത്ത കരപ്രദേശം ഓസ്‌ട്രേലിയയിലെ പെര്‍ത്താണ്. ഓസ്‌ട്രേലിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓസിരിസ് എന്ന ഫ്രഞ്ച് മത്സ്യബന്ധനെ കപ്പലും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്. ഓസിരിസില്‍ ഡോക്ടറും ചികിത്സാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കനത്തമഴയും മഴമേഘങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്. അടുത്ത 16 മണിക്കൂറിനുള്ളില്‍ അഭിലാഷിനെ രക്ഷപ്പെടുത്തുമെന്നാണ് ഇന്ത്യന്‍ നേവി അറിയിച്ചിരിക്കുന്നത്. ഓസിരിസാവും അഭിലാഷിനെ രക്ഷിക്കുക. ഓസിരിസില്‍ നിന്നും ഓസ്‌ട്രേലിയന്‍ നേവിയുടെ എച്ച് എം എ എസ് ബല്ലാറട്ട് യുദ്ധക്കപ്പലിലേക്ക് അഭിലാഷിനെ മാറ്റി മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് പെര്‍ത്തിലെത്തിക്കും. ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സത്പുര ഈ പ്രദേശത്ത് എത്തണമെങ്കില്‍ വെള്ളിയാഴ്ചയാകും. ഞായറാഴ്ച രാവിലെ ഇന്ത്യന്‍ നേവിക്ക് അഭിലാഷുമായി ദൃശ്യ ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നു. മറ്റ് രക്ഷാപ്രവര്‍ത്തകര്‍ ഓസ്‌ട്രേലിയയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഓര്‍ഡിനേഷന്‍ സെന്ററിലുണ്ട്( Maritime Rescue Coordination Centre - MRCC)

പിന്തിരിയേണ്ടി വരുമ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍


അപകടത്തില്‍പ്പെടുന്നതിന് മുമ്പ് ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗത്തില്‍ ഏറ്റവും കൂടുതല്‍ പിന്നിട്ടതിന്റെ റെക്കോര്‍ഡ് അഭിലാഷ് സ്വന്തമാക്കിയിരുന്നു. 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് റെക്കോര്‍ഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കേപ്പ് ല്യൂവിന്‍ ആയിരുന്നു യാത്രയിലെ അടുത്ത പ്രധാന ഭാഗം. ഇവിടം മറികടക്കുന്നതിനായി അഭിലാഷ് വഞ്ചിയുടെ വേഗം കൂട്ടിയിരുന്നു. കഴിഞ്ഞയാഴ്ച വരെ ആറാം സ്ഥാനത്തായിരുന്ന അഭിലാഷ് മികച്ച കാറ്റ് ലഭിച്ചതു കൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാം സ്ഥാനത്ത് എത്തി. ഫ്രാന്‍സില്‍നിന്നുള്ള പ്രമുഖ പായ് വഞ്ചി ഓട്ട നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമത് ഉള്ളത്. യാത്രയുടെ തുടക്കത്തില്‍ 18 പേരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അപകടങ്ങളും പായ് വഞ്ചി കേടായതും മറ്റ് തടസ്സങ്ങളും കാരണം ഏഴു പേര്‍ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി. ഇപ്പോള്‍ അഭിലാഷും ഗ്രിഗറും അപകടത്തിലാണ്. ബാക്കിയുള്ള ഒന്‍പത് പേര്‍ യാത്ര തുടരുകയും ചെയ്യുന്നു.

കൊച്ചി കണ്ടനാട് സ്വദേശിയായ അഭിലാഷ് ടോമി ഒരിടത്തും നിര്‍ത്താതെ ഒറ്റയ്ക്ക് പായ് വഞ്ചിയില്‍ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡ് നേടിയ ആളാണ്. ഇന്ത്യന്‍ നേവിയിലെ കമാന്‍ഡറായ അഭിലാഷ്, 'സാഗര്‍ പരിക്രമ 2' എന്ന പ്രോജക്ടിന്റെ ഭാഗമായി 2013-ല്‍ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ആരംഭിച്ച് 151 ദിവസം കൊണ്ട് പായ് വഞ്ചിയില്‍ ലോകം ചുറ്റി തിരിച്ചെത്തിയത്.  കൂടാതെ പായ് വഞ്ചി ഓട്ടത്തില്‍ അന്താരാഷ്ട്ര തലത്തിലും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. രാജ്യം കീര്‍ത്തിചക്ര നല്‍കി ആദരിച്ച വ്യക്തി കൂടിയാണ് അഭിലാഷ്.

'ഗോള്‍ഡന്‍ ഗ്ലോബ് റേസി'ല്‍ നിന്ന് പിന്തിരിയേണ്ടി വരുമ്പോഴും അഭിലാഷിലെ യാത്രികര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടുണ്ടാവില്ല. ജയമോ പരാജയമോ പ്രതീക്ഷിക്കാത്ത നടത്തുന്ന യാത്ര പൂര്‍ണതയില്‍ എത്തിക്കണമെന്ന് വാശിയും ഉണ്ടാവും. ഒരിക്കല്‍ കൂടി അഭിലാഷ് പരമ്പരാഗത ശൈലിയിലുള്ള യാത്രക്ക് തയ്യാറെടുത്താല്‍ അത്ഭുതപ്പെടാനില്ല. ഒരു യാത്രികന് മാത്രം മനസ്സിലാവുന്ന വാശി അത് ചെയ്യിക്കും.

ഗോള്‍ഡന്‍ ഗ്ലോബ് റേസ്' അധികൃതര്‍ ഞായറാഴ്ച (23/09/2018) ഉച്ചക്ക് 12 മണിക്ക് അറിയിച്ച അഭിലാഷിന്റെ അവസ്ഥ


'ഗോള്‍ഡന്‍ ഗ്ലോബ് റേസ്' സമുദ്ര പാത

'ഗോള്‍ഡന്‍ ഗ്ലോബ് റേസ്'ലെ മത്സരാര്‍ത്ഥികള്‍


'ഗോള്‍ഡന്‍ ഗ്ലോബ് റേസ്'ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അഭിലാഷിന്റയും തുരീയയുടെയും വിവരങ്ങള്‍ https://www.azhimukham.com/indian-navy-p8i-visual-contact-with-thuriya-and-abhilash-tomy/

https://www.azhimukham.com/newsupdate-indiannavy-sends-twowarships-aircraft-rescue-sailor-abhilashttomy/

Next Story

Related Stories