TopTop

അധ്യാപികയ്ക്ക് കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല അധ്യാപകന്റെ അശ്ലീല സന്ദേശങ്ങള്‍, പരാതിയില്‍ നടപടിയില്ലെന്നും ആരോപണം

അധ്യാപികയ്ക്ക് കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല അധ്യാപകന്റെ അശ്ലീല സന്ദേശങ്ങള്‍, പരാതിയില്‍ നടപടിയില്ലെന്നും ആരോപണം
കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകന്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അധ്യാപികയുടെ പരാതി. ഇത് സംബന്ധിച്ച് സര്‍വകലാശാ അധികൃതര്‍ക്ക് പരാതി നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍വകലാശാലാ അധികൃതര്‍ പരാതിയിന്മേല്‍ ഏതെങ്കിലും തരത്തില്‍ നടപടിയെടുത്തോ എന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നും അധ്യാപിക കുറ്റപ്പെടുത്തുന്നു. തനിക്ക് വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന, സര്‍വകലാശാലയില്‍ ഗൈഡ്ഷിപ്പുമുള്ള അധ്യാപകന്‍ ഇത്തരത്തില്‍ പെരുമാറുമെന്ന് താന്‍ കരുതിയില്ലെന്നും താന്‍ പരാതി നല്‍കിയ ശേഷം ചില അധ്യാപക സംഘടനകളെ മുന്‍നിര്‍ത്തി അധ്യാപകന്‍ അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നതായും പരാതിക്കാരി പറയുന്നു.

"കാലിക്കറ്റ് സര്‍വകലാശാലയില്‍ ഞാന്‍ പി.ജിക്ക് പഠിക്കുന്ന സമയത്ത് ഈ അധ്യാപകന്‍ അവിടെ ഗവേഷക വിദ്യാര്‍ഥിയായിരുന്നു. 99-2000 ബാച്ചില്‍. അന്ന് ഞങ്ങള്‍ സൗഹൃദമുണ്ടായിരുന്നു. പിന്നീട് വളരെ നാളത്തേക്ക് യാതൊരു കമ്മ്യൂണിക്കേഷനുമില്ലായിരുന്നു. കോളേജ് അധ്യാപകരുടെ പിഎസ് സി പരീക്ഷ ഞാന്‍ എഴുതിയിരുന്നു. പരീക്ഷ വന്ന സമയത്ത് അതിന് തയ്യാറെടുക്കാനായി അദ്ദേഹത്തിന്റെ സഹായം ചോദിച്ച് വിളിക്കുകയായിരുന്നു. സ്റ്റഡി മെറ്റീരിയലുകളൊക്കെ അയച്ചുതന്നിരുന്നു. നല്ല സൗഹൃദത്തോടെ തന്നെയായിരുന്നു ഇടപെടല്‍. അദ്ദേഹം റിസര്‍ച്ച് ഗൈഡുമാണ്. റിസര്‍ച്ച് ചെയ്യുന്ന കാര്യവും എന്റെ ആലോചനയിലുണ്ടായിരുന്നു. അതിന്റെ ഗൈഡന്‍സിനും ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. പി എസ് സി ലിസ്റ്റ് വന്നല്ലോ എന്ന് പറഞ്ഞ് പിന്നീട് അദ്ദേഹം ഇങ്ങോട്ട് വിളിച്ചു. അതിന് ശേഷമാണ് വാട്‌സ് ആപ്പിലൂടെ മെസേജുകള്‍ അയച്ചത്. മറ്റൊരു സുഹൃത്തിന്റെ കാര്യം ഞങ്ങള്‍ വാട്‌സ്ആപ്പിലൂടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് 'അവളെന്റെ സെക്കന്‍ഡ് ഓപ്ഷനായിരുന്നു, നീയെന്റെ ഫസ്റ്റ് ഓപ്ഷനായിരുന്നു' എന്ന് പറഞ്ഞ് മെസേജ് വരുന്നത്. തുടര്‍ന്ന് സരിതാ നായരുടെ ഒരു ഫോട്ടോയും എനിക്കയച്ചു. അപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ നമ്പര്‍ തരാനാവശ്യപ്പെട്ടു.


തെറ്റായ നമ്പറാണ് അദ്ദേഹം തന്നത്. പിന്നീട് എന്റെ ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനായി 'വീ ഹാഡ് ഇറ്റ്' എന്നൊക്കെ പറഞ്ഞും മെസേജ് അയച്ചു. അത്തരത്തിലൊരു പെരുമാറ്റം അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയെ ഞാന്‍ വിളിച്ചുപറഞ്ഞിരുന്നു. ഇതിന് മുമ്പ് ഇങ്ങനെയൊരു പെരുമാറ്റം അദ്ദേഹത്തില്‍ നിന്നുണ്ടായിരുന്നില്ല. ഈ സംഭവം നടന്നതിന് ശേഷം ഞാന്‍ വാട്‌സ് ആപ്പില്‍ അദ്ദേഹത്തെ ബ്ലോക്ക് ചെയ്തു. പിറ്റേദിവസം എന്നെ പല തവണ വിളിച്ചെങ്കിലും ഞാന്‍ ഫോണെടുത്തില്ല. ഇതിനിടെ അധ്യാപക സംഘടന വഴി ഒരു അനുരഞ്ജനശ്രമം അദ്ദേഹം നടത്തി. അദ്ദേഹത്തിന് യൂണിവേഴ്‌സിറ്റിയില്‍ നല്ല പ്രൊഫൈല്‍ ഉള്ളയാളാണ് എന്നു പറഞ്ഞിട്ട് അവര്‍ എന്റെ വീട്ടിലേക്ക് സംസാരിക്കാന്‍ വരാനിരിക്കുകയാണെന്ന് പറഞ്ഞു. പക്ഷെ അദ്ദേഹം ഗൈഡ്ഷിപ്പുള്ളയാളാണ്. നാളെ റിസര്‍ച്ചിനായി പലരും അദ്ദേഹത്തിനടുത്ത് പോവും. അവരോട് ഇത്തരത്തില്‍ പെരുമാറിയാലോ? ഒക്ടോബര്‍ 26-ന് ഞാന്‍ യൂണിവേഴ്‌സിറ്റി വി.സിക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കി. എന്നാല്‍ ഇതേവരെ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല
'- അധ്യാപിക പറയുന്നു.

എന്നാല്‍ സുഹൃത്തുക്കള്‍ക്കിടയിലുള്ള തര്‍ക്കത്തെ അധ്യാപിക ഇത്തരത്തിലേക്ക് എത്തിക്കുകയാണെന്നും ഇതില്‍ സത്യമില്ലെന്നുമാണ് ആരോപിതനായ അധ്യാപകന്റെ വാദം. 'ഞങ്ങള്‍ വളരെക്കാലമായി സുഹൃത്തുക്കളാണ്. സുഹൃത്തുക്കള്‍ എന്ന സ്വാതന്ത്ര്യത്തോടെയാണ് പലതും സംസാരിക്കാറ്. ഇതിന് മുമ്പും അങ്ങനെ സംസാരിച്ചിട്ടുണ്ട്. പക്ഷെ എന്തെങ്കിലും തരത്തില്‍ ലൈംഗിക ചുവയുള്ളതോ അശ്ലീലമോ ആയ മെസേജുകള്‍ ഞാനയച്ചിട്ടില്ല. ഞങ്ങളുടെ ഒരു പൊതു സുഹൃത്തിന് കാന്‍സര്‍ ആണ്. അക്കാര്യം ഞങ്ങള്‍ ഡിസ്‌കസ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ഉദ്ദേശിച്ചാണ് 'വീ ഹാഡ് ഇറ്റ്' എന്ന് ഞാന്‍ പറഞ്ഞത്. അതിനെ അവര്‍ വേറൊരു സന്ദര്‍ഭത്തില്‍ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായത്. ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ തമ്മില്‍ ഒരു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതില്‍ ഈ അധ്യാപികയും ഉള്‍പ്പെട്ടിട്ടുണ്ട്. അതിന്റെ മുകളില്‍ എന്നെ മനപ്പൂര്‍വം അധിക്ഷേപിക്കാനായാണ് ഇത്തരം ഒരു പരാതി നല്‍കിയിരിക്കുന്നത്. പരാതി സംബന്ധിച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എനിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ചില സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞതാണിത്'- അധ്യാപകന്‍ പറയുന്നു.

എന്നാല്‍ അധ്യാപകന്‍ അയച്ച മെസേജുകളുടെ സ്ക്രീന്‍ ഷോട്ട് അടക്കമാണ് അധ്യാപിക പരാതി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ തന്നോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും തന്നെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് അധ്യാപകന്‍ പെരുമാറിയതെന്നും സര്‍വകലാശാല അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ അധ്യാപിക പറയുന്നു.

Next Story

Related Stories