TopTop
Begin typing your search above and press return to search.

ഇതാ 'ഹിന്ദുവിനെ ഉണര്‍ത്താന്‍' മറ്റൊരു ശശികല

ഇതാ
മറ്റേതെങ്കിലും മേഖലയിലൂടെ ജനപ്രീതിയാർജ്ജിക്കുകയും പിന്നീട് രാഷ്ട്രീയ പ്രവേശനം നടത്തുകയും ചെയ്യുന്ന വ്യക്തികളെ കേരള സമൂഹം മുമ്പും കണ്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങളും ബിസിനസുകാരും മുതൽ ക്രിക്കറ്റ് താരങ്ങൾ വരെ ഇത്തരത്തിൽ രാഷ്ട്രീയത്തിലും ഒന്നു പയറ്റി നോക്കിയിട്ടുണ്ട്. സാമൂഹിക പ്രവർത്തനത്തിന്റെയൊപ്പം രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നവരും കുറവല്ല. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ജ്വാല ഫൗണ്ടേഷന്റെ സ്ഥാപക അശ്വതി നായരാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ വ്യക്തി. അശ്വതിയുടെ രാഷ്ട്രീയ നിലപാട് സംഘപരിവാറിനൊപ്പമാണെന്ന ആരോപണങ്ങൾ മുമ്പേ ഉയർന്നിട്ടുള്ളതാണ്. ഇത് ശരിവയ്ക്കുന്നതാണ് അവരുടെ തൊടുപുഴയിലെ പ്രസംഗം. ഹിന്ദു ഉണരുകയെന്ന സംഘപരിവാറിന്റെ മന്ത്രമാണ് അശ്വതിയും ഉരുവിടുന്നത്.

ഇന്നലെ തൊടുപുഴയിൽ മഹിള ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസാരിച്ച അശ്വതി താൻ കടുത്ത സംഘപരിവാർ അനുകൂലിയാണെന്നാണ് വ്യക്തമാക്കിയത്. 'ഹിന്ദു ഉണർന്നാൽ' വർഗ്ഗീയ വാദിയല്ല രാജ്യസ്നേഹിയാണ് ഉണ്ടാകുന്നതെന്നാണ് അശ്വതിയുടെ പുതിയ നിരീക്ഷണം. അശ്വതി ചെയ്യുന്ന കാരുണ്യ പ്രവർത്തികളെ പ്രശംസിച്ചുകൊണ്ട് തന്നെ ഈ ഹിന്ദുത്വ രാഷ്ട്രീയ നിലപാട് വിമർശന വിധേയമാക്കേണ്ടതുണ്ട്. കാരണം "ഹിന്ദു ഉണരുക" എന്നത് ആക്രമണോത്സുകമായ ഒരു മുദ്രാവാക്യവും ഒരു ആഹ്വാനവുമായി പരിഗണിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഹിന്ദു മതത്തെ ഒരു വിശ്വാസമെന്നതിലപ്പുറം ഒരു രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പരസ്യമായ ആഹ്വാനമാണ് അത്.

'ഹിന്ദു ഉണരുക' എന്ന പദം കേരളത്തിൽ പോപ്പുലറായ കോൺടെക്സ്റ്റ് ഒന്ന് പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശശികലയുടെ അങ്ങേയറ്റം വർഗീയ വിഷം വമിപ്പിക്കുന്ന ഒരു പ്രസംഗത്തിൽ ബാബരി മസ്ജിദ് ധ്വംസനം ഒരു സംഘപരിവാർ സൃഷ്ടി ആയി പ്രഖ്യാപിക്കുകയും ഇനിയും അതിനു കെല്പുണ്ടെന്ന് ഓർമിപ്പിക്കുന്ന വാചകങ്ങൾ ഉൾപ്പെടുത്തി കൊണ്ടവർ പറഞ്ഞത്‌ "ഹിന്ദു ഉണർന്നാൽ ഇനിയും ഇതെല്ലാം ആവർത്തിക്കപ്പെടും" എന്ന് തന്നെയാണ്. പിന്നീട് സംഘപരിവാർ ബെൽറ്റുകൾ ഈ വാചകം വളരെ കോമൺ ആയി ഉപയോഗിക്കുവാൻ ആരംഭിച്ചു. ഉത്തരേന്ത്യയിൽ പശു കൊലപാതകങ്ങൾ അരങ്ങേറുമ്പോൾ കേരളത്തിലെ ഹിന്ദു ഉണരണം എന്ന് ആഹ്വാനം ചെയ്യാൻ വരെ ചിലർക്ക് ധൈര്യം വന്നു.

ഇന്ത്യൻ സമൂഹത്തിലെ ഹിന്ദുക്കൾ മാത്രം പലവിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുവെന്നും സംവരണം പോലുള്ള പ്രിവിലേജുകൾ മൂലം രാജ്യത്തെ ഈ ന്യൂനപക്ഷ വിഭാഗത്തിന്- പ്രത്യേകിച്ചും ഇതിലെ മുന്നോക്ക വിഭാഗത്തിന്- അർഹമായ പരിഗണനകൾ ലഭിക്കുന്നില്ലെന്നുമുള്ള പ്രചരണവും ശക്തമാണ്. ഈ പ്രചരണത്തിനൊപ്പവും ആഹ്വാനം ചെയ്യപ്പെടുന്ന മുദ്രാവാക്യമാണ് "ഹിന്ദു ഉണരുക" എന്നത്. അവർണ്ണ വിഭാഗങ്ങൾക്കിടയിലും ഈ മുദ്രാവാക്യം പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അധഃസ്ഥിത വിഭാഗക്കാരെ ഇക്കൂട്ടര്‍ ഹിന്ദുക്കളായി പരിഗണിക്കുന്നില്ലെന്ന് ഉത്തരേന്ത്യയിലെ സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്.

ഹിന്ദുമതവും അതിലെ വിശ്വാസവും മാത്രമാണ് ഇവിടെ അപമാനിക്കപ്പെടുന്നതെന്നും വ്രണപ്പെടുന്നതെന്നുമാണ് മറ്റൊരു വാദം. സനൽകുമാർ ശശിധരന്റെ സെക്സി ദുർഗ എന്ന സിനിമയ്ക്ക് പിന്നാലെയും ഇപ്പോൾ എസ് ഹരീഷിന്റെ മീശ എന്ന നോവലിന്റെ പേരിലുയർന്ന വിവാദത്തിലും ഈ വാദം ഉയർന്നു കേട്ടിരുന്നു. മറ്റേതെങ്കിലും മതങ്ങളെ ഇത്തരത്തിൽ അപമാനിച്ചാൽ ന്യൂ മാൻ കോളേജ് അധ്യാപകൻ ടി ജെ ജോസഫിന്റെ കൈ വെട്ടിയത് പോലുള്ള സംഭവങ്ങൾ ഉണ്ടാകുമെന്നും, തങ്ങൾ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്നുമാണ് ഇവർ ഉന്നയിക്കുന്ന മറ്റൊരു വാദം. അപ്പോള്‍ രാജ്യമൊട്ടാകെ നടക്കുന്ന ആള്‍ക്കൂട്ട കൊലകള്‍ മറ്റെന്താണ്? ധാബോല്‍ക്കറും പന്‍സാരയും കല്‍ബുര്‍ഗിയും ഗൌരി ലങ്കേഷുമൊക്കെ കൊല്ലപ്പെട്ടത് ആരുടെ കയ്യാലാണ്? ഉത്തരേന്ത്യയിൽ പശുവിന്റെ പേരിൽ ദലിതരെയും മുസ്ലിങ്ങളെയും തല്ലിക്കൊല്ലുന്ന കാഴ്ച പതിവായിരിക്കുകയാണ്. ഈ കാഴ്ച പതിവില്ലാത്ത കേരളത്തിലും അത്തരം ആൾക്കൂട്ട ആക്രമണങ്ങൾ വേണമെന്ന ആഹ്വാനമാണ് ഒരർത്ഥത്തിൽ "ഹിന്ദു ഉണരുക" എന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്നത്.

തെരുവിൽ കഴിയുന്ന വൃദ്ധർക്കും അശരണർക്കും ഭക്ഷണവും തണലുമായ വ്യക്തിയാണ് അശ്വതി. സെക്രട്ടേറിയറ്റിന് മുന്നിൽ മകൾ രുദ്രയുടെ മരണത്തിന് നീതി തേടി അച്ഛൻ സുരേഷും അമ്മ രമ്യയും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ അശ്വതി പ്രശംസ അർഹിക്കുന്നുണ്ട്. ലിഗ എന്ന അയർലൻഡുകാരിയുടെ തിരോധാനത്തിലും കൊലപാതകത്തിലും അശ്വതി നടത്തിയ ഇടപെടലിനെ പ്രശംസിക്കാതിരിക്കാനാകില്ല. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്നെ ആം ആദ്മി പാർട്ടിയിലൂടെ അശ്വതി രാഷ്ട്രീയ പ്രവേശനത്തിനുള്ള ലക്ഷണം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പിൻവാങ്ങിയിരുന്നു. ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും വിശ്വസിക്കാനും പ്രവർത്തിക്കാനുമുള്ള അവകാശം അശ്വതിക്കുണ്ട്. എന്നാൽ ഇന്നിപ്പോൾ സംഘപരിവാറിന്റെ ഹിംസാത്മക മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞ് താൻ നടത്തുന്ന രാഷ്ട്രീയ ഇടപെടൽ സമൂഹത്തിന് ഒരു തെറ്റായ സന്ദേശം മാത്രമാണ് നൽകുകയെന്ന് അവർ ഓർക്കുന്നത് നന്നായിരിക്കും. രാജ്യസ്നേഹത്തിന്റെ പേരിലെ ആൾക്കൂട്ട അതിക്രമങ്ങൾക്കുള്ള ആഹ്വാനമായാണ് ഇതിനെ കണക്കാക്കേണ്ടത്.

Next Story

Related Stories