ട്വിസ്റ്റുകള്‍ ഒന്നിന് പിറകെ ഒന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കേസ് എന്ന് പറയുമ്പോള്‍ തന്നെ കേസ് ഏതാണെന്നു മനസ്സിലാകും. ഈ കേസിന്റെ പ്രത്യേകത എന്തെന്ന് വച്ചാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഒരു എംഎല്‍എ ഇരയുടെ അടുത്ത് എത്തിച്ചേരുകയും ഇരയില്‍ നിന്നു നേരിട്ടു കാര്യങ്ങള്‍ മനസ്സിലാക്കി, ഈ കേസ് ബന്ധപ്പെട്ട പോലീസ് അധികാരികളില്‍ എത്തിക്കുകയും ചെയ്തു. ഒരു പക്ഷെ പ്രതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്. ഇതായിരിക്കണം ഈ കേസിലെ അപ്രതീക്ഷിതമായ ആദ്യത്തെ ട്വിസ്റ്റും. എങ്കിലും ട്വിസ്റ്റുകളും കഥകളുമായി കേസ് ഇന്നും ഗൂഡാലോചകരിലേക്കെത്തി ചേരാന്‍ കഴിയാതെ നില്‍ക്കുകയാണ്.
ഇങ്ങനെ ഒരു കാര്യം പുറത്തെത്തുമ്പോള്‍ വന്നേക്കാവുന്ന കഥകളും ഉപകഥകളും അപവാദങ്ങളും മാനസിക പീഡനവും തന്റെ കരിയറും ഒന്നും വകവെയ്ക്കാതെയാണ് നടി കേസുമായി മുന്നോട്ടു പോയത്. ഒരുപാട് പേര്‍ക്ക് മാതൃക ആക്കാവുന്ന ഒരു സമീപനം. പക്ഷെ അവര്‍ക്കു ഇനിയും നീതി കിട്ടിയിട്ടില്ല . ഇത്രയും ജനശ്രദ്ധ ആകര്‍ഷിച്ച ഈ കേസിലെങ്കിലും നീതി ഉറപ്പാക്കി ജനങ്ങള്‍ക്കു മുന്നില്‍ നല്ലൊരു ഉദാഹരണമായി ഈ കേസിനെ മാറ്റാമായിരുന്നു.
സ്വാമിയുടെ ലിംഗഛേദം സംബന്ധിച്ചുണ്ടായ കേസിലും പല ട്വിസ്റ്റുകളും ഉണ്ടായി. ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നു. പുതുമുഖങ്ങള്‍ അവതരിച്ചു. ഇപ്പൊ വാദി ആരാ പ്രതി ആരാ എന്നൊന്നും മനസ്സിലാക്കാന്‍ പറ്റാത്ത അവസ്ഥയായി. വര്‍ഷങ്ങളായി തന്നെ പീഡിപ്പിക്കുന്നയാളുടെ ലിംഗം മുറിച്ചത് താന്‍ തന്നെയാണ് എന്നു പറഞ്ഞ കുട്ടി പിന്നീട് മൊഴി മാറ്റിയതിനു പിന്നിലുള്ള കാരണം ഇപ്പോഴും വ്യക്തമല്ല.
സൗമ്യയെ ക്രൂരമായി കൊല ചെയ്തപ്പോള്‍ ഇവിടെ കൊലപാതകിക്ക് വേണ്ടി വാദിക്കാന്‍ വക്കീലന്മാര് ഉണ്ടായി. അവസാനം സൗമ്യക്കും നീതി ഉറപ്പാക്കാന്‍ നമുക്കായില്ല. വാളയാറില്‍ രണ്ട് പിഞ്ചു കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ അത് ആത്മഹത്യ ആണെന്നായിരുന്നു ആദ്യം പോലീസ് കണ്ടെത്തിയത്. മറ്റൊരു കോളിളക്കം സംഭവിച്ച ജിഷ കേസ്, ഇപ്പോഴും വിചാരണ നടന്നു കൊണ്ടിരിക്കുന്നു.
പ്രമുഖ ആണെങ്കിലും അല്ലെങ്കിലും ആക്രമിക്കപ്പെട്ടത് സ്ത്രീ ആണെങ്കില്‍ ഒട്ടു മിക്ക കേസുകള്‍ക്കും ഒരേ വിധിയാണ്. സമൂഹത്തിന്റെ വിചാരണയ്ക്കു പുറമെ, കോടതിയിലും വിചാരണ നീണ്ടു നീണ്ടു പോകുന്ന സ്ഥിതിവിശേഷം. ഇടക്കെപ്പോഴോ മിക്ക കേസുകളും തേച്ചു മാച്ചു കളയപ്പെടുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്ന കേസുകളില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ നിലവില്‍ വരണം, വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് അര്‍ഹതപെട്ട ശിക്ഷ എത്രയും വേഗത്തില്‍ നടപ്പില്‍ ആക്കണം എന്നീ ആവശ്യങ്ങള്‍ കാലങ്ങളായി ഉന്നയിക്കുന്നത്.
2016 ഇല് മാത്രം 1690 കേസുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ്സ് നടത്തിയ സര്‍വ്വേ രേഖപെടുത്തുന്നു. ഇതില്‍ 924 കേസുകള്‍ കുഞ്ഞുങ്ങളെ ബലാത്സംഗത്തിന് ഇരയാക്കിയതാണ്. POCSO Act പ്രകാരം 2093 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ശൈശവ വിവാഹം, പെണ്‍ഭ്രൂണഹത്യ, ഗാര്‍ഹിക അതിക്രമങ്ങള്‍, സ്ത്രീധന പീഡനം, തട്ടിക്കൊണ്ടു പോകല്‍, മനുഷ്യക്കടത്ത് എന്നിവയ്ക്കു പുറമെയുള്ള കണക്കാണിതെന്നു കൂടെ നമ്മള് ഓര്‍ക്കുമ്പോള്‍ ആണ് ഇതിന്റെ ഭീകരത വെളിവാകുന്നത്.
ജീവിക്കാനുള്ള അവകാശവും, വ്യക്തി സുരക്ഷയ്ക്കും, സാമൂഹിക സുരക്ഷയ്ക്കും, സ്വാതന്ത്ര്യത്തിനുള്ള അവകാശവും ചൂഷണത്തിന് എതിരെ ഉള്ള അവകാശവും എല്ലാം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉണ്ട് എന്നതിനെ പറ്റി സമൂഹം ഇപ്പോഴും ബോധവാന്മാരല്ല. സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവരുടെ സ്വാതന്ത്ര്യത്തിനു മേല്‍ കൂടുതല്‍ വിലങ്ങിടാന്‍ മാത്രമാണ് സമൂഹം ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു ഏറ്റവും നല്ല ഉദാഹരണം നടി അക്രമിക്കപെട്ടപ്പോള്‍, സിനിമ സംഘടനയായ 'അമ്മ' എടുത്ത നിലപാടില്‍ നിന്നു തന്നെ വ്യക്തമാണ്. എത്രയൊക്കെ മേലങ്കികള്‍ എടുത്തണിഞ്ഞാലും സമൂഹത്തിന്റെ മനസ് ഇപ്പോഴും സങ്കുചിതമായി തന്നെ തുടരുന്നു എന്നതിന് ഇതിലും നല്ല ഉദാഹരണമില്ല.
സൂര്യനെല്ലി, കിളിരൂര്‍, വിതുര എന്നിങ്ങനെ ജനശ്രദ്ധയാകര്‍ഷിച്ച പല കേസുകളിലും കാലങ്ങളോളം ഇരകള്‍ പീഡകരാലും പിന്നീട് നിയമവ്യവസ്ഥിതിയാലും നിരന്തരദുരന്തങ്ങള് ഏറ്റുവാങ്ങി കൊണ്ടിരുന്നു. എങ്കില്‍ പിന്നീട് ഡല്‍ഹി പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ സ്ഥിതിഗതികള്‍ കുറേ മാറി. വര്‍മ്മ കമ്മീഷന് ഒക്കെ നിലവില്‍ വന്നു. ഇപ്പോള്‍ പ്രത്യക്ഷത്തില്‍ നിയമം സ്ത്രീകള്‍ക്ക് അനുകൂലമാണെന്നൊരു തോന്നല്‍ വരാന്‍ തുടങ്ങി, കാരണം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ആദ്യമായി സ്ത്രീകള്‍ക്കനുകൂലമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാന്‍ തുടങ്ങി. പക്ഷെ ട്വിസ്റ്റുകള്‍ വന്നു കൊണ്ടേ ഇരുന്നു. ഓരോ ദിവസവും ഓരോ ട്വിസ്റ്റ് എന്നതും കഴിഞ്ഞു ഓരോ മണിക്കൂറിലും ഓരോ ട്വിസ്റ്റ് എന്ന സ്ഥിതിയിലേക്ക് എത്തപ്പെട്ടു കഴിഞ്ഞു. ട്വിസ്റ്റുകളും വിചാരണയും കഴിയുമ്പോഴേക്കും യാഥാര്ത്ഥപ്രതികള് അവരുടെ പാട്ടിനു പോയി കാണും.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)