TopTop
Begin typing your search above and press return to search.

ഒറ്റയോടിന്റെ ചില്ലുള്ള മുറിയില്‍ താമസിക്കുന്ന കടവാവലുകള്‍

ഒറ്റയോടിന്റെ ചില്ലുള്ള മുറിയില്‍ താമസിക്കുന്ന കടവാവലുകള്‍

ഓരോ അനുഭവവും ഏതെങ്കിലുമൊരു വികാരത്തിന്റെ ലേബലിലാണ് നമ്മുടെ ശരീരത്തിൽ രേഖപ്പെടുത്തപ്പെടുന്നത്. ഓർമ്മയുടെ മേൽത്തട്ടിൽ പടർന്നു പന്തലിച്ചു കിടക്കുന്ന ഓർമ്മകള്‍ക്കെല്ലാം നമ്മുടെ വ്യക്തിത്വവുമായി ചേർന്നു നിൽക്കുന്ന വികാരങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. വേദന നൽകിയ അനുഭവങ്ങളെ ഓർമ്മിക്കാനിഷ്ടപെടാതെ അടിച്ചമർത്താനുള്ള പ്രവണതയാണ് നമ്മിലുള്ളത്. മറക്കാനുള്ള ശ്രമം തന്നെയാണ് അത്തരം ഓർമ്മകളെ ട്രോമകളാക്കി മാറ്റുന്നതും; പക്ഷെ ഇന്നത്തെ 'ഞാനി'നെ രൂപപ്പെടുത്തുന്നതിൽ ഇത്തരം ട്രോമകൾക്കും ഒറ്റപ്പെടലുകൾക്കുമുള്ള പങ്ക് വളരെ വലുതാണെന്നു മനസ്സിലാക്കിയാൽ അവ തരുന്ന വേദന താനേ ഇല്ലാതായിത്തീരുമെന്നാണ് എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്.

വീടെന്ന നരകം പച്ചകുത്തിയ പാടുകൾ മാറ്റിവെച്ചാൽ ഞാൻ തെറിച്ചു പോയ ഓരോ തരം പുസ്തകങ്ങളും എന്റെ വൈകാരിക ലോകത്തിലെ ഓരോ ഏടുകളായി കണക്കാക്കപ്പെടാവുന്നവയാണ്. ഓരോ തെറിച്ചു പോവലുകളും ഇരിക്കപ്പൊറുതിയില്ലാഴ്മയുടെ വിളയാട്ടമായിരുന്നു, പരിണാമത്തോടുള്ള അടങ്ങാത്ത ദാഹം, ചെറിയ വട്ടത്തിൽ കറങ്ങാതെ വലിയ വട്ടത്തിലേക്കുള്ള പ്രയാണം. ഒടുങ്ങാത്ത കൗതുകമായിരുന്നു ഈ തെറിച്ചു പോവലിന്റെ മറയിൽ പ്രവർത്തിച്ച ചാലകശക്തി.

വളർച്ചയുടെ ഓരോ ഘട്ടത്തേയും ഇരിക്കപ്പൊറുതിയില്ലായ്മയേയും ആ സമയത്ത് വായിച്ച പുസ്തകങ്ങളുമായും അവ കുത്തിവെച്ച വികാരങ്ങളുമായുംചേർത്തുവെച്ചതാണ് ഞാൻ ഓർത്തെടുക്കാറുണ്ടായിരുന്നത്.

ഡിറ്റക്ടീവ് നോവലുകളിൽ നിന്നും ശരീരത്തോടുള്ള കൊതിയും എണ്ണിയാലൊടുങ്ങാത്ത അനുഭൂതികളും സമ്മാനിച്ച നോവലുകളിലേക്കുള്ള മാറ്റവും, കവിത വായിച്ചു തുടങ്ങിയതോടെ പ്രണയം പൂത്തുലഞ്ഞു തുടങ്ങിയതും ഇങ്ങനെ അടയാളപ്പെടുത്തപ്പെട്ടവയാണ്.

ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത്, സൂര്യപ്രകാശം തട്ടിയാൽ നാനാതരം വർണ്ണങ്ങൾ വിതറുന്ന മൂക്കുത്തിയിട്ടു വരുന്ന കണക്കിന്റെ കറുത്തമ്മട്ടീച്ചറുടെ കറുത്ത് കൊഴുത്ത ശരീരത്തോട് അടങ്ങാത്ത കൊതിയും പേടിയുമായ് നടക്കുന്നതിനിടയ്‌ക്കാണ്‌ ക്ലാസിൽ എന്നും രാവിലെ വരുന്ന നീതുവിനോട് ഞാൻ സംസാരിച്ചു തുടങ്ങുന്നത്. ക്ലാസിലെ ബഡായികളും സിനിമാക്കഥകളും പറഞ്ഞു തീർന്നപ്പോൾ ഇനിയെന്തു സംസാരിച്ച് അവളെ വളക്കുമെന്ന ചോദ്യം മണ്ടയിലുദിച്ചപ്പോഴാണ് കലാകാരന്‍മാരോട് പെൺകുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണെന്ന് എവിടെയോ വായിച്ചതോ കേട്ടതോ ആയ അറിവ് രക്ഷയ്ക്ക് വന്നത്. പിന്നെ ഏത് കലയിൽ മാസ്‌റ്ററാകുമെന്ന സംശയത്തിലായി ഞാൻ, രണ്ടു മൂന്നു പേജു വരുന്ന കഥയോ ഗദ്യമോ വായിച്ചു കേൾപ്പിക്കാനുള്ള സമയം രാവിലെ കിട്ടില്ലെന്ന ബോധം എന്നെ ഒരു കവിയാക്കി മാറ്റുകയായിരുന്നു. പക്ഷെ വെറുതെയങ്ങ് എന്തെങ്കിലും എഴുതിക്കൊടുത്താൽ കാര്യം നടക്കില്ലല്ലോ, അതും മലയാളത്തിന്റെ മാഷ് പ്രാസവും ഉൽപ്രേക്ഷയും മാങ്ങാത്തൊലിയും പഠിപ്പിച്ച് പേടിപ്പിച്ചിരിക്കുന്ന സമയവും. വൈകുന്നേരം സ്‌കൂൾ വിട്ട് ബസ്സിറങ്ങി നേരെ ലൈബ്രറിയിലേക്കൊരു പാച്ചിലായിരുന്നു, കവിതയുടെ സെക്ഷനിൽ അരമണിക്കൂറോളം കുത്തിമറിഞ്ഞാണ് എന്റെ കുഞ്ഞു കവിത്വത്തിനു മനസ്സിലാവുന്ന ഒരു പുസ്തകം കിട്ടിയത്. പതിവിനു വിപരീതമായ് ഞാൻ കവിതാപ്പുസ്തകം എടുത്തത് കണ്ടപ്പോൾ ലൈബ്രേറിയത്തിയായ വിനീതേച്ചി ഒന്ന് ചിരിച്ചു, അഗാധമായ അർത്ഥമുള്ള ചിരി. കുട്ടിക്കാലത്തെ എന്റെ വളർച്ചയെ ഇത്രമേൽ മനസ്സിലാക്കിയ ഒരാൾ വേറെയില്ല.

വളരെ കഷ്ടപ്പെട്ട് ഈണമൊക്കെ ശരിയാക്കി സ്‌കൂളിൽ കേട്ട കവിതകളിൽ നിന്നും സിനിമാപ്പാട്ടുകളിൽ നിന്നും നീതുവിനെ ഹൃദയം കൈക്കലാക്കിയാലുടനെ ഉടമത്തരം തിരികെയേൽപ്പിക്കാമെന്ന ഉറപ്പിൽ ഇത്തിരിയൊത്തിരി വായ്പ വാങ്ങി ഞാനൊരു സാധനം കുറുക്കിയെടുത്ത് കട്ടിലിനടിയിൽ കിടന്ന് തണുത്ത് വിറച്ച് ഉറങ്ങാതെ കണ്ണും മുയിച്ചിരുന്നു ഞാൻ നേരം വെളുപ്പിച്ചു.

സംഗതി ഏറ്റു, കൊടുമ്പിരി കൊണ്ട മൊഹബ്ബത്ത്, സ്‌കൂൾ വിട്ട് വീട്ടിലെത്തിയാൽ ലാൻഡ് ഫോൺ നിലത്തു വെക്കാൻ സാധിക്കാത്തത്ര മൊഹബ്ബത്ത്. രാവിലെ സ്‌കൂളിലെത്തുന്നത് കുറച്ചുകൂടി നേരത്തെയാക്കി, വീട്ടുകാർക്ക് ഇഷ്ടമല്ലെങ്കിലും ഞാൻ നിന്നെ കെട്ടുമെന്ന ഉറപ്പിലവൾക്ക് വിശ്വാസം വരാൻ ബൈബിൾ വായിച്ചു തുടങ്ങി. പക്ഷെ ആ മൈരൻ ലത്തീഫ് പിന്നെയും എന്റെ ജീവിതത്തിൽ ഇടങ്കാലിട്ടു; അതും അവൾക്ക് തീരെ മൊലയില്ലാന്ന് പറഞ്ഞു കളിയാക്കി- ക്ലാസിലെ കുട്ടികൾക്കായി നടന്ന ഓട്ട മത്സരത്തിൽ നീതുവും പങ്കെടുത്തിരുന്നു, ഓടിയ ബാക്കിയെല്ലാ പെൺകുട്ടികളുടേയും മൊല കുലുങ്ങുന്നുണ്ടായിരുന്നു, നീതിന്റേതു മാത്രം കുലുങ്ങിയില്ലാ പോലും. സംശയം തീർക്കാൻ ഞാൻ രാവിലെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ സൂക്ഷിചോന്നു നോക്കി, എന്റെ ഹൃദയം തകർന്നു പോയി- മുലകളോട് ഇത്രമാത്രം കൊതിയുള്ള എനിക്ക് മുലയില്ലാത്ത പ്രണയിനിയോ? എന്റെ ആദ്യ പ്രണയം അങ്ങനെ ശരീരത്തോടുള്ള ബ്രഹ്മത്തിൽ ഇല്ലാതായി..

സൊ- ബ്രോസ്, ഞാൻ പറഞ്ഞു വന്നത് ഒന്നിൽ നിന്നും വേറൊന്നിലേക്കുള്ള യാത്രയെക്കുറിച്ചാണ്, മടുപ്പ് മൂലമോ പുതിയതിനോടുള്ള കൗതുകം മൂലമോ അല്ലെങ്കിൽ വളർച്ചയുടെ ഭാഗമായോ നമ്മളിലെല്ലാവരും നടത്താറുള്ള ഒരു കസർത്തിനെക്കുറിച്ച്. ഓരോ ജീവ ജാലത്തിനും അവരുടേതായ ഇരിപ്പിടമുണ്ട്, ചില ഭാഗ്യവാന്മാർ വളരെ ചുരുങ്ങിയ ജീവിതാനുഭവം കൊണ്ട് തന്നെ തന്റെ സ്ഥാനം തിരിച്ചറിയുന്നു, മറ്റു ചിലർ സമൂഹവും സംസ്ക്കാരവും ഇരിക്കാൻ പറഞ്ഞ ഇടങ്ങളിൽ ഇരിക്കാതെ നീയും അവനും ഇരുന്ന ഇടങ്ങളെ തിരിഞ്ഞു പോലും നോക്കാതെ തന്റെ ഇരിപ്പിടവും തേടി കറങ്ങിത്തിരിയും, ആ സ്ഥാനത്തെത്തിയാൽ മാത്രമേ അവർക്ക് സമാധാനം ലഭിക്കുകയുള്ളൂ.

http://www.azhimukham.com/offbeat-autobiography-of-a-nosittor-part-one/

ഇനി ഞാനെന്റെ കഥ പറയാം, എന്റെ ഇരിപ്പിടം തേടി ഞാൻ നടന്ന കഥ.

പണ്ടു പണ്ട് വളരെപ്പണ്ട്, കളിമണ്ണോണ്ടുണ്ടാക്കിയ മനുഷ്യനും ഓനുവേണ്ടിയുണ്ടാക്കപ്പെട്ട ചെന്നായകളും കാടും കടുവയും മുയലും ആനയും മരങ്ങളും കായ് കനികളും പടയ്ക്കപ്പെടുന്നതിനു മുമ്പ്, പുകയില്ലാത്ത തീയോണ്ടുണ്ടാക്കിയ ജിന്നുകളേയും അവർക്കുവേണ്ടിയുണ്ടാക്കിയ ഭൂമിയും ചുട്ടു പഴുത്ത നക്ഷത്രങ്ങളേയും കറുത്ത ആകാശത്തേയും പടയ്ക്കപ്പടുന്നതിന്നു മുമ്പ്, പ്രകാശം കൊണ്ടുണ്ടാക്കാപ്പെട്ട മലക്കുകളും അവർക്കു വേണ്ടിയുണ്ടാക്കിയ ജന്നത്തുൽ ഫിർദോസും പടക്കപ്പെടുന്നതിന്നു മുമ്പ്, പടച്ചോനും അവനുണ്ടാക്കിയ സകലമാന പടപ്പുകൾക്കും മുമ്പ് ഒരു അഹദുണ്ടായിരുന്നു- അൽ ഹയ്യൂമും അൽ ഖയ്യൂമുമായവൻ.

"ഉമ്മാമാ, നമ്മളെയൊക്കെ ഉണ്ടാക്കിയത് പടച്ചോനാ?

"ഉം "

"അപ്പൊ, സൂപ്പീനേം, സൂപ്പീന്റെ മക്കളെയോ? "

"അതും പടച്ചോനാ"

"മൂത്തുമ്മാനേം ശരീഫിനേം ?"

"എല്ലാരേം, മൂത്തുമ്മാനേം ശരീഫിനേം ഉപ്പാനേം ഉമ്മാനേം, ഉമ്മാമ്മാനേം ഉപ്പാപ്പാനേം വല്യക്കാക്കാനേം, മലകളേം മലക്കുകളേം കാക്കനേം പൂച്ചനേം, എല്ലാ പടപ്പുകളേം പടച്ചത് പടച്ചോനാ"

ഉമ്മാമാനെ കെട്ടിപ്പിടിച്ച് ഉപ്പാപ്പപ്ലാവിന്റെ കട്ടിലിൽ കിടന്ന് കഥ കേൾക്കാൻ നല്ല സുഖാ, ഇടയ്ക്കിടെ മാങ്ങ പവ്ക്കാൻ വെക്കുന്ന രണ്ടാം അട്ടത്ത്ന്ന് ഉണ്ട മാങേന്റേം കോമാങേന്റേം വപ്പാക്കായ് മാങേന്റേം മണമിറങ്ങി വരു, അട്ടത്ത് മാങ്ങയില്ലെങ്കിലും ഉമ്മാമാന്റെ മുറീലെപ്പോഴും മാങേന്റേ മണമുണ്ടാകും. അട്ടത്ത് കേറാനുള്ള കോണിയുടെ അടുത്താണ് ഉമ്മാമാന്റെ മുറി, എന്നെ കൂടെകിടത്താറുള്ള രാത്രികളിലൊക്കെ റൂമിന്റെ ജനലും വാതിലും തുറന്നിട്ട് അട്ടത്തേക്ക് ഇടക്കിടെ നോക്കി ചിരിച്ച് ഉമ്മാമ കഥ പറയും, മൂത്തുമ്മാന്റെ കഥ,വല്യക്കാക്കാന്റെ കഥ, മുത്ത് മുഹമ്മദിന്റെയും സുലൈമാൻ നബിയുടെയും മൊയ്തീൻ ശൈഖിന്റെയും കഥകൾ, വിശപ്പുള്ളവർക്കെല്ലാം മാങ്ങയും ചക്കയും മധുരപ്പുളിയും ഇളനീരും കൊടുക്കുന്ന നല്ല ജിന്നുകളുടെയും ഇൻസുകളോടെല്ലാം അസൂയയുള്ള കള്ള ബഡക്കൂസ് ജിന്നുകളുടെയും കഥകൾ.

വെളിച്ചം കടക്കാൻ ചില്ലിന്റെ ഒറ്റയോടുള്ള കടവാവൽ താമസിക്കുന്ന മൂന്നാമത്തെ അട്ടത്ത് പോയ് വന്ന രാത്രികളിൽ മാത്രമേ ഉമ്മാമ മലക്കുകളുടെ കഥ പറയാറുള്ളൂ, ജിബ്‌രീലിന്റെയും മീഖായീലിന്റെയും കഥ, പടച്ചോന് ഇബാദത്ത് ചെയ്യാൻ വേണ്ടി മാത്രം പടയ്ക്കപ്പെട്ട കോടാനുകോടി മലക്കുകളുടെ കഥകൾ. പൊരന്റെ ബേക്കിലുള്ള മഖാമിൽ പോയ് വന്ന രാത്രികളിൽ കട്ടിലിനടിയിലെ തണുത്ത നിലത്ത് കണ്ണടച്ചു കിടന്ന് എന്നെ നെഞ്ചിനു മുകളിൽ കമിഴ്ത്തിക്കിടത്തി ഉമ്മാമ പടച്ചോന്റെ കഥ പറയും. എത്ര ശ്രദ്ധിച്ചിരുന്നാലും രണ്ടു ചെവിയും മാറി മാറി വെച്ചു നോക്കിയിട്ടും ആ രാത്രികളിലെനിക്ക് ഉമ്മാമാന്റെ നെഞ്ചിടിപ്പ് കേൾക്കാൻ സാധിച്ചിരുന്നില്ല.

ആദ്യമായിട്ടാണ് ഉമ്മാമ അഹദിനെക്കുറിച്ച് പറയുന്നത്, അതും പടച്ചോനും സകല പടപ്പുകൾക്കും മുമ്പുണ്ടായ ഒരാളെക്കുറിച്ച്. കഥ പറയാൻ ഉമ്മാമക്ക് കാരണം വേണം, അങ്ങനെ വെറുതെയൊന്നും കഥ പറയുന്നയാളല്ല എന്റെ ഉമ്മാമ, പുതിയ കഥ പറയാൻ ഇന്നെന്താണാവോ സംഭവിച്ചത്?

സിനാനും സുബൈറിനും എന്നോട് ഭയങ്കര അസൂയയാണ്, ഒരെല്ലാം ഉപ്പാന്റേം ഉമ്മാന്റേം മക്കളും ഞാൻ ഉമ്മാമാന്റെ പുന്നാര മോനുമാണെന്നാ ഓര് പറയാറ്. എനിക്ക് മാത്രമേ ഉമ്മാമ ജിന്നിന്റെ കഥ പറഞ്ഞു തരൂ, ഓരുക്കൊക്കെ കാട്ടിലെ സിംഹത്തിന്റെയും കുറുക്കന്റെയും കഥയുമൊക്കെയാണ് പറഞ്ഞുകൊടുക്കാറ്.


Next Story

Related Stories