Top

ജമാ അത്തെ ഇസ്ലാമിയും മാധ്യമം പത്രവും പ്രചരിപ്പിക്കുന്നത് മാത്രമാണ് അസമിലെ കാര്യങ്ങൾ എന്ന് കരുതരുത്

ജമാ അത്തെ ഇസ്ലാമിയും മാധ്യമം പത്രവും പ്രചരിപ്പിക്കുന്നത് മാത്രമാണ് അസമിലെ കാര്യങ്ങൾ എന്ന് കരുതരുത്
40 ലക്ഷത്തോളം പേരെ പൌരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (NRC) പുതുക്കലിന്റെ അവസാന കരട് പ്രസിദ്ധീകരിച്ചത് ഒരു ജനതയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടു രാജ്യ സേവനം ചെയ്ത പട്ടാള ഉദ്യോഗസ്ഥർ മുതൽ മുൻ മുഖ്യമന്ത്രി വരെ ഈ ലിസ്റ്റിൽ ഉണ്ട്. ആകെ അപേക്ഷിച്ച 3.39 കോടി അപേക്ഷകളില്‍ നിന്ന് 2.90 കോടി ആളുകളെ മാത്രമാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുറത്താക്കപ്പെട്ട 40 ലക്ഷത്തോളം പേര്‍ക്ക് ഇനി ഭയത്തിന്റെയും, അരക്ഷിതാവസ്ഥയുടെയും നാളുകളാണ്. ഇതൊരു യാഥാർഥ്യം ആണ്. എന്നാൽ ഈ വിഷയങ്ങളെ മറയാക്കി ചില സംഘടനകളും അവരുടെ മാധ്യമങ്ങളും ഒരുക്കുന്ന തിരക്കഥ രാജ്യത്തെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണം ആക്കാനേ ഉതകൂ. നാഷണൽ ബുക്ക് ട്രസ്റ്റ് അസിസ്റ്റന്റ് എഡിറ്റർ റൂബിൻ ഡിക്രൂസിന്റെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ ഫേസ്ബുക്ക് ഡയറിയായി പ്രസിദ്ധീകരിക്കുന്നു.


ജമാ അത്തെ ഇസ്ലാമിയും മാധ്യമം പത്രവും പ്രചരിപ്പിക്കുന്ന പോലെ ആണ് അസമിലെ കാര്യങ്ങൾ എന്ന് കരുതരുത്. ഹിന്ദു ഇന്ത്യയിൽ എല്ലാം തകരാറിൽ, ഇസ്ലാം മാത്രം ഉത്തരം എന്നതാണവരുടെ രാഷ്ട്രീയം.

അസമിൽ പ്രശ്നമുണ്ട്. അത് പണ്ടേ ഉള്ള പ്രശ്നമാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിദേശത്തു നിന്നുള്ള ആളുകളുടെ വൻ കുടിയേറ്റം ഉണ്ട്. അതിനൊരു അറുതി വരുത്തേണ്ടതുണ്ട്. അസം പ്രക്ഷോഭം ഇതിൻറെ ഭാഗമായിരുന്നു. ആസുവും എജിപിയും പ്രഫുല്ല കുമാർ മഹന്തയും ഇതിൻറെ ഭാഗമായിരുന്നു. അസമിലെ മുസ്ലിങ്ങളെല്ലാം ഈ ബംഗ്ലാദേശി കുടിയേറ്റം അവസാനിക്കണം എന്നു കരുതുന്നവരാണ്. അസമിയ സംസാരിക്കുന്ന മുസ്ലിങ്ങളും ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളുമുണ്ട് അസമിൽ. ബംഗാളി സംസാരിക്കുന്നവരിൽ അടുത്ത കാലത്ത് കുടിയേറിയവരുണ്ട്. അസമിയ സംസാരിക്കുന്ന മുസ്ലിങ്ങൾ ഈ പ്രശ്നം എന്നത്തേക്കുമായും അവസാനിക്കണമെന്നും തങ്ങളെയെല്ലാം വിദേശികളെന്ന് ഹന്ദുത്വ വർഗീയവാദികൾ വിളിക്കുന്നതിന് ഒരു അവസാനമുണ്ടാകണമെന്നും ആഗ്രഹിക്കുന്നവരാണ്. 1971നു മുമ്പ് അസമിലേക്ക് കുടിയേറിയ ബംഗ്ലാദേശി മുസ്ലിങ്ങളും പിന്നെ വന്ന മുസ്ലിങ്ങളിൽ നിന്ന് തങ്ങളെ വേറിട്ട് കാണണം എന്ന അഭിപ്രായക്കാരാണ്.

ദേശീയ പൌരത്വ രജിസ്റ്ററിൻറെ കരടാണ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംഘപരിവാർ അതുപയോഗിച്ച് രാഷ്ട്രീയം നടത്തുന്നു. മുസ്ലിം മതമൌലികവാദികളായ സംഘടനകളും വർഗീയരാഷ്ട്രീയം വ്യാപിപ്പിക്കാനാണ് ഇതുപയോഗിക്കുന്നത്. മതേതരവാദികൾ ഈ സാഹചര്യം മനസ്സിലാക്കണം.

കശ്മീർ കഴിഞ്ഞാൽ ഇന്ത്യയിലേറ്റവും അധികം മുസ്ലിങ്ങളുള്ള സംസ്ഥാനം അസമാണ്. ജനസംഖ്യയുടെ 35 ശതമാനം. ഇവിടെ ബ്രഹ്മപുത്രയുടെ മറുകരയിൽ നിന്ന്, ബംഗ്ലാദേശിൽ നിന്ന്, വേലിക്കെട്ടില്ലാത്ത അതിർത്തിയിലൂടെ നിരന്തരം ആളുകൾ അസമിലേക്ക് വരുന്നു. ഇത് അസമിന്‍റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തെ അസ്ഥിരപ്പെടുത്തുന്നു. ലക്ഷക്കണക്കിനാണ് ഇങ്ങനെ ഓരോ വർഷവും വരുന്ന ആളുകൾ. അവർ അസമിൽ നിന്ന് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ആൾ ഇന്ത്യ യു ഡി എഫ് എന്ന മൌലാന ബദ്റുദ്ദീൻ അജ്മൽ എന്ന അത്തറ് മുതലാളിയുടെ പാർടി ഇന്ന് അസമിലെ വലിയൊരു ശക്തിയാണ്. 2011ൽ അസമിലെ മുഖ്യ പ്രതിപക്ഷം ഈ പാർടി ആയിരുന്നു. ഇന്ന് ലോക്സഭയിൽ മൂന്ന് അംഗങ്ങളുണ്ട്.

ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന പൌരത്വ രജിസ്റ്റരിന്റെ കരട് പ്രശ്നങ്ങളുള്ളതാണ്. അതിൽ പൌരത്വ അപേക്ഷ സ്വീകരിക്കപ്പെടാതെ പോയിട്ടുള്ളത് മുസ്ലിങ്ങൾ മാത്രമല്ല. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി ആയ മിത്ര ഫുക്കാൻ എന്ന എന്‍റെ സുഹൃത്ത് തന്‍റെ കുടുംബാംഗങ്ങൾ ആദ്യ കരടിൽ ഇല്ലാത്തതിനെക്കുറിച്ച് നിരന്തരം പരാതി പറയുന്നു. എൻബിടി ഡയറക്ടർ ഡോ റീത്ത ചൌധരി സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരിയും അസമിലെ അറിയപ്പെടുന്ന ഒരു വ്യക്തിത്വവുമാണ്. അവരുടെ ഭർത്താവ് അസമിലെ ബിജെപി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയാണ്. പക്ഷേ, അവരുടെ പേരും രജിസറ്ററിലില്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ എട്ടു പത്തു ലക്ഷം ബംഗ്ലാദേശികൾ അഭയാർത്ഥികളായി മാറും എന്നതാണ് അവസ്ഥ എന്നാണ് ഇതിനെക്കുറിച്ചറിയാവുന്ന അസമിയ സുഹൃത്തുക്കൾ പറയുന്നത്.

എന്തായാലും അസമിലെ മുസ്ലിങ്ങളും ഹിന്ദുക്കളും ഈ വിദേശി പ്രശ്നം എന്നന്നത്തേക്കുമായി പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. കാര്യങ്ങൾ ജമാ അത്തെ ഇസ്ലാമി മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത് മാത്രമല്ല എന്ന് കേരളത്തിലെ മതേതര വാദികൾ മനസ്സിലാക്കണം.

&tbsp;

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/edit-assam-national-register-of-citizens-migrants-life-and-potential-targets/

https://www.azhimukham.com/edit-will-assam-burn-we-hope-not-but-the-possibilities-are-quite-high/

https://www.azhimukham.com/india-assam-nrc-release-final-citizenship-draft-allegation-that-targeting-muslims/

Next Story

Related Stories