‘പുറത്തായ ടീമുകളുടെ ഫ്ലെക്സുകൾ ഞങ്ങളെ ഏൽപ്പിക്കൂ, മഴയത്ത് ചോർന്നൊലിക്കുന്ന വീടുകളെ അത് സംരക്ഷിക്കും’; ഇത് ട്രോളല്ല

ലോകകപ്പ് കഴിയുമ്പോഴേക്കും ആവശ്യമുള്ളവർക്കെല്ലാം ഫ്ലെക്സ് എത്തിക്കാനാവും എന്ന പ്രതീക്ഷയിലാണ് ബി.ഡി. കെ പ്രവർത്തകർ

ഫുട്‌ബോൾ വിപ്ലവത്തിന്റെ കിക്കോഫ് വിസിൽ അങ്ങ് റഷ്യയിൽ മുഴങ്ങിയപ്പോൾ, മലയാളികളുടെ ഫുട്ബോൾ ഭ്രാന്തും ലോകം ചർച്ച ചെയ്തിരുന്നു. റഷ്യ കഴിഞ്ഞാൽ ലോകകപ്പിന്റെ ആവേശം കൂടുതൽ ഉൾക്കൊണ്ട പ്രദേശം കേരളം ആണെന്നതിൽ സൂറച്ചിലെ ഫിഫ ആസ്ഥാനത്തിരിക്കുന്നവർക്കു പോലും ചിലപ്പോള്‍ സംശയമുണ്ടാവില്ല. അത്രത്തോളം നമ്മൾ ഫുട്‌ബോളിനെ നെഞ്ചോട് ചേർത്തിട്ടുണ്ട്. ഇതൊക്കെ പലകുറി നമ്മള്‍ ചർച്ച ചെയ്‌ത വിഷയമാണ്.

ബ്രസിൽ, അർജന്റീന, ജർമ്മനി, പോർച്ചുഗൽ, ഇംഗ്ളണ്ട്, തുടങ്ങി ഐസ്ലാന്റിനും പാനമയ്ക്കും വരെ ഇവിടെ ആരാധകരുണ്ട്. ഈ ടീമുകൾക്ക് വേണ്ടി പൊങ്ങുന്നത് നിരവധി ഫ്ലെക്സുകളാണ്. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഫുട്‌ബോൾ മാമാങ്കം ഈ വരുന്ന ജൂലൈ 15 ന് അവസാനിക്കുമ്പോൾ കിരീടം ചൂടാൻ ഒരു ടീം മാത്രമേ ഉണ്ടാവൂ.

എന്നാല്‍ ഇഷ്ട ടീമിന്റെ തോൽവി പലപ്പോഴും വഴക്കിലേക്കും ആത്മഹത്യയിലേക്കും വരെ ചെന്നെത്തിക്കുമ്പോൾ ബ്ലഡ് ഡൊണേഴ്‌സ് കേരളയുടെ കോഴിക്കോട് ജില്ലാ ഘടകത്തിന് ഒരാശയം പങ്കു വെയ്ക്കാനുണ്ട്. “ലോകകപ്പിൽ നിന്നും പുറത്തായ ടീമിന്റെ ഫ്ലെക്സുകൾ നിങ്ങൾ ഞങ്ങളെ ഏൽപ്പിക്കൂ മഴയത്ത് ചോർന്നൊലിക്കുന്ന ഒരുപാട് വീടുകളെ അത് സംരക്ഷിക്കും” നൈസ് ആയിട്ട് ട്രോളിയതല്ല!! ഈ കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ആദ്യം എല്ലാവരും ട്രോൾ ആണെന്നു കരുതിയെങ്കിലും പിന്നീട് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘടനാ ഭാരവാഹിയും ഈ ആശയം ആദ്യമായി മുന്നോട്ടു വെയ്ക്കുകയും ചെയ്ത ബി.ഡി.കെ പ്രവർത്തകൻ അംജദ് റഹ്‌മാൻ പറയുന്നു.

“ഗൾഫ് രാജ്യങ്ങളിൽ നിന്നു പോലും ഒരുപാട് പേർ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു” അംജദ് കൂട്ടിച്ചേർത്തു. കോഴിക്കോട് ബീച്ച്, പുതിയ പാലം, ഗുജറാത്തി സ്ട്രീറ്റ് തുടങ്ങിയ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ ഈ മഴയത്ത് ചോർന്നൊലിക്കുന്ന ഒരുപാട് വീടുകളുണ്ട്. അവയെ ഈ മഴയിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയം നടപ്പിലാക്കുന്നത്. അഴിച്ചു മാറ്റുന്ന ഫ്ലെക്സുകൾ ഗുജറാത്തി സ്ട്രീറ്റിലുള്ള ഇക്കായീസ് ഹോട്ടലിലാണ് എത്തിക്കേണ്ടത്. “അവിടെ വരെ എത്താൻ ബുദ്ധിമുട്ടുള്ളവരുടെ അടുത്ത് ഞങ്ങൾ നേരിട്ട് പോയും ശേഖരിക്കും” അംജദ് പറഞ്ഞു.

വൈറലായ ഇവരുടെ പോസ്റ്റ് കണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഫ്ലെക്സ് ആവശ്യമുള്ളവരും, ഫ്ലെക്സ് തരാൻ സന്നദ്ധരായവരും ഫോണിലും മറ്റും ബന്ധപ്പെടുന്നുണ്ട്. “നിലവിൽ കോഴിക്കോടിന് പുറത്തു പോവാനുള്ള ചില പരിമിതികൾ ഉള്ളത് കൊണ്ട് അവരോട് ഫ്ലെക്സ് കോഴിക്കോട് എത്തിച്ചു തരാൻ പറയുകയാണ്”എന്നാൽ വയനാട്ടിൽ നിന്നും ആവശ്യക്കാർ വിളിച്ചത് അനുസരിച്ച് അവിടെ ഇവർ നേരിട്ട് പോയി ഫ്ളക്സ് കൊടുത്തിട്ടുണ്ട്.

ലോകകപ്പ് കഴിയുമ്പോഴേക്കും ആവശ്യമുള്ളവർക്കെല്ലാം ഫ്ലെക്സ് എത്തിക്കാനാവും എന്ന പ്രതീക്ഷയിലാണ് ബി.ഡി. കെ പ്രവർത്തകർ. ഇതോടൊപ്പം എല്ലാ ഞായറാഴ്ചകളിലും തെരുവ് മക്കൾക്ക് സ്നേഹസദ്യ എന്ന പേരിൽ ഭക്ഷണ വിതരണവും നടത്തുന്നുണ്ട് ടീം ബി.ഡി.കെ. എന്നാൽ എല്ലാറ്റിലുമുപപരി രക്തദാനമാണ് ഇവരുടെ പ്രധാന ലക്ഷ്യവും മുൻഗണനയും.

അവശരും നിരാലംബരുമായ ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, കെ എസ് ആർ ടി സി ബസ് കണ്ടക്ടറായ വിനോദ് ഭാസ്‌കരൻ 2011 ൽ തുടക്കം കുറിച്ച വി ഹെൽപ്പ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ പിന്നീട് ഒരുപാട് ആളുകൾ അംഗങ്ങളായി എത്തുകയും രക്തദാനം മുഖ്യ ലക്ഷ്യമായി മാറുകയും ചെയ്തു. എന്നാൽ രക്തത്തിന്റെ ആവശ്യകത വർധിച്ചപ്പോൾ വി ഹെൽപ്പിനു പുറമെ ബ്ലഡ് ഡൊണേഴ്‌സ് കേരള എന്ന പേരിൽ ഒരു ഗ്രൂപ്പ് കൂടെ ഉണ്ടാക്കുകയായിരുന്നു. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ പെടുന്നവർ ഇന്ന് ഈ കൂട്ടായ്‌മയിലുണ്ട്.

അഞ്ജലി അമൃത്

അഞ്ജലി അമൃത്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍