ട്രെന്‍ഡിങ്ങ്

അഭിമന്യുവിന്റെ മാത്രമല്ല, മഹാരാജാസിന്റെ ചങ്കില്‍ കൂടിയാണവര്‍ കുത്തിയത്

നിങ്ങള്‍ എന്നെ കൂടുതല്‍ ഭയപ്പെടേണ്ടി വരിക മരണത്തിന് ശേഷമാവും എന്ന ചെ ഗുവേരയുടെ വാക്കുകള്‍ ചുവരെഴുത്തുകളായി നാം കാണാറുണ്ട്. അഭിമന്യുവിന്റെ കാര്യത്തില്‍ ഇത് സത്യമാവുകയാണ്.

ജൂലൈ രണ്ടാം തീയതി കലാലയങ്ങളിലേക്ക് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ ആദ്യമായി എത്തുന്ന ദിവസമായിരുന്നു. നവാഗതരെ സ്വാഗതം ചെയ്യാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തങ്ങളുടെ ഇഷ്ടനിറങ്ങള്‍ ചാലിച്ച പ്രചരണസാമഗ്രികളും നോട്ടീസുകളുമായി തയ്യാറെടുത്തു. പക്ഷേ, ആളുകൊണ്ടും ആശയം കൊണ്ടും അങ്ങേയറ്റം പിന്നിലായ ഇസ്ലാമിസ്റ്റുകള്‍ ആ ദിവസത്തിനായി മുനകൂര്‍പ്പിച്ചെടുത്തത് ഒരു കൊലപാതകമാണ്. നിഷ്‌കളങ്കനായ ഒരു വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്റെ. അതുകൊണ്ട്, ആരുടെയും ഫ്രണ്ടല്ലാത്ത ഫ്രണ്ടുകാരെ തീവ്രവാദികള്‍(extremist) എന്ന് വിളിച്ച് ആക്ഷേപിക്കരുത്. അവരെ ഭീകരവാദികള്‍(terrorists) എന്നു തന്നെയാണ് വിളിക്കേണ്ടത്. ഭീകരവാദികള്‍ ആളുകൂടുന്നിടത്ത് ബോംബ് സ്‌ഫോടനം നടത്തുന്നത് ഭീതി വിതച്ച് സാന്നിധ്യം അറിയിക്കാനാണ്. ഭയപ്പെടുത്തി സര്‍ക്കാരിനെയും ജനങ്ങളെയും വരുതിക്ക് നിര്‍ത്താനാണ്. സംഘട്ടനം പോയിട്ട്, ആരുമായി വാക്ക് തര്‍ക്കത്തിനുപോലും സാധ്യതയില്ലാതിരുന്നിടത്ത് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത കൊലയാളി സംഘം ആയുധങ്ങളുമായി നിലയുറപ്പിച്ചുവെങ്കില്‍ അതിനര്‍ത്ഥം സ്ഥലവും സമയവും, ഒരുപക്ഷേ ആളും നേരത്തെ തീരുമാനിക്കപ്പെട്ടു എന്നാണ്.

മഹാരാജാസ് അല്ലെങ്കില്‍ മറ്റൊരു ക്യാമ്പസില്‍ നവാഗതരെത്തുന്നതിന്റെ തലേദിവസം രാത്രി ഇത്തരമൊരു ഓപ്പറേഷന്‍ നടത്താന്‍ അവര്‍ തയ്യാറെടുത്തിരുന്നു എന്നു വേണം മനസിലാക്കാന്‍. പിന്നെന്തുകൊണ്ട് മഹാരാജാസ്? അതിനുള്ള ഉത്തരം ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ക്യാമ്പസ് ഫ്രണ്ടുകാരന്റെ വായില്‍ നിന്നു തന്നെ കിട്ടും. മഹാരാജാസ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യഭിചാരത്തിന്റെയും കേന്ദ്രമാണെന്നാണ് അയാള്‍ പറഞ്ഞത്. അപ്പോള്‍, ലക്ഷ്യം അഭിമന്യുവും അര്‍ജുനും എസ് എഫ് ഐയും മാത്രമല്ല. മഹാരാജാസ് കൂടിയാണ്. ഗുരുതരമായി പരിക്കേറ്റ് ഐസിയുവില്‍ കഴിയുന്ന അര്‍ജുന്‍ ബോധം തെളിഞ്ഞപ്പോള്‍ അമ്മയോട് ആദ്യം ചോദിച്ചത് അഭിമന്യുവിന് എങ്ങനെയുണ്ടെന്നാണ്. പിന്നെ പറഞ്ഞത്, തന്നെ ഈ ക്യാമ്പസില്‍ തന്നെ പഠിക്കാന്‍ അനുവദിക്കണമെന്നാണ്. മഹാരാജാസിലെ പഠിത്തം അവസാനിപ്പിച്ച് അര്‍ജുനെ നാട്ടിലേക്ക് കൊണ്ടുപോകാനിരുന്ന അമ്മ മകന്റെ തീരുമാനം അംഗീകരിക്കുകയാണ് ചെയ്തത്. ഞായറാഴ്ച രാത്രിയിലെ സംഭവത്തെ തുടര്‍ന്ന് മറ്റ് രക്ഷിതാക്കളുടെ മനസിലും സമാനമായ ആ ആശങ്ക സ്വഭാവികമായും ഉണ്ടായി കാണും. ചാനല്‍ ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയ പ്രകാരം മഹാരാജാസിനെ ഫ്രണ്ടുകാര്‍ ഉന്നം വച്ചിരുന്നു. ആ ക്യാമ്പസിനോടുള്ള വിദ്വേഷം കൊണ്ടല്ല. രാഷ്ട്രീയവും കലയും സാഹിത്യവും സംഗീതവും നിറയുന്ന, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ട്രാന്‍സ്‌ജെന്‍ഡറുകളും ഒരുമിച്ച് പഠിക്കുന്ന, തുല്യവ്യക്തികളായി സൗഹൃദം പങ്ക് വയ്ക്കുന്ന ഒരു പൊതുസ്ഥലത്തെ, മതേതതര ഇടത്തെയാണ് അവര്‍ വെറുത്തത്. അല്ലാതെ, ആ കലാലയത്തില്‍ കടന്നു കയറി സ്വാധീനം നേടാമെന്നോ, യൂണിയന്‍ ഭരിക്കാമെന്നോ അവര്‍ പോലും സ്വപ്‌നം കാണുന്നുണ്ടാവില്ല. സമാനമായ ആക്രമണങ്ങള്‍ മുന്‍പ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനു നേരെയും തലശ്ശേരി ബ്രണ്ണന്‍ കോളേജിനു നേരെയും ഇവര്‍ നടത്തിയിട്ടുണ്ടെന്ന് ഓര്‍ക്കണം. യൂണിവേഴ്‌സ്റ്റി കോളേജില്‍ എസ് എഫ് ഐക്കുള്ളില്‍ നുഴഞ്ഞു കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും, പിന്നീട് വഞ്ചിയൂര്‍ ഏരിയ സെക്രട്ടറിയായിരുന്ന അഅരുണിനെ ക്യാമ്പസ് ഗേറ്റില്‍ പുറത്തു നിന്നുള്ള സംഘം കുത്തി വീഴ്ത്തുകയും ചെയ്തു. ബ്രണ്ണന്‍ കോളേജിനകത്തേക്ക് ബോംബ് എറിയുകയാണ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശന സമയത്തും മഹാരാജാസ് കോളേജിനുള്ളില്‍ കടന്ന് പുറത്ത് നിന്നുള്ഌഇവരുടെ സംഘം വിദ്യാര്‍ത്ഥികളെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. സംഘടയ്ക്കുള്ളില്‍ നുഴഞ്ഞു കയറി കുഴപ്പം ഉണ്ടാക്കാനുള്ള ട്രോജന്‍ ശ്രമം ഇവിടെയും നടന്നിട്ടുണ്ട്.

അഭിമന്യുവും മഹാരാജാസും എസ് എഫ് ഐ പ്രതീകങ്ങള്‍ കൂടിയാണ്. എസ് എഫ് ഐ യുടെ സ്ഥാനത്ത് മറ്റൊരു മതേതര പ്രസ്ഥാനവും മഹാരാജാസിന്റെ സ്ഥാനത്ത് മറ്റൊരു മതേതര കലാലയവും അഭിമന്യുവിന്റെ സ്ഥാനത്ത് മറ്റൊരു നല്ല മനുഷ്യനും ആയിരുന്നുവെങ്കിലും ഇതു തന്നെയാണ് സംഭവിക്കുക. മതേതര മനസുകളെയും മതേതര ക്യാമ്പസുകളെയും മതേതര സംഘടനകളെയുമാണ് ആക്രമണത്തിനായി അവര്‍ ലക്ഷ്യമിടുന്നത്. ഇതരമതസ്ഥരുടെ ആരാധാനാലയങ്ങളേക്കാള്‍ ബോംബ് സ്‌ഫോടനത്തിനായി ഭീകരര്‍ തെരഞ്ഞെടുക്കുന്നത് എല്ലാവരും ഒത്തുകൂടുന്ന മാര്‍ക്കറ്റുകളാണ്. എല്ലാവരും ഒന്നാകുന്ന പൊതുവിടങ്ങളില്‍ നിന്നും ഓരോ മതത്തിന്റെയും വെളിച്ചം കടക്കാത്ത അറകളിലേക്ക് ആളുകളെ തുരുത്തിയോടിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മഹാരാജാസ് പോലുള്ള പൊതുകലാലയങ്ങളില്‍ മക്കളെ ചേര്‍ക്കാന്‍ ഭയന്ന് രക്ഷിതാക്കള്‍ മതമാനേജ്‌മെന്റുകളുടെ ഉരുക്ക് കോട്ടകളിലേക്ക് തിരിച്ചു പോയാല്‍ സംഘിനും ഫ്രണ്ടിനും കാര്യങ്ങള്‍ എളുപ്പമായി. അല്ലെങ്കിലും ജാതിയുടെയും മതത്തിന്റെയും വിലക്കുകളറിയാത്ത, ലിംഗവിവേചനമറിയാത്ത(അഭിമന്യുവിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്ത് തനുവിന്റെ കുറിപ്പ് ഓര്‍ക്കുക) പരസ്പരം തോളില്‍ കൈയിട്ട് വിശപ്പും ഭക്ഷണവും പങ്കുവച്ച് വളരുന്ന അഭിമന്യുവിന്റെ തലമമുറയ്ക്ക് മതവര്‍ഗീയതയുടെ പാഠങ്ങള്‍ എങ്ങനെ മനസിലാകാനാണ്? ഇനിയും ഈ കൊലപാതകത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയമെന്നും സംഘടന സ്വാതന്ത്ര്യമില്ലായ്മയുടെ സ്വാഭാവിക തിരിച്ചടിയെന്നും മറ്റും പറഞ്ഞ് ലഘൂകരിക്കുന്ന ‘അരാഷ്ട്രീയ’ നേതാക്കള്‍ കെഎസ്‌യു മഹാരാജാസ് യൂണിറ്റിന്റെ ഫെയ്‌സ്ബുക്ക് പേജ് ഒന്നുകൂടി കാണണം. അവിടെ അഭിമന്യുവിന്റെ കൊലപാതകത്തിലുള്ള പ്രതിഷേധമുണ്ട്. കെ എസ് യു ക്യാമ്പസില്‍ സംഘടപ്പിച്ച പെനാല്‍റ്റി ഷൂട്ട് ഔടട് മത്സരത്തില്‍ വിജയിച്ച് കൂട്ടുകാരുടെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന അവന്റെ ചിരിക്കുന്ന മുഖമുണ്ട്. ആ ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള ബന്ധമെന്താണെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനോടകം സാക്ഷ്യപ്പെടുത്തി കഴിഞ്ഞു. കഴിഞ്ഞ അധ്യായന വര്‍ഷം പ്രിന്‍സിപ്പല്‍ മൈക്കിലൂടെ പേരെടുത്ത് പറയാതെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളെയും ഒരു പൊതു ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെ ഏഴോളം വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികള്‍ അതില്‍ പങ്കെടുത്തിരുന്നു. ഓരോ വര്‍ഷവു വാശിയേറിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അത്തരമൊരു തെരഞ്ഞെടുപ്പിലാണ് കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികള്‍ നയിക്കുന്ന യൂണിയന്‍ നിലവില്‍ വന്നത്.

Also Read: രാജീവ് രവി/അഭിമുഖം: മലയാളി സമൂഹത്തോട് അവനൊരു വിശ്വാസമുണ്ടായിരുന്നു; അതാണ് നഷ്ടപ്പെട്ടിരിക്കുന്നത്

ഭീകരാക്രമണങ്ങള്‍ നടന്ന പ്രദേശങ്ങളിലെ ആളുകളുടെ മാനസികാരോഗ്യത്തെ ആ സംഭവം ഗുരുതരമായി ബാധിക്കാറുണ്ട്. ആക്രമണത്തില്‍ അവര്‍ക്കോ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കോ അപകടമൊന്നും പറ്റിയില്ലെങ്കിലും അത്തരത്തിലുള്ള മാനസികാഘാതമാണ് നമ്മുടെ സമൂഹത്തിലും അഭിമന്യുവിന്റെ മരണം ഉണ്ടാക്കിയിരിക്കുന്നത്. അതിന്റെ തെളിവാണ് അഭിമന്യു മാത്രം നിറയുന്ന ഫെയ്‌സ്ബുക്ക പേജുകള്‍. അതുകൊണ്ടാണ് ഇതൊരു ‘രാഷ്ട്രീയ’ കൊലപാതകത്തില്‍ നിന്നും വ്യത്യസ്തമാകുന്നത്. നിങ്ങള്‍ എന്നെ കൂടുതല്‍ ഭയപ്പെടേണ്ടി വരിക മരണത്തിന് ശേഷമാവും എന്ന ചെ ഗുവേരയുടെ വാക്കുകള്‍ ചുവരെഴുത്തുകളായി നാം കാണാറുണ്ട്. അഭിമന്യുവിന്റെ കാര്യത്തില്‍ ഇത് സത്യമാവുകയാണ്. അഭിമന്യു ഇന്ന് മതവര്‍ഗീയതയ്ക്കും ഭീകരവാദത്തിനും എതിരായ വലിയ ഒരു പ്രതീകമാണ്. പക്ഷേ, നമ്മെ ഉറക്കത്തില്‍ നിന്നുണര്‍ത്താന്‍ ഒരു ചെറുപ്പക്കാരന്റെ ജീവന്‍ കൊടുക്കേണ്ടിയിരുന്നില്ല. കാരണം, നാം ഉറക്കം നടിക്കുകയായിരുന്നു. നമുക്ക് ഉണരാന്‍ പാകത്തിനുള്ള തെളിവുകളും മുന്നറിയിപ്പുകളും എന്നേ വെടിപൊട്ടിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, ഒന്നുണ്ട് ഭയപ്പെടുത്തി ആളുകളെ ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് ഓടിക്കാനാണ് അവര്‍ ശ്രമിചച്ചതെങ്കില്‍ കൂടുതല്‍ ധൈര്യത്തോടെ ആളുകള്‍ ഒന്നിക്കുകയാണ് ചെയ്തത്. ആ ഒരുമ ഓരോ ദിവസവും വളരണം. മതവര്‍ഗീയതയുടെയും ഭീകരവാദത്തിന്റെയും മുള്‍വേലികള്‍ തകര്‍ന്നടിയാന്‍ പാകത്തിന്. ആയുധം ധരിച്ചവര്‍ക്ക് ആശയം വിതരണം ചെയ്യുന്ന മൗദൂദിസ്റ്റ് ഐക്യദാര്‍ഢ്യക്കാര്‍ സമാധാനത്തിന്റെ മുഖംമൂടിയണിഞ്ഞിരുപ്പുണ്ട്. അവരെയും വെളിച്ചത്ത് നിര്‍ത്തേണ്ട സമയമാണിത്. അതോടൊപ്പം, ഇരവാദം ചമച്ച്, മനുഷ്യാവകാശക്കുപ്പായമിട്ട് ഇസ്ലാമിസ്റ്റുകളുടെ വേദികള്‍ അലങ്കരിച്ച ‘ ബുദ്ധി’ ജീവികളും ഓഡിറ്റ് ചെയ്യപ്പെടണം. അവര്‍ നേടിയത് വോട്ടും ചീപ്പ് പബ്ലിസിറ്റിയും മാത്രമോ, അതോ മറ്റെന്തെങ്കിലും കൂടിയോ എന്നറിയണം. ചെറുതും വലുതുമായ ഭീകരസംഘങ്ങളുടെ ഫ്രണ്ട് ഓര്‍ഗനൈസേഷനുകള്‍ ലോകമെങ്ങും അവരുടെ വേദികളിലെത്തുന്ന പ്രാസംഗികരെ പണമായും പാരിതോഷികമായും കൈയയച്ച് സത്കരിക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍