TopTop
Begin typing your search above and press return to search.

ആലിയയുടെ ടീ ബാര്‍, പ്രിയങ്കയുടെ നൂറു കോടിയുടെ ദാരിയ മഹല്‍, കരീനയുടെ വള്ളിപ്പടര്‍പ്പിലെ തടിക്കൊട്ടാരം; ബോളിവുഡ് താരങ്ങളുടെ രാജകീയ സൗധങ്ങള്‍

ആലിയയുടെ ടീ ബാര്‍, പ്രിയങ്കയുടെ നൂറു കോടിയുടെ ദാരിയ മഹല്‍, കരീനയുടെ വള്ളിപ്പടര്‍പ്പിലെ തടിക്കൊട്ടാരം;  ബോളിവുഡ് താരങ്ങളുടെ രാജകീയ സൗധങ്ങള്‍

ഗൃഹനിര്‍മാണ മേഖലയിലെ പുതുമകളൊക്കെ ചേര്‍ത്താണ് ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ സ്വപ്ന ഭവനങ്ങള്‍ തീര്‍ക്കുന്നത്. സമ്പാദിക്കുന്ന പണം ബുദ്ധിപരമായ നിക്ഷേപിക്കാനുള്ള വിദ്യ കൂടിയാണ് റിയല്‍ എസ്‌റ്റേറ്റ്. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ മുതല്‍ കടല്‍ക്കരയിലെ ആഡംബര ബംഗ്ലാവുകള്‍ വരെയുള്ള താമസ സ്ഥലങ്ങളിലെല്ലാം നിര്‍മ്മാണത്തിലും അലങ്കാര വസ്തുക്കളിലുമുള്ള അത്യാധുനിക ട്രെന്‍ഡുകള്‍ കാണാം. ഹൃദയം കവരുന്ന മനോഹാരിതയുള്ള ഈ സെലിബ്രിറ്റി ഭവനങ്ങള്‍ ഭൂരിഭാഗവും മുംബൈയിലും വിദേശ നഗരങ്ങളിലുമാണ്. വിദഗ്ദ്ധരുടെ മേല്‍നോട്ടമുണ്ടെങ്കിലും തങ്ങളുടെ അഭിരുചികളും കയ്യൊപ്പും ചാര്‍ത്തി തന്നെയാണ് മിക്ക താരങ്ങളും വീട് പണി പൂര്‍ത്തിയാക്കുക.

നാട്ടിലും വിദേശത്തുമായുള്ള താര കൊട്ടാരങ്ങളുടെ വിശേഷങ്ങളിലേക്ക്...

ഷാറൂഖ് ഖാന്‍

പേരു പോലെത്തന്നെ കിംഗ് ഖാന്റെ ജീവിതവും രാജകീയമായിട്ടാണ്. മുബൈ ബാന്ദ്രയിലെ 'മന്നത്' ആണ് ഷാറൂഖിന്റെ ഔദ്യോഗിക വസതി. ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രം എന്നിവര്‍ക്കൊപ്പം മൂത്ത സഹോദരി ഷെഹനാസ് ലാല റൂഖ് ഖാനും ഇവിടെയുണ്ട്. ലാല്‍ബാഗിലെ 64 നില ഫ്‌ളാറ്റ് സമുച്ചയത്തിലെ നൂറു കോടിയോളം വില മതിക്കുന്ന രണ്ട് നിലകളും ഷാറൂഖിന് സ്വന്തമാണ്. ഇരുപത് മില്യണ്‍ പൗണ്ട് മൂല്യമുള്ള ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റ്, ദുബായ് ജുമൈറയിലെ വില്ല, ഡല്‍ഹിയിലെ വീട് തുടങ്ങി രാജ്യത്തിനകത്തും പുറത്തും അനേകം വസതികളും കിംഗ് ഖാനുണ്ട്.

സല്‍മാന്‍ ഖാന്‍

ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലാണ് സല്‍മാന്‍ ഖാന്‍ താമസിക്കുന്നത്. സഹോദരന്‍മാരായ സോഹാലിയും അര്‍ബാസും അവരുടെ കുടുംബങ്ങളും അടങ്ങുന്ന ബന്ധുക്കളും ഒപ്പമുണ്ട്. ബാന്ദ്രയില്‍ തന്നെ നൂറ് കോടി രൂപ മതിപ്പുള്ള വസ്തു വകകളും സല്‍മാന്‍ വാങ്ങിയിട്ടുണ്ട്. മുംബൈയുടെ പ്രാന്ത പ്രദേശമായ പന്‍വേലിയിലുള്ള നൂറ്റമ്പത് ഏക്കര്‍ ഫാംഹൗസിലാണ് സല്‍മാന്റെ വീക്കെന്‍ഡ് ആഘോഷങ്ങള്‍. കൃഷിഭൂമിക്കൊപ്പം ആഡംബര ബംഗ്ലാവുകളും, ജിംനേഷ്യവും, നീന്തല്‍ക്കുളവുമെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. 2016 ല്‍ അമ്പത്തൊന്നാം പിറന്നാളാഘോഷിച്ച ഖാന്‍ മഹാരാഷ്ട്രയിലെ ഗോറൈ ബീച്ചിനടത്തുള്ള നെടുങ്കന്‍ ബംഗ്ലാവാണ് തനിക്ക് തന്നെ സമ്മാനിച്ചത്.

അക്ഷയ് കുമാര്‍

ബോളിവുഡ് താരം അക്ഷയ്കുമാര്‍ അന്തേരിയിലെ പ്രൈം ബീച്ചിനടുത്തുള്ള വീട്ടിലാണ് താമസിക്കുന്നത്. നീന്തല്‍ക്കുളവും ജിമ്മും ഉള്‍പ്പെടെയുള്ള ഉന്നത സൗകര്യങ്ങളൊക്കെ ഇവിടെയുണ്ട്. ഇന്റീരിയര്‍ ഡിസൈനറും അഭിനേതാവും ആയിരുന്ന ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ മേല്‍നോട്ടത്തിലാണ് വീടിന്റെ അകത്തളങ്ങള്‍ ഒരുക്കിയത്. കടല്‍ തീരത്തിന്റെ മുഴുവന്‍ മനോഹാരിത ആസ്വദിക്കാവുന്ന സ്ഥാനത്താണ് ഈ മാളിക. പുറത്ത് സമൃദ്ധമായി വളര്‍ന്ന് നില്‍ക്കുന്ന പൂന്തോട്ടത്തിലാണ് അക്ഷയ് കുമാര്‍ പാര്‍ട്ടികള്‍ നടത്തുന്നത്. ടൊറന്റോയില്‍ ഒരു കുന്നാണ് അക്ഷയ് സ്വന്തമാക്കിയിട്ടുള്ളത്. ഒപ്പം മൗറീഷ്യസിലും കാനഡയിലും ബംഗ്ലാവുകളുമുണ്ട്.

ആമിര്‍ ഖാന്‍

രണ്ട് കോടി രൂപ വിലയുള്ള മുംബൈയിലെ ഇരുനില ഫ്‌ളാറ്റാണ് ആമിറിന്റെ പ്രിയ വാസസ്ഥലം. താരം വളര്‍ന്ന ഫ്‌ളാറ്റിന്റെ രണ്ട് നില താഴെയാണ് ഈ ഫ്‌ളാറ്റ് എന്നതാണ് കൗതുകകരം. 5,000 ചതുരശ്രയടിയാണ് ഈ ഫ്‌ളാറ്റിന്റെ വലിപ്പം. ഇത് 20,000 ചതുരശ്രയടി ആക്കി പുതുക്കിപ്പണിയാനും ആമിറിന് ഉദ്ദേശമുണ്ട്. പൂന്തോട്ടങ്ങള്‍ നിറഞ്ഞ നൂറ് വര്‍ഷം പഴക്കമുള്ള ഒരു ഫാം ഹൗസും ആമിറിനുണ്ട്. പഞ്ചാഗ്‌നി എന്ന സ്ഥലത്തുള്ള ഈ രണ്ടേക്കര്‍ വസ്തു 2016 ലാണ് വാങ്ങുന്നത്. പതിനൊന്നാം വിവാഹ വാര്‍ഷികത്തിന് സ്വന്തമാക്കിയ ഇവിടെ ഭാര്യ കിരണ്‍ റാവുവിനോടൊപ്പം ആമിര്‍ കൂടെക്കൂടെ സന്ദര്‍ശിക്കാറുമുണ്ട്. ഇത് കൂടാതെ ഉത്തര്‍പ്രദേശിലെ സ്വഗ്രാമത്തില്‍ ഇരുപത് വീടുകളും താരം വാങ്ങിയിട്ടുണ്ട്.

അജയ് ദേവ്ഗണ്‍

ജുഹു(മുംബൈ) വിലെ ശിവശക്തി എന്ന് പേരിട്ടിട്ടുള്ള ബംഗ്‌ളാവിലാണ് അജയും കുടുംബവും താമസിക്കുന്നത്. ഇതേ നഗരത്തില്‍ സ്വന്തമായുള്ള മറ്റൊരു ബംഗ്‌ളാവാണ് നടന്‍ ഒറ്റക്ക് സമയം ചിലവിടാനായി തിരഞ്ഞെടുക്കാറ്. അവിടെ മിക്കവാറും സമയങ്ങളിലെത്തുന്ന അജയ്ക്ക് പൂന്തോട്ട പരിപാലനവും ഹരമാണ്. അന്തേരിയില്‍ ഒരു ബംഗ്‌ളാവും കര്‍ജാത്തില്‍ 28 ഏക്കര്‍ ഫാംഹൗസും താരം വാങ്ങിയിട്ടുണ്ട്.

അമിതാബ് ബച്ചന്‍

അമിതാബ് ബച്ചന്റെ ജുഹുവിലെ ബംഗ്‌ളാവിന്റെ പേര് ജല്‍സ എന്നാണ്. 10,125 ചതുരശ്രയടി വലിപ്പമുള്ള ഈ രണ്ട് നില മാളിക ആരാധകരുടെ തീര്‍ത്ഥാടന കേന്ദ്രമാണ്. ഞായറാഴ്ചകളില്‍ താരം, വീടിനു പുറത്ത് ഇരച്ച് കൂടി നില്‍ക്കുന്ന ജനക്കൂട്ടത്തെ നോക്കി കൈ വീശുന്ന പതിവുണ്ട്. ജല്‍സക്ക് പുറകിലുള്ള സ്ഥലം കൂടി അമിതാബ് വാങ്ങിയിട്ടുണ്ട്. ഈ രണ്ട് ബംഗ്‌ളാവുകള്‍ക്കിടയിലെ മതിലും പൊളിച്ചു കളഞ്ഞു. പ്രതീക്ഷ എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ വീട് മാതാപിതാക്കള്‍ക്കുള്ള സമര്‍പ്പണമാണ്. നാല്‍പ്പത് വര്‍ഷത്തോളം മാതാപിതാക്കളായ ഡോ. ഹരിവംശറായ് ബച്ചന്‍, തേജി ബച്ചന്‍, ഭാര്യ ജയ ബച്ചന്‍ മക്കളായ അഭിഷേക്, ശ്വേത എന്നിവര്‍ക്കൊപ്പം അവിടെയാണ് താമസിച്ചിരുന്നത്. ഈ രണ്ട് മാളികകള്‍ക്ക് പുറമെ ഭോപ്പാലില്‍ ഒന്നേ മുക്കാല്‍ കോടി രൂപയുടെ മറ്റൊരു വീടുണ്ട്. ഗുര്‍ഗോണില്‍ ഒന്നരക്കോടി രൂപയുടെ ഒരു ബംഗ്‌ളാവും പാരീസില്‍ മൂന്ന് കോടി മതിക്കുന്ന അവധിക്കാല ഗൃഹവും എഴുപത്തിനാലുകാരനായ താരത്തിനുണ്ട്.

രണ്‍ബീര്‍ കപൂര്‍

മുന്‍ കാമുകി കത്രീന കൈഫിനൊത്ത് ബാന്ദ്രയിലെ വാടക അപ്പാര്‍ട്ട്‌മെന്റിലായിരുന്നു രണ്‍ബീറിന്റെ താമസം. കത്രീനയുമായുള്ള ബന്ധം തകര്‍ന്നതോടെ 2016 ജനുവരിയില്‍ ഈ സ്ഥലം വിട്ടു. മുംബൈയിലെ തന്നെ പാലി ഹില്‍സില്‍ സ്വന്തമാക്കിയ മനോഹരമായ ഫ്‌ളാറ്റിലേക്കാണ് താമസം മാറിയത്. 2,460 ചതുരശ്രയടിയുള്ള 'വാസ്തു' എന്ന സമുച്ചയത്തിന്റെ ഏഴാം നിലയിലാണ്. ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ഇതിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്തത്. ഏതാണ്ട് മുപ്പത്തഞ്ച് കോടി രൂപയാണ് ഈ ഭവനം പൂര്‍ത്തിയാക്കാന്‍ രണ്‍ബീര്‍ ചിലവിട്ടത്.

ഹൃത്വിക് റോഷന്‍

അടുത്തിടെയാണ് ജുഹുവിലെ കടല്‍ത്തീര വസതിയിലേക്ക് ഹൃത്വിക് താമസം മാറിയത്. 3,600 ചതുരശ്രയടി വലിപ്പമുള്ള ഈ അപ്പാര്‍ട്ട്‌മെന്റിന് തുറന്ന പൂന്തോട്ടവുമുണ്ട്. കൂടുതല്‍ വിസ്താരം തോന്നിപ്പിക്കുന്ന തരം ഇന്റീരിയര്‍ വര്‍ക്കുകളാണിവിടെ. ഹൃത്വികും മക്കളും ഒരുമിച്ചുള്ള ഫോട്ടോകളാണ് ഇന്റീരിയര്‍ ചുവരുകളില്‍ ഭൂരിഭാഗവും അലങ്കരിക്കുന്നത്. നാല് കിടപ്പു മുറികളില്‍ രണ്ടെണ്ണം അത്യാധുനിക സൗകര്യങ്ങളുള്ള ജിം ആയി മാറ്റിയിരിക്കുന്നു. ഒരു കിടപ്പു മുറി ഹൃത്വികിന്റെ സ്വകാര്യതക്കായി മാറ്റി വെച്ചിരിക്കുകയാണ്. അടുത്തത് കുട്ടികള്‍ക്കായും. ലോക ഭൂപടമാണ് ഇവിടത്തെ ചുവരുകളില്‍ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നത്. ആറര ലക്ഷം രൂപയാണ് ഈ ഫ്‌ളാറ്റിന് മാസ വാടക നല്‍കുന്നത്.

ആലിയ ഭട്ട്

ആലിയ ഭട്ടും സഹോദരി ഷഹീനും താമസിക്കുന്ന വീട് യഥാര്‍ത്ഥത്തില്‍ ഒരു സ്വപ്ന ഭവനമാണ്. മനം മയക്കുന്ന നിറക്കൂട്ടുകളും പ്രൗഢിയാര്‍ന്ന ഇന്റീരിയറും. ജുഹുവിന്റെ പ്രാന്തപ്രദേശത്തുള്ള ഈ വസതിയിലേക്ക് 2016 ഒക്ടോബറിലാണ് താമസം മാറുന്നത്. ബോളിവുഡിന്റെ ഗ്ലാമറില്‍ നിന്നും തിളക്കങ്ങളില്‍ നിന്നും അകന്ന് മാതാപിതാക്കളുടെ താമസ സ്ഥലത്തിനടുത്തായാണ് ഈ ഭവനം. ചലച്ചിത്രകാരന്‍ വികാസ് ബാലിന്റെ ഭാര്യ റിച്ച ബാലാണ് ഇതിന്റെ ഡിസൈനിങ്ങ്. ആധുനിക ഇന്റീരിയര്‍ ഡിസൈനുകളോടല്ല ആലിയക്ക് പ്രിയം. പഴയ ന്യൂയോര്‍ക്ക് ശൈലിയില്‍ നിന്നെടുത്ത വെളുത്ത ചുവരുകളും, വിശാലമായ സോഫകളും, കോണ്‍ക്രീറ്റ് പാകിയ നിലവുമൊക്കെയാണ് ഇവിടെ. മുംബൈയിലെ മരങ്ങളുടെയും പച്ചപ്പിന്റെയും കാഴ്ച കിട്ടുന്ന തരത്തില്‍ തുറന്ന ജനാലകളുമുണ്ട്. നാല് കിടപ്പ് മുറികളുണ്ട്. മൂന്നെണ്ണം അകത്തും ഒന്ന് പുറത്തും വരുന്ന രീതിയിലാണ് സജ്ജീകരണം. സ്വകാര്യതയ്ക്ക് മുന്‍തൂക്കം കൊടുത്ത് കൊണ്ടാണ് ആലിയ ഡ്രസ്സിങ്ങ് റൂം പുറത്തായി ഒരുക്കിയത്. ചായ പ്രേമികളായ ഭട്ട് സഹോദരികള്‍ ടീ ബാറിനും വീടിനകത്ത് ഇടമുണ്ടാക്കിയിട്ടുണ്ട്.

ജോണ്‍ എബ്രഹാം

സ്‌റ്റൈലിന്റെ കാര്യത്തില്‍ ജോണ്‍ എബ്രഹാമിന് എന്നും തന്റേതായ രീതിയുണ്ട്. ആകാശ സൗധം എന്ന് പേരിട്ടിരിക്കുന്ന കടലിന് സമീപത്തെ ഇരട്ടവീടുകളാണ് ജോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. ബാന്ദ്ര (മുംബൈ) യിലാണ് ഈ 5000 ചതുരശ്രയടി ഗൃഹം. ജോണിന്റെ അച്ചന്‍ എബ്രഹാം ജോണും സഹോദരന്‍ അലനുമാണ് ഈ ആഢംബര മാളികയുടെ ഡിസൈനിങ്ങ് ചെയ്തത്. റിപ്പോര്‍ട്ടുകളനുസരിച്ച് ഏതാണ്ട് പതിന്നാല് മാസമാണ് ഈ സുന്ദരഭവനം ഡിസൈന്‍ ചെയ്യാനെടുത്തത്.

ദീപിക പദുക്കോണ്‍

മുംബൈയുടെ മധ്യഭാഗത്ത് താമസിക്കുന്ന ചുരുക്കം താരങ്ങളിലൊരാളാണ് ദീപിക. സൂപ്പര്‍ഹിറ്റ് സിനിമകളുടെ തോഴിയായ താരം മുംബൈ പ്രഭാദേവിയിലാണ് നാല് ബഡ്‌റൂമുകളുള്ള അപ്പാര്‍ട്ട്‌മെന്റും ഓഫീസും വാങ്ങിയിരിക്കുന്നത്. Beaumonde towers ന്റെ ഇരുപത്താറാം നിലയിലാണിത്. പ്രൊഡക്ഷന്‍ ഹൗസുകളും സ്റ്റുഡിയോകളും നിറഞ്ഞ ബാന്ദ്രയും അന്തേരിയും ഒക്കെയാണ് സിനിമാക്കാര്‍ക്ക് പ്രിയപ്പെട്ട പ്രദേശങ്ങള്‍ . ഇതില്‍ നിന്ന് വിരുദ്ധമായാണ് ദീപിക മധ്യ മുംബൈയില്‍ താമസിക്കുന്നത്. ഇതേ കെട്ടിടത്തിലെ 40 കോടി വിലയുള്ള മറ്റൊരു ഫ്‌ളാറ്റും മാതാപിതാക്കള്‍ക്കായി ദീപിക വാങ്ങിയിരുന്നു.

അഭിഷേക് ബച്ചന്‍

മുംബൈ ജുഹുവിലെ കുടുംബ വീട് ജല്‍സയിലാണ് അഭിഷേക് താമസിക്കുന്നത്. മുംബൈയിലെ തന്നെ ആനി ബസന്റ് റോഡില്‍ സ്‌കൈലാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ താരം ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ട്. അഞ്ച് കിടപ്പ് മുറികളും മറ്റ് മുറികളുമുള്ള ഈ വീടിന് 41 കോടി രുപയാണ് വില. എല്ലാ വശത്തും ഇരുപത് അടി നീളമുള്ള ടെറസാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്‌റ്റേറ്റില്‍ അഭിഷേകിനും ഭാര്യ ഐശ്വര്യക്കും കൊട്ടാര സദൃശ്യമായ ഒരു ഭവനമുണ്ട്. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച ഈ വില്ലയുടെ ഏകദേശ വില മുപ്പത്തഞ്ച് മില്യന്‍ യുഎഇ ദിര്‍ഹമാണ്.

സൈഫ് അലി ഖാന്‍

മുംബൈയിലെ സ്വന്തം വസതി കൂടാതെ പടൗഡി പാലസ് എന്നറിയപ്പെടുന്ന പാരമ്പര്യ ഗൃഹത്തിലും സൈഫ് അലി ഖാന് ഉടമസ്ഥതയുണ്ട്. പിതാവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയില്‍ നിന്ന് കൈമാറി കിട്ടിയതാണ് ഇത്. 750 കോടിയാണ് ഈ കൊട്ടാരത്തിന്റെ മതിപ്പു വില. സൈഫ് ഭാര്യ കരീനക്ക് സ്വിറ്റ്‌സര്‍ലണ്ടില്‍ ഒരു വീടും സമ്മാനിച്ചിട്ടുണ്ട്. വള്ളികള്‍ പടര്‍ന്ന് കയറിയ തടി കൊണ്ടുള്ള പാര്‍പ്പിടമാണിത്. നിയമപരമായ പ്രശ്‌നങ്ങളില്‍ കുരുങ്ങി കിടക്കുകയാണ് സൈഫിന്റെ ഭോപ്പാലിലെ വീട്. ഓരോ നിലക്കും 12 കോടി വിലയുള്ള മൂന്ന് നില കെട്ടിടവും ബാന്ദ്രയില്‍ താരം ഈയടുത്ത് വാങ്ങി.

കത്രീന കൈഫ്

അടുത്തകാലത്താണ് കത്രീന ബാന്ദ്രയില്‍ മൗണ്ട് മേരി റോഡിലെ പുതിയ വീട്ടിലേക്ക് മാറിയത്. കുടുംബം മുംബൈയിലെത്തുമ്പോള്‍ അവര്‍ക്ക് കൂടി താമസിക്കാന്‍ പാകത്തില്‍ വിസ്തൃതിയുള്ള വീടിനായി അന്വേഷിക്കുകയായിരുന്നു കത്രീന. എന്തായാലും ആഗ്രഹിച്ചത്ര വലിപ്പമുണ്ട് പുതിയ വീടിന്. കടലിന് അഭിമുഖമായുള്ള മട്ടുപ്പാവില്‍ പൂന്തോട്ടമാണ് ഇവിടെ താരത്തിന്റെ പ്രിയപ്പെട്ട ഇടം. ഗുരുദേവ് നഗറിലെ പഴയ വീട്ടിലേക്കുള്ള മാധ്യമങ്ങളുടെ ഇടിച്ചു കയറ്റം താരത്തെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. എന്തായാലും പുതിയ ഇടം കത്രീനക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്നുണ്ട്.

പ്രിയങ്ക ചോപ്ര

താരങ്ങള്‍ക്കിടയില്‍ സംരംഭകത്വ മനോഭാവം കൂടുതലുള്ള ആളാണ് പ്രിയങ്ക. അത് കൊണ്ട് തന്നെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാനും വസ്തുവകകള്‍ വാങ്ങാനും താരത്തിന് ഉത്സാഹമാണ്. ലോകന്ത് വാലയിലും ജുഹുവിലും താരത്തിന് വീടുകളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നൂറു കോടി രൂപ വിലയുള്ള ദാരിയ മഹല്‍ പ്രിയങ്ക സ്വന്തമാക്കിയത്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലും കൊട്ടാര സദൃശ്യമായ ഒരു വീട് പ്രിയങ്കക്കുണ്ട്. തന്റെ വ്യക്തിത്വം പ്രതിഫലിക്കുന്ന ഒരു ഇടമാണ് നടി ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ പുതിയ ബംഗ്ലാവിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങ് പ്രിയങ്കയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടന്നത്.

സോനം കപൂര്‍

കുടുംബത്തിനൊപ്പം ജൂഹുവിലാണ് സോനം കപൂറിന്റെ താമസം എങ്കിലും ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍(ബികെസി) സിഗ്നേച്ചര്‍ ഐലന്‍ഡ് പ്രോപ്പര്‍ട്ടിയില്‍ 2015 ല്‍ താരം ഒരു ആഡംബര ഗേഹം വാങ്ങിയിട്ടുണ്ട്. 7000 സ്‌ക്വയര്‍ ഫീറ്റ് ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ഇരട്ട നില ഫഌറ്റിന് 30 കോടിയാണ് വില.


Next Story

Related Stories