UPDATES

ട്രെന്‍ഡിങ്ങ്

ആതിര, കെവിന്‍; ‘അഭിമാനം’ സംരക്ഷിക്കാന്‍ കൊന്നു കൂട്ടുകയാണ് കേരളവും

ദുരഭിമാന കൊലകള്‍ കേരളത്തെ സംബന്ധിച്ചും ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് വ്യക്തമാക്കുകയാണ് കെവിന്റെ കൊലപാതകം

ഈ വര്‍ഷം മാര്‍ച്ച് മാസത്തിലായിരുന്നു മലപ്പുറം അരിക്കോട് വിവാഹ തലേന്ന് ആതിര എന്ന 22 കാരിയെ പിതാവ് കുത്തി കൊലപ്പെടുത്തിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെയായിരുന്നു ഈഴവ വിഭാഗത്തില്‍പ്പെട്ട ആതിര വിവാഹം കഴിക്കാനിരുന്നത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ദളിതനായ ഒരാളെ തന്റെ മകള്‍ വിവാഹം കഴിച്ചാല്‍ കുടുംബത്തിനുണ്ടാകുന്ന അപമാനം ഓര്‍ത്താണ് രാജന്‍ എന്ന ആ പിതാവ് സ്വന്തം മകളെ പുറകെ ഓടിച്ചിട്ട് കുത്തികൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ ആയിരുന്നുവെങ്കിലും കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു രക്ഷപ്പെടാന്‍ ഓടി അടുത്ത വീട്ടില്‍ കയറി കട്ടിലിനടയില്‍ ഒളിക്കാന്‍ ശ്രമിച്ച ആതിരയെ രാജന്‍ കുത്തിയത്.

കേരളം ഞെട്ടിയ ആ ദുരഭിമാന കൊല നടന്നിട്ട് രണ്ടു മാസം കഴിയുമ്പോഴാണ് വീണ്ടും അതേപോലെയൊരു കൊലപാതക വാര്‍ത്ത നമുക്ക് കേള്‍ക്കേണ്ടി വന്നിരിക്കുന്നത്.

ദുരഭിമാന കൊലകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ മാത്രം സംഭവിക്കുന്നതാണെന്നും ഇത് കേരളത്തിലെ ഒറ്റപ്പെട്ട ഒരു സംഭവമാണെന്നുമായിരുന്നു ആതിരയുടെ കൊലപാതക വാര്‍ത്ത ചര്‍ച്ച ചെയ്യുമ്പോള്‍ മലയാളി സമൂഹം പറഞ്ഞത്. എന്നാല്‍ ദുരഭിമാന കൊലകള്‍ കേരളത്തെ സംബന്ധിച്ചും ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് വ്യക്തമാക്കുകയാണ് കെവിന്റെ കൊലപാതകം.

ആതിരയുടെ കൊലയ്ക്ക് കാരണം ജാതിയായിരുന്നുവെങ്കില്‍ കെവിന് ജീവന്‍ നഷ്ടപ്പെടാന്‍ ജാതി മാത്രമല്ല, സാമ്പത്തിക സ്ഥിതിയും കാരണമായി. നീനുവിന്റെ കുടുംബം റോമിന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവരും ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരുമാണ്. തെന്മല ഒറ്റക്കലിലെ സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന കുടുംബമാണ് നീനുവിന്റേത്. എന്നാല്‍ കെവിന്‍ താഴ്ന്ന സാമ്പത്തിക സ്ഥിതിയുള്ളയാളും. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് സ്വദേശിയായ കെവിന്‍ സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ്. ഇലക്ട്രീഷ്യന്‍ ജോലി ചെയ്ത് കുടുംബം മുന്നോട്ട് നയിക്കുമ്പോഴാണ് നീനുവുമായി അടുപ്പത്തിലാകുന്നത്. കെവിന്‍ ദളിത് ക്രിസ്ത്യന്‍ ആണെന്നും പറയപ്പെടുന്നുണ്ട്. തങ്ങളുടെ മകള്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതിയുമായി ഒരിക്കലും ചേരാത്ത ഒരു കുടുംബത്തില്‍ നിന്നുള്ള യുവാവിനൊപ്പം ജീവിക്കുന്നത് അംഗീകരിക്കാന്‍ വയ്യാത്തതിനൊപ്പം തങ്ങളേക്കാള്‍ താഴെ നില്‍ക്കുന്ന ജാതിയില്‍ നിന്നാണ് ആ യുവാവ് വരുന്നതെന്നതും നീനുവിന്റെ കുടുംബത്തിന് കെവിനെ കൊല്ലാനുള്ള കാരണമായിരുന്നു.

ജാതിയുടെയും മതത്തിന്റെയും സാമ്പത്തിക അവസ്ഥയുടെയും അഭിമാനത്തിന്റെയും പേരില്‍ പ്രണയിക്കുന്നവരെ അകറ്റാനും അതിന് സാധിച്ചില്ലെങ്കില്‍ കൊന്നുകളയാനും തയ്യാറാകുന്ന മാനസികസ്ഥിതി കേരളത്തില്‍ ഇന്നുണ്ടായി വന്നതാണെന്നും നാം തെറ്റിദ്ധരിക്കരുത്. കാലങ്ങളായി ഇത്തരം അരുംകൊലകള്‍ മലയാളികള്‍ക്ക് ഇടയില്‍ നടക്കുന്നുണ്ട്. പഴംകഥകളാക്കി നാം മൂടിവച്ചിരിക്കുകയാണ് ഇത്തരം ദുരഭിമാന കൊലകളുടെ ചരിത്രം. പൊട്ടകുളത്തിലും ചതുപ്പിലും ചവിട്ടി താഴ്ത്തിയിരിക്കുന്ന കെവിന്‍മാരും വീടിന്റെ ഉത്തരത്തില്‍ കൊന്നു കെട്ടിത്തൂക്കുകയും കുളത്തിലോ ആറ്റിലോ മുക്കി കൊന്ന് ഒഴിക്കുകളയുകയോ ചെയ്തിട്ടുള്ള ആതിരമാരുടെയും എണ്ണം നിരവധിയാണ്. സമ്പത്തും ജാതിയും മതവും തന്നെയായിരുന്നു ഈ അരുംകൊലകളുടെയെല്ലാം പിന്നില്‍. നവോഥാനത്തിന്റെ പുകള്‍ പേറുമ്പോഴും ഇന്നും പഴയ മനസ്ഥിതി നമ്മള്‍ പിന്തുടരുക തന്നെയാണെന്നാണ് ഇക്കാലത്തും കെവിനും ആതിരയ്ക്കുമെല്ലാം പ്രണയത്തിന്റെയും ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിന്റെയുമെല്ലാം പുറത്ത് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുരഭിമാന കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ ഇതൊന്നും നടക്കില്ലെന്ന പല്ലവി ഇനിയും നാം ആവര്‍ത്തിക്കരുത്. കേരളത്തിലും ഇതു നടക്കും, അല്ല നടന്നുകൊണ്ടേയിരിക്കുന്നൂ എന്നാണ് പറയേണ്ടത്. ഇനിയൊരു കെവിനോ ആതിരയോ ഇവിടെ ഉണ്ടാകാതിരിക്കാന്‍ വേണ്ടി ശ്രമിക്കാമെന്നു കൂടി പറഞ്ഞേക്കാം…

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍