Top

ബനിയകളെന്ന സാമൂഹിക കൊള്ളക്കാരും ബ്രാഹ്മണരെന്ന ആത്മീയ ഫാസിസ്റ്റുകളും; കാഞ്ച ഐലയ്യ പ്രതികരിക്കുന്നു

ബനിയകളെന്ന സാമൂഹിക കൊള്ളക്കാരും ബ്രാഹ്മണരെന്ന ആത്മീയ ഫാസിസ്റ്റുകളും; കാഞ്ച ഐലയ്യ പ്രതികരിക്കുന്നു
കാഞ്ച ഐലയ്യയ്ക്ക് വിവാദങ്ങള്‍ പുത്തരിയല്ല. ജാതി വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ 'ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല' എന്ന പുസ്തകം വലിയ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തില്‍ വൈശ്യ സമുദായക്കാര്‍ 'സാമൂഹിക മോഷ്ടാക്കളാണ്' എന്ന പരാമര്‍ശമാണ് പുതിയ വിവാദമായിരിക്കുന്നത്. മാത്രമല്ല, അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയാവുകയും ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സ്‌ക്രോളില്‍ പ്രസിദ്ധീകരിച്ച കാഞ്ച ഐലയ്യയുടെ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:

ടി-മാസ് (തെലുങ്കാന മാസ്) എന്ന തന്റെ സംഘടനയുടെ യോഗത്തില്‍ വച്ച് സെപ്തംബര്‍ പത്തിനാണ് ആദ്യമായി വധഭീഷണി ഉയര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. അതിന് ശേഷം ആര്യ, വൈശ്യ സമുദായ സംഘടനകള്‍ ഭീഷണിയുമായി രംഗത്തെത്തിയതായി അദ്ദേഹം പറയുന്നു. അതിന് ശേഷം ആര്യ വൈശ്യ സംഘടനകള്‍ കാഞ്ചയുടെ കോലം കത്തിക്കുകയും അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അതിന് ശേഷം തനിക്ക് ഇന്ത്യയില്‍ എമ്പാടുനിന്നും നൂറുകണക്കിന് ഭീഷണി ഫോണ്‍കോളുകളാണ് വരുന്നതെന്ന് അദ്ദേഹം പറയുന്നു.

ഒരാഴ്ചയ്ക്ക് ശേഷം തെലുങ്കു ദേശം പാര്‍ട്ടിയുടെ എംപിയും ആന്ധ്രയിലെയും തെലുങ്കാനയിലേയും ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനുമായ ടിജി വെങ്കിടേഷ് പത്രസമ്മേളനം വിളിച്ച് പരസ്യമായി വധഭീഷണി മുഴക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പിലാക്കുന്നത് പോലെ കാഞ്ചയെ പരസ്യമായി തൂക്കിക്കൊല്ലുമെന്നായിരുന്നു ഭീഷണി. സെപ്തംബര്‍ പത്തിന് ഉയര്‍ന്ന ഭീഷണിയെ കുറിച്ചും പിന്നീട് ടിജി വെങ്കിടേഷിന്റെ പരസ്യ ഭീഷണിക്കെതിരെയും കാഞ്ച പരാതി നല്‍കിയിട്ടുണ്ട്. ഒരു ജാഥയായി പോയി പരാതി സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയില്ലെന്ന് കാഞ്ച വിവരിക്കുന്നു. വധഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും തെലുങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ അത് അനുവദിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അതിന് ശേഷം സെപ്തംബര്‍ 23ന് അദ്ദേഹത്തിന്റെ സംഘടനയുടെ യോഗം പാറക്കല്‍ പട്ടണത്തില്‍ നടന്നപ്പോള്‍ വൈശ്യ സംഘടനകള്‍ അവിടെയും ആക്രമണം അഴിച്ചുവിട്ടു. ചെരുപ്പുകളും കല്ലും കാഞ്ചയ്ക്ക് നേരെ വലിച്ചെറിഞ്ഞു. കാറില്‍ വരികയായിരുന്ന കാഞ്ചയെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ അദ്ദേഹം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു. 2009ല്‍ എഴുതിയ പുസ്തകത്തിന്റെ പേരിലാണ് ഈ ആക്രമണങ്ങള്‍ എന്നതാണ് വിചിത്രം.

തെലുങ്കാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് തനിക്ക് സംരക്ഷണം തരാന്‍ മടിക്കുന്നതെന്ന് അറിയില്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി കാഞ്ച ഐലയ്യ പറഞ്ഞു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപി പരസ്യമായി വധഭീഷണി മുഴക്കിയിട്ടും അദ്ദേഹത്തെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാഞ്ച ഐലയ്യ എന്തോ തെറ്റ് ചെയ്‌തെന്നും ഇത്തരം പുസ്തകങ്ങള്‍ അദ്ദേഹം എഴുതാന്‍ പാടില്ലെന്നുമാണ് സംസ്ഥാന ആഭ്യന്തരമന്ത്രി തന്നെ പറയുന്നത്. ആര്യ വൈശ്യ സമുദായ സംഘടനകളുടെ സാന്നിധ്യത്തിലാണ് തെലുങ്കാന ആഭ്യന്തരമന്ത്രി കാഞ്ചയെ വിമര്‍ശിച്ചതെന്നും ഗൗരവമായി കാണേണ്ടിയിരിക്കുന്നു.

ആന്ധ്ര സര്‍ക്കാരിന്റെ നിലപാടും വ്യത്യസ്തമായിരുന്നില്ല എന്ന് കാഞ്ച ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിനെതിരെ പരസ്യ വധഭീഷണി മുഴക്കിയ ടിജി വെങ്കിടേഷ് എംപിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം, കാഞ്ചയുടെ പുസ്തകം സംസ്ഥാനത്ത് ലഭ്യമാക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് തെലുങ്ക് ദേശം പാര്‍ട്ടിയുടെ തലവനും സംസ്ഥാന മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പറഞ്ഞത്. എല്ലാ ആര്യ വൈശ്യ സംഘടനകള്‍ക്കും പ്രതിഷേധം നടത്താനുള്ള സൗകര്യങ്ങള്‍ മുഖ്യമന്ത്രി ചെയ്തുകൊടുക്കുകയാണെന്നും അതിനാല്‍ തന്നെ സ്വയം സംരക്ഷണാര്‍ത്ഥം നിര്‍ബന്ധിത വീട്ടുതടങ്കലിന് താന്‍ പ്രേരിപ്പിക്കപ്പെടുകയാണെന്നും കാഞ്ച ആരോപിക്കുന്നു.

സെപ്തംബര്‍ 24ന് ശേഷം വീടിന് വെളിയിലിറങ്ങാന്‍ തനിക്ക് സാധിക്കുന്നില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കാഞ്ച പറഞ്ഞു. 'വികാരങ്ങള്‍ വ്രണപ്പെടുത്തി' എന്ന പേരില്‍ പ്രാദേശിക മാധ്യമങ്ങള്‍ വൈശ്യ സമുദായത്തിന്റെ ഗുണ്ടായിസത്തെ ന്യായീകരിക്കുകയാണ്. സര്‍ക്കാര്‍ സംരക്ഷണം ലഭിക്കാതിരിക്കുന്നിടത്തോളം കാലം ഒക്ടോബര്‍ നാലുവരെ ഇതേ അവസ്ഥയില്‍ തുടരേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ ഇംഗ്ലീഷിന്റെ 200 വര്‍ഷം എന്ന വിഷയത്തില്‍ ഒക്ടോബര്‍ നാലിന് ഒസ്മാനിയ സര്‍വകലാശാലയില്‍ സെമിനാര്‍ നടക്കുന്നുണ്ടെന്നും അതില്‍ എന്തുകൊണ്ടാണ് ദളിതര്‍ ഇന്ത്യന്‍ ഇംഗ്ലീഷ് പഠിക്കേണ്ടത് എന്ന വിഷയത്തെ കുറിച്ച് താന്‍ പ്രബന്ധം അവതരിപ്പിക്കുന്നുണ്ടെന്നും കാഞ്ച പറഞ്ഞു.

ഇടതുപക്ഷ, സ്വതന്ത്ര ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാഞ്ച ഇളയ്യയെ പ്രതിരോധിക്കാന്‍ തയ്യാറാവുന്നില്ല എന്നതും മറ്റൊരു ദുരൂഹതയായി നില്‍ക്കുന്നു. സ്വകാര്യമേഖലയില്‍ സംവരണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് 2006-07 കാലത്ത് തങ്ങള്‍ നടത്തിയ പ്രക്ഷോഭവും വിജയിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തരം ഒരു പുസ്തകത്തെ കുറിച്ച് ആലോചിച്ചതെന്ന് കാഞ്ച ഐലയ്യ പറയുന്നു. അന്നത്തെ യുപിഎ സര്‍ക്കാര്‍ ഈ ആവശ്യത്തോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ആദിവാസികള്‍ക്കും ദളിതര്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും ഒരു 'ഗുണനിലവാരവും' ഇല്ല എന്ന് പറഞ്ഞ് സ്വകാര്യമേഖല ആവശ്യം തള്ളിക്കളയുകയായിരുന്നു. തുടര്‍ന്നാണ് 'പോസ്റ്റ്-ഹിന്ദു ഇന്ത്യ' എന്ന പുസ്തകമെഴുതാന്‍ താന്‍ പ്രേരിതനായതെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ സമ്പത്ത് സൃഷ്ടിക്കുന്നതില്‍ ദളിത്-ബഹുജന ജനവിഭാഗങ്ങള്‍ക്കുള്ള സംഭാവന സുപ്രധാനമാണെന്നുള്ള വാദമാണ് പുസ്തകത്തില്‍ മുന്നോട്ട് വെക്കുന്നത്. 'വേതനം ലഭിക്കാത്ത അദ്ധ്യാപകര്‍' എന്ന പേരില്‍ ആദിവാസികളെ കുറിച്ചുള്ളതാണ് പുസ്തകത്തിലെ ആദ്യ അദ്ധ്യായം. തുകല്‍ സാങ്കേതികവിദ്യ, തുകല്‍ ഉല്‍പന്നങ്ങള്‍, കൃഷി എന്നിവയില്‍ ചമാര്‍ സമുദായം ചെയ്തിട്ടുള്ള സംഭാവനകള്‍ വിശദീകരിക്കുന്ന 'കീഴാള ശാസ്ത്രജ്ഞര്‍' എന്നതാണ് പുസ്തകത്തിലെ രണ്ടാമത്തെ അദ്ധ്യായം. 'പ്രവര്‍ത്തനോന്മുഖ പട്ടാളക്കാരായ' മഹറുകളെ കുറിച്ച് വിശദീകരിക്കുന്നതാണ് മൂന്നാമത്തെ അദ്ധ്യായം. ഗ്രാമങ്ങളെ സംരക്ഷിക്കുന്നതും കന്നുകാലികളെ പരിശീലിപ്പിക്കുന്നതും ഓടകള്‍ കുഴിക്കുന്നതും ഉള്‍പ്പെടെ ഒരു സമ്പദ് വ്യവസ്ഥയെ പിന്നോക്ക ജനവിഭാഗങ്ങള്‍ എങ്ങനെ സംരക്ഷിക്കുന്ന എന്നതാണ് പുസ്തകത്തിന്റെ പ്രമേയം എന്ന് കാഞ്ച വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ സേനയില്‍ മഹര്‍ റെജിമെന്റില്‍ ജോലി ചെയ്തിരുന്ന ബിആര്‍ അംബേദ്കറിന്റെ പിതാവിന്റെ ഉദാഹരണവും കാഞ്ച പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പിന്നീട് അലക്ക് സമുദായത്തില്‍പെട്ട 'കീഴാള സ്ത്രീപക്ഷവാദികളെ' കുറിച്ചും ക്ഷുരകന്മാര്‍ എങ്ങനെ 'സാമൂഹിക വൈദ്യന്മാര്‍' ആകുന്നവെന്നും അടുത്ത അദ്ധ്യായങ്ങളില്‍ കാഞ്ച വിശദീകരിക്കുന്നു. പിന്നീട് പുസ്തകത്തില്‍ കൊല്ലപ്പണിക്കാരും സ്വര്‍ണപ്പണിക്കരും കലം നിര്‍മ്മിക്കുന്നവരും ചെയ്യുന്ന സംഭാവനകളെ കുറിച്ച് പുസ്തകത്തില്‍ വിശദീകരിക്കുന്നു. 'ഭക്ഷണ ഉല്‍പാദകര്‍' എന്ന നിലയിലാണ് ജാട്ടുകള്‍, ഗുജാറുകള്‍, പട്ടേലന്മാര്‍, കാപുകള്‍ തുടങ്ങിയവരെ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

്അതിന് ശേഷമാണ് താന്‍ വാണീജ്യ വൈശ്യ സമൂഹത്തെ കുറിച്ച് അന്വേഷിച്ചതെന്ന് കാഞ്ച വിലയിരുത്തുന്നു. ഗുപ്ത കാലഘട്ടത്തിന് ശേഷമുള്ള ഹൈന്ദവ സാമൂഹിക ക്രമത്തില്‍ അവര്‍ക്ക് മാത്രമായി വാണീജ്യമേഖല എങ്ങനെ പതിച്ചുനല്‍കപ്പെട്ടു എന്ന അന്വേഷണമാണ് താന്‍ നടത്തിയതെന്നും കാഞ്ച വിശദീകരിക്കുന്നു. 'ഗുപ്ത ദാനം' എന്ന പേരില്‍ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ സ്വന്തം നിക്ഷേപങ്ങള്‍ വൈശ്യ സമുദായം ഒളിപ്പിച്ച് വെച്ചതായും പുസ്തകത്തില്‍ പറുന്നു. കാര്‍ഷീക ഉല്‍പാദനത്തിലേക്ക് ഈ സമ്പത്ത് തിരികെ കൊണ്ടുവരാന്‍ അവര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. സഹാനുഭൂതി അവരുടെ സംസ്‌കാരത്തില്‍ നിലനിന്നിരുന്നതേയില്ലെന്ന് കാഞ്ച രേഖപ്പെടുത്തുന്നു. മറ്റ് സംസ്‌കാരങ്ങളുമായി ഇടപഴകാനോ മിശ്രവിവാഹങ്ങള്‍ക്കോ അവര്‍ ശ്രമിച്ചിരുന്നില്ല. ഇത് നിലവില്‍ വലിയ കണക്കുകളിലേക്ക് വളര്‍ന്നിരിക്കുന്നു. നിലവിലുള്ള ഇന്ത്യന്‍ വാണീജ്യത്തിന്റെ 46 ശതമാനവും ബനിയകളുടെ കൈകളിലാണ്. അതുകൊണ്ടുതന്നെ അവരെ 'സാമൂഹിക കൊള്ളക്കാര്‍' എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നുണ്ടെന്നും കാഞ്ച ഇളയ്യ വിശദീകരിക്കുന്നു. മനുധര്‍മ്മത്തിന് അനുസരിച്ച് ആര്‍ജ്ജിച്ച സമ്പത്ത് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടാത്ത രീതിയില്‍ സ്വന്തമായി തന്നെ നിലനിറുത്തുന്നവരെയാണ് സാമൂഹിക കൊള്ളക്കാര്‍ എന്ന് വിശേഷിപ്പിക്കേണ്ടതെന്നും കാഞ്ച ഐലയ്യ ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക ഉത്തരവാദിത്വത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടല്ല അദാനിമാരും അംബാനിമാരും സമ്പത്ത് വാരിക്കൂട്ടുന്നതെന്ന് വിശദീകരിക്കാനാണ് പുസ്തകത്തിലൂടെ താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു.

വാണീജ്യമേഖല മുഴുവന്‍ ഒരു സമുദായത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയതോടെ ആ മേഖലയിലെ വൈവിധ്യത്തിനുള്ള സാധ്യതകള്‍ ഇന്ത്യയില്‍ വിരളമായി. അതുകൊണ്ടുതന്നെ പരമ്പരാഗത വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതിന് അവര്‍ തടസം നിന്നു. ബനിയ-ബ്രാഹ്മണ ഗൂഢതന്ത്രത്തിന്റെ ഫലമായി ക്ഷേത്രങ്ങളില്‍ സ്വര്‍ണനിക്ഷേപങ്ങള്‍ പൂഴ്ത്തിവെക്കപ്പെട്ടു. അങ്ങനെ സമ്പത്തിനെ ഒളിപ്പിച്ചുവെച്ചതിനാല്‍ പരമ്പരാഗത വ്യവസായങ്ങള്‍ ക്ഷയിച്ചു. ഇതേ സംസ്‌കാരമാണ് ഇന്നും പിന്തുടരപ്പെടുന്നത്. അതുകൊണ്ടാണ് പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍ നിലവില്ലാത്ത സാഹചര്യത്തില്‍ പോലും സ്വകാര്യമേഖലയില്‍ സംവരണം ഉറപ്പാക്കാന്‍ അധികാരികള്‍ തയ്യാറാവാത്തത് എന്നാണ് പുസ്തകത്തില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന വാദം.

അതുകൊണ്ടുതന്നെ ബനിയകള്‍ സാമൂഹിക കൊള്ളക്കാരായി മാറിയപ്പോള്‍, മനുധര്‍മ്മത്തിന്റെ മറവില്‍ 'ആത്മീയ ഫാസിസം' നടപ്പിലാക്കാനാണ് ബ്രാഹ്മണര്‍ ശ്രമിച്ചതെന്ന ചരിത്രം വിശദീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കാഞ്ച വിശദീകരിക്കുന്നു. ഇന്ന് പോലും രാജ്യത്തിന്റെ 46 ശതമാനം സമ്പത്തും ബനിയകളുടെ കൈകളിലാണ്. നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷം സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചുതുടങ്ങി. അവര്‍ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കും. ഇന്ത്യന്‍ സേനയിലുള്ള സൈനീകരുടെ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്വകാര്യമേഖലയില്‍ തൊഴില്‍സംവരണം വേണമെന്നതാണ് തന്റെ വാദത്തിന്റെ പൊരുളെന്നും കാഞ്ച ഐലയ്യ ചൂണ്ടിക്കാണിക്കുന്നു. ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്വകാര്യമേഖലയില്‍ അഞ്ച് ശതമാനം സംവരണമെങ്കിലും ഉറപ്പാക്കാന്‍ ഭരണവര്‍ഗ്ഗങ്ങള്‍ തയ്യാറാവുകയും വേണം.

തന്റെ പുസ്തകം ഒരു അക്കാദമിക് അന്വേഷണമാണെന്ന് കാഞ്ച വിശദീകരിക്കുന്നു. എതിര്‍പ്പുള്ളവര്‍ ബൗദ്ധീക സംവാദങ്ങള്‍ക്ക് തയ്യാറാവുകയോ അല്ലെങ്കില്‍ സ്വന്തം നിലപാടുകള്‍ വിശദീകരിച്ചുകൊണ്ട് പുതിയ ഒരു പുസ്തകം എഴുതാനോ തയ്യാറാവുകയാണ് ചെയ്യേണ്ടത്. പക്ഷെ നിയമവ്യവസ്ഥയോട് ഒരു ബഹുമാനവും പ്രകടിപ്പിക്കാതെ തെരുവിലിറങ്ങാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ ഗൂഢസംഘം നല്‍കുന്ന സംഭാവനകള്‍ സര്‍ക്കാരുകളെ പോലും ഭ്രമിപ്പിക്കുന്നുണ്ടെന്നും കാഞ്ച ഐലയ്യ തുറന്നടിക്കുന്നു.

Next Story

Related Stories