Top

ഒസാമ ബിൻ ലാദന്‍: ആഗോള ഭീകരവാദത്തിന്റെ മരിക്കാത്ത പ്രതീകം

ഒസാമ ബിൻ ലാദന്‍: ആഗോള ഭീകരവാദത്തിന്റെ മരിക്കാത്ത പ്രതീകം
ഇന്നലെ ഐക്യ രാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കുമ്പോള്‍ കേന്ദ്ര വിദേശകാര്യം മന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനെ വിമര്‍ശിച്ചത് ഒസാമ ബിന്‍ ലാദനെ പോലുള്ള ഭീകരവാദികള്‍ക്ക് അഭയം കൊടുത്ത രാജ്യം എന്നു പറഞ്ഞുകൊണ്ടാണ്. ആഗോള ഭീകരവാദത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന ബിന്‍ ലാദന്‍ എക്കാലവും ലോക നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രിയപ്പെട്ട വിഷയമായിരുന്നു.

ഒസാമ ബിൻലാദന്റെ കുടുംബത്തെ അഭിമുഖം നടത്താന്‍ പതിമൂന്നു തവണ ശ്രമിച്ച ഒരു അറബ് മാസികയുടെ റിപ്പോട്ടർ എന്റെ സുഹൃത്ത് ആണ്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ അവർ ആ ഉദ്യമം ഉപേക്ഷിച്ചു. അപ്രതീക്ഷിതമായാണ് ഗാർഡിയനിൽ ഒസാമയുടെ അമ്മ ആലിയ ഗാനത്തിന്റെ അഭിമുഖം കാണാനിടയായത്. നിരവധി തവണ ഒസാമയുടെ മാതാവിനേയും വീട്ടുകാരേയും സമീപിച്ചിരുന്നു. പക്ഷെ, അവര്‍ സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. ഒരുപാട് ശ്രമങ്ങളുടെ ഫലമായാണ് അവര്‍ സംസാരിക്കാന്‍ തയ്യാറായതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നുണ്ട്.

'അവന്‍ എന്നില്‍ നിന്നും വളരെ അകലെയാണ് എന്നതില്‍ എനിക്ക് വളരെ ദുഖമുണ്ട്. അവനൊരു നല്ല കുഞ്ഞായിരുന്നു, അവരവനെ ബ്രെയിന്‍വാഷ് ചെയ്തതാണ്' എന്ന ലാദന്റെ ഉമ്മ ആലിയ ഗാനത്തിന്റെ ഗാർഡിയൻ അഭിമുഖത്തിലെ വാക്കുകൾ പൂർണമായും സത്യസന്ധം ആണെന്ന് ലാദന്റെ ജീവിതം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാൽ തിരിച്ചറിയാൻ കഴിയും. കടുത്ത ദാരിദ്ര്യവും വിദ്യാഭ്യാസത്തിന്റെ അഭാവവുമാണ് യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കുന്ന മുഖ്യഘടകമെന്ന് പല പഠനങ്ങളും തെളിയിച്ചതാണ്. എന്നാൽ ഒസാമ ബിൻലാദന്റെ കാര്യത്തിൽ ഈ വാദം തീർത്തും തെറ്റാണ്.

സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ 1957ൽ മാർച്ച് 10നാണ് ഒസാമയുടെ ജനനം. മുഹമ്മദ് അവാദ് ബിൻലാദൻ എന്ന ബിസിനസ്സുകാരന്റെ 52 മക്കളിൽ പതിനേഴാമനായിട്ട്. പിതാവിന്റെ അനേകം ഭാര്യമാരിൽ പത്താമത്തെ ഭാര്യയായ ഹമീദയാണ് ഒസാമയുടെ മാതാവ്. അവരുടെ ഏക മകന്‍ കൂടിയായിരുന്നു ഒസാമ ബിൻലാദൻ. സൗദി അറേബ്യയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'ബിൻ ലാദൻ' ഗ്രൂപ്പിന്റെ അധിപനായിരുന്നു ഒസാമയുടെ പിതാവ് മുഹമ്മദ് അവാദ്.

സൗദി രാജവംശവുമായി നല്ല ബന്ധമായിരുന്നു മുഹമ്മദ് അവാദ് ബിൻ ലാദൻ പുലർത്തിയിരുന്നത്. ബിൻ ലാദൻ കുടുംബത്തിന്റെ വേരുകൾ തേടിപ്പോയാൽ ചെന്നെത്തുന്നത് യമനിലാണ്. സൗദി വികസനക്കുതിപ്പിലേക്ക് കാലെടുത്തു വെക്കുന്ന അമ്പതുകളിൽ സൗദി രാജവംശവുമായുള്ള ബന്ധത്തിലൂടെ ഒസാമയുടെ പിതാവിന് നിർമ്മാണ മേഖലയിൽ ചെറുതല്ലാത്ത ഒരു കരാർ ലഭിക്കുന്നു. ഈ കരാർ അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു. വൈകാതെ അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യം പടർന്ന് പന്തലിച്ചു.

ഒസാമ ബിൻ ലാദന് പതിനൊന്ന് വയസ്സ് പ്രായമുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടു. 1969ലായിരുന്നു ഈ സംഭവം. മരണ ശേഷം വീതം വെക്കപ്പെട്ട പിതാവിന്റെ സ്വത്തിൽ ഒസാമ ബിൻ ലാദന് തന്റെ വിഹിതമായി 80 മില്യൺ യു.എസ് ഡോളർ കൈവശം വന്നു. 1960കളിൽ ജോർദ്ദാൻ, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളിലെ വിമത പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച സംഘടനയായിരുന്നു 'ഇഖ് വാനുൽ മുസ്ലിമൂൻ'.

ഈ സംഘടനയിൽ പ്രവർത്തിച്ചവരേയും നേതൃത്വം നൽകിയവരേയും അതാത് രാജ്യങ്ങൾ നാട് കടത്തുകയും ഇവരെ സൗദി രാജാവായിരുന്ന ഫൈസൽ സൗദിയിലേക്ക് കൊണ്ടു വരികയും ഇവർക്ക് സൗദിയിലെ പ്രധാന സ്കൂളുകളിലും സർവകലാശാലകളിലും പ്രധാന അധ്യാപകരായി ചുമതല നൽകുകയും ചെയ്തു. ഇവരിൽ പലരും അധ്യാപകവൃത്തി ചെയ്തിരുന്നത് സൗദി തലസ്ഥാനമായ റിയാദിലെ പ്രശസ്തമായ 'അൽ താഗർ' മോഡൽ സ്കൂളിലായിരുന്നു. ഒസാമയുടെ പ്രാഥമിക വിദ്യഭ്യാസത്തിന് തുടക്കം കുറിക്കുന്നതും ഈ വിദ്യാലയത്തിൽ നിന്നാണ്.

പിൽക്കാലത്ത് 'കിംഗ് അബ്ദുൽ അസീസ്' സർവകലാശാലയിൽ നിന്നും ഉന്നതബിരുദം കരസ്ഥമാക്കി. പൊതുവെ ശാന്തശീലനായ ഒസാമ ബിൻലാദൻ സർവകലാശാലയിലെ അധ്യാപകനായ മുഹമ്മദ് ഖുത്ബിന്റെ ആശയത്തിൽ ആകൃഷ്ടനായി.ലളിതമായ രീതിയിൽ മതതീവ്രവാദം വിദ്യാർത്ഥികളിൽ സന്നിവേശിപ്പിക്കാൻ പ്രത്യേക കഴിവുള്ള വ്യക്തിയായിരുന്നു മുഹമ്മദ് ഖുതുബ്. ആധുനിക ഇസ്ലാമിക തീവ്രവാദത്തിന്റെ അധികാരിക ഗ്രന്ഥമെന്ന് വിമർശകർ അടയാളപ്പെടുത്തായ ഖുതുബിന്റെ പുസ്തകങ്ങളായ 'വഴിയടയാളങ്ങൾ' 'ഖുർആനിന്റെ തണലിൽ' എന്നിവ ഒസാമയിൽ വൻ സ്വാധീനം ചെലുത്തി. മതതീവ്രവാദം ഒരു ലഹരിയായി കണ്ട ഒസാമ ബിൻലാദൻ 1973ൽ ഒരു തീവ്രവാദ സംഘടനക്ക് രൂപം നൽകി.

തന്റെ വന്‍പിച്ച സമ്പത്ത് മുഴുവൻ ഈ സംഘടനയെ ഊട്ടിവളർത്താൻ ഒസാമ ചിലവഴിച്ചു. പ്രധാനമായും അഫ്ഗാനിസ്ഥാനിലെ ഭീകര പ്രവർത്തനങ്ങളിലാണ് ഒസാമ ശ്രദ്ധ കേന്ദ്രീകരിച്ചത്.

1979 മുതൽ സോവിയറ്റ് യൂണിയണിനെതിരെ പോരാടുന്ന അഫ്ഗാൻ മുജാഹിദ് എന്ന സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഒസാമ ബിൻ ലാദൻ ആയിരുന്നു. സോവിയറ്റ് യൂണിയന്റെ അധിനിവേശം മുസ്ലിം രാജ്യങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമായി കണ്ട് സൗദി അടക്കമുള്ള ഒട്ടുമിക്ക അറബ് രാജ്യങ്ങളിൽ നിന്നും സോവിയറ്റ് യൂണിയനെതിരെ പോരാടാൻ യുവാക്കൾ അഫ്ഗാനിലേക്കൊഴുകി. ഈ കൂട്ടത്തിൽ 22 വയസ്സ് മാത്രം പ്രായമുള്ള ഒസാമ ബിൻ ലാദനുമുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് ഒസാമയെ അഫ്ഗാൻ ജനത വരവേറ്റത്. യുവാക്കളെ യുദ്ധത്തിൽ പങ്ക് ചേർക്കുന്നതിനും പണം സ്വരൂപിക്കുന്നതിനും വേണ്ടി 'ഹൗസ് ഓഫ് ഓക്സിലറീസ്' എന്ന സംഘടനക്ക് ഒസാമ രൂപം നൽകി. ഇതോടെ താരപരിവേഷത്തിനുടമയായ ഒസാമയെ യു എസ് പ്രസിഡണ്ടായിരുന്ന റീഗൺ വിശേഷിപ്പിച്ചത് "സ്വാതന്ത്ര്യ സമര പോരാളി" എന്നാണ്.

1989 ൽ റഷ്യൻ സൈന്യം അഫ്ഗാനിൽ നിന്ന് പിൻവാങ്ങുകയും പത്ത് വർഷത്തെ പോരാട്ടത്തിന് ശേഷം ഒസാമ അതേ വർഷം സ്വദേശമായ ജിദ്ദയിലെത്തിയപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത്.

അക്കാലത്ത് തന്നെയാണ് ഇറാഖിന്റെ കുവൈത്ത് അധിനിവേശം സംഭവിക്കുന്നത്. സൗദി അറേബ്യയെ സംരക്ഷിച്ചു കൊള്ളാമെന്ന ഒസാമയുടെ വാഗ്ദാനം സൗദി ഭരണകൂടം തള്ളി. 1991ൽ ഇറാഖി സൈന്യം കുവൈത്ത് ആക്രമിച്ചു കീഴടക്കി. സദ്ദാമിന്റെ അടുത്ത ലക്ഷ്യം സൗദി കീഴടക്കുകയാണെന്ന തരത്തിൽ അഭ്യൂഹം പരന്നു. ഈ വാർത്തയുടെ ഉറവിടം ഒസാമയായിരുന്നു. സോവിയറ്റ് യൂണിയനെതിരെ പട പൊരുതാൻ അഫ്ഗാനിസ്ഥാനിൽ ഒസാമ രൂപം നൽകിയ അറബ് സേനക്ക് വേണ്ട സഹായം നൽകിയാൽ തങ്ങൾ ഇറാക്കിനെതിരെ പോരാടാമെന്ന ഒസാമയുടെ താൽപര്യത്തെ സൗദി ഭരണാധികാരികൾ നിരാകരിച്ചു.

സർക്കാരിന് പുറത്തുള്ള ഒരു സേനയെ പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തങ്ങളുടെ അധികാരത്തിന് ഭീഷണിയാണെന്ന് സൗദി ഭരണാധികാരികൾ മനസ്സിലാക്കിയിരുന്നു. എന്നാൽ യഥാസ്ഥിതികരായ മതപണ്ഡിതരിൽ വികാരം ആളിക്കത്തിച്ചുകൊണ്ട്, മുസ്ലിം വിഭാഗത്തിൽ പെട്ടവരല്ലാത്തവർ പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പ്രവേശിക്കുന്നത് തടയാൻ ഒസാമ ശ്രമിച്ചു. എന്നാൽ ഈ വാദത്തേയും ശ്രമങ്ങളേയും സൗദി സർക്കാർ നിഷ്കരുണം തള്ളിക്കളഞ്ഞു. ഇതിനെത്തുടർന്ന് ഒസാമയും സൗദി സർക്കാരും തമ്മിൽ തെറ്റി. ഇതോട് കൂടി സൗദി ഒബാമയുടെ പൗരത്വം റദ്ദാക്കുകയും ഒസാമക്ക് സ്വരാജ്യത്ത് നിന്ന് പാലായനം ചെയ്യേണ്ടി വരികയും ചെയതു.

അതിനിടക്ക് ഒസാമ പാലൂട്ടി വളർത്തിയ അൽഖ്വയ്ദയെന്ന ഭീകര സംഘടന ലോകത്തിന്റെ പല ഭാഗങ്ങളിലും കനത്ത ആക്രമണങ്ങൾ അഴിച്ചു വിട്ടു കൊണ്ടിരിന്നു. പലതിന്റേയും ഉത്തരവാദിത്വമേൽക്കാൻ ഒസാമ തയ്യാറായില്ല. ഇതിനെ അപലപിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും യാതൊരു മടിയും കാണിച്ചുമില്ല. ഈ ആക്രമണങ്ങളിലെല്ലാം ജീവൻ പൊലിഞ്ഞത് അമേരിക്കൻ പൗരൻമാരുടേതായിരുന്നു.

ഒരു കാലത്ത് സോവിയറ്റ് യൂണിയനെതിരെ പോരാടി എന്ന ഒറ്റക്കാരണത്താൽ നിർലോഭം പിന്തുണ നൽകിയിരുന്ന അമേരിക്കക്ക് തന്നെ ഒസാമ തീരാ തലവേദനയാവുകയായിരുന്നു. ഒരിക്കൽ പാലൂട്ടി വളർത്തിയ മിത്രം പിൽക്കാലത്ത് അവരുടെ തന്നെ ശത്രുവായിത്തീരുന്ന ഭീകര കാഴ്ചയാണ് ലോകം കണ്ടത്. ഒരിക്കൽ "സമരപോരാളി" എന്ന് വിശേഷിപ്പിച്ച ഒസാമയെ അതേ ഭരണം കൂടം തന്നെ ഭീകരവാദി എന്ന് വിളിക്കേണ്ടി വന്നു. എന്നാൽ അപ്പോഴേക്കും ഉസാമയും അദ്ദേഹത്തിന്റെ തീവ്രവാദ സംഘടനയും അമേരിക്കൻ സേനക്ക് അപ്രാപ്യമായ തരത്തിൽ പൂർണ്ണ വളർച്ചയെത്തിയിരുന്നു.

അമേരിക്കൻ യുദ്ധ ചരിത്രത്തിൽ ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വെച്ച് ഒട്ടനവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അത് ഒസാമയെ ലക്ഷ്യം വെച്ച് മാത്രമാണ്. ഏതാണ്ട് നൂറിനടുത്ത് ആക്രമണങ്ങളാണ് ഒസാമക്കെതിരെ അമേരിക്ക നടത്തിയത്. എല്ലാം പരാജയത്തില്‍ അവസാനിക്കുകയായിരുന്നു. പല രാജ്യത്തേക്കുമുള്ള അധിനിവേശങ്ങൾ, ഏകപക്ഷീയമായ ആക്രമണങ്ങൾ എല്ലാം ഒസാമയെന്ന ശത്രുവിനെ നിഗ്രഹിക്കാൻ മാത്രമായിരുന്നു. ഇതിൽ ഒട്ടുമിക്ക അധിനിവേശങ്ങളും അമേരിക്കക്ക് കനത്ത സാമ്പത്തിക, സൈനിക നഷ്ടമുണ്ടാക്കി എന്ന് മാത്രമല്ല ലോകരാജ്യങ്ങളുടെ കടുത്ത വിമർശനത്തിനും കാരണമായി. ഓരോ അമേരിക്കൻ ആക്രമണങ്ങളും ലക്ഷ്യം കാണാതെ പരാജയത്തിന്റെ കയ്പുനീർ കുടിച്ചപ്പോഴും ഒസാമ ബിൻ ലാദൻ അമേരിക്കൻ സേന വിന്യസിച്ച പത്മവ്യൂഹത്തിന് പുറത്ത് സ്വൈര്യ വിഹാരം നടത്തി മുന്നേറിക്കൊണ്ടിരുന്നു.

ഒസാമ നടത്തുന്ന ഓരോ ആക്രമണങ്ങളും അമേരിക്കയെന്ന ലോകപോലീസിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. അമേരിക്കൻ സേന അന്ത്യ പോരാട്ടത്തിനായി കോപ്പുകൂട്ടി.

ഈ പോരാട്ടത്തിന് കൂടുതൽ ശക്തി പകർന്നത് 2001 സെപ്തംബർ 11 ന് അൽഖ്വയ്ദ നടത്തിയ, അമേരിക്കൻ ജനത കണ്ട, ഭരണകൂടത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്ത, എക്കാലത്തേയും വലിയൊരു ഭീകരാക്രമണത്തിന് ശേഷമാണ്. ഭീകരർ തട്ടിയെടുത്ത രണ്ട് വിമാനങ്ങൾ അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന വേൾഡ് ട്രേഡ് സെന്ററിനും, പെന്റഗണിനും മുകളിൽ ഇടിപ്പിക്കുകയായിരുന്നു. അമേരിക്കൻ സൈന്യമറിയാതെ പെന്റഗണിൽ ഒരീച്ച കടക്കില്ലെന്ന അവകാശത്തിന്റെ മകുടത്തിലാണ് അന്ന് ആ രണ്ട് വിമാനങ്ങൾ ഇടിച്ചിറങ്ങിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂവായിരത്തോളം പേരാണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർത്ഥ കണക്ക് ഇതിനും മേലെയാണെന്ന് പറയപ്പെടുന്നു.

ഈയൊരു സംഭവത്തോട് കൂടി അമേരിക്ക ആലസ്യം വിട്ടുണർന്നു. ഭീകര പ്രസ്ഥാനങ്ങളോട് സ്വീകരിക്കേണ്ട നിലപാട് തന്നെ അവർ പൊളിച്ചെഴുതി. ബിൻ ലാദനെ തകർക്കേണ്ടത് അവരുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് ഭരണകൂടത്തിനും പൊതുജനങ്ങൾക്കും ഒരു പോലെ ബോധ്യപ്പെട്ടു.

2011 മേയ് 11 ഇസ്ലാമാബാദിൽ നിന്നും 52 കിലോമീറ്റർ മാത്രം ദൂരമുള്ള 'അബട്ടാബാദ്' എന്ന സ്ഥലം. കൂറ്റൻ മതിലിനാൽ ചുറ്റപ്പെട്ട മൂന്ന് നിലകളുള്ള ആഢംബര ബംഗ്ലാവ്. പാക് മിലിട്ടറി അക്കാദമിയിൽ നിന്നും ഇവിടേക്കുള്ള ദൂരം കേവലം ഒന്നര കിലോമീറ്റർ മാത്രമാണ്. ഇവിടെക്ക് അമേരിക്ക പരിശീലിപ്പിച്ചെടുത്ത 79 അംഗ വ്യത്യസ്ഥ കമാന്റോകൾ അതീവ രഹസ്യമായി ഹെലികോപ്ടറിൽ പറന്നിറങ്ങുന്നു. ഓപ്പറേഷൻ "ജെറോ നിമോ" എന്നതായിരുന്നു ഈ രഹസ്യ ദൗത്യത്തിന് നൽകിയിരുന്ന പേര്. ആ ബംഗ്ലാവിനുള്ളിൽ ലാദനുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ഓപ്പറേഷൻ. ആക്രമണത്തിന് അനുമതി കിട്ടിയ കമാന്റോകൾ പ്രത്യാക്രമണത്തിന് അവസരം നൽകാതെ ഉള്ളിലേക്ക് ഇരച്ചു കയറി. ശത്രുവിന് പ്രതിരോധിക്കാൻ സമയം കിട്ടുന്നതിന് മുൻപ് കമാന്റോകൾ നാല് ഭാഗത്ത് നിന്നും കനത്ത ആക്രമണം അഴിച്ചുവിട്ടു.ആക്രമണ സമയത്ത് ലാദന്റെ ഭാര്യയും കുട്ടിയും, സുരക്ഷക്കായി നിയോഗിച്ച മൂന്ന് പേരുമടക്കം 18 പേർ ആ ബംഗ്ലാവിലുണ്ടായിരുന്നു. എല്ലാവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദൗത്യ വിജയത്തിന് ശേഷം ഈ ഓപ്പറേഷൻ "നെപ്റ്റ്യൂൺ സ്റ്റാർ" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇതും രഹസ്യ ഓപ്പറേഷന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു. ഈ ആക്രമണം പാകിസ്ഥാന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന സി ഐ എയുടെ വാദം പാക്കിസ്ഥാൻ ചാരസംഘടനയായ ഐ എസ് ഐ തലവൻ തള്ളിക്കളഞ്ഞു.

ലാദന്റേയും കുടുംബത്തിന്റേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനോ കരയിൽ അടക്കം ചെയ്യാനോ അമേരിക്കൻ അധികൃതർ തയ്യാറായില്ല. സ്മാരകം ഉയരും എന്ന ഭയത്താലായിരുന്നു ഇത്. കടലിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒസാമ ബിൻ ലാദൻ എന്ന ഭീകരന്റെ തേരോട്ടത്തിന് അന്ത്യം കുറിക്കാൻ ഈ ദൗത്യത്തിനായെങ്കിലും അയാൾ ഊട്ടി വളർത്തിയ ഭീകര പ്രസ്ഥാനങ്ങൾ ലോകത്ത് പല രാജ്യങ്ങളിലും നിരന്തര ആക്രമണങ്ങളും അധിനിവേശങ്ങളും കൊണ്ട് സമാധാനന്തരീക്ഷം തകർക്കുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/vayicho-binladen-mother-remember-how-laden-radicalised/

https://www.azhimukham.com/videsham-how-bin-laden-killed-wife-amal-reveals/

https://www.azhimukham.com/secret-will-bin-laden-wanted-fortune-continue-war-on-west/

https://www.azhimukham.com/osama-bin-laden-robert-james-oneill-shooter-al-qaida-navy-seal-abbottabad-killing-reveals/

Next Story

Related Stories