TopTop

സമ്മതമില്ലാതെ ചുംബിച്ച യുവാവിന്റെ പണം വേണ്ട; വിവാഹം കഴിച്ചാല്‍ മതിയെന്ന് യുവതി

സമ്മതമില്ലാതെ ചുംബിച്ച യുവാവിന്റെ പണം വേണ്ട; വിവാഹം കഴിച്ചാല്‍ മതിയെന്ന് യുവതി
തന്നെ ചുംബിച്ചതിന് പഞ്ചായത്ത് അധികൃതര്‍ 20,000 രൂപ പിഴയീടാക്കിയ യുവാവിനെ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവതി രംഗത്ത്. യുവതിയെ യുവാവ് രണ്ട് തവണ ചുംബിച്ചെന്നറിഞ്ഞ പഞ്ചായത്ത് കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്.

ബിഹാറിലെ ബെഗുസാരായില്‍ ബക്രി പോലീസ് സ്‌റ്റേഷന് കീഴിലുള്ള ഇബ്രഹിംപുര്‍ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ മുഹമ്മദ് ഇര്‍ഷാദെന്ന ചെറുപ്പക്കാരന്‍ കടന്നുപിടിക്കുകയും കവിളില്‍ രണ്ട് തവണ ചുംബിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയല്ലാത്ത ഈ നടപടി ഗ്രാമത്തില്‍ വന്‍ വിവാദത്തിന് കാരണമായി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതേക്കുറിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

രണ്ട് പേരുടെയും ഭാഗം കേട്ട പഞ്ചായത്ത് യുവാവിനോട് പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി 20,000 രൂപ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവാവിന്റെ ബന്ധുക്കള്‍ ഈ തുക നല്‍കാന്‍ തയ്യാറാകുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി അത് നിരസിക്കുകയായിരുന്നു. തന്നെ ആദ്യമായി ചുംബിച്ച മുഹമ്മദ് ഇര്‍ഷാദിനെ വിവാഹം കഴിക്കണമെന്നാണ് ഇവര്‍ മറുപടി പറഞ്ഞത്. ഇയാള്‍ തന്നെ സമൂഹത്തിന് മുന്നില്‍ ഏറെ അപമാനിതയാക്കിയെന്നും അതിനാല്‍ തന്നെത്തന്നെ വിവാഹം കഴിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂടാതെ പിഴയീടാക്കിയാല്‍ യുവാവ് കുറ്റവാളിയല്ലാതാകുമെന്നും പിന്നീട് തന്നെ ആര് വിവാഹം കഴിക്കുമെന്നും യുവതി ചോദിക്കുന്നു.

അതേസമയം പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാള്‍ക്കെതിരെ പീഡനത്തിന് കേസ് കൊടുത്തു. സംഭവത്തെക്കുറിച്ച് തങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

കൂടുതല്‍ വായിക്കാന്‍: https://goo.gl/0GtLPS




Next Story

Related Stories