TopTop
Begin typing your search above and press return to search.

ടിപ്പിക്കൽ മല്ലു കുത്തിക്കഴപ്പ് തീര്‍ക്കേണ്ടത് അധ്വാനിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയോടല്ല

ടിപ്പിക്കൽ മല്ലു കുത്തിക്കഴപ്പ് തീര്‍ക്കേണ്ടത് അധ്വാനിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയോടല്ല
സോഷ്യൽ മീഡിയയിലെ മല്ലു ന്യൂസ് ഫീഡ് എത്രമാത്രം അധ:പതിക്കും എന്നറിയാൻ ഇന്ന് കുറച്ചു സമയം ഫേസ്‌ബുക്കിൽ ചിലവഴിച്ചാൽ മതിയാകും. എറണാകുളം തമ്മനം ജങ്ഷനില്‍ വൈകിട്ട് കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാനെന്ന വിദ്യാര്‍ഥിനിയുടെ ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലവും, ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യവും മാതൃഭൂമി പോസിറ്റിവ് വാർത്തയായി റിപ്പോട്ട്  ചെയ്യുന്നിടത്താണ് ഒരു പുതിയ താരം ഉദയം ചെയ്യുന്നത്, വിധി തീര്‍ത്ത വെല്ലുവിളികളെ ചിരിച്ചുകൊണ്ട് നേരിടുന്ന പെണ്‍കുട്ടിയെ ഇരുകയ്യും നീട്ടിയാണ് കേരളവും സോഷ്യല്‍ മീഡിയയും സ്വീകരിച്ചത്. മാധ്യമങ്ങളില്‍ വാര്‍ത്തയെത്തിയതോടെ ഹനാനെ അഭിനന്ദിച്ചും സഹായമറിയിച്ചും നിരവധി പേർ രംഗത്തെത്തി.

എന്നാല്‍ ഹനാൻ എന്ന സൂപ്പർ താരം കേവലം മണിക്കൂറുകളുടെ വ്യത്യാസത്തിൽ വില്ലത്തിയായി മാറുന്ന കാഴ്ചയാണ് ഇന്നലെ വൈകുന്നേരത്തോടെ കാണാൻ സാധിച്ചത്. ഹനാൻ മീൻ വിൽപ്പനക്കാരിയല്ല, സാമ്പത്തിക തട്ടിപ്പ് അടക്കം ലക്‌ഷ്യമിട്ടുള്ള പരിപാടി ആണെന്ന് യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ ചിലർ ആരോപിക്കുന്നു. പെൺകുട്ടി ഫ്രോഡ് കളിക്കുകയാണെന്നു ആരോപിച്ച് ഒരു മാന്യദേഹം അവരുടെ പ്രൊഫൈലിൽ ഇട്ട ഒരു കമന്റ് "തമ്മനത്ത് കാശിനു ശരീരം വിൽക്കുന്ന സ്ത്രീകൾക്ക് അവളെക്കാൾ മാന്യത ഉണ്ട്" എന്നാണ്, ഇരുന്നൂറിലധികം പേര് ഇതിനോടകം ലൈക് ചെയ്ത് ഐക്യദാർഢ്യപ്പെട്ട ആ കമന്റിൽ ഉണ്ട് ടിപ്പിക്കൽ മല്ലു കുത്തിക്കഴപ്പ്.

തൃശൂര്‍ സ്വദേശിനിയാണ് ഹനാന്‍. അച്ഛനും അമ്മയും നേരത്തെ വേര്‍പിരിഞ്ഞു. ഇതോടെ അമ്മ മാനസികമായി തളര്‍ച്ചയിലായി. പ്ലസ്ടു വരെ മുത്തുമാലകള്‍ ഉണ്ടാക്കിയും കുട്ടികള്‍ക്ക് ട്യൂഷനെടുത്തുമാണ് ഹനാന്‍ കുടുംബം നോക്കിയത്. ഹനാന്റെ ഈ ജീവിത പശ്ചാത്തലത്തിൽ ആർക്കും പരാതികൾ ഇല്ല, എന്ന് മാത്രമല്ല ഈ പശ്ചാത്തലം ശരി വെക്കുന്ന ധാരാളം തെളിവുകളും ഉണ്ട്.

യൂണിഫോം ധരിച്ച പെൺകുട്ടി മീൻ വിൽക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണെങ്കിലും അതിൽ അസ്വഭാവികതയുണ്ട്, വാർത്തയാകുന്നു. ആ വാർത്ത ആഘോഷിക്കപ്പെടുന്നു. അത് തെറ്റാണെന്ന വേറൊരു വാർത്ത പ്രചരിപ്പിക്കപ്പെട്ടതോടെ അതേ ആളുകൾ, വഞ്ചിതരായയെന്നു പറഞ്ഞ് തെറിവിളി നടത്തുന്നു. ഈ പറയുന്ന രണ്ടാമത്തെ തെറിവിളി അധ്യയക്കാരുടെ പ്രശ്നം ഹനാൻ മീൻ വിൽപ്പന തുടങ്ങിയിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളു, ആ വാർത്ത ഫേബ്രിക്കേറ്റഡ് ആണ് എന്നാണ്.

ഈ വിഷയത്തിൽ മാധ്യമ പ്രവർത്തക ഹസ്ന ഷാഹിദയുടെ ചില നിരീക്ഷണങ്ങൾ പ്രസക്തമാണ്.

"മാതൃഭൂമിയിൽ ഹനാൻറെ വാർത്ത കണ്ട് ആദ്യം സംസാരിച്ചത് മീൻപെട്ടി വെക്കുന്ന തമ്മനത്തെ വീട്ടിലെ അമ്മയോടാണ്. രണ്ട് ദിവസമായിട്ടുണ്ടായിരുന്നൊള്ളൂ ആ കുട്ടി വരാൻ തുടങ്ങിയിട്ട്. അവളുടെ അവസ്ഥ കേട്ടറിഞ്ഞത് കൊണ്ട് തന്നെ, വൈകീട്ട് കൊടുക്കാനുള്ള ഭക്ഷണമൊക്കെ എടുത്ത് വെക്കുമവർ. അവരുടെ ഫ്രിഡ്ജിലാണ് ബാക്കി വരുന്ന മീൻ സൂക്ഷിക്കുന്നത്. അവരൊന്നും കാണാത്ത പറ്റിക്കലാണ് പിന്തുണക്കാർക്ക് അനുഭവപ്പെടുന്നത് !


ഞാനുൾപ്പെടെയുള്ളവർ പ്രതീക്ഷിച്ച് ചെന്ന കദനകഥ പറഞ്ഞില്ല, ആർദ്രമായി ഷൂട്ട് ചെയ്യാൻ പാകത്തിലുള്ള ശരീരഭാഷയും വർത്തമാനവും പ്രകടിപ്പിച്ചില്ല എന്നതൊക്കെ കൊണ്ടാണല്ലോ ഇപ്പോൾ ഹനാൻ മീങ്കാരിപ്പെണ്ണും തേപ്പുകാരിയുമൊക്കെ ആകുന്നത്. വളരെയധികം പോരാടി ജീവിക്കുന്ന കുട്ടിയാണ്. സിനിമ മോഹിയാണ്‌. മുത്തുമാല വിൽപന, പാട്ട് പാടൽ, ഭക്ഷണം ഉണ്ടാക്കി വിൽക്കൽ, ആങ്കറിങ്ങ് ഒക്കെ ചെയ്തിട്ടുണ്ട്. ഭേദപ്പെട്ട പൈസ ഉണ്ടാക്കാൻ വേണ്ടിത്തന്നെ മീനും വിൽക്കുന്നു."


ഹെനന്‍ നടത്തിയത് ഒരു അഭിനയമാണെങ്കില്‍ അത് കണ്ടെത്താനും പൊളിക്കാനും എന്താണിത്ര ബുദ്ധിമുട്ട്. ഹെനന്‍ പഠിക്കുന്ന കോളജ്, പഠിച്ച സ്കൂള്‍, മാതാപിതാക്കള്‍, സഹോദരന്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ തുടങ്ങി ക്രോസ് ചെക്ക് ചെയ്യാന്‍ ഒട്ടേറെ സോഴ്സുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലുണ്ട്. അവ ഉപയോഗിച്ചാല്‍ ഹെനന്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണോ വാസ്തവമാണോ എന്നറിയാന്‍ നിഷ്പ്രയാസം സാധിക്കും. ക്യാമറകള്‍ ഹെനനില്‍ തന്നെ കിടന്നു കറങ്ങാതെ പരിസരങ്ങളിലേക്കുകൂടി ഒന്നു തിരിച്ചാല്‍ മതി.

https://www.azhimukham.com/offbeat-hanan-responds-on-allegations-against-her-in-social-media-amaljoy/

ഇതിനിടെ മറ്റൊരു ആരോപണം വന്നു, ഹനാൻ അരുൺ ഗോപിയുടെ പ്രണവ് മോഹൻലാൽ ചിത്രത്തിലെ നായികയാണ്, സിനിമയുടെ പ്രമോഷന്റെ ഭാഗം മാത്രമാണീ ഷോ എന്ന്, ഇതിന്റെ സത്യാവസ്ഥ പരിശോധിച്ച് മാധ്യമ പ്രവർത്തകൻ ധനസുമോദ് ഇങ്ങനെ പറയുന്നു: "മാതൃഭൂമി വാർത്ത ചെന്നൈയിലിരുന്ന് അരുൺഗോപി എഫ് ബി യിൽ ഷെയർ ചെയ്തു. ഹനാന് അരുണിന്റെ സിനിമയിൽ അവസരം കൊടുക്കാമോ എന്ന് അതിന് താഴെ കമന്റിൽ ഒരാൾ ചോദിച്ചു. മറുപടിയായി, കൊടുക്കാം എന്ന് അരുൺ സമ്മതിച്ചു. ഈ മറുപടി വായിച്ച മനോരമ ഓൺലൈനിലെ സൂര്യ എന്ന ജേര്‍ണലിസ്റ്റിനു വാർത്ത വേഗം കത്തി. ഉറപ്പിന് വേണ്ടി സൂര്യ വേഗം അരുൺഗോപിയെ വിളിച്ചു. ഡബ്ബിങ് ഉൾപ്പെടെ ചെയ്യുമെന്ന് മാതൃഭൂമി വാർത്തയിൽ പറഞ്ഞതിനാൽ അണിയറ പ്രവർത്തനങ്ങളിൽ ഒരു റോൾ മാത്രമാണ് അരുൺ ഉദ്ദേശിച്ചിരുന്നത്. സൂര്യ പറഞ്ഞതിനാൽ ഹനാനെ അരുൺ നേരിട്ട് വിളിച്ചു. അണിയറ അല്ല ഒരു സീനിൽ അഭിനയിക്കാൻ അവസരം നൽകണം എന്ന് അരുണിനോട് ഹനാൻ അഭ്യർത്ഥിച്ചു. രണ്ടു ദിവസം മുൻപ് മാത്രം വർക്ക് തുടങ്ങിയ പ്രണവ് മോഹൻലാൽ പടത്തിൽ ഒരു ചെറിയ വേഷം നൽകുക അരുണിനെ സംബന്ധിച്ച് നിസാരകാര്യമാണ്. ഇതിനിടയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോളേജ് മാനേജ്‌മെന്റുമായി സംസാരിച്ച് ഹനാന്റെ വിദ്യാഭ്യാസം സൗജന്യമാക്കി. ഇന്നലെ വൈകുന്നേരമായപ്പോൾ മാതൃഭൂമിയിൽ നിന്ന് നൽകിയ ഹനാന്റെ അക്കൌണ്ടിൽ ഒരു ലക്ഷം രൂപ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ നിക്ഷേപിച്ചു കഴിഞ്ഞിരുന്നു. ഹനാൻ തട്ടമിടാത്തതിന്റെ കുറ്റത്തിന് ഇതെല്ലാം പ്രീ പ്ലാൻഡ് ഡ്രാമ ആണെന്ന് പറഞ്ഞു കൈവെട്ട് പാർട്ടി വാട്സ്ആപ് പ്രചരണം തുടങ്ങി. അതുവരെ ഹനാനെ സപ്പോർട്ട് ചെയ്തവർ എല്ലാം ആ പാവം പെൺകുട്ടിയുടെ ശത്രുക്കളായി. ഇതൊരു പ്രമോഷനോ കുന്തമോ അല്ല, കരുണ നിറഞ്ഞ മനസിന്റെ സഹായമാണ്. പ്രചാരണം നടത്തി ആ കുട്ടിക്കുള്ള സഹായം ഇല്ലാതാക്കരുത്."


ഹനാൻ പഠിക്കുന്ന കോളേജിന്റെ പ്രിൻസിപ്പൽ, അയൽവാസികൾ, സഹപാഠികൾ, തുടങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്, "ആ കുട്ടിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്, ഒരു ഫ്രോഡ് കളിക്കേണ്ട ആവശ്യം അവർക്കില്ല" എന്ന് തന്നെയാണ്. ഇവരേക്കാൾ എന്ത് വിശ്വാസയോഗ്യതയാണ് സോഷ്യൽ മീഡിയയിൽ രാവന്തിയോളം അര്‍മാദിക്കുന്ന പ്രൊഫൈലുകൾക്കുള്ളത്?

ഹനാൻ ഇന്നലെ പെയ്ത മഴയിൽ പൊട്ടി മുളച്ചതല്ല, അവർ ഇന്നലെയും ഇവിടെ ഉണ്ടായിരുന്നു. അവർ ഇന്ന് മാതൃഭൂമിയോട് പറഞ്ഞത്, "ഞാൻ ഒരു മാധ്യമ സ്ഥാപനത്തെയും ക്ഷണിച്ചിട്ടില്ല, നിങ്ങൾ ഇങ്ങോട്ടു വന്നു റിപ്പോര്‍ട്ട് ചെയ്തതാണ്" എന്നാണ്, അപ്പോൾ ഏതെങ്കിലും തരത്തിൽ ഒരു എക്സാജെറേഷൻ നടന്നിട്ടുണ്ടെങ്കിൽ അത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുടെ മാത്രം കുറ്റമാണ്. അഴിമതിയുടെ ബാഹുല്യം മൂലം നോട്ടെണ്ണുന്ന മെഷീൻ വീട്ടിൽ വാങ്ങി വെക്കേണ്ട അവസ്ഥയുണ്ടായുണ്ടാകുന്ന കേരളത്തില്‍, ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ അധ്വാനിക്കുന്ന, അതിനിടയില്‍ പഠിക്കാന്‍ സമയം കണ്ടെത്തുന്ന ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി സാമ്പത്തിക തിരിമറി എന്നൊക്കെ ആരോപണം ഉന്നയിക്കുമ്പോള്‍ സത്യത്തിന്റെ അംശമെങ്കിലും ഉണ്ടാകുന്നത് അവനവനോട് തന്നെ ചെയ്യുന്ന നീതിയാണ്.

(ചിത്രം കടപ്പാട്: മാതൃഭൂമി)

https://www.azhimukham.com/news-update-hanan-the-fish-seller-girl-in-cochi/

Next Story

Related Stories