ട്രെന്‍ഡിങ്ങ്

ദ്രാവിഡ മണ്ണില്‍ കാവിക്കൊടി ചുവടുറപ്പിക്കുമ്പോള്‍

Print Friendly, PDF & Email

തമിഴകത്ത് നിലയുറപ്പിക്കാനും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാനും നിലവിലെ സര്‍ക്കാറിനെ സംരക്ഷിച്ച് നിര്‍ത്തേണ്ടത് ബിജെപിയുടെ ആവശ്യമാണ്

അനീഷ്. ടി

അനീഷ്. ടി

A A A

Print Friendly, PDF & Email

സ്വേച്ഛാധികാരവും ജനപ്രിയതയും ഏറ്റക്കുറച്ചിലോടെ വിളക്കിച്ചേര്‍ത്തായിരുന്നു ‘അമ്മാ’ഭരണം (ജയലളിത); അഴിമതിയും വികസനവും സമം ചേര്‍ത്തത് ‘അയ്യാ’ഭരണവും (കരുണാനിധി). എം ജി ആറിന്റെ കാലശേഷം രണ്ട് ഭരണ നേതൃത്വങ്ങളെയും മാറി മാറി പരീക്ഷിച്ച ഒരു ജനത അമ്മയ്ക്ക് നല്‍കിയ തുടര്‍സമ്മതിദാനമായിരുന്നു ചരിത്രത്തിന്റെ ആവര്‍ത്തനത്തെ തടഞ്ഞ 2016-ലെ അണ്ണാഡിഎംകെയുടെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം. പിന്നീട്, സര്‍വാധിപത്യ ലഹരിയില്‍ അമ്മ നല്‍കിയ വാത്സല്യങ്ങള്‍ക്ക് കണ്ണീരണിഞ്ഞ് വിടചൊല്ലിയ തമിഴകം ജനാധിപത്യത്തിന്റെ സ്വച്ഛവായു ശ്വസിക്കുന്ന കാഴ്ച നാം കണ്ടു. ജല്ലിക്കെട്ട് പ്രക്ഷോഭം പോലുള്ള സ്വത്വരാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും കര്‍ഷക സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു; അതോടൊപ്പം അധികാര തര്‍ക്കത്തിന്റെയും അഭ്യന്തര കലഹത്തിന്റെയും ചുഴിയില്‍ പെട്ട് എഐഡിഎംകെ എന്ന ഭരണകക്ഷി ആദ്യം രണ്ടായും ഇപ്പോള്‍ മൂന്നായും മുറിഞ്ഞു മാറിയതിനും.

ജയലളിതയുടെ വിശ്വസ്തനും മുന്‍ മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എഐഡിഎംകെ പുരട്ചിത്തലൈവി (അമ്മ) വിഭാഗത്തിന് പാര്‍ട്ടി പിടിച്ചെടുക്കാനായില്ല. പനീര്‍ ശെല്‍വത്തെ പുറത്താക്കിയ ശേഷം, ശശികലയുടെ ആശീര്‍വാദത്തോടെ മുഖ്യമന്ത്രി പദത്തിലെത്തിയ എടപ്പാടി പളനിസ്വാമിയ്ക്കും കാര്യങ്ങള്‍ എളുപ്പമായില്ല. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല ജയിലിലടക്കപ്പെട്ടപ്പോള്‍ അധികാരം കൈവിട്ട് പോകുമെന്ന് ഭയന്ന മന്നാര്‍ ഗുഡി മാഫിയ, ശശികലയുടെ സഹോദരി പുത്രന്‍ ടി ടി വി ദിനകരനെ പാര്‍ട്ടി ഡപ്യൂട്ടി ജന. സെക്രട്ടറിയാക്കി. പളനിസ്വാമിയുടേയും ദിനകരന്റെയുംനേത്യത്വത്തെ ചൊല്ലി കക്ഷിയിലെ എംഎല്‍എമാര്‍ക്കിടയില്‍ ഉണ്ടായ കലഹം എഐഡിഎംകെ (അമ്മ) കക്ഷിയിലും പിളര്‍പ്പുണ്ടാക്കിയിരിക്കുകയാണ്. ഇങ്ങനെ മൂന്നു വിഭാഗങ്ങളായി അടര്‍ന്ന് മാറി പരസ്പരം പോരടിക്കുകയാണ് എഐഡിഎംകെ. പ്രധാന പ്രതിപക്ഷമായ ഡിഎംകെയ്ക്കാകട്ടെ, ഈ സാഹചര്യത്തെ വേണ്ടത്ര മുന്നൊരുക്കത്തോടെ നേരിടാന്‍ സാധിച്ചിട്ടില്ല.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ തനിമ നേരത്തെത്തന്നെ നഷ്ടപ്പെടുത്തിയ കക്ഷിയാണ് എഐഡിഎംകെ. എങ്കിലും ജയലളിതയുടെ ബ്രാഹ്മണസ്വത്വം നേതൃത്വം നല്‍കുന്ന കാലത്തും ചില നീക്കുപോക്കുകളല്ലാതെ പ്രാദേശിക സ്വത്വബോധത്തേയോ സംസ്ഥാനത്തിന്റെ അവകാശങ്ങളെയോ സ്പര്‍ശിക്കാന്‍ പോലും കേന്ദ്ര നേതൃത്വത്തെ അവര്‍ അനുവദിച്ചിരുന്നില്ല. അത്തരം സ്വാധീനങ്ങളെ അര്‍ഹിക്കുന്ന അകലത്തില്‍ നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടി പ്രമേയം പാസ്സാക്കിയതടക്കം ദ്രാവിഡ ജനതയുടെ പൊതുവികാരത്തോടൊപ്പം നില്‍ക്കാന്‍ ആ പാര്‍ട്ടിക്ക് സാധിച്ചു. മാത്രമല്ല, സംസ്ഥാനങ്ങളുടെ അധികാര പരിധി താണ്ടി കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച നയപരിപാടികളെ അതിശക്തമായി ചെറുത്തു നിന്നു. സംസ്ഥാന താല്പര്യങ്ങളെ മുന്‍നിര്‍ത്തി, കേന്ദ്ര പദ്ധതികളെ തള്ളിപ്പറയാന്‍ പ്രധാന മന്ത്രി മോദിയോടുള്ള സൗഹൃദം പോലും ഒരു തടസ്സമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള പാര്‍ട്ടിയുടെ തമിഴ് നേതൃത്വം അധികാരം നിലനിര്‍ത്താന്‍ കാണിക്കുന്ന വിധേയത്വം തമിഴകത്ത് സവിശേഷമായ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ജയലളിത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന കേന്ദ്ര പരിപാടികളായിരുന്നു ഉദയ് വൈദ്യുത പദ്ധതി, ജി എസ് ടി തുടങ്ങിയവ. എന്നാല്‍ അധികാരമേറ്റയുടന്‍ ഈ നയപരിപാടികളില്‍ പങ്കുകൊള്ളാന്‍ എടപ്പാടി സര്‍ക്കാര്‍ ഏറെ തിടുക്കം കാട്ടി. നിലവില്‍ 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ എഐഡിഎംകെയ്ക്ക് 134 സാമാജികരുമുണ്ട്. എടപ്പാടിക്ക് ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്‍ബലമുണ്ടെങ്കിലും പനീര്‍ശെല്‍വത്തിനും ടി ടി വി ദിനകരനും പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ പിന്തുണയുണ്ട്. അധികാര സമവാക്യങ്ങള്‍ മാറിമറിയുന്നതിനനുസരിച്ച് ഈ പിന്തുണയില്‍ ഏറ്റക്കുറച്ചിലുണ്ടാവുമെന്നതിനാല്‍ മൂവരും അംഗബലം അവകാശപ്പെടുന്നുമുണ്ട്. ഇവിടേക്കാണ് എഐഡിഎംകെയെ ഒന്നിപ്പിച്ച് നിര്‍ത്താനും സര്‍ക്കാര്‍ നിലംപൊത്താതെ നോക്കാനും മധ്യസ്ഥ റോളില്‍ ബിജെപി കടന്നു വരുന്നത്. തമിഴ്നാട്ടില്‍ ബിജെപിക്ക് കാര്യമായ റോളില്ലാത്ത നിലയില്‍ എഐഡിഎംകെയുടെ പ്രാദേശികമായ അസ്തിത്വത്തെ ദുര്‍ബലപ്പെടുത്തി കൊണ്ട് കേന്ദ്ര സര്‍ക്കാരിനോട് വിധേയത്വമുള്ള ഒരു സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇതിനായി തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയും പ്രമുഖ വ്യവസായിയും പനീര്‍ സെല്‍വം-എടപ്പാടി വിഭാഗങ്ങളെ സമീപിച്ച് ചര്‍ച്ച നടത്തി വരുന്നതായി റിപ്പോര്‍ട്ടുണ്ട്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ മൂന്ന് വിഭാഗം എംഎല്‍എമാരുടെയും വോട്ടുറപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. കൂടാതെ പദവി ഏറ്റെടുക്കുന്ന ചടങ്ങുകളില്‍ എടപ്പാടിയേയും പനീര്‍ശെല്‍വത്തെയും ക്ഷണിച്ച് ലയനത്തിന് കളമൊരുക്കുകയും ചെയ്തു. പനീര്‍ശെല്‍വം മുന്നോട്ട് വെയ്ക്കുന്ന പ്രധാന ഉപാധി ടിടിവി ദിനകരനെയും ശശികലയേയും പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നതാണ്. പാര്‍ട്ടിയില്‍ ഇരു വിഭാഗത്തിനും ലഭിക്കേണ്ട പദവികള്‍ സംബന്ധിച്ച് ഏതാണ്ട് തീരുമാനമായ പശ്ചാത്തലത്തില്‍ എടപ്പാടി ഇരുവരെയും തള്ളിപ്പറയുകയും ചെയ്തു. എടപ്പാടി-പനീര്‍ശെല്‍വം വിഭാഗങ്ങളുടെ ലയനം യാഥാര്‍ഥ്യമായാല്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സാധിക്കും. സര്‍ക്കാരിനെ വീഴ്ത്താന്‍ ഡിഎംകെയ്ക്ക് ലഭിക്കാവുന്ന വിദൂര സാധ്യതയെ പോലും ഇല്ലാതാക്കുക എന്നതാണ് ബിജെപിയുടെ പ്രാഥമിക ലക്ഷ്യം. തമിഴകത്ത് നിലയുറപ്പിക്കാനും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെയുടെ സഖ്യകക്ഷിയായി മത്സരിച്ച് കൂടുതല്‍ സീറ്റ് നേടാനും നിലവിലെ സര്‍ക്കാറിനെ സംരക്ഷിച്ച് നിര്‍ത്തേണ്ടത് ബിജെപിയുടെ ആവശ്യമാണ്. ഒരവിശ്വാസ പ്രമേയം കൊണ്ടോ ഇടക്കാല തെരഞ്ഞെടുപ്പ് കൊണ്ടോ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരാനുള്ള സാഹചര്യത്തെ ബിജെപി എന്ത് വില കൊടുത്തും തടയും.

സര്‍ക്കാര്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധിയെ രാഷ്ടീയമായി ഉപയോഗപ്പെടുത്താന്‍ ഡിഎംകെയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത്തരമൊരു അവസ്ഥയില്‍ ചാണക്യ തന്ത്രങ്ങള്‍ മെനയാന്‍ കരുണാനിധിയോളം പ്രാഗത്ഭ്യമുള്ള ഒരു നേതാവിന്റെ അഭാവം പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയാണ്; ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ്, നിയമസഭ പ്രതിപക്ഷ നേതാവ് എന്ന നിലകളില്‍ സ്റ്റാലിന്‍ അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നുണ്ടെങ്കിലും. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധി വിശ്രമത്തിലായത് ഈ സാഹചര്യത്തില്‍ ഡിഎംകെയ്ക്ക് വലിയൊരു ക്ഷീണം തന്നെയാണ്. ഒരു പക്ഷേ കരുണാനിധിയുടെ സക്രിയമായ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ സംഭവിക്കാമായിരുന്ന രാഷ്ട്രീയ നീക്കങ്ങള്‍ പ്രവചിക്കാന്‍ എളുപ്പവുമല്ല. നിയമസഭയില്‍ വീണ്ടും എടപ്പാടി സര്‍ക്കാരിനെതിരായ ഒരു അവിശ്വാസ പ്രമയത്തിന് ഒരുങ്ങുകയാണ് ഡിഎംകെ. അടിയന്തിര സാഹചര്യത്തില്‍ ദാക്ഷിണ്യമില്ലാതെ പാര്‍ട്ടിയില്‍ ശസ്ത്രക്രിയ നടത്തും എന്നൊക്കെയുള്ള ടിടിവി ദിനകരന്റെ അവകാശവാദങ്ങളും രാഷ്ട്രീയ പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുന്നുണ്ട്.

തമിഴകത്ത് കാവിക്കൊടി പാറിക്കുക എന്ന ബിജെപി ദൗത്യത്തിന് ഈ വെല്ലുവിളികള്‍ മറികടക്കാന്‍ അത്ര എളുപ്പമല്ല. എഐഡിഎംകെയുടെ പുനരേകീകരണവും ചലച്ചിത്ര സൂപ്പര്‍ താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശവും ഒക്കെ ചേര്‍ന്ന് ഒരു കൂട്ട് മുന്നണിയുടെ കുതിപ്പാണ് അവരുടെ സ്വപ്നം. അത്തരമൊരു അവസ്ഥ സൃഷ്ടിക്കപ്പെട്ടാല്‍ ഡിഎംകെയും കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും കൈകോര്‍ക്കുന്ന മറ്റൊരു ഐക്യനിര, ചലച്ചിത്ര താരം കമല്‍ ഹാസന്റെ പിന്തുണയോടെ ഉണ്ടാകാനുള്ള സാധ്യതയും തളളിക്കളയാനാവില്ല. എന്തായാലും തമിഴക രാഷ്ടീയക്കളത്തില്‍ നിറഞ്ഞ് കളിക്കാന്‍ ലഭിക്കുന്ന അവസരം ബിജെപി പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാലിത് തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം.

അതിലുപരി, ലയനം മൂലം എഐഡിഎംകെ ഭരണം നിലനിര്‍ത്തിയാലും അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വരുന്ന മറ്റൊരു കടമ്പയുണ്ട്. അത് രണ്ടില എന്ന ‘ഇരട്ടയില’ ചിഹ്നമാണ്. എം ജി ആറിന്റെ മരണശേഷം ഒരിക്കല്‍ കൈവിട്ട് പോയി തിരിച്ച് കിട്ടിയ ആ അടയാളം പാര്‍ട്ടിയുടെ അസ്തിത്വം കൂടിയാണ്. എം.ജി.ആറിന്റെ കാലം തൊട്ടെ ‘രണ്ടില’യിലല്ലാതെ മറ്റൊരു ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ മടിക്കുന്ന തമിഴക ഗ്രാമത്തിന്റെ പാരമ്പര്യമാണ് എഐഡിഎംകെയുടെ ശക്തി സ്രോതസ്സ്. ലയനം നടന്ന് ചിഹ്നം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പ് ഉണ്ടാകുമ്പോള്‍ (പൊതുയോഗങ്ങളിലൂടെ ശക്തി സംഭരിക്കാനൊരുങ്ങുന്ന ദിനകരപക്ഷത്തെ അവഗണിക്കാനാവുമോ?) തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനവും തമിഴകത്തിന്റെ ഭാവി രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളിലൊന്നാകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനീഷ്. ടി

അനീഷ്. ടി

ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍