TopTop
Begin typing your search above and press return to search.

ഞാന്‍ ദൈവവിശ്വാസിയായ കമ്യൂണിസ്റ്റ്; 'ജിമിക്കി കമ്മല്‍' മകന് വേണ്ടി എഴുതിയത്: അനില്‍ പനച്ചൂരാന്‍/അഭിമുഖം

ഞാന്‍ ദൈവവിശ്വാസിയായ കമ്യൂണിസ്റ്റ്; ജിമിക്കി കമ്മല്‍ മകന് വേണ്ടി എഴുതിയത്: അനില്‍ പനച്ചൂരാന്‍/അഭിമുഖം

ലോകമെമ്പാടുമുളള മലയാളികള്‍ ഏറെ ആസ്വദിച്ച ചലച്ചിത്രഗാനമാണ് 'എന്റെമ്മേടെ ജിമിക്കി കമ്മല്‍'. കവി അനില്‍ പനച്ചൂരാനാണ് ഈ പാട്ടിന്റെ രചയിതാവ്. ഇന്നും പ്രവാസി മലയാളിയെ നാട്ടിലേക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിച്ചുക്കൊണ്ടേയിരിക്കുന്ന ഗൃഹാതുരഗാനമായ 'തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത..', വിപ്ലവഗാനമായി മാറിയ 'ചോര വീണ മണ്ണില്‍' എന്നീ ഗാനങ്ങളുടെ രചയിതാവും പനച്ചൂരാനാണ്. കവിതകളെ കടലാസില്‍ നിന്നും ആസ്വാദകന്റെ ഹൃദയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ച കവി കൂടിയായ അനില്‍ പനച്ചൂരാനുമായി വിഷ്ണു നമ്പൂതിരി നടത്തിയ അഭിമുഖം.

വിഷ്ണു നമ്പൂതിരി: സമൂഹ മാധ്യമങ്ങളിലും,യൂട്യൂബിലുമൊക്കെ തരംഗമായി മാറുകയാണ് വെളിപാടിന്റെ പുസ്തകമെന്ന സിനിമയിലെ 'എന്റെമ്മേടെ ജിമിക്കി കമ്മല്‍' എന്ന ഗാനം. ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ ചോദിക്കട്ടെ, സുരഭിയും, വലയില്‍ വീണ കിളികളും, കര്‍ണ്ണനും, അനാഥനുമൊക്കെ എഴുതിയ കവിയില്‍ നിന്ന് ലഭിച്ച അപ്രതീക്ഷിതമായൊരു പ്രഹരമല്ലേ 'ജിമിക്കി കമ്മല്‍'?

അനില്‍ പനച്ചൂരാന്‍: സിനിമയെ പ്രയോഗ കല (അപ്ലൈഡ് ആര്‍ട്ട്) എന്നല്ലേ പറയുക. എന്നെ ലാല്‍ ജോസ് അവിടെ ഉപയോഗിച്ചിരിക്കുകയാണ്. ഇതേ സംവിധായകനായ ലാല്‍ ജോസിന് വേണ്ടി ഞാന്‍ എഴുതിയ പാട്ടുകളാണ് 'തിരികെ ഞാന്‍ വരുമെന്ന' പാട്ടും, 'ചോര വീണ മണ്ണിലും'. തൊഴിലാളി വര്‍ഗ്ഗമുള്ളിടത്തോളം കാലം ആ ഗാനവും നിലനില്‍ക്കും. കാലത്തെ മനസ്സിലാക്കുന്ന കവിയായതുകൊണ്ടാണ് ഇങ്ങനെ എഴുതിയത്. എന്റെ കാലത്തില്‍ തളയ്ക്കപ്പെട്ട കവിയല്ല ഞാന്‍. തളം കെട്ടി നില്‍ക്കുന്ന ജലാശയം അല്ല കവിത്വം, അതൊഴുകുന്ന നദിയാണ്, നദി അതിന്റെ കരകളെ എപ്പോഴും പ്രഹരിച്ചു കൊണ്ടായിരിക്കും ഒഴുകുക. ഈ ഗാനം പ്രതിനിധാനം ചെയ്യുന്നത്, സിനിമയില്‍ രണ്ടു കൂട്ടം വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മിലുള്ള വഴക്കിനിടയില്‍ പരസ്പരം പോര്‍വിളി നടത്തുന്നത് പോലെയാണ്. മറ്റൊരു വിധത്തില്‍ കപട സദാചാരവാദികള്‍ക്ക് നേരെയുള്ള തെറിവിളി ആയും കരുതാം. 'എന്റെ അമ്മയുടെ ജിമ്മിക്കി കമ്മല്‍ എന്റെ അപ്പന്‍ കട്ടോണ്ട് പോയി' അതിനു നിനക്ക് എന്താണ്? എന്ന് സദാചാരവാദികളോട് ചോദിക്കുകയാണ്. ആ വരികള്‍ ഞങ്ങളുടെ നാട്ടിലൊക്കെ പണ്ടേ ഉണ്ടായിരുന്ന ഒരു നാടന്‍ ശീലായിരുന്നു. കള്ളുകുപ്പി എന്ന സ്ഥാനത്ത് ബ്രാണ്ടി കുപ്പി എന്നുമാറ്റിയെന്നു മാത്രം. എന്റെ അമ്മയുടെ നാട് കൊല്ലത്താണ്. അവിടെ ഒക്കെ 'കൊല്ലത്തെ പപ്പടം ഗണ്ടന്‍ പപ്പടം കൊച്ചിലെ പപ്പടം കൊച്ചു പപ്പടം' എന്നൊക്കെയുള്ള ശിങ്കാരി മേളത്തിന്റെ വായ്ത്താരികള്‍ ഉണ്ടായിരുന്നു. അങ്ങനെ കേട്ടതൊക്കെ തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ ലോകോത്തര കാവ്യമാണ് എഴുതിയിരിക്കുന്നതെന്ന ദുര്‍വിചാരം ഒന്നും എനിക്കില്ല. ഈ പാട്ടെഴുതിയതിനു മറ്റൊരു കാരണം കൂടിയുണ്ട്. എന്റെ മകന്‍ ഒക്കെ ഗന്നം സ്‌റ്റൈല്‍ പോലുള്ള പാട്ട് കേട്ട് തുള്ളിച്ചാടുമ്പോള്‍ ഞാന്‍ കരുതിയിട്ടുണ്ട്, എന്റെ ഇത്തരത്തില്‍ ആഘോഷിക്കാന്‍ പറ്റുന്ന രീതിയിലുള്ളൊരു പാട്ടില്ലലോ എന്ന്. ആ സങ്കടം ഈ പാട്ട് വന്നതോടെ കൂടി മാറിക്കിട്ടി.

വിഷ്ണു: വെറുമൊരു ഗാനരചയിതാവല്ല ആ വരികള്‍ എഴുതിയിരിക്കുന്നത്, അറിയപ്പെടുന്നൊരു കവിയാണ് കമ്പോളവത്കരണത്തിന് സമരസപ്പെട്ടു കൊണ്ട് ഇങ്ങനെ എഴുതാന്‍ തയാറായിരിക്കുന്നത്. ഇത് കീഴടങ്ങലല്ലേ?

അനില്‍: ഞാന്‍ പണ്ടേ കമ്പോളവത്കരിക്കപ്പെട്ട കവിയാണ്. ഇവിടെ ഒരു കവി കവിത എഴുതിയതിനു ശേഷം വ്യവസ്ഥാപിതമായ രീതിയില്‍ പ്രസിദ്ധീകരിക്കുവാന്‍ ഒരു മാസികക്ക് അയച്ചു കൊടുക്കുന്നു. പത്രാധിപര്‍ക്ക് ഇഷ്ടപ്പെട്ട് പ്രസിദ്ധീകരിച്ചാല്‍ അയാള്‍ക്ക് പരമാവധി എത്ര രൂപ കൊടുക്കും പ്രതിഫലം എന്ന നിലയില്‍? ആ തുക കൊണ്ട് അയാള്‍ക്ക് ജീവിക്കുവാന്‍ സാധിക്കില്ല എന്നത് തീര്‍ച്ചയാണ്. എന്നാല്‍ ആ കവി തന്നെ കവിതകള്‍ കാസറ്റ് ആക്കി വിപണനം ചെയ്യുമ്പോള്‍ അയാള്‍ക്ക് കിട്ടുന്ന പ്രതിഫലം കുറച്ചുകൂടി മെച്ചപ്പെട്ടതായിരിക്കില്ലേ? പണ്ട് സ്വന്തം പുസ്തകങ്ങള്‍ ബഷീറും പുതൂര്‍ ഉണ്ണികൃഷ്ണനുമൊക്കെ തലച്ചുമടായി കൊണ്ട് നടന്നു വിറ്റിട്ടുണ്ട്, അതും മാര്‍ക്കറ്റിംഗ് തന്നെയാണ്. അവരോടും ഇതേ ചോദ്യം തന്നെ പലരും ചോദിച്ചിട്ടുണ്ടാകും എന്നത് എനിക്ക് ഉറപ്പാണ്. ഇന്ന് കമ്പോളവത്കരിക്കപ്പെടാത്ത ഒന്നും തന്നെ ശ്രദ്ധിക്കപ്പെടില്ല എന്നതാണ് സത്യം. ഒരുദാഹരണം പറയാം. ഈ പാട്ടിന് ഫേസ്ബുക്കില്‍ ഒക്കെ ആദ്യ ദിവസം വളരെ അധികം വിമര്‍ശനങ്ങള്‍ വന്നിരുന്നു. അനില്‍ പനച്ചൂരാന്‍ എന്ന കവി ഇങ്ങനെ ആണോ എഴുതേണ്ടത് എന്നൊക്കെ ചോദിച്ചു കൊണ്ട്. അഞ്ചു കവികള്‍ ആ സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത്തരത്തിലൊരു ഗാനം ഞാന്‍ എഴുതില്ല എന്ന് ശഠിച്ചു നിന്നാല്‍ എനിക്ക് അവസരം നഷ്ടം ആകുകയേയുള്ളു. ഈ പാട്ട് ശ്രദ്ധിക്കപ്പെട്ടു, സന്തോഷകരമായ കാര്യം. ഒപ്പം സങ്കടകരമായ ഒരു കാര്യം കൂടി പറയാം. ലാല്‍ ജോസിന്റെ മറ്റൊരു സിനിമയ്ക്ക് വേണ്ടി എഴുതിയ പാട്ടാണ്; വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട വരികള്‍, 'ഒരു കോടി താരങ്ങളെ വെളിച്ചത്തില്‍ ഒളിപ്പിച്ചു ഒളിച്ചു കളിക്കുമിവനാരോ' പെട്ടന്ന് കേട്ടപ്പോള്‍ വല്ലതും മനസ്സിലായോ? 'ഉലകിങ്ങനെ അളന്നിട്ട് ഉരുളയെന്നറിഞ്ഞിട്ട് പടിഞ്ഞാട്ട് നടക്കുന്നോന്‍ ആര്?' നവീനമായ വരികള്‍ തന്നെയല്ലേ ഇത്. പാട്ടില്‍ ഇത്രയും ഭാവന ഒന്നും പ്രയോഗിക്കരുതെന്ന പാഠം അന്ന് മനസ്സിലായി. വിക്രമാദിത്യന്‍ എന്ന സിനിമയിലെ പാട്ടാണിത്. ഈ വരികള്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്നതില്‍ നിങ്ങളും കുറ്റവാളിയാണ്. അങ്ങനെ ആകുമ്പോള്‍ ആദ്യം ചോദിച്ച ചോദ്യത്തിന് നിങ്ങള്‍ എന്നോട് മാപ്പ് പറയേണ്ടി വരും.

വിഷ്ണു: ഏതാണ്ട് പത്ത് വര്‍ഷത്തിലേറെയായി ചലച്ചിത്രരംഗത്ത് എത്തിയിട്ട്. അതിലുമേറെയായി കാവ്യലോകത്തിലേക്ക് പ്രവേശിച്ചിട്ട്. പക്ഷേ കവിതയുടെ അക്കാദമിക്ക് തലങ്ങളില്‍ അത്രയൊന്നും പരിചിതമല്ലാത്ത, പരാമര്‍ശനവിധേയമാകാത്ത പേര് ആണല്ലോ താങ്കളുടേത്?

അനില്‍: ഞാന്‍ അക്കാദമിക്ക് ആയി മലയാള സാഹിത്യം പഠിച്ചിട്ടില്ല. ഞാനും എന്റെ കവിതകളും എന്നും ആസ്വാദകന്റെ ഒപ്പമാണ്. ഞാന്‍ കവിതകള്‍ ചൊല്ലിയാണ് ജനമധ്യത്തില്‍ അവതരിപ്പിക്കുന്നത്. ലവകുശന്മാരുടെ കാലത്തെ രീതിയില്‍. ജനങ്ങളെ ഞാന്‍ പാട്ടിലാക്കുകയായിരുന്നു. സുരഭിയും വലയില്‍ വീണ കിളികളുമൊക്കെ ഒന്നാന്തരം പാട്ടുകളാണ്. ഇവയെല്ലാം രാഗബദ്ധമായ ഗാനരൂപത്തിലുള്ള കവിതകളാണ്.

വിഷ്ണു: എ.അയ്യപ്പനും കടമ്മനിട്ടയ്ക്കും ശേഷം കവിതകളെ ചൊല്‍ക്കാഴ്ചകളാക്കി മാറ്റിയവരുടെ ഗണത്തില്‍ വരുന്നവരാണ് താങ്കളും മുരുകന്‍ കാട്ടാക്കടയുമൊക്കെ. ആലാപനശൈലിയിലും അവതരണത്തിലും നിങ്ങള്‍ തമ്മില്‍ സാമ്യത പ്രകടമാണെന്ന് തോന്നുന്നു?

അനില്‍: കടമ്മനിട്ടയും അയ്യപ്പനും ഒക്കെ ആളുകളെ ഇളക്കിമറിക്കുന്ന രീതിയിലാണ് കവിതകള്‍ പാടിയിരുന്നത്. ഞാന്‍ കുറച്ചുകൂടി മന്ത്രമധുരമായ നിലയിലാണ് കവിതയെ സമീപിക്കുന്നത്. കവിതകള്‍ കലഹിക്കണം, പക്ഷേ എപ്പൊഴുമതൊരു വീണയുടെ കലഹമായിരിക്കണം. വേണമെങ്കില്‍ ഞങ്ങളെ പാട്ടുകവികള്‍ എന്ന് വിളിക്കാം. എന്നേക്കാള്‍ ജൂനിയര്‍ ആണ് മുരുകന്‍ കാട്ടാക്കട. ഞാന്‍ വന്ന് ഏകദേശം അഞ്ച് കൊല്ലം കഴിഞ്ഞാണ് കാട്ടാക്കട വരുന്നത്. കാസറ്റുകളിലൂടെ ആയിരുന്നു കവിതകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിയത്. കവിതകള്‍ ചൊല്ലി ഫലിപ്പിക്കാന്‍ ഉള്ള കഴിവാണ് പൊതുവായുള്ളത്.

വിഷ്ണു: 'ചോര വീണ മണ്ണില്‍' കള്‍ട്ട് കമ്മ്യുണിസ്റ്റ് ഗാനമായി മാറിയല്ലോ? പിന്നീട് എഴുത്തിന്റെ സ്വാന്ത്ര്യത്തിനെ ആ മുദ്രണം ഹനിക്കുന്നു എന്ന അവസ്ഥയില്‍ നിന്നാണോ, അത്തരത്തിലുള്ള ഗാനങ്ങള്‍ ഇനി എഴുതുകയില്ല എന്ന പ്രസ്താവനയിലേക്ക് എത്തുന്നത്?

അനില്‍: ആ കവിത ഇറങ്ങി കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത്. അന്ന് ആ കൊലപാതകങ്ങളോടുള്ള പ്രതിഷേധം എന്ന നിലയില്‍ ഞാന്‍ ഈ കവിത ഇനി ചൊല്ലുന്നില്ല എന്ന് പറഞ്ഞിരുന്നു. ആളുകള്‍ക്ക് പ്രചോദനമേകാന്‍ കഴിവുള്ള കവിതയാണത്. ചോര വീഴ്ത്താനുള്ള പ്രചോദനമാണ് നല്‍കുന്നതെന്ന് തെറ്റിദ്ധരിക്കാതെയിരിക്കാന്‍ വേണ്ടിയാണ് ഇനി ആ കവിത ചൊല്ലില്ല എന്ന് പറഞ്ഞത്.

വിഷ്ണു: എണ്‍പതുകളുടെ മലയാളിയുവത്വം ഹൃദയത്തിലേറ്റിയ കവിയായിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട്, അല്പകാലം കഴിഞ്ഞപ്പോള്‍ കവിതയുടെ ലോകത്തില്‍ നിന്നകന്ന് അഭിനയത്തിലേക്ക് ചേക്കേറി, അനില്‍ പനച്ചൂരാനിലും സംഭവിക്കുന്നത് സമാനമായ ദിശാമാറ്റമല്ലേ?

അനില്‍: എനിക്ക് വളരെ ആത്മബന്ധമുള്ള മനുഷ്യനാണ് അദ്ദേഹം. എന്റെ കവിത സിനിമയില്‍ ആദ്യമായി പാടിയതും അദ്ദേഹം തന്നെയായിരുന്നു. ഒരാളെ ജീവിതത്തില്‍ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നത് നമ്മള്‍ക്ക് പ്രവചിക്കാന്‍ പറ്റില്ല. ഞാന്‍ കവിയാകുമെന്നു ജീവിതത്തില്‍ വിചാരിച്ചതല്ല. അഭിനയവും അങ്ങനെ സംഭവിച്ചതാണ്. അഭിനയത്തില്‍ നിന്ന് ബോധപൂര്‍വ്വം മാറി നിന്ന വ്യക്തിയാണ് ഞാന്‍. എന്നെ ക്ഷണിച്ചിട്ടും അവിടെ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. കവി എന്ന നിലയില്‍ എന്നില്‍ നിന്ന് ലഭിച്ചത്ര എന്നിലെ നടനില്‍ നിന്ന് ലഭിച്ചെന്നു വരില്ല. ഒരു തൊഴില്‍ എന്ന നിലയില്‍ അഭിനയത്തെ സ്വീകരിക്കാന്‍ ഉള്ള ധൈര്യം എനിക്കില്ല. തൊഴില്‍ എന്ന നിലയില്‍ എഴുത്ത് തന്നെയാണ് സുരക്ഷിതം.

വിഷ്ണു: കവിതകളില്‍ പലയിടത്തും നഷ്ടപ്രണയത്തിന്റെ വിങ്ങലുകള്‍ കാണാം. ജീവിതത്തില്‍, പ്രണയിനിയെ തന്നെയാണ് വിവാഹം ചെയ്തതെന്ന് കേട്ടിട്ടുണ്ട്, എന്നിട്ടും ദുഃഖിക്കുന്നൊരു കാമുകനുള്ളിലുണ്ടോ?

അനില്‍: ഒരു പ്രണയിനിയെ മാത്രമാണ് വിവാഹം ചെയ്തത്. പ്രണയിനികള്‍ വേറെയും ഉണ്ടായിരുന്നു. കവിതയ്ക്ക് പക്ഷേ പ്രണയവിരഹം തന്നെയാണ് കുറച്ചുകൂടി ഗുണകരമെന്ന് തോന്നുന്നു.

വിഷ്ണു: ജിപ്‌സികള്‍ക്ക് സമാനമായ ജീവിതശൈലി പിന്തുടര്‍ന്നിരുന്ന യാത്രികന്‍, അരാജകതുല്യനായ മദ്യപാനി തുടങ്ങിയ ഭൂതകാലവിശേഷണങ്ങളില്‍ നിന്ന് കര്‍ത്തവ്യബോധമുള്ള ഗൃഹനാഥന്‍, സാമൂഹിക പ്രതിബദ്ധതയുള്ള അഭിഭാഷകന്‍ എന്ന നിലകളിലേക്കുള്ള പരിവര്‍ത്തനത്തെ പറ്റി?

അനില്‍: അരാജകവാദി ആണെന്ന് പറയാന്‍ പറ്റില്ല കാരണം ഞാന്‍ അന്ന് സന്ന്യാസം സ്വീകരിച്ചിരുന്നു. ശരീരത്തെ പറ്റിയൊന്നും അന്ന് അത്രത്തോളം ബോധവാന്‍ അല്ലായിരുന്നു. വാറങ്കലില്‍ കാകതീയ സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ പോയ സമയത്താണ് ഞാന്‍ സന്ന്യാസത്തില്‍ ആകൃഷ്ടനാകുന്നത്. ഒരു അഘോറിയായിരുന്നു എനിക്ക് ദീക്ഷ തന്നത്. പണ്ട് മുതല്‍ക്കേ ഞാന്‍ എന്റെ വസ്ത്രധാരണത്തിലൊന്നും അധികം താല്‍പര്യം കാണിച്ചിരുന്നില്ല. അഹങ്കാരിയുടെ ആത്മാവ് അവന്റെ വസ്ത്രങ്ങളിലാണ്. ശിവന്റെ തപസ്സ് ശ്രദ്ധിച്ചിട്ടില്ലേ? അവസാനം പാര്‍വതി ശിവന് വേണ്ടി തപസ്സു ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തപസ്സുപേക്ഷിച്ച് താഴേക്കു ഇറങ്ങി വന്നു. ഞാന്‍ down to earth ആകാന്‍ ആണ് എപ്പോഴും ശ്രമിക്കുന്നത്. മദ്യപാനം ഉണ്ടെന്നറിഞ്ഞപ്പോള്‍ എന്റെ അച്ഛന്‍ എന്നോട് പറഞ്ഞത്, 'നീ കുടിച്ചോളൂ പക്ഷേ വയലാര്‍ എങ്കിലുമാകണം' എന്നാണ്.

വിഷ്ണു: ജനിച്ച് വളര്‍ന്ന നാടിന്റെ സ്വാധീനം തന്നെയാണോ ഇടതുപക്ഷത്തിലേക്ക് അടുപ്പിച്ചത്?

അനില്‍: അതുകൊണ്ട് തന്നെയാകണം. കെ.പി.എ.സിയുടെ സ്വാധീനം വളരെ ശക്തമായിരുന്നു. എന്റെ ബന്ധുക്കളില്‍ ഭൂരിഭാഗവും കമ്മ്യുണിസ്റ്റ് അനുഭാവികളായിരുന്നു. കോണ്‍ഗ്രസ്സുകാരും ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അന്ന് ആശയപരമായ സംഘട്ടനങ്ങള്‍ ഉണ്ട്. ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ട്. ഇന്നത്തെ അന്തി മയങ്ങുമ്പോള്‍ ഉള്ള പതിവ് ചാനല്‍ ചര്‍ച്ചകള്‍ അല്ല. കാമ്പുള്ള വാദങ്ങള്‍ നിറഞ്ഞ ചര്‍ച്ചയായിരുന്നു അവയൊക്കെ. തമ്മില്‍ത്തല്ലലിന്റെ രാഷ്ട്രീയമേ ഇവിടെ ഇല്ലായിരുന്നു. ഇ.എം.എസ്സും ഇ.കെ നായനാരും പ്രസംഗിക്കുന്ന വേദികളില്‍ കടുത്ത കോണ്‍ഗ്രസ്സ് വിശ്വാസികള്‍ പോലും ചെന്നിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്ര രാഷ്ട്രീയ ദര്‍ശനം ഉള്ളവരെ അംഗീകരിക്കാന്‍ ഇവര്‍ തയ്യാര്‍ ആയിരുന്നു. അച്ഛന്‍ ഒക്കെ കുട്ടിയായിരുന്ന സമയത്ത് കമ്യൂണിസ്റ്റ് വേട്ടകള്‍ നടക്കുന്നത് അവര്‍ നേരിട്ട് കണ്ടിട്ടുണ്ട്. ക്ലാപ്പന എന്ന സ്ഥലത്തെ എള്ള് നിലത്താണ് ഇവര്‍ ഒളിച്ചിരിക്കുന്നത്. പോലീസുകാര്‍ അവരെ അവിടെയിട്ട് തല്ലി പരുവമാക്കിയിട്ടാണ് കൊണ്ടുപോകുന്നത്. ഈ കഥകള്‍ കേട്ടാണ് ഞങ്ങളൊക്കെ വളര്‍ന്നു വന്നത്. സ്വാഭാവികമായും ഇടതുപക്ഷത്തോട് പ്രതിപത്തി തോന്നും. ഇ.എം.എസ്സിനും നായനാര്‍ക്കും ശേഷം ആ ശ്രേണിയില്‍ നില്‍ക്കാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി സാറാണ്. വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തിയിലും കാരുണ്യം പുലര്‍ത്തുന്ന വ്യക്തിയാണദ്ദേഹം. ജനസമ്പര്‍ക്ക പരിപാടി പോലെയുള്ള ജനകീയ പദ്ധതികളിലൂടെയാണ് ഇത്ര ജനസമ്മതി അദ്ദേഹം നേടിയത്. മാധ്യമങ്ങള്‍ അദ്ദേഹത്തെ വളരെയധികം ദ്രോഹിച്ചിട്ടുണ്ട്. സി.ഡി എടുക്കാന്‍ വേണ്ടി മാധ്യമങ്ങളും പോലീസും പരക്കം പാഞ്ഞു നടന്ന നാളുകളൊക്കെ ഓര്‍മ്മയില്ലേ? മാധ്യമചരിത്രത്തിലെ കറുത്ത അധ്യായങ്ങളായാകും വരുംതലമുറ അവയൊക്കെ കാണുക. മാധ്യമ പ്രവര്‍ത്തനം എന്നാല്‍ എന്താണ്? ചോദിക്കുക. അറിയാനും, അറിയിക്കാനും അല്ലാതെ ചൊറിയാന്‍ വേണ്ടിയാകരുത്. കശുവണ്ടി എന്നതിനെ കശു വേറെ വണ്ടി വേറെ എന്നാക്കി മാറ്റുന്നതാകരുത് മാധ്യമ പ്രവര്‍ത്തനം.

വിഷ്ണു: ഇന്നത്തെ രാഷ്ട്രീയത്തെയും മതചിന്തയെയും പറ്റി?

അനില്‍: വളരെ അധികം പ്രതീക്ഷയര്‍പ്പിച്ചൊരു പാര്‍ട്ടിയായിരുന്നു ആം ആദ്മി പാര്‍ട്ടി. കേരളത്തില്‍ വളരാന്‍ സാധ്യതയുള്ള പാര്‍ട്ടിയായിരുന്നു. എന്നിട്ട് എന്തായി? ആര് ആദ്മി എന്ന നിലയില്‍ അവസാനിച്ചു. പെട്രോളിന്റെ വില വര്‍ദ്ധിക്കുന്നു, നമ്മള്‍ സഹിക്കുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പേ കള്ളപ്പണത്തിന്റെ പേരില്‍ നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചു, അതും നമ്മള്‍ സഹിച്ചു. 'ക്യൂവിതം' അല്ല നമ്മള്‍ നയിക്കേണ്ടത് ജീവിതം ആണ്. എവിടെയെങ്കിലും പോയി ക്യൂ നില്‍ക്കുന്നത് അല്ല മനുഷ്യധര്‍മ്മം എന്നത് അധികാരികള്‍ പഠിച്ചില്ലെങ്കില്‍ അധികാരികളെ കൊല്ലാന്‍ വേണ്ടി നില്‍ക്കുന്നവരുടെ ക്യൂവും ഇവിടെ ഉണ്ടാകും.

നിങ്ങള്‍ മതമൈത്രിക്കു വേണ്ടി മുറവിളി കൂട്ടുകയൊന്നും വേണ്ട. അക്ബര്‍ എന്ന മുസ്ലിമിന് ജനിക്കുന്ന മകന് ഹംസ എന്ന പേര് നല്‍കാതെ ജോസ് പ്രകാശ് എന്ന് പേരിട്ടാല്‍ മാത്രം മതി. ആ പേര് ആകുമ്പോള്‍ ജോസും ഉണ്ട് പ്രകാശും ഉണ്ട്. മതത്തെ നമ്മള്‍ നാമത്തില്‍ പോലും ധരിച്ചിരിക്കുന്നവര്‍ ആണ്. ജാതിപ്പേരുകള്‍ ആളുകള്‍ ഇപ്പോള്‍ കൂട്ടി സ്വന്തം പേരിനോട് കൂട്ടിച്ചേര്‍ക്കാറില്ലേ, ജാതീയത അതിശക്തമായി തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഹിന്ദു സ്ത്രീകള്‍ ഇനി ചെയ്യേണ്ടത്, നിങ്ങള്‍ പര്‍ദ്ദ അണിയുക. ഹിന്ദുക്കള്‍ കൂടി ഉപയോഗിക്കുന്നതോട് കൂടി അതൊരു മതചിഹ്നം ആകാതെ ഇരിക്കും. സാധാരണക്കാരന് ജനാധിപത്യസംവിധാനം എന്ന നാടകത്തില്‍ വലിയ പങ്ക് ഒന്നും അവകാശപ്പെടാനില്ല. വാസ്തവത്തില്‍ മോദി മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധിയല്ല. കുടുംബഭരണത്തില്‍ നിന്ന് രാജ്യത്തിന് മോചനം നല്‍കി എന്നതാണ് ഞാന്‍ ബിജെപിയില്‍ കാണുന്ന ഗുണം. ജനാധിപത്യമൂല്യങ്ങള്‍ തീരെ ഇല്ലാത്ത അവസ്ഥയില്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആണ്. സാധാരണക്കാരന്റെ ശബ്ദം ഇടതുപക്ഷത്തില്‍ ഇപ്പോള്‍ കേള്‍ക്കാനില്ല. അവിടെ അധികാരം ചില വ്യക്തികളില്‍ മാത്രം കേന്ദ്രീകൃതമായി മാറിയിരിക്കുന്നു.

വിഷ്ണു: തീവ്രവിപ്ലകാരിയില്‍ നിന്ന് തീവ്ര ആത്മീയവാദിയിലേക്കുള്ള മാറ്റത്തെ കുറിച്ച്?

അനില്‍: വിപ്ലവം എന്റെ മനസ്സില്‍ അല്ലേ? ഹൃദയം-ബുദ്ധി ഇവ രണ്ടും ബാലന്‍സ്ഡ് ആയാലേ എഴുത്ത് നടക്കുകയുള്ളു. എഴുത്തില്‍ ഞാന്‍ വിപ്ലവം സൂക്ഷിക്കുമ്പോള്‍ എനിക്ക് വൈകാരികമായ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ദൈവം വേണം. വിപ്ലവം എന്നും രണ്ടു വിഷയങ്ങളെ പറ്റി മാത്രമേ സംസാരിക്കുന്നുള്ളൂ, തൊഴിലാളിയെ പറ്റിയും മുതലാളിയെ പറ്റിയും. അടിസ്ഥാനം സാമ്പത്തികശാസ്ത്രമാണ് താനും. അല്ലാതെ തിയോളജിയോ ആത്മീയതയോ ഒന്നുമല്ലല്ലോ. എന്നെ സംബന്ധിച്ചിടത്തോളം ദൈവവിശ്വാസിയായ കമ്മ്യുണിസ്റ്റായേ എനിക്ക് നിലനില്‍ക്കാന്‍ സാധിക്കൂ. ക്ഷേത്രത്തില്‍ പോകാന്‍ പിന്നെ വേറൊരു കാരണം, നല്ല പലഹാരങ്ങള്‍ കിട്ടും എന്നതാണ്. ഇന്ദ്രിയങ്ങളെ എല്ലാം വിശുദ്ധമായൊരു അവസ്ഥയിലേക്ക് എത്തിക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് സാധിക്കാറുണ്ട്, അവിടുത്തെ ഗന്ധങ്ങള്‍ കൊണ്ടും അന്തരീക്ഷം കൊണ്ടും.

വിഷ്ണു: മൂന്ന് വെടിയുണ്ടകള്‍ക്കൊണ്ട് ഗൗരി ലങ്കേഷിനെ നിശബ്ദയാക്കിയവര്‍ ഇപ്പോഴും പുറത്തുണ്ട്. കവിയും പോരാത്തതിന് ഇടതുപക്ഷവിശ്വാസിയുമായ അനില്‍ പനച്ചൂരാനും നിശബ്ദനാക്കപ്പെട്ടേക്കാം എന്ന് തോന്നുന്നുണ്ടോ?

അനില്‍: അവര്‍ മരിച്ചത് എന്തിനാണെന്ന് എനിക്ക് വ്യക്തമല്ല. ഒരു അബലയായ സ്ത്രീയെ ഒളിച്ചു നിന്ന് വെടിവെച്ചു കൊന്നു എന്ന് പറയുന്നത് അപലപനീയമായ കാര്യം തന്നെയാണ്. പക്ഷേ അവിടെ പൊളിറ്റിക്‌സ് കടന്നു വരുമ്പോള്‍ ഞാന്‍ നിശബ്ദനാകും. എന്നെ ആരും അങ്ങനെ കൊല്ലാന്‍ വരുമെന്ന് എനിക്ക് തോന്നുന്നുമില്ല. കാരണം ഞാന്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ആര്‍ക്കു നേരെയും ഉയര്‍ത്താറില്ല. ആദര്‍ശങ്ങള്‍ക്ക് വേണ്ടിയാണ് അവരെ വിമര്‍ശിച്ചിട്ടുള്ളത്. ഒളിച്ചിരുന്ന് വെടി വെക്കുന്നവരെ അങ്ങനെ ഭയക്കേണ്ട കാര്യമില്ലലോ. ഇവരെക്കാള്‍ ബിജെപിയെ എത്രയോ അധികം വിമര്‍ശിക്കുന്നവര്‍ ഇപ്പോഴും ജീവനോടെ ഉണ്ട്. മഹാഭാരതം വളരെ ഗൗരവത്തോടെ വീക്ഷിക്കേണ്ട ഒരു ടെക്സ്റ്റ് ബുക്കാണ്. കാരണം വ്യാസന്‍ തന്റെ കുടുംബത്തിന്റെ ചരിത്രമാണ് പറഞ്ഞിരിക്കുന്നത്. എന്നിട്ടും അയാള്‍ അദൃശ്യനായി തന്നെ നില്‍ക്കുകയാണ്, എന്നാല്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ കൃത്യമായി ഇടപ്പെടുന്നുമുണ്ട്. വ്യാസന്റെ രാഷ്ട്രീയം തന്നെയാണ് ഞാനും പലപ്പോഴും പിന്തുടരുന്നത്.

വിഷ്ണു: എന്‍.എസ് മാധവന്‍ പറഞ്ഞത് 'എഴുത്തുകാരന്‍ അന്തര്‍മുഖനായിരിക്കണം' എന്നാണ്. അങ്ങനെയൊരു സമീപനമാണോ താങ്കളും സാമൂഹിക പ്രശ്‌നങ്ങളില്‍ കൈക്കൊള്ളാറുള്ളത്?

അനില്‍: കഴിവ് അധികം ഉണ്ടാകില്ല. പക്ഷേ എങ്ങനെയും എഴുത്തുകാരന്‍ ആകണം എന്നതാണ് അവരുടെ ആഗ്രഹം, അങ്ങനെ ഒരു കൂട്ടം ആള്‍ക്കാരുണ്ട് അവരുടെ ധാരണകള്‍ ആണ് ഇതൊക്കെ. സാഹിത്യകാരന്‍ ഒരു പ്രത്യേക ജീവിയൊന്നും അല്ലല്ലോ, പ്രതികരിക്കേണ്ട ഇടങ്ങളില്‍ പ്രതികരിക്കണം. എഴുത്തുകാര്‍ തമ്മില്‍ പണ്ട് നല്ല കൂട്ടായ്മകള്‍ ഉണ്ട്. ഇന്ന് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് പോലുമില്ല സാഹിത്യകാരന്മാരുടേതായി.

വിഷ്ണു: 'ഇവിടെയാരും കവികളിലിത് ഭരണകൂടം

ഇവിടെയുള്ളത് നാടുവാഴും ഭരണകര്‍ത്താക്കള്‍

ഹര്‍ജിയെഴുതിക്കൊടുത്തിട്ട് പടിയിറങ്ങിക്കോ'

'കുറത്തി വീണ്ടും എത്തുന്നു' എന്ന താങ്കളുടെ തന്നെ കവിതയിലെ വരികളാണിത്. അവിടെ കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവി നിയമസഭാംഗമായിരിക്കുമ്പോള്‍ ആദിവാസി ബില്‍ ചര്‍ച്ചയില്‍ കൈക്കൊണ്ട നിശബ്ദതയായിരുന്നു കവിതയുടെ പ്രമേയം. താങ്കളുടെ മുന്നിലേക്ക് നാളെയൊരു കുറത്തി താങ്കളുടെ നിശബ്ദതകളെ, നിലപാടുകളെ ചോദ്യം ചെയ്യാനായി വരുമെന്ന് കരുതുന്നുണ്ടോ?

അനില്‍: വരണം, ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ എന്റെ പ്രായം കൊണ്ട് നിശബ്ദനായേക്കാം, എഴുതാന്‍ വിഷയം ഇല്ലാതെ വന്നും നിശബ്ദന്‍ ആയേക്കാം. ഞാന്‍ കവിയെ വഴക്ക് പറഞ്ഞത് എഴുതിയതിനോട് ആത്മാര്‍ത്ഥത പുലര്‍ത്താത്തത് കൊണ്ടാണ്. ഭരണകൂടത്തിനുള്ളില്‍ സ്ഥാനം ലഭിച്ചിട്ടും ഒന്നും മിണ്ടാതെ നിന്നതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്. കവിയുടെ നിയമസഭ അയാള്‍ തന്നെ പുറത്താണ് ഉണ്ടാക്കേണ്ടത്. ആ നിയമങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്യും. വ്യാസന്‍ നിര്‍മ്മിച്ച നിയമങ്ങളെയാണ് നാം സംസ്‌കാരം എന്ന് വിളിക്കുന്നത്. കവിക്ക് ധാരാളം സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കാന്‍ കവി ബാധ്യസ്ഥനാണ്. നമ്മള്‍ എന്താണ് ചെയ്യുന്നത്? ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് അയല്‍ക്കാരനെ വെടിവെച്ചു കൊല്ലുന്നു, കാരണം നമ്മള്‍ക്ക് സ്വയം സ്‌നേഹിക്കാന്‍ തന്നെ സാധ്യമല്ല; പിന്നെ എങ്ങനെയാണ് അന്യനെ സ്‌നേഹിക്കുക?


Next Story

Related Stories