UPDATES

ഹബീബ് റഹ്മാന്‍

കാഴ്ചപ്പാട്

Autobiography Of A NoSitter

ഹബീബ് റഹ്മാന്‍

ട്രെന്‍ഡിങ്ങ്

ഇരിക്കപ്പൊറുതിയില്ലായ്മക്കാരുടെ ആത്മകഥകള്‍- ഭാഗം 1

നോവലിന്റെ അവസാന ഭാഗത്ത് രണ്ടു കഥാപാത്രങ്ങൾ സെക്സിലേർപ്പെടുന്നത് ഞാൻ നൂറു തവണയെങ്കിലും വായിച്ചിട്ടുണ്ടാവും, വല്ലാത്തൊരു കുളിര്, അടിവയറ്റിൽ നിന്നും എന്തോ ഒന്ന് പാഞ്ഞു തലയിലേക്ക് കയറുന്നതു പോലെ

എന്റെയതേ പ്രായത്തിലുള്ള പിള്ളേരൊക്കെ ദുബായിലൊക്കെ പോയി, ഇഎംഐയില് കാറു  വാങ്ങിയും കടമെടുത്ത് കല്യാണം കഴിച്ചും നാട്ടില് വിലസി നടക്കുന്നത് കാണുമ്പോള്‍ ഉമ്മാക്ക് സങ്കടമാവും; “നിന്നെ മനിഷ്യന്‍മാർക്ക് കേട്ടാൽ മനസിലാവാത്ത പഠിപ്പിനൊക്കെ വിട്ടതിന്റെ കൊണമാ ഇപ്പൊ കാണുന്നെ, ഒരിടത്തും ഒറക്കാതെ ഇങ്ങനെ നടന്നാ മതി, നിന്റൊപ്പരം നടന്ന കുൽസിത്താന്റെ മോൻ റിയാസിനിപ്പോ രണ്ടു മക്കളാ, ഓന്‍ ഉമ്മാനെ ഹജ്ജിനും കൊണ്ടോയി, പെട്രോൾ പമ്പിനടുത്ത് നല്ല വീടും വെച്ചു. ചാലക്കെ ഷൈലജേന്റെ അച്ചാച്ചൻ പറഞ്ഞത് പോലെത്തന്നെയായി നീ , ഓര് എപ്പഴും പറയും, ‘കുൽസൂ – നിന്റെ മോൻ  ഇരുന്നിടത്തു നിന്നും ഉയരും, പക്ഷെ ഇരിക്കപ്പൊറുതിയില്ലാതെ കൊറേക്കാലം നടക്കും’.

എന്താ ബ്രോ, ഈ മനിഷ്യന്‍മാർക്ക് മനസ്സിലാവാത്ത പഠിപ്പ് എന്നൊക്കെ നിങ്ങൾക്ക്  സംശയമുണ്ടാവും, അതിനുമപ്പുറം എന്താ ഈ നായിന്റെ മോനൊക്കെ പണിക്ക് പോയി ഉമ്മാന്റെ സങ്കടം മാറ്റിയാല് എന്ന ചൊറിയായിരിക്കും ഉള്ളിലുണ്ടാവുക (ഇതൊന്നും ഇതേവരെ വീട്ടീന്ന് കേൾക്കാത്തതു പോലെ). യെന്റെ ബ്രോ, ഇതൊക്കെ മനസിലാക്കണേല്‍ നിങ്ങളെന്റെ കഥ കേൾക്കണം, നൂറായിരം നക്ഷത്രങ്ങൾ വിരിയുന്ന ഹിമാലയൻ ആകാശത്തിനു കീഴെ സ്വന്തം കൈകൊണ്ട് പറിച്ചു കൊണ്ടുവന്ന് രണ്ടു ദിവസം ന്യൂസ് പേപ്പറിൽ പൊതിഞ്ഞുണക്കിയ കഞ്ചാവടിച്ച് രണ്ടു വർഷം പറഞ്ഞാലും തീരാത്ത കഥയാണ് ബ്രോ.

കഥ പറയാൻ കൊറേ സമയമുണ്ട്, നമുക്ക് ഫസ്റ്റ് ഈ ഇരിക്കപ്പൊറുതിയില്ലാഴ്മയെക്കുറിച്ച് ചർച്ച ചെയ്യാം. ഞാൻ സ്കൂളിലെ ബുക്കല്ലാതെ വേറെന്തെങ്കിലും വായിച്ചു തുടങ്ങുന്നത് നരിക്കോട്
വായനശാലയിലെ ഡിറ്റക്ടീവ് നോവലുകളായിരുന്നു, അതും അഞ്ചാം ക്ലാസിൽ മൂത്തേടത്ത് ഹൈസ്കൂളിൽ പഠിത്തം തുടങ്ങിയതിനു ശേഷം, കാര്യം ജോറ് ബാറാണ് – കുറേ മലയാളം തസ്ക്കര വീരന്മാരും മീശ പിരിച്ച സിഐഡികളും പിന്നെ കുറച്ചു ഷെർലക്ക് ഹോംസുകളും; കഥാപാത്രങ്ങളേയും കഥകളേയും വല്യ ഓർമ്മയില്ലെങ്കിലും ആ ബുക്കുകൾ തന്ന വികാരം ഇപ്പോഴും ചൂടാറാതെ ശരീരത്തിലുണ്ട്; നോട്ടത്തിലും നടത്തത്തിലും ചിന്തയിലും ഞാനൊരു ഡിറ്റക്റ്റീവായി മാറുകയായിരുന്നു – വലുതായാൽ ആരാവണമെന്ന ചോദ്യത്തിനുള്ള ഉത്തരവും ഞാൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു.

ഇതിനിടയിൽ വെള്ളിഴായ്ച്ച രാവിലെകളിൽ സുബഹി നിസ്ക്കരിച്ച്  തിളങ്ങുന്ന ലൈറ്റും മാലയും ഹാൻഡിലിന്റെ ഗ്യാപ്പിൽ കാസറ്റ് ചോലയുമൊക്കെ തൂക്കിയ സൈക്കിളുമെടുത്ത് ബാലഭൂമിയും ബാലരമയും ബീഫും വാങ്ങാൻ പോയിട്ടില്ലെന്നല്ല, അതൊക്കെ സൈഡ് ബിസിനസ്- എന്റെ ലോകത്തിൽ ബാലപംക്തികൾക്കുള്ള ഇൻഫ്ളുവൻസ് വളരെ കുറവായിരുന്നു, പക്ഷെ വെള്ളിയാഴ്ച്ചകളുടെ കൂടെ തങ്ങി നിന്ന പോത്തിന്റെ പതയ്ക്കുന്ന ചാണകത്തിന്റെ മണവും അറുത്ത് കെട്ടിത്തൂക്കിയാൽ തുടയിലെ ഇറച്ചി ഡാൻസ് കളിക്കുന്നതും പുളിമരത്തിനടുത്തെത്തിയാൽ ആരും കാണാതെ വെള്ള പ്ലാസ്റ്റിക്ക് കവറിൽ  നിന്നെടുത്ത് പച്ചയിറച്ചി മണപ്പിച്ചാൽ കിട്ടുന്ന ലഹരിയും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്, എന്റെ മൂക്കിനെ ഇത്ര വലുതാക്കിയതിൽ ഇവയ്ക്കുള്ള പങ്ക് ചെറുതല്ല.

അതിനിടയ്ക്കാണ് സൈഡ് ബെഞ്ചിലിരിക്കുന്ന വെള്ളക്കൂറ ലത്തീഫ് ഓന്റെ കാലു  പൊക്കിക്കാണിച്ചത് – നായീന്റെ മോൻ, എന്തൊരു കാലായിരുന്നു, പെണ്ണിന്റെ കാലുപോലെ, ഒരൊറ്റ രോമം പോലുമില്ല, എന്റെ കാലീലാണെങ്കിൽ കുറച്ചു കുറച്ചായി നേരിയ രോമങ്ങൾ പൊടിച്ചു വരുന്നു. വീട്ടിൽ പോയി ഉപ്പാന്റെ ഷേവിങ് സെറ്റെടുത്ത് ഒരൊറ്റ വടിയായിരുന്നു – കാലൊക്കെ മുറിഞ്ഞു പണ്ടാറമടങ്ങി, എങ്കിലും കുഴപ്പമില്ല, കാര്യം നടന്നല്ലോ. എനിക്കൊരു  ശരീരമുണ്ടെന്ന ബോധം വന്നത് ഇങ്ങനെയാണ്. രണ്ടു മൂന്നു ദിവസത്തിനു ശേഷം ലൈബ്രറിയിൽ ഷെർലക്ക് ഹോംസിനെ പരതുമ്പോഴാണ് വേറൊരു ബുക്ക് കൈയിൽ കിട്ടിയത്, വായിച്ചു തുടങ്ങിയപ്പോൾ നല്ല രസം, എന്റെ ആദ്യത്തെ നോവൽ വായന. കൊറേ കഥാപാത്രങ്ങളും അവരുടെ വികാരങ്ങളും – അതൊരു വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

നോവലിന്റെ അവസാന ഭാഗത്ത് രണ്ടു കഥാപാത്രങ്ങൾ സെക്സിലേർപ്പെടുന്നത് ഞാൻ നൂറു തവണയെങ്കിലും വായിച്ചിട്ടുണ്ടാവും, വല്ലാത്തൊരു കുളിര്, അടിവയറ്റിൽ നിന്നും എന്തോ ഒന്ന് പാഞ്ഞു തലയിലേക്ക് കയറുന്നതു പോലെ. രണ്ടിലോ മൂന്നിലോ പഠിക്കുമ്പോൾ മദ്രസയിലെ മൊയ്ദീൻ ഉസ്താദ് പള്ളീടെ മുകളിൽ ഉസ്താദുമാർ താമസിക്കുന്ന മുറിയിൽ കൊണ്ടു പോയി പാന്റ്സ് അഴിച്ച് തുടകൾ കൂട്ടിവെക്കാൻ പറഞ്ഞതും അടുത്ത വീട്ടിലെ അഷ്റഫ് മഖാമിനടുത്ത കാട്ടിൽ കൊണ്ടു പോയി തൊട്ടു നോക്കിയതും എന്തിനാണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്.

ആ നോവൽ തന്നെ ഞാൻ ഒരു കൊല്ലം വായിച്ചു , തലയണക്കടിയിൽ ഉമ്മം കൊടുത്ത് കാത്തു സൂക്ഷിച്ചു, സെക്സ് വരുന്ന ഭാഗം മാത്രം നോട്ട് ബുക്കിലേക്ക് പകർത്തിയെഴുതിയിട്ടും പ്രതീക്ഷിച്ച ഫലം കിട്ടാത്തതിനാൽ വേറാര്‍ക്കും കൊടുക്കാതെ റീ ഇഷ്യൂ ചെയ്തോണ്ടിരുന്നു. ക്ലാസ് ടീച്ചറായ സുനിത ടീച്ചറുടെ മുഖവും മുലയും വ്യക്തമായി വന്നതും ക്ലാസ് ലീഡറായ സിത്താരയുടെ ബോയ് കട്ട് ചെയ്ത മുടിയോടും കുഞ്ഞു ശരീരത്തോടും ഇഷ്ടം തോന്നിയതും ഈ കാലഘട്ടത്തിലാണ്.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹബീബ് റഹ്മാന്‍

ഹബീബ് റഹ്മാന്‍

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഫിലോസോഫിയിൽ ബിരുദം, ഡൽഹി യൂണിവേഴ്സിറ്റിയിലെ എം എ പഠനം പെട്ടന്ന് തീർത്ത് മലകേറാൻ പോയി. ഹിമാലയം കാണാൻ മുസ്ലിം ലീഗുകാർ ഫ്ലാഗ് ഓഫ് ചെയ്ത ബുള്ളറ്റിലെത്തിയ അനുജൻ ചോരയുടെ കണക്കൊക്കെ പറഞ്ഞു സെന്റിയായപ്പോൾ ’കരയിക്കല്ലെഡാ പുന്നാര നായീന്റെ മോനേന്ന് പറഞ്ഞു സ്വർഗത്തിൽ നിന്നും ഇറങ്ങി പണിയും ബിസിനസ്സും. രണ്ടു മൂന്നു വർഷത്തിനു ശേഷം ആ കളി ബോറടിച്ചപ്പോ വീണ്ടും ദേവ് ഭൂമിയിൽ - ഭം ബോലേ.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍