TopTop
Begin typing your search above and press return to search.

ആകസ്മികമല്ല ആൾക്കൂട്ട കൊലകൾ; വേണ്ടത് തൊലിപ്പുറ ചികിത്സയല്ല

ആകസ്മികമല്ല ആൾക്കൂട്ട കൊലകൾ; വേണ്ടത് തൊലിപ്പുറ ചികിത്സയല്ല
കുറ്റകൃത്യങ്ങൾ പല സാഹചര്യങ്ങളിൽ നടക്കാറുണ്ട്. തികച്ചും ആകസ്മികമായി നടക്കുന്ന സംഭവങ്ങൾ പോലും അരുംകൊലകളിലേയ്ക്കും ക്രൂര മർദ്ദനങ്ങളിലേയ്ക്കും നയിക്കപ്പെടാറുണ്ട്. സ്വയം പ്രതിരോധത്തിനായി നടത്തുന്ന ശ്രമങ്ങളും ചിലപ്പോൾ ദാരുണമായ സംഭവങ്ങളിൽ കലാശിക്കുന്നു. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് കൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന ക്രിമിനൽ കുറ്റകൃത്യങ്ങൾ. ക്രിമിനൽ പശ്ചാത്തലമുള്ളവരും അല്ലാത്തവരുമൊക്കെ ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ, വർഗ്ഗീയ കലാപങ്ങൾ, ദുരഭിമാന കൊലകൾ, ആൾക്കൂട്ട കൊലപാതകങ്ങൾ എന്നിവയെല്ലാം ഇക്കൂട്ടത്തിലുള്ളതാണ്. കുറ്റകൃത്യത്തിൽ പങ്കെടുക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം മാത്രമല്ല, പ്രതിലോമകരമായ പൊതുബോധം സൃഷ്ടിക്കുന്ന ക്രിമിനൽ മനോഭാവം കൂടിയാണ് ഇത്തരക്കാരെ നയിക്കുന്നത്.

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിലെ മധുവിന്റെ അരുംകൊല ആകസ്മികമായി സംഭവിച്ച ഒന്നല്ല. അങ്ങേയറ്റം അപകടകരമായ ഒരു ക്രിമിനൽ മനോഭാവമാണ് ഈ കൊലയിലേക്ക് നയിച്ചതെന്ന് വ്യക്തമാണ്. ഇന്ത്യയിലങ്ങോളമിങ്ങോളവും അതിന്റെ ഭാഗമായി കേരളത്തിലും, കഴിഞ്ഞ കുറേ നാളുകളായി വളർന്നു വരുന്ന അക്രമാത്മക ആൾക്കൂട്ടത്തിന്റെ ബഹിർസ്ഫുരണങ്ങളാണീ കുറ്റകൃത്യങ്ങൾ. ഗോരക്ഷകരായും കുടുംബങ്ങളുടെ ദുരഭിമാന സംരക്ഷകരായും മത- ജാതീയ വികാരങ്ങളുടെ സംരക്ഷകരായുമൊക്കെ പ്രത്യക്ഷപ്പെടുന്നത്, അത്യന്തം അപകടരമായ ഈ ആൾക്കൂട്ട മനോഭാവമാണ്. വിദ്യാസമ്പന്നരും സമൂഹത്തിലെ മാന്യന്മാരെന്നവകാശപ്പെടുന്നവരുമൊക്കെയടങ്ങുന്ന ഈ ആൾക്കൂട്ടത്തിലെ അംഗങ്ങൾ, ഒറ്റയ്ക്കാവുമ്പോൾ യാതൊരു പ്രതികരണമില്ലാത്തവരും കൂട്ടം ചേരുമ്പോൾ ഏതു തരത്തിലുള്ള ക്രൂരകൃത്യവും ചെയ്യാൻ മനക്കട്ടിയുള്ളവരുമായ അക്രമി സംഘമായി മാറുന്നു. പ്രായപൂർത്തിയായിട്ടില്ലാത്തവരും കൗമാരപ്രായക്കാരുമൊക്കെ ഇക്കൂട്ടത്തിലുണ്ടാവാം. ഡൽഹിയിൽ, നിർഭയ എന്ന പെൺകുട്ടിയെ അതിക്രൂരമായ പീഢനത്തിനു വിധേയയാക്കിയ സംഘത്തിൽ, കൊടുംകൃത്യങ്ങളെല്ലാം ചെയ്തത് ഒരു കൗമാരപ്രായക്കാരനായിരുന്നു എന്നോർക്കണം.

http://www.azhimukham.com/kerala-the-propaganda-is-still-on-defame-madhu-who-lynched-by-mob-in-attappady-by-kr-dhanya/

വീട് വിട്ട് കാട്ടിലും പാറമടകളിലുമൊക്കെയായി കഴിഞ്ഞിരുന്ന, മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന മധു അതികഠിനമായ വിശപ്പ് സഹിക്കാൻ കഴിയാത്തതു കാരണമായിരിക്കാം, അയാളിലാരോപിക്കപ്പെട്ട മോഷണം നടത്താൻ കാരണം. മധുവിന്റെ പക്കൽ നിന്ന് കുറച്ച് അരിയും മല്ലിപ്പൊടിയും മാത്രമാണ് 'മോഷ്ടാവി'നെ വീരകൃത്യത്തിലൂടെ കീഴ്പ്പെടുത്തിയ സംഘത്തിന് ലഭിച്ചത്. ഈ മഹാ കുറ്റത്തിന്റെ ശിക്ഷ വിധിക്കാനുള്ള അവകാശവും തങ്ങൾക്കുണ്ടെന്ന് കരുതിയിട്ടാവണം, നാട്ടുകാരെന്നു പറയുന്ന അക്രമിസംഘം, മരണഹേതുവാകുന്ന രീതിയിൽ തല്ലിച്ചതച്ചത്. തങ്ങൾ ചെയ്ത 'മഹത്കൃത്യം' സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാവണം, മർദ്ദനത്തിന്റെ വീഡിയോയും ഫോട്ടോയുമൊക്കെ എടുക്കുകയും ചെയ്തത്. വിശപ്പു സഹിക്കാൻ കഴിയാതെ ഒരുപിടി ഭക്ഷണസാധനം എടുത്ത നിസ്സഹായനായൊരു ചെറുപ്പക്കാരനെ മർദ്ദിച്ചവശനാക്കി, അതിനു മുമ്പിൽ നിന്നും സെൽഫിയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കണമെങ്കിൽ, മനുഷ്യരെന്ന നിലയിൽ നാം എത്ര അധ:പതിച്ചുവെന്ന് കാണാം.

http://www.azhimukham.com/newswrap-police-doubts-migantlabours-in-recent-organised-loot-kerala/

ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തോടുള്ള വൈകാരിക പ്രതികരണം മാത്രമല്ല ഈ അരുംകൊല. അപര വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രം, കേരള സമൂഹത്തിൽപ്പോലും എത്രമാത്രം ആഴത്തിൽ വേരോടിയിരിക്കുന്നുവെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണിത്. കഴിഞ്ഞ കുറേ മാസങ്ങളിൽ, ഫ്ലക്സ് ബോർഡുകളായി തെരുവോരങ്ങളിലും മുന്നറിയിപ്പും നിർദ്ദേശങ്ങളുമായി സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളിലൂടെ, അപര വിദ്വേഷത്തിന്റെ ഈ പ്രത്യയശാസ്ത്രം കേരളത്തിലെ ഏതാണ്ടെല്ലാ കുടുംബങ്ങളിലും വരെയെത്തിക്കഴിഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെപ്പറ്റിയും മോഷ്ടാക്കളെപ്പറ്റിയുമാണ് ഇതിലെല്ലാം പ്രതിപാദിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ, തമിഴ്നാട്ടുകാരായ നാടോടികളും സ്ത്രീകളും ഇവരൊക്കെയാണ് പ്രധാന വില്ലന്മാർ. ഒരേ തരം കാര്യങ്ങളാണ് സൂക്ഷിക്കേണ്ട ആളുകളെപ്പറ്റി പ്രചരിക്കപ്പെടുന്നത്; മുഷിഞ്ഞ വസ്ത്രം ധരിച്ചവർ, കറുത്ത നിറമുള്ളവർ, താടിയും മുടിയും നീട്ടി വളർത്തിയവർ, ശാരീരികമായ ഭിന്നശേഷിയുള്ളവർ. ചിത്രങ്ങൾ സഹിതവും അല്ലാതെയും ഭീതിദമായ വിവരണങ്ങളോടെ കാര്യങ്ങൾ പ്രചരിക്കപ്പെടുന്നു. ഇതരസംസ്ഥാന തൊഴിലാളികളും നാടോടികളും ദുർബ്ബലരായ ദളിതരുമെല്ലാമാണ് ഈ വിദ്വേഷ പ്രചരണത്തിന്റെ ഇരകളാക്കപ്പെടുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന വർഗ്ഗീയ ശക്തികൾ നിയന്ത്രിക്കുന്ന സമൂഹ മാധ്യമ ഇടങ്ങളിലാണ് ഇത്തരം ഭൂരിഭാഗം കുറിപ്പുകളും സൃഷ്ടിക്കപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ മിന്നൽവേഗത്തിൽ പ്രചരിക്കപ്പെടുന്ന ഇവ പ്രവാസികളിലേക്കും പൊതുസമൂഹത്തിലേക്കും ഭീതിയുടെ വിത്തുകൾ വിതയ്ക്കുന്നതിൽ വളരെപ്പെട്ടെന്ന് വിജയിക്കുന്നു.

http://www.azhimukham.com/opinion-why-we-we-are-becoming-so-violent-society-by-harish-khare/

ആൾക്കൂട്ടത്തിന്റെ വിധ്വംസക സ്വഭാവത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന 'ഫാസിസത്തിന്റെ ആൾക്കൂട്ട മനശ്ശാസ്ത്രം’ എന്ന വിഖ്യാതഗ്രന്ഥത്തിൽ വില്ല്യം റീഹ് ഫാസിസത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: "മനുഷ്യന്റെ യുക്തിഭദ്രമല്ലാത്ത എല്ലാ തരം പ്രതികരണങ്ങളുടെയും ആകെത്തുകയാണ് ഫാസിസം". അപര വിദ്വേഷത്തിലധിഷ്ഠിതമായ ഫാസിസ്റ്റ് ആശയങ്ങളുടെ മൂശയിൽ സൃഷ്ടിക്കപ്പെടുന്ന പ്രതിലോമ ആശയങ്ങൾ, അവയുടെ ഇരകളെത്തന്നെയും ഭരിക്കുന്ന പ്രത്യയശാസ്ത്രമായി മാറുന്ന സങ്കീർണ്ണ സാഹചര്യമാണ് ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്നത്. ഇതോടൊപ്പം ആൾക്കൂട്ട മനോഭാവത്തിന്റെ അക്രമാത്മകതയും ചേരുന്നതോടെ സ്ഫോടനാത്മകമായ മനോനിലയാണ് സൃഷ്ടിക്കപ്പെടുന്നത്. ദളിത് - ന്യൂനപക്ഷ വിരുദ്ധത കൈമുതലായുള്ള വരേണ്യ പൊതുബോധം ഇത്തരം പ്രചരണങ്ങളെ നൂറ്റൊന്നാവർത്തിച്ച് ഉറപ്പിക്കുന്നതും കാണാവുന്നതാണ്. അണുകുടുംബങ്ങളുടെ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങൾ ഇത്തരം ആശയങ്ങളുടെ വളക്കൂറുള്ള മണ്ണായി മാറുകയാണ്. പരസ്പര സഹകരണത്തോടെ ജീവിക്കുന്ന ജനസമൂഹങ്ങൾക്കിടയിൽ അവിശ്വാസവും വിദ്വേഷവും സൃഷ്ടിക്കുക വഴിയാണ് ഫാസിസം ജനങ്ങൾക്കു മേൽ പിടിമുറുക്കുന്നത്. കൊല്ലപ്പെട്ടവന്റെയും കൊലപാതകികളുടെയും ജാതിമത സ്വത്വങ്ങൾ ചിക്കിച്ചികഞ്ഞുള്ള പ്രചരണ കോലാഹലങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം ആരംഭിച്ചു കഴിഞ്ഞു. സമൂഹത്തെ തുണ്ടം തുണ്ടമായി വിഭജിക്കാനാഗ്രഹിക്കുന്ന വർഗ്ഗീയ ശക്തികൾ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. അങ്ങേയറ്റം രോഗാതുരമായ ഈ സാഹചര്യം, തൊലിപ്പുറത്തെ ചികിത്സയിലൂടെ മാറ്റാൻ കഴിയുന്നതല്ല. പോലീസ് നിയമസംവിധാനങ്ങളുടെ ശക്തമായ നടപടികൾക്കൊപ്പം തികഞ്ഞ രാഷ്ട്രീയ ജാഗ്രതയും നാം പുലർത്തേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/jisha-murder-hate-campaign-against-migrant-labours/

Next Story

Related Stories