TopTop
Begin typing your search above and press return to search.

വെടിവെച്ചത് മോഹൻലാലിനെയല്ല, ഒപ്പിട്ടവരെ; സ്റ്റേജിലേക്ക് അതിക്രമിച്ച് കയറിയതല്ല, മൂത്രമൊഴിക്കാന്‍ പോയത്: അലൻസിയർ

വെടിവെച്ചത് മോഹൻലാലിനെയല്ല, ഒപ്പിട്ടവരെ; സ്റ്റേജിലേക്ക് അതിക്രമിച്ച് കയറിയതല്ല, മൂത്രമൊഴിക്കാന്‍ പോയത്: അലൻസിയർ

സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ നടൻ അലൻസിയർ മോഹൻലാലിന് നേരെ പ്രതീകാത്മകമായി വെടിയുതിർത്തെന്നാണ് മനോരമ പത്രം ഇന്ന് ചിത്രം സഹിതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗ പീഠത്തിന് താഴെയെത്തി കൈവിരലുകൾ തോക്ക് പോലെ ചൂണ്ടി രണ്ട് വട്ടം വെടിയുതിർക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മോഹൻലാൽ പറഞ്ഞു കൊണ്ടിരിക്കുന്നത് കള്ളമെന്ന ഭാവേനയായിരുന്നു അലൻസിയറുടെ പ്രവർത്തിയെന്നും മനോരമ ലേഖകൻ കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന്‌ സ്റ്റേജിലേക്ക് കയറി മോഹൻലാലിന് സമീപം എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പോലീസും ചേർന്ന് തടയുകയും സ്റ്റേജിന് പിന്നിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തെന്നും ഇതിനിടെ മോഹൻലാൽ പ്രസംഗം അവസാനിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം മനോരമയുടെ വാർത്ത പച്ചക്കള്ളമാണെന്നാണ് അലൻസിയർ അഴിമുഖത്തോട് പ്രതികരിച്ചത്. താൻ പ്രതീകാത്മകമായി തോക്ക് ചൂണ്ടിയത് മോഹൻലാലിന് നേരെയല്ലെന്നും സമൂഹത്തിന് നേരെയാണെന്നുമാണ് അലൻസിയർ പറയുന്നത്. അതിന്റെ അർത്ഥം മനസിലാകാതെ മനോരമ അത്തരമൊരു വാർത്ത കൊടുക്കുകയായിരുന്നു.

അമ്മ എന്ന സംഘടനയുടെ പ്രസിഡന്റായതിന്റെ പേരിൽ മോഹൻലാലിനെ അവാർഡ്ദാന ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ട സാംസ്കാരിക നായകർ ആ ചടങ്ങിൽ പങ്കെടുത്തതിനെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. "മോഹൻലാൽ എന്ന മഹാനായ ഒരു നടൻ സംഘടനയുടെ സാരഥ്യം ഏറ്റെടുത്തതിന്റെ പേരിൽ അദ്ദേഹത്തെ ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന് പറയുന്നതിലെ സാംഗത്യം എനിക്ക് മനസിലായിട്ടില്ല. ലാലേട്ടനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ടവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. അവരിൽ പലരും ആ വേദിയിലുണ്ടായിരുന്നു. ഈ പൊള്ളത്തരത്തെ ചോദ്യം ചെയ്താണ് ഞാൻ വിരലുകൾ കൊണ്ട് തോക്ക് ചൂണ്ടിയത്" അലൻസിയർ പറയുന്നു.

ആ ഒപ്പിട്ടവർക്കെതിരെയാണ് താൻ വെടിവച്ചതെന്നും അല്ലാതെ മോഹൻലാലിനെതിരെയല്ലെന്നും അലൻസിയർ കൂട്ടിച്ചേർത്തു. അത് മനസ്സിലാക്കാൻ പറ്റാതെ പോയത് ആ മനോരമ ലേഖകന്റെ വിവരക്കേടാണ്. ഇ എം എസിനെ വിറ്റ് വളർന്ന പ്രസ്ഥാനമാണ് മനോരമ. പക്ഷെ ഇ എം എസിന് അത് മനസിലായിരുന്നില്ല.

മോഹൻലാൽ ആ ചടങ്ങിൽ പങ്കെടുത്തതിൽ സന്തോഷിക്കുന്ന ആളാണ് താനെന്നും അലൻസിയർ കൂട്ടിച്ചേർത്തു. എന്ത് തോക്ക് കൊണ്ടു വന്നാലും മോഹൻലാലിനെ വെടിവെച്ചു വീഴ്ത്താൻ സാധിക്കില്ല. കാരണം അദ്ദേഹം മഹാനായ ഒരു നടനാണ്. ആ നടനൊപ്പമാണ് ഞങ്ങൾ. ഞാനൊരു വെടിവച്ചാൽ വീഴുന്നതല്ല കേരളത്തിന്റെ അഭിമാനയ ആ പ്രതിഭ. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ഇരിക്കുന്ന വേദിയിലേയ്ക്കാണ് താൻ വെടിയുതിർത്തത്. എല്ലാവർക്കും വെടിയേൽക്കും ആർക്കും വെടിയേൽക്കില്ല എന്നതിനെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കുകയാണ് ചെയ്തത്. കള്ളത്തരം പൊളിച്ചു കളയണം, നിങ്ങൾ സത്യസന്ധരാകൂ, എവിടെയാണ് നിങ്ങളുടെ ജനുവിനിറ്റി എന്ന് തെളിയിക്കണം ഇതാണ് ആ വേദിയോട് താൻ ആവശ്യപ്പെട്ടത്. വിശിഷ്ടാതിഥി വേണ്ടെന്ന് പറഞ്ഞ് ഒപ്പിട്ടു കൊടുത്തവരും വേദി പങ്കിട്ടതിന്റെ കള്ളത്തരത്തെയാണ് താൻ ചോദ്യം ചെയ്തത്. അത് ഇരട്ടത്താപ്പാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ ഓരോരുത്തർക്കും ഓരോ നിലപാടുകൾ കാണും. അതിന്റെ അടിസ്ഥാനത്തിലല്ല ഒരു നടനെ വിലയിരുത്തേണ്ടത്. മോഹൻലാലിനെ വിശിഷ്ടാതിഥിയായി സ്വീകരിക്കുന്ന വേദിയിൽ ഇന്ദ്രൻസിന്റെയും പാർവതിയുടെയും പ്രൗഢി കുറയുന്നതെങ്ങനെയാണ്? എന്തിനാണ് ഇത്തരം അൽപത്തരങ്ങൾ ചിന്തിക്കുന്നത്?

ഒരു സുഹൃത്ത് ഒരു കേസിൽപ്പെട്ടാൽ അയാൾക്ക് വേണ്ടി ആരായാലും പ്രാർത്ഥിക്കുമെന്നും അലൻസിയർ പറയുന്നു. കർത്താവായ യേശു ക്രിസ്തു പോലും അടുത്ത കുരിശിൽ കിടന്ന കള്ളന് വേണ്ടി പ്രാർത്ഥിച്ചിരുന്നു. കോടതി പ്രഖ്യാപിക്കുന്നത് വരെ ഒരാളും കുറ്റവാളിയാകുന്നില്ല, കുറ്റാരോപിതൻ മാത്രമാണ്. സംഘടനയിലെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് അമ്മ. അമ്മയ്ക്ക് ആരെയും ശിക്ഷിക്കാൻ അധികാരമില്ല. ദിലീപിനെ തിരിച്ചെടുത്ത് ആ തെറ്റ് തിരുത്തുക കൂടിയാണ് സംഘടന ചെയ്തത്.

സിനിമയിലുള്ള തന്റെ സുഹൃത്തുക്കൾ തന്നെ വളരെ സംഘർഷകമായ തരത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നത് സങ്കടകരമാണ്. അമ്മയുടെ ബൈലോ പ്രകാരം ആരെയും പുറത്താക്കാൻ പറ്റില്ല. അമ്മയും താനും പക്ഷം ചേരുന്നത് ഇരയാക്കപ്പെട്ട പെൺകുട്ടിക്കൊപ്പമാണ്. ഞാൻ പ്രതിയാക്കപ്പെട്ടയാൾക്കൊപ്പമല്ല. പക്ഷെ അയാൾക്കും ന്യായം കിട്ടണം. അയാളല്ല ആ കുറ്റം ചെയ്തിരിക്കുന്നതെങ്കിൽ അയാളെ നമ്മളെന്തിനാണ് ക്രൂശിക്കുന്നത്? അയാൾ തെറ്റുകാരനാണോ അല്ലയോ എന്ന് തീരുമാനിക്കാൻ ഇവിടെ പോലീസും കോടതിക്കുമുണ്ട്. അയാൾ നിരപരാധിയാണെന്ന് തെളിയുന്ന കാലം വന്നാൽ നാം ആരോട് മാപ്പ് പറയും? നമ്മൾ കുറ്റബോധത്താൽ തല കുനിക്കേണ്ടി വരില്ലേ? അലൻസിയർ ചോദിക്കുന്നു.

താൻ മോഹൻലാലിന്റെ അടുക്കലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന മനോരമ വാർത്തയും കള്ളത്തരമാണെന്ന് അലൻസിയർ കൂട്ടിച്ചേർത്തു. ഒരു സർക്കാസം സ്റ്റേജിന് നേരെ കാണിച്ച് പുറകുവശത്തുകൂടി മൂത്രമൊഴിക്കാനാണ് താൻ പോയത്. മഹേഷ് പഞ്ചുവും പോലീസും തന്നെ തടഞ്ഞെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. മോഹൻലാലിനെ വെടിവച്ച് വീഴ്ത്താൻ താനാരാണെന്നും ഇദ്ദേഹം ചോദിക്കുന്നു. തന്റെ സർക്കാസത്തിന്റെ അർത്ഥം ലാലേട്ടനും എന്തിന് നമ്മുടെ ചിരിക്കാത്ത മുഖ്യമന്ത്രിക്ക് പോലും മനസ്സിലായി. അദ്ദേഹം വരെ ചിരിച്ചു. അതിലപ്പുറം എന്തു വേണം.

നമ്മുടെ സമൂഹത്തിലെ കോമാളിത്തരത്തെ താൻ മറ്റൊരു വിധത്തിൽ കാണിച്ചെന്നേ ഉള്ളൂ. വിശിഷ്ടാതിഥിയെ എതിർത്തവരെ വേദിയിൽ കണ്ടപ്പോൾ "എന്തരടേ ഇത്" എന്ന് ചോദിക്കുന്നത് പോലെ അപ്പോൾ തോന്നിയ തമാശയായിരുന്നു അത്. എത്ര പേരാണ് ആ മഹാനടനെതിരെ വിരൽ ചൂണ്ടി നിൽക്കുന്നതെന്നും അലൻസിയർ ചോദിക്കുന്നു. പക്ഷെ ആ തോക്കു ചൂണ്ടലുകൾ മോഹൻലാലിനെ ബാധിക്കില്ല എന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ് താൻ ശ്രമിച്ചത്.

ഇത് കൂടാതെ നമ്മുടെ രാജ്യത്തെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടലും തന്റെ പ്രവർത്തിയുടെ ലക്ഷ്യമാണെന്ന് അലൻസിയർ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ പോലും അടുത്ത കാലത്ത് ആക്രമണ ശ്രമമുണ്ടായി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ആ ചടങ്ങിൽ താൻ വിരലുകൾക്ക് പകരം യഥാർത്ഥ തോക്ക് തന്നെയാണ് ചൂണ്ടിയതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്നും അലൻസിയർ ചോദിക്കുന്നു.

https://www.azhimukham.com/newswrap-mohanlals-emotional-speech-and-alancier-show-at-film-award-ceremony-writes-saju/


Next Story

Related Stories