TopTop
Begin typing your search above and press return to search.

കുളിമുറിക്ക് നല്‍കാം ഫൈവ് സ്റ്റാര്‍ ലുക്ക്; ഇതാ ചില വഴികള്‍

കുളിമുറിക്ക് നല്‍കാം ഫൈവ് സ്റ്റാര്‍ ലുക്ക്; ഇതാ ചില വഴികള്‍

പച്ചപ്പും നല്ല ഗന്ധങ്ങളും ചേര്‍ന്നൊരു അന്തരീക്ഷം മതി ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പോസിറ്റീവ് എനര്‍ജി കിട്ടാന്‍. വീടിനകത്ത് പച്ചപ്പ് ചേര്‍ക്കണമെന്നത് ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിംഗില്‍ പ്രാധാന്യമുള്ള കാര്യവുമാണ്. അതില്‍ തന്നെ ഏറ്റവും ശ്രദ്ധാപൂര്‍വം ഡിസൈന്‍ ചെയ്യുന്നതാണ് കുളിമുറികള്‍. ഒരല്‍പം ക്ഷമയും ക്രിയേറ്റിവിറ്റിയും ഉണ്ടെങ്കില്‍ വീട്ടിലുള്ളവര്‍ക്ക് തന്നെ കുളിമുറിയെ പഞ്ചനക്ഷത്ര അനുഭവത്തിലേക്ക് മാറ്റാം. ഊര്‍ജ്ജദായകമായ, ആഡംബര ലുക്കുള്ള ബാത്ത് റൂം എങ്ങനെ ഒരുക്കാമെന്ന് നോക്കാം.

സുഗന്ധപൂരിതം ഈ മെഴുക് കഷ്ണങ്ങള്‍

പൊടിയും തിരക്കും നിറഞ്ഞ ഒരു ദിവസത്തെ മുഴുവന്‍ ഒഴുക്കി കളയാന്‍ കുളിമുറിയിലെത്തുമ്പോള്‍ അവിടെയും ദുര്‍ഗന്ധമാണെങ്കിലോ. സുഗന്ധമുള്ള ചെറിയ മെഴുകു കഷ്ണങ്ങള്‍ മുറിയില്‍ സൂക്ഷിക്കുന്നത് ബാത്തറൂമിലെ ദുര്‍ഗന്ധം ഒഴിവാക്കും. ഇത്തിരി നേരം ചിലവിട്ടാല്‍ മതി അവയെ മനോഹരമായ ഷോ പീസുകളും ആക്കാന്‍. കത്തി ഉപയോഗിച്ച് തന്നെ മെഴുകു രൂപങ്ങള്‍ കൊത്തിയെടുക്കുകയോ ചീകി മിനുക്കുകയോ ചെയ്യാവുന്നതാണ്. ചന്ദനത്തിന്റെയോ ലാവണ്ടറിന്റെയോ ഗന്ധം തിരഞ്ഞെടുക്കാം. ഇവയ്ക്ക് പിരിമുറുക്കവും വിഷാദവും കുറച്ച് ആനന്ദകരമായ മൂഡ് നല്‍കാനുള്ള കഴിവുണ്ട്.

വെളിച്ചം പരക്കട്ടെ

നല്ല വെളിച്ചം നല്ല അന്തരീക്ഷമുണ്ടാക്കും. ചെറിയ കപ്പുകളിലോ പാത്രങ്ങളിലോ ചിരാതിലോ ഹാന്‍ഡ് മേഡ് മെഴുകുതിരികളുണ്ടാക്കാം. ഉരുക്കിയ മെഴുകില്‍ ഇഷ്ടമുള്ള നിറവും മണവും ചേര്‍ത്ത് തിരിയിട്ട് തണുപ്പിക്കേണ്ട കാര്യമേ ഒള്ളൂ. ഇവ കത്തിക്കുന്നത് കുളിമുറിക്കൊരു ക്ലാസ് ലുക്ക് ഉണ്ടാക്കും. ചെറിയ വെളിച്ചവും ഗന്ധവും പോസിറ്റീവ് എനര്‍ജിയും തരും.

പൂക്കള്‍ വിരിയട്ടെ

മനോഹരമായൊരു പുഷ്പാലങ്കാരം കുളിമുറിയില്‍ ഉള്ളത് ഓര്‍ത്ത് നോക്കു. ഒരു ഗ്ലാസ് ബോട്ടിലിനകത്ത് പൂന്തോട്ടത്തില്‍ നിന്ന് പറിച്ച പൂക്കള്‍ തന്നെ വെക്കാം. ഒപ്പം അരിഞ്ഞ നാരങ്ങാക്കഷ്ണങ്ങളും ഇടാം. ഫ്രഷ്‌നെസ്സ് തിങ്ങിനില്‍ക്കും. ഈ പൂക്കള്‍ ഉണങ്ങി കഴിഞ്ഞാലും നാരങ്ങ തുണ്ടുകള്‍ക്കൊപ്പം ഒരു പരന്ന പാത്രത്തില്‍ ഇട്ട് വെക്കാം. വ്യത്യസ്തമായൊരു സുഗന്ധം പരക്കും.

കുളിമുറിക്കകത്തൊരു വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യാവുന്നതാണ്. ചുവരുകളില്‍ തന്നെ ആയത് കൊണ്ട് സ്ഥലനഷ്ടവും ഉണ്ടാകില്ല, പച്ചപ്പും ലഭിക്കും. ആവശ്യം കഴിഞ്ഞ ചില്ലുകുപ്പികളോ പ്ലാസറ്റിക് പാത്രങ്ങളോ ഉപയോഗിക്കാം. കുളിമുറിയിലെ നനവില്‍ അതിജീവിക്കാന്‍ കഴിയുന്ന ചെടികള്‍ തിരഞ്ഞെടുക്കണമെന്ന് മാത്രം.

കടല്‍ തീരത്തിന്റെ ശാന്തത

കടല്‍ത്തീരത്തിന്റെ ശാന്തത സ്വന്തം കുളിമുറിയിലേക്കെത്തിച്ചാലോ. എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കടല്‍ത്തീരത്തെ വരച്ചെടുക്കാം. കാടോ പൂക്കളോ ഇഷ്ടമുള്ള ഏത് പ്രകൃതി ചിത്രവുമാകട്ടെ. ജലച്ചായത്തില്‍ വരച്ച് വെള്ളം തട്ടാത്ത തരത്തില്‍ കുളിമുറിയുടെ ചുവരില്‍ സ്ഥാപിക്കുക. വ്യത്യാസം അനുഭവിച്ചറിയാം. കക്കകള്‍, ചെറിയ കല്ലുകള്‍ ഒക്കെ ഒട്ടിച്ച് ചേര്‍ത്ത് പാത്രങ്ങള്‍ ഉണ്ടാക്കാവുന്നതാണ് ഇവ സോപ്പ് ,സ്‌ക്രബ്ബര്‍ തുടങ്ങിയവ വെക്കാന്‍ ഉപയോഗിക്കാം. സാധാരണ പ്ലാസ്റ്റിക് ഹോള്‍ഡറുകള്‍ മാറ്റുമ്പോള്‍ തന്നെ കുളിമുറിയുടെ രൂപമേ മാറും.

അല്‍പനേരം ചെലവിടുകയും ഇത്തിരി ചിന്തിക്കുകയും ചെയ്യേണ്ട ആവശ്യമേ ഉള്ളൂ. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഉള്ള കുളിമുറികളുടെ ലുക്കും അനുഭവവും വീട്ടില്‍ സൃഷ്ടിക്കാം.


Next Story

Related Stories