Top

അശോകനും ഹാദിയയ്ക്കും ഒരു തുറന്ന കത്ത്

അശോകനും ഹാദിയയ്ക്കും ഒരു തുറന്ന കത്ത്
ബഹുമാന്യരായ അശോകൻ, ഹാദിയ എന്നിവർ വായിച്ചറിയുവാൻ,

എനിക്ക് നിങ്ങളെ രണ്ടു പേരെയും കുറിച്ച് ഒന്നുമറിയില്ല. നിങ്ങളെ അനുകൂലിച്ചും എതിർത്തും, വിരുദ്ധ ചേരികളിലുള്ളവരായി ചിത്രീകരിച്ചും പത്രമാധ്യമങ്ങളിലും ഫേസ് ബുക്കിലും പലതും വായിക്കുകയുണ്ടായി. രണ്ടാളുകളോടും ചിലത് സൂചിപ്പിക്കണമെന്ന് തോന്നി.

വ്യക്തികൾ എന്ന നിലയിൽ നിന്ന് നിങ്ങൾ ചിഹ്നങ്ങളും ബിംബങ്ങളുമായി മാറിയിരിക്കുന്നു. ചർച്ചകളിലൂടെ മറ്റുള്ളവർ  ഉണ്ടാക്കിയെടുത്ത ഈ സ്ഥാനങ്ങളിൽ നിങ്ങളുടെ ഉത്തരവാദിത്വങ്ങളും അധികാരങ്ങളും ഇഷ്ടാനിഷ്ടങ്ങളും സമുദായങ്ങൾ തമ്മിലുള്ള വടംവലിയിൽ തങ്ങളുടെ ഭാഗത്തിനു ജയിക്കാനുള്ള ആയുധങ്ങളും ഉപകരണങ്ങളുമായി മാത്രമാണ് ഉപയോഗപ്പെടുത്തപ്പെടുന്നത്. തീർത്തും അന്യായമാണെങ്കിലും ഹിന്ദു - മുസ്ലീം സമുദായങ്ങളുടെ അഭിമാനത്തിന്റെ വിഷയമായി നിങ്ങളെ കേരളീയ സമൂഹം മാറ്റിക്കളഞ്ഞിട്ടുണ്ട്. നിങ്ങളിൽ ആരു 'ജയിച്ചാലും' അത് കേരളീയ സമൂഹത്തിന്റെ തോൽവി തന്നെയാവും. അതുകൊണ്ടാണ് രണ്ടു പേർക്കും കൂടി ഈ കത്തെഴുതാൻ തീരുമാനിച്ചത്.

കൂടുതൽ പ്രായം, അധികാരം, സാമൂഹ്യ സമ്മതി എന്നിവയുള്ള അശോകനെന്ന ഹാദിയയുടെ അച്ഛനോടാണ് ആദ്യം ചോദിക്കാനുള്ളത്. എല്ലാ അച്ഛനമ്മമാരും തങ്ങളുടെ മക്കളെ വളർത്താൻ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിക്കാറുണ്ട്. അത് അവരുടെ മതം, രാഷ്ട്രീയം, വിവാഹം, ജോലി എന്നീ കാര്യങ്ങളിൽ അച്ഛന്മാർക്കോ അമ്മമാർക്കോ ഉടമസ്ഥാവകാശവും നിയന്ത്രണാവകാശവും നൽകുന്നില്ല എന്ന് അങ്ങും സമ്മതിച്ചു തരുമല്ലോ. തീർച്ചയായും അങ്ങേക്ക് അവളോട് സ്വന്തം ഇഷ്ടങ്ങളെപ്പറ്റി പറയാം, വാദിക്കാം. മകളുടെ ഇഷ്ടങ്ങളെ മാനിക്കാനും തന്റെ മതപരമോ രാഷ്ട്രീയപരമോ കുടുംബപരമോ ആയ ഇഷ്ടങ്ങൾ പങ്കുവയ്ക്കാത്തപ്പോഴും ആ വ്യക്തിത്വത്തെ പിന്തുണക്കുവാനും ഉള്ള കഴിവിനെയാണല്ലോ സ്നേഹം എന്നു പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുകയും അത് ആളുകളോടു പറയുകയും ചെയ്താൽ കാര്യങ്ങൾ കുറച്ചു കൂടി അയയില്ലേ? പന്തിഭോജന സ്ഥലത്ത് തന്നെ കാണാൻ എത്തിയ നമ്പൂതിരിയുവാക്കൾ താഴ്ന്ന ജാതിക്കാരോടൊന്നിച്ച് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചപ്പോൾ ശിഷ്യന്മാരെ വിട്ട് അവർക്ക് അവലു വാങ്ങി കൊടുത്ത ശേഷം മാത്രം അന്നു ഭക്ഷണം കഴിച്ച ശ്രീനാരായണ ഗുരു വഴികാട്ടിയായുള്ള ഈഴവ സമുദായാംഗമായ അങ്ങേക്ക് ഈ മനോഭാവം അത്ര ബുദ്ധിമുട്ടാവില്ലല്ലോ. തന്നോട് പറയാതെ കല്യാണം കഴിച്ച കുമാരനാശാനെന്ന പ്രിയശിഷ്യൻ അനുവാദവും അനുഗ്രഹവും ചോദിച്ചു കൊണ്ടെഴുതിയ കത്തിന് ഗുരു നൽകിയ പ്രസിദ്ധമായ മറുപടി അങ്ങും അറിയും: "ചടങ്ങു കഴിഞ്ഞല്ലോ, അനുവാദം അതുകൊണ്ട് വേണ്ടല്ലോ. അനുഗ്രഹം, അതു പിന്നെ എപ്പോഴുമുണ്ടല്ലോ!" പ്രാർത്ഥനകൾ കൊണ്ടും അനുഗ്രഹം കൊണ്ടും എപ്പോഴും കൂടെ നിൽക്കാൻ കഴിയുന്നവരല്ലേ മാതാപിതാക്കൾ.

നിങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന ഈ കപട യുദ്ധത്തിൽ നിങ്ങളുടെ മകളെ സ്വസമുദായത്തിന്റെ വിജയത്തിനായി റാഞ്ചാൻ നിൽക്കുന്ന ഹിന്ദു - മുസ്ലീം ഗ്യാങ്ങുകളെ മാറ്റിനിർത്താൻ നിങ്ങളുടെ കൈയ്യിലുള്ള ഏറ്റവും നല്ല ആയുധം മകളോടുള്ള സ്നേഹമാണ്. അതിനാവശ്യം അവളുടെ തെരഞ്ഞെടുപ്പുകളെ അവളുടേതെന്ന് അംഗീകരിക്കാനുള്ള മനസാണ്. സ്നേഹം വ്യക്തിത്വത്തെ അംഗീകരിക്കലാണ്, തള്ളിക്കളയലല്ല. ആത്മവിശ്വാസത്തോടെ, ശ്രദ്ധയോടെ, ആത്മാർഥതയോടെ മകളോട് സംസാരിച്ചു നോക്കൂ. അങ്ങയുടെ ഇപ്പോഴുള്ള കുറേ പേടികൾ മാറും. സമൂഹത്തെ ആകെ ബാധിച്ചു കൊണ്ടിരിക്കുന്ന പേടിയും സംശയവും നിങ്ങൾക്കും മകൾക്കും ഇടയിൽ ഭിത്തികൾ തീർക്കാതിരിക്കട്ടെ. അവൾക്ക് വേറിട്ട് പോകണമെങ്കിൽ പോകട്ടെ.... അപ്പോഴും അവൾക്കു വേണ്ടിയല്ലേ അങ്ങു നിൽക്കേണ്ടത്?

ഇനി മകളുടെ തെരഞ്ഞെടുപ്പുകൾ നിയമവാഴ്ചക്കോ അവളുടെ സുരക്ഷയ്ക്കോ പ്രശ്നമാകുന്നുവെങ്കിൽ അതാദ്യം അവളോടും അവൾ കേൾക്കാതിരിക്കുമ്പോൾ മാത്രം നിയമവ്യവസ്ഥയോടും പറയേണ്ടതുണ്ട്. അത്തരം വ്യക്തത വരുത്തിയിട്ടു തന്നെയാണോ മകളെപ്പറ്റിയും അവൾക്കില്ലാത്ത വകതിരിവിനെപ്പറ്റിയും അങ്ങ് പറഞ്ഞു കൊണ്ടിരിക്കുന്നത്?  ഇവിടെ ഒരു ഭാഗം മാത്രമേ അങ്ങ് അച്ഛനായി ഇരിക്കുന്നുള്ളു. മറ്റൊരു ഭാഗം അങ്ങ് ഈ രാജ്യത്തിലെ, സംസ്ഥാനത്തിലെ ഒരു പൗരനാണ്. ആ ഉത്തരവാദിത്തം കൂടിയാണ്, വൈകാരികത മാത്രമല്ല ഇത്തരം വാദങ്ങളിലുണ്ടാവേണ്ടത് എന്ന് അഭ്യർത്ഥിക്കുന്നു.

മഹാഭാരതം പഠിപ്പിച്ച ഒരു വലിയ കാര്യം, ഭീരുത്വം കൊണ്ട് എന്തു ചെയ്താലും അത് തെറ്റാവുമെന്നാണ്. അത്തരം തെറ്റുകൾ അങ്ങേക്കു വരാതിരിക്കട്ടെ

ഇനി ഹാദിയയോട്, സ്വന്തം തീരുമാനങ്ങൾക്ക് യാതൊരു വിലയും കിട്ടാതെ, വീട്ടുതടങ്കലിലായ, ശരീരവും ക്രൂരമായ ഗൂഢാലോചന സിദ്ധാന്തങ്ങൾ നേരിടേണ്ടി വരുന്ന മനസുമുള്ള നിങ്ങളെപ്പറ്റി എനിക്ക് വേദനയുണ്ട്. ഒരു മലയാളി, ഇന്ത്യക്കാരൻ, പുരുഷൻ എന്നീ കണക്കിലെല്ലാം ഇക്കാര്യത്തിൽ കുറ്റബോധവുമുണ്ട്. എങ്കിലും ചിലത് ചോദിക്കേണ്ടതുണ്ട്.

നിങ്ങൾ മുസ്ലീമായല്ലേ മതം മാറിയത്? പൂർവാശ്രമത്തിലെ പേരിനെയും മാതാപിതാക്കളെയും തള്ളിപ്പറയാൻ ഹിന്ദു സന്യാസി ആയതൊന്നുമല്ലല്ലോ? (മുഹമ്മദ് നബിയുടെ അനുചരൻമാരിലോ മുസ്ലീം വിശ്വാസികളിലോ ആരെങ്കിലും പേരു മാറ്റിയതായി കേട്ടിട്ടുണ്ടോ? ഇസ്ലാം സ്വീകരത്തിനു മുമ്പും പിമ്പും ഖദീജാ ബീവിയുടെയും അബൂബക്കർ സിദ്ദിഖിക്കിന്റെയും ഉമർ ഖത്താബിന്റെയും പേര് അതു തന്നെ ആയിരുന്നു എന്ന് സാന്ദർഭികമായി പറയട്ടെ). സ്വന്തം അമ്മയേയും അച്ഛനേയും സ്വന്തം തെരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞ് മനസിലാക്കാനുള്ള ഭാഷയും അവർക്കാത്മവിശ്വാസം കൊടുക്കാനുള്ള പക്വതയും അതിനാവശ്യമായ സ്നേഹസന്നദ്ധതയും 24 വയസുള്ള ഒരു ഡോക്ടറായ നിങ്ങൾക്കില്ല എന്നു ഞാൻ വിശ്വസിക്കുന്നില്ല.

മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗമെന്നും ഏറ്റവും കരുണ കാണിക്കേണ്ടതാരോടാണെന്നു ചോദിച്ച അനുചരനോട് ആദ്യത്തെ മൂന്നു പ്രാവശ്യം 'നിന്റെ മാതാവിനോട്' എന്നും നാലാം തവണ 'നിന്റെ പിതാവിനോട്' എന്നും പറഞ്ഞയാളാണ്  മുഹമ്മദ് നബി. ചെറുപ്പത്തിൽ തന്നെ അനാഥനാക്കപ്പെട്ട, അനാഥക്കുട്ടികളുടെ മുമ്പിൽ വെച്ച് സ്വന്തം കുട്ടിയെ ലാളിക്കാൻ പോലും പാടില്ലെന്ന് വിലക്കിയ, താനുൾപ്പെട്ട ഖുറൈശി എന്ന ഏറ്റവും പ്രമുഖ ഗോത്രത്തിലെ കുടുംബക്കാരായ വമ്പന്മാരെ വെല്ലുവിളിച്ച ആ മനുഷ്യൻ പറയുന്നതിൽ ഉള്ളത് ഒരു സാമൂഹ്യാധികാരത്തിന്റെയും സംസ്ഥാപനമല്ല; മക്കളെ വളർത്താൻ മനുഷ്യർ ചെലവാക്കുന്ന അധ്വാനത്തെയും ശ്രദ്ധയേയും പറ്റിയുള്ള ഗാഢമായ ശ്രദ്ധയാണ്. ഇസ്ലാമിനെ ആകൃഷ്ടമാക്കേണ്ട നീതിബോധത്തിന്റെയും സമഭാവനയുടെയും കാരുണ്യത്തിന്റെയും ഈ പാഠങ്ങൾ ഹാദിയയ്ക്കു കിട്ടിയിട്ടില്ല എന്നുണ്ടോ? അതുകൂടി നോക്കണം എന്നെനിക്ക് അഭ്യർത്ഥനയുണ്ട്.  അപ്പോഴേ 'എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം' എന്ന ഖുർആനിലെ മൊഴി ഉൾക്കൊണ്ട് ഓർമകളോടും ചുറ്റുപാടുകളോടും സ്വയം ബന്ധിപ്പിക്കുന്ന ഒരു വ്യക്തിത്വമാവാൻ ഹാദിയ എന്ന മുസ്ലിമിനു കഴിയൂ എന്ന് എനിക്കു തോന്നുന്നു.

മുസ്ലീമാവുന്നതും ക്രിസ്ത്യാനിയാവുന്നതും ഹിന്ദുവാകുന്നതും ഹാദിയയുടെ വ്യക്തിപരമായ ഇഷ്ടം; ഭരണഘടനാപരമായ അവകാശം. ഈ മൊത്തം എപ്പിസോഡിൽ പോപ്പുലർ ഫ്രണ്ടിന്റെ റോൾ എന്താണെന്ന് എനിക്കു വ്യക്തതയില്ല. ആ സംഘടനയിൽ അംഗമാവാൻ ഹാദിയ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതൊരു രാഷ്ട്രീയ തീരുമാനമാണ്. അവരുടെ രാഷ്ട്രീയ സിദ്ധാന്തത്തെയും പ്രവർത്തന ചരിത്രത്തെയും സംഘടനാ രീതിയേയും പറ്റി മനസിലാക്കിയിട്ടു തന്നെ വേണം ഇങ്ങനെയൊരു തീരുമാനമെടുക്കാൻ. ഇസ്ലാമിൽ ചേരുന്നതിന്റെ കൂടെ കിട്ടുന്നതല്ല പോപ്പുലർ ഫ്രണ്ട് അംഗത്വം. ആ സംഘടനയെ ഏറ്റവും ശക്തമായും ഫലപ്രദമായും  എതിർത്തു പോന്നിട്ടുള്ളത് ഇതര മതക്കാരോ മതബോധമില്ലാത്ത സ്വതന്ത്ര വ്യക്തികളോ അല്ല, ഇവിടുത്തെ മുസ്ലീം സംഘടനകളായ സുന്നികളും മുജാഹിദുകളും തന്നെയാണെന്ന് ഹാദിയ തിരിച്ചറിയണം. എസ് കെ എസ് എസ് എഫ് പോലെ അംഗത്വത്തിൽ ഇത്ര മുന്നിൽ നിൽക്കുന്ന മുസ്ലീം സംഘടന പോലും പോപ്പുലർ ഫ്രണ്ടിനെയും അവരുടെ മുൻ അവതാരങ്ങളേയും തള്ളിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നതെന്തിന് എന്ന് പഠിക്കണം. ഈ എതിർപ്പിന്റെ രാഷ്ട്രീയ, ധാർമികാടിത്തറയെ വിലയിരുത്താതെ ഹാദിയ പെരുമാറുന്നത്  മുസ്ലീം ജനസാമാന്യത്തിന്റെ രാഷ്ട്രീയത്തെ തള്ളിക്കളയലാകും. തീർച്ചയായും തെരഞ്ഞെടുപ്പുകൾക്കുള്ള സ്വാതന്ത്ര്യം ഹാദിയയുടേതാണ്. രാഷ്ട്രീയ തീരുമാനങ്ങൾ, പക്ഷെ വിശദീകരിക്കപ്പെടേണ്ടതുണ്ട്.

കൂട്ടത്തിൽ പറയട്ടെ, സിറിയയിൽ ആടുമേക്കാൻ പോവലാണ് മുസ്ലീമിന്റെ യഥാർത്ഥധർമം എന്നൊക്കെയുള്ള തെറ്റിദ്ധാരണകൾ ആദ്യമുണ്ടായിരുന്നതായും ഇപ്പോഴത് മാറിയതായും ഹാദിയ പറയുന്നതായി ഒരു ഓഡിയോ ടേപ്പിൽ കേട്ടു. നല്ലത്; അപ്പറഞ്ഞതാരാണെന്ന് ഇവിടുത്തെ മുസ്ലീങ്ങളോടൊന്ന് പറഞ്ഞു തരണം. തികച്ചും വിചിത്രമായ ഇത്തരം വാദങ്ങളിലൂടെ മതത്തെ പരിചയപ്പെടുത്തുന്നവരെ കേരളത്തിലെ മുസ്ലിങ്ങൾ കരുതിയിരിക്കണം. അവർ പറയുന്നതനുസരിച്ചാണെങ്കിൽ കേരളത്തിൽ ജീവിച്ചു മരിച്ച ലക്ഷക്കണക്കിന് മുസ്ലിങ്ങളാരും ശരിയായ മുസ്ലിങ്ങളായിരുന്നില്ല എന്നും വരും.

ഇതിങ്ങനെയൊന്നുമാവേണ്ടിയിരുന്നില്ല... പക്ഷേ, നിങ്ങളുടെ രണ്ടു പേരുടെയും പേടിയും ഹാദിയയുടെ ഭാഗത്തു നിന്ന് ഇടപെട്ടതെന്നു പറയുന്ന ഇസ്ലാമിസ്റ്റുകളുടെ അതിസാമർത്ഥ്യവും കോടതിയുടെ തികച്ചും അസ്വീകാര്യമായ, പുരുഷാധിപത്യപരമായ വിധിന്യായവും നിങ്ങളുടെ വീട്ടിനു ചുറ്റും ഭീകരാവസ്ഥ സൃഷ്ടിക്കുന്ന ഹിന്ദുത്വ ശക്തികളും, നിങ്ങളിലൊരാൾക്ക് എതിരാവുന്നത് മാത്രമേ മറ്റെയാൾക്ക് അനുകൂലമാവൂ എന്ന് വിചാരിക്കുന്ന നിരീക്ഷകരും ചേർന്ന് കാര്യങ്ങൾ വല്ലാതെ കുഴപ്പത്തിലാക്കി വെച്ചിരിക്കുകയാണ്. ഈ കുരുക്കഴിക്കാൻ നാം മടങ്ങേണ്ടത് ഈ പ്രശ്നം തുടങ്ങിയിടത്തേക്കാണ്. നിങ്ങൾ തമ്മിലുണ്ടായ സംഭാഷണത്തകർച്ചയിലേക്കാണ്.

അതിന് തുടക്കമിടാൻ ഏറ്റവും നല്ലത് ഹാദിയയുടെ അമ്മയാണെന്നാണെന്റെ അഭിപ്രായം. ആണുങ്ങളുടെ അധികാരത്തിലുള്ള കുടുംബങ്ങളെ നടത്താൻ ഏൽപ്പിക്കപ്പെടുന്ന, പുരുഷന്റെ ലോകത്തിന്റെ ആവശ്യങ്ങൾക്ക് മക്കളെ പരുവപ്പെടുത്തുന്ന ആളുകളായി മാത്രമാണ് അമ്മമാരെ നമ്മുടെ നാട്ടിൽ കണ്ടു വരുന്നത്. അത് നമ്മുടെ കാഴ്ചയുടെ കുഴപ്പമാണ്. അമ്മമാരിൽ ശ്രദ്ധയുടെ, അധ്വാനത്തിന്റെ ഒരു വേറിട്ട ധാർമികതയുണ്ട്; കാരുണ്യത്തിന്റെ യുക്തിയുണ്ട്... അതിന് ഇപ്പോഴെങ്കിലും ചെവി കൊടുക്കുകയാണ് ഈ ഘട്ടത്തിൽ നാം ചെയ്യേണ്ട ഒരു കടമ.

അശോകൻ, അങ്ങയുടെ ഭാര്യയും ഹിന്ദുവുമായ പൊന്നമ്മ മകളായ ഹാദിയ എന്ന മുസ്ലീം സ്ത്രീക്കായി, അവളെ ഹിന്ദു മതത്തിലേക്ക് എന്തു ചെയ്തും തിരിച്ചു കൊണ്ടു വരുന്നത് സമുദായത്തിന്റെ അഭിമാനത്തിന്റെ ജീവന്മരണ പ്രശ്നമാണെന്ന് പറയുന്നവരോട് സംസാരിച്ച് അവരെ തിരിച്ചയക്കട്ടെ. അതേപോലെ അവർ ഹാദിയയുടെ ഭർത്താവിനോടും അവരുടെ വീട്ടുകാരോടും പഴയതും പുതിയതുമായ സുഹൃത്തുക്കളോടും സംസാരിച്ച്, അച്ഛനമ്മമാരുടെ ആവശ്യങ്ങളും ആശങ്കകളും പറഞ്ഞ് അവയെ ഇവർ തിരിച്ചറിയുന്നു എന്നും അതനുസരിച്ചു പ്രവർത്തിക്കുന്നു എന്നും ഉറപ്പാക്കട്ടെ.

സ്ത്രീകൾക്ക് പൊതുവെ നല്ല കാര്യപ്രാപ്തിയാണ്. പൊന്നമ്മ ഏറ്റെടുത്താൽ തന്നെ കാര്യങ്ങൾ കുറെ ശരിയാവും. ഹിന്ദു-മുസ്ലീം കുരുക്ഷേത്രത്തിൽ ഒട്ടും താല്പര്യമില്ലാത്ത, ആളുകളുടെ ആധികളേയും ഇഷ്ടങ്ങളേയും മനസ്സിലാക്കി നീതിബോധത്തോടെ പ്രവർത്തിക്കുന്ന കുടുംബക്കാരും നാട്ടുകാരും ഉണ്ടാവും അവിടെ. അവരെയും കൂട്ടിക്കൊള്ളൂ. അപ്പോഴേക്കും നിങ്ങൾ രണ്ടു പേരും കുടുതൽ സംസാരിക്കൂ. നിങ്ങളുടെ ജീവിതം നിങ്ങൾ തിരിച്ചെടുക്കൂ- പഴയതും പുതിയതുമായ എല്ലാ മത-ജാതി-ലിംഗ-പ്രായ-കുടുംബസ്വത്വങ്ങളോടെയും...

നിങ്ങളുടെ ജീവിതം ഭരണഘടനാവകാശങ്ങളുടെയും ഭരണകൂടാധികാരങ്ങളുടെയും, ആഗോള തീവ്രവാദ ചർച്ചയുടെയും, തീവ്രവാദമുപയോഗിച്ചുണ്ടാക്കുന്ന വംശീയതയുടെയും, പ്രാദേശിക സമുദായാധിഷ്ഠിത ബലപ്രയോഗത്തിന്റെയും ഒക്കെ പോരാട്ട ഭൂമി മാത്രമാക്കി ചുരുക്കിയിരിക്കുകയാണ് ഞങ്ങൾ സഹമലയാളികൾ. അതിലെ വൈകാരികരാഹിത്യം, കണ്ണിൽ ചോരയില്ലായ്മ കണ്ട് സഹിക്കാൻ കഴിയാതെ എഴുതിപ്പോയതാണ്. അല്ലാതെ ഇതൊന്നും പറയാൻ ഞാനാരുമല്ല.

നിങ്ങൾക്കു രണ്ടു പേർക്കും നല്ലതു മാത്രം വരട്ടെയെന്നും സമാധാനം ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു. ഇത്രയും വായിച്ചതിനു നന്ദി. കെട്ട കാലം നീളാതിരിക്കട്ടെ...

ക്ഷേമാശംസകളോടെ,
എൻ.പി ആഷ്ലി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories