TopTop

ശ്രീധരന്‍ പിള്ളയുടെ വിവാദ ശബരിമല പ്രസംഗം തൊഗാഡിയയെ ലക്ഷ്യം വച്ചതിനു പിന്നില്‍

ശ്രീധരന്‍ പിള്ളയുടെ വിവാദ ശബരിമല പ്രസംഗം തൊഗാഡിയയെ ലക്ഷ്യം വച്ചതിനു പിന്നില്‍
ശബരിമല സമരം ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്റ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള യുവമോര്‍ച്ച വേദിയില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിട്ടുണ്ട്. ഇതിനൊപ്പം തന്നെ ബിജെപി എന്തുകൊണ്ടാണ് സമരത്തിലേക്ക് പൊടുന്നനെ എടുത്തു ചാടിയത് എന്ന കാര്യവും ഈ വിവാദ പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ള പറയുന്നുണ്ട്. വി.എച്ച്.പി നേതൃത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട തീവ്ര ഹിന്ദുത്വ നേതാവും ആര്‍എസ്എസിനും ബിജെപിക്കും ഇന്ന് അനഭിമതനും കടുത്ത മോദി വിരുദ്ധനുമായ പ്രവീണ്‍ തൊഗാഡിയ ശബരിമല സമരം ഏറ്റെടുക്കുന്നത് തടയാനായിരുന്നു ബിജെപി, നേരത്തെ തീരുമാനിച്ചത്തില്‍ നിന്ന് വ്യത്യസ്തമായി പൊടുന്നനെ സമരം ഏകോപിപ്പിച്ചത് എന്നാണ് പിള്ള പറയുന്നത്.

അദ്ദേഹത്തിന്റെ പ്രസംഗത്തിലേക്ക്: "പത്താം തീയതി യാത്ര തുടങ്ങുമ്പോള്‍ നമ്മള്‍ ആ കാര്യം നേരത്തെ തീരുമാനിച്ചിരുന്നില്ല. എട്ടിന് കോര്‍ കമ്മിറ്റിയിലെ ആളുകള്‍ ഒന്നിച്ചു കൂടിയാണ് അക്കാര്യം തീരുമാനിക്കുന്നത്. അതിനു ഒരു കാരണമുണ്ട്. ഈ വേദിയില്‍ ആയതുകൊണ്ട് എനിക്കത് പറയാം. ഹിന്ദു സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വിപത്തുണ്ടാക്കുന്ന ഗുജറാത്തുകാരനായ ഒരു നേതാവ്, സ്വാര്‍ത്ഥതയുടെ പ്രതീകമായ, സ്വാര്‍ത്ഥതയ്ക്ക് ഒരവാര്‍ഡ് കൊടുത്താല്‍ കിട്ടേണ്ട ഒരാള്, 11-ാം തീയതി പന്തളത്ത് നിന്ന് ശബരിമലയിലേക്ക് യാത്ര കൊണ്ടു പോകാന്‍ ശ്രമിച്ചു. നടന്നു പോകാന്‍ തീരുമാനിച്ചു. സ്വാഭാവികമായും ബിജെപി നേതൃത്വത്തിലുള്ളവര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചു. മണത്തറിയാന്‍ സാധിച്ചു. ആ ആള്‍ വന്നു നയിച്ചാല്‍, ആ നടപ്പിന്റെ കൂട്ടത്തില്‍ നമ്മുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കുറെ പേര്‍ അതിനെ കൊഴുപ്പിക്കാന്‍ കൂടും, അത് വിജയിക്കും എന്നറിയാവുന്നതു കൊണ്ട് പത്താം തീയതി തന്നെ സമരം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഒമ്പതിന് സമര പ്രഖ്യാപനം നടത്തി. അന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കരിങ്കൊടി കാണിച്ചു. പിന്നീട് യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും സമരം നടത്തി. അന്ന് യുവമോര്‍ച്ചക്കാര്‍ക്ക് അടികൊണ്ടിരുന്നു, ചിലര്‍ക്ക് പരിക്കും പറ്റി, അവര്‍ക്ക് എങ്ങനെ അടി കൊണ്ട് എന്നെനിക്ക് അറിയില്ല... (ചിരി)... അങ്ങോട്ട്‌ പ്രകോപിപ്പിച്ചതാണോ അതോ പോലീസ് പ്രകോപിപ്പിച്ചതാണോ... (പോലീസ് പ്രകോപിപ്പിച്ചതാണ് എന്ന് സ്റ്റേജില്‍ നിന്ന് ആരോ പറയുന്നു). ശരി, എന്റെ പാര്‍ട്ടിക്കാരെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. എന്തായാലും ആ സാഹസികത അവിടെ വിജയിച്ചു. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ കൈയിലേക്ക് എത്തിയേണ്ടിയിരുന്ന കളം നമ്മുട കൈയിലേക്ക് എത്തി. അവര്‍ ഇന്ന് നമുക്ക് മറുപടി പറയേണ്ട അവസ്ഥയാണ്. ഇന്ന് അജണ്ട ബിജെപിയുടെ കൈയിലേക്ക് എത്തിയിരിക്കുന്നു... ബിജെപിക്ക് ലഭിച്ച ഏറ്റവും വലിയ ഗോള്‍ഡന്‍ ഓപ്പര്‍ച്ചൂണിറ്റിയായി ഞാന്‍ ഇതിനെ കാണുന്നു
."

രാഹുല്‍ ഈശ്വര്‍, തൊഗാഡിയയുടെ കേരളത്തിലെ അനുയായിയും ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവുമായ പ്രതീഷ് വിശ്വനാഥ് എന്നിവരെ ശബരിമല സമരത്തിലേക്ക് അടുപ്പിക്കാതിരിക്കാനും സമരം ബിജെപിയുടേതാക്കി മാറ്റാനും വിവിധ സംഘപരിവാര്‍ സംഘടനകളും ഒപ്പം, ഹിന്ദു ഐക്യവേദി നേതാവ് പികെ ശശികലയുടെയും അയ്യപ്പ സേവ സമാജം പ്രസിഡന്റ് സ്വാമി അയ്യപ്പദാസിന്റെയും നേതൃത്വത്തില്‍ രൂപം കൊണ്ട ശബരിമല കര്‍മസമിതിയും തീരുമാനിച്ചിരുന്നു എന്ന കാര്യം അഴിമുഖം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഹുല്‍ ഈശ്വറിനെ പോലെയുള്ളവര്‍ സമരത്തിലേക്ക് വരുന്നതില്‍ തങ്ങള്‍ക്കും താത്പര്യമില്ലെന്ന് ആര്‍എസ്എസിന്റെ കേരള തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്ററും അഴിമുഖത്തോട് വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ 'ആചാരലംഘനം' നടന്നാല്‍ കേരളം കത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനവ ഔറംഗസേബ് ആണെന്നുമുള്ള വിവാദ പ്രസ്താവനകള്‍ പ്രതീഷ് വിശ്വനാഥ് കഴിഞ്ഞ ദിവസവും നടത്തിയിരുന്നു.

തൊഗാഡിയെ കൊണ്ട് വരാനുള്ള പ്രതീഷ് വിശ്വനാഥിന്റെ പദ്ധതിയെക്കുറിച്ചും രാഹുല്‍ ഈശ്വറിനെയും പ്രതീഷിനെയും സമരം ഏറ്റെടുക്കുന്നത് തടയാനുള്ള ബിജെപി-കര്‍മ സമിതി തീരുമാനത്തെയും കുറിച്ചുള്ള അഴിമുഖം റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: "രാഹുലിന്റെ ഇതേ അവസ്ഥയിലേക്കാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥനും വീണിരിക്കുന്നത്.  ഡല്‍ഹി കേരള ഹൌസിലെ ക്യാന്റീനില്‍ ബീഫ് വിളമ്പുന്നു എന്നാരോപിച്ച് വിവിധ ഹിന്ദുത്വ സംഘടനകളെ ഉപയോഗിച്ച് അവിടെ ആക്രമണം നടത്താന്‍ തുനിഞ്ഞതിന് നേതൃത്വം കൊടുത്തയാളാണ് പ്രതീഷ്. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. തീവ്രഹിന്ദുത്വ നിലപാടുകളും പ്രസ്താവനകളുമായി ഹൈന്ദവ സമൂഹത്തിന്റെ ഇടയില്‍ സ്ഥാനം നേടാന്‍ ശ്രമം നടത്തുന്നയാളാണ് പ്രതീഷും. ശബരിമലയില്‍ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് തുടക്കത്തില്‍ തന്നെ അറസ്റ്റ് ചെയ്തവരില്‍ ഒരാളുമാണ് ഇയാള്‍. അതേസമയം, ശബരിമല വിഷയത്തില്‍  രാഹുലിനെ പോലെ തന്നെ പ്രതീഷിനെയും ഒപ്പം ചേര്‍ക്കാതെ മാറ്റി നിര്‍ത്താനാണ് മറ്റ് സംഘടനകള്‍ ശ്രദ്ധിക്കുന്നത്. ശബരിമല പ്രക്ഷോഭത്തിലേക്ക് വിശ്വഹിന്ദു പരിഷത്ത് മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ എത്തിക്കാനുള്ള പ്രതീഷിന്റെ നീക്കവും അയാള്‍ക്ക് തന്നെ തിരിച്ചടിയായിരുന്നു. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും കണ്ണിലെ കരടായി മാറിയിരിക്കുന്ന തൊഗാഡിയയ്ക്ക് ശബരിമല വിഷയത്തില്‍ ഇടം കിട്ടുന്നത് സംഘമോ ബിജെപിയോ ഒട്ടും തന്നെ ആഗ്രഹിക്കാത്ത കാര്യമായിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടന്ന ലോംഗ് മാര്‍ച്ചില്‍ ഹിന്ദു ഹെല്‍പ്പ് ലൈനും പങ്കാളിയായിരുന്നു. തൊഗാഡിയുടെ നേതൃത്വത്തിലുള്ള അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്തി (എഎച്ച്പി) ന്റെ കേരളത്തിലേയും ഹിന്ദു ഹെല്‍പ് ലൈനിന്റെയും നേതാവായ പ്രതീഷ് വിശ്വനാഥന്‍ ലോങ് മാര്‍ച്ചിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു. അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്തേ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് തൊഗാഡിയ. വിശ്വഹിന്ദു പരിഷത്തില്‍ നിന്നും പുറത്തായ തൊഗാഡിയ കഴിഞ്ഞ ജനുവരി മാസത്തിലാണ് അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്ത് സ്ഥാപിച്ചത്. തൊഗാഡിയായുടെ സാന്നിധ്യം ഉപയോഗിച്ച് ശബരിമല വിഷയത്തില്‍ നേടാന്‍ കണക്കുക്കൂട്ടിയിരുന്ന സ്ഥാനവും പ്രതീഷിന് ലഭിച്ചില്ല. എല്ലാ ഹൈന്ദവ സംഘടനകളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട പ്രതീഷ് വിശ്വനാഥന്‍ കൂടുതല്‍ സംഘടനകള്‍ തങ്ങള്‍ക്കൊപ്പം ചേരുന്നുണ്ടെന്നും പറഞ്ഞിരുന്നു. പക്ഷേ, അയാള്‍ ശബരിമല പ്രതിഷേധത്തില്‍ അപ്രസക്തനായി മാറുന്നതാണ് പിന്നീട് കണ്ടത്. ഇതിനു കാരണം സംഘം അടക്കമുള്ള സംഘടനകളുടെ പിന്തുണ കിട്ടാതെ പോയതാണ്. പ്രതീഷിനെ പോലുള്ളവരുടെ സാന്നിധ്യം തങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുമെന്നാണ് മറ്റുള്ളവര്‍ പറയുന്നതെങ്കിലും പ്രതീഷോ, രാഹുലോ ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ സ്ഥാനം നേടിയെടുത്താല്‍ അത് തങ്ങള്‍ക്ക് ക്ഷീണമാകുമെന്ന ഭയവും അവരിരുവരെയും അകറ്റി നിര്‍ത്തുന്നതിനു കാരണമാകുന്നുണ്ട്. പ്രതീഷിന്റെയോ രാഹുലിന്റെയോ അറസ്റ്റില്‍ കാര്യമായ ഒരു പ്രതികരണവും കര്‍മ സമിതിയില്‍ നിന്നോ സംഘപരിവാര്‍ നേതാക്കളില്‍ നിന്നോ ഉണ്ടാകാതിരുന്നതും സൂചിപ്പിക്കുന്നത് അതാണ്; ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തം വീഴ്ത്തി അശുദ്ധിയാക്കാൻ ആളുകളെ നിയോഗിച്ചതിന് രാഹുൽ ഈശ്വറിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത് ബിജെപി സംസ്ഥാന പ്രസിഡന്റ്റ് പി.എസ് ശ്രീധരന്‍ പിള്ളയാണ്"-
(
ശബരിമല: രാഹുല്‍ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥനേയും സംഘപരിവാറും കര്‍മസമിതിയും തള്ളിപ്പറയുന്നതിന് പിന്നില്‍)

https://www.azhimukham.com/kerala-police-helpless-to-tackle-bjp-backed-devotees-protest-in-sabarimala-to-block-women-entry-dhanya-reports/

https://www.azhimukham.com/kerala-karma-samithi-explain-their-plan-to-protest-on-women-entry-in-sabarimala-report-rakesh/

https://www.azhimukham.com/offbeat-sabarimala-women-entry-karma-samithi-says-no-to-rahul-easwer-and-pratheesh-viswanath-participation-in-protest/

https://www.azhimukham.com/kerala-who-has-organised-sabarimala-protest-against-women-entry-a-detailed-account-by-kr-dhanya/

https://www.azhimukham.com/kerala-sabarimala-political-leaders-responses-on-sreedharan-pillai-speech/

Next Story

Related Stories