TopTop
Begin typing your search above and press return to search.

മാംസാഹാര നിരോധന അജണ്ട: സവര്‍ണ പൗരോഹിത്യം കണക്ക് തീര്‍ക്കുമ്പോള്‍

മാംസാഹാര നിരോധന അജണ്ട: സവര്‍ണ പൗരോഹിത്യം കണക്ക് തീര്‍ക്കുമ്പോള്‍

വൈദിക പൗരോഹിത്യം നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ ഹിന്ദുത്വം ഇന്ത്യന്‍ ജനതയെ ഇത്രയേറെ കടന്നാക്രമിച്ചിട്ടും അതിനെതിരെ ഒരു ദേശീയ പ്രതിരോധം ഉയരുന്നില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ മുന്നില്‍ രാഷ്ടപതി തെരഞ്ഞെടുപ്പും 2019ലെ ലോകസഭ തിരഞ്ഞെടുപ്പും മാത്രമാണുള്ളതെന്ന് തോന്നുന്നു. അതിനാവശ്യമായ സഖ്യങ്ങള്‍ ഉണ്ടാക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. ഈ നിലയ്ക്കാണ് മോദി തനിക്ക് കിട്ടിയ അധികാരത്തെ തുടര്‍ന്നും ഉപയോഗിക്കുന്നതെങ്കില്‍ 2019ല്‍ പൊതു തെരഞ്ഞെടുപ്പുണ്ടാകുമോ എന്ന് ഞാന്‍ സംശയിക്കുന്നു.

രാഷ്ട്രീയപാര്‍ട്ടികളുടെ വട്ടമേശ ചര്‍ച്ചക്കപ്പുറം അസ്വസ്ഥരായ ജനവിഭാഗത്തെ ഏകോപിപ്പിക്കാനുള്ള പരിശ്രമം എന്തുകൊണ്ട് നടക്കുന്നില്ല? അത്തരം ഒരു ജനകീയ ഏകോപനമുണ്ടായാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പിറകെ വരും. പൊതുപ്രവര്‍ത്തനങ്ങള്‍ പാടെ നിരോധിക്കപ്പെട്ട അടിയന്തിരാവസ്ഥയുടെ ഇരുട്ടില്‍ പോലും പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ജനകീയ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത് ഞാന്‍ ഓര്‍ക്കുന്നു. എഴുത്തുകാരും കലാകാരന്മാരും പഴയ ന്യായാധിപന്മാരും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒത്തുചേര്‍ന്ന ആ പ്രസ്ഥാനം സംഘടിപ്പിക്കുന്നതില്‍ ഇഎംഎസിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കളും പങ്കുവഹിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെടാനും നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങള്‍ മറന്ന് ഇടതുപക്ഷം അവര്‍ക്കൊപ്പം മുന്നണിയാവാനും അടിസ്ഥാനമായത് അന്നത്തെ ചെറുത്തു നില്‍പ്പ് പ്രസ്ഥാനമാണ്.

സംഘപരിവാര്‍ അധികാരത്തില്‍ എത്തി എന്നതിന്റെ ആവേശത്തില്‍ ഇന്ത്യയിലെ ജന്മി നാടുവാഴിത്ത സാംസ്‌കാരിക അവശിഷ്ടങ്ങള്‍ ശവപ്പറമ്പുകളില്‍ നിന്നുപോലും ഉയിര്‍ത്തെഴുന്നേറ്റ് വന്ന കാഴ്ച കഴിഞ്ഞ മൂന്ന് വര്‍ഷമായി നമ്മള്‍ കാണുന്നു. അത്തരം അനൗദ്യോഗിക 'രണ്‍വീര്‍ സേനാ' മുന്നേറ്റങ്ങളെ നിയമം നിര്‍മ്മിച്ചു സഹായിക്കുകയാണ് മോദി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ദളിത് സമൂഹങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ ഇപ്പോള്‍ നടക്കുന്ന കടന്നാക്രമണങ്ങള്‍ ഒരു നൂറ്റാണ്ടിന് മുമ്പുള്ള കാലത്തെ ഇന്ത്യയെ പുന:സ്ഥാപിക്കാനുള്ള ശ്രമമാണ്. പശുവിനെ കൊന്നുവെന്നാരോപിച്ച്, പശുവിന്റെ തോലുരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍, തോട്ടിപ്പണി ചെയ്യാത്തതിന് ഉന്നത കലാലയങ്ങളില്‍ പഠിച്ചു എന്ന കുറ്റത്തിന് യുവാക്കള്‍ പരസ്യമായ ചാട്ടയടിക്ക് വിധേയരാവുന്നു, കൊല്ലപ്പെടുന്നു. അപമാനിതരായി ആത്മഹത്യക്ക് പ്രേരിപ്പിക്കപ്പെടുന്നു. ഇത് സവര്‍ണന്റെ വംശീയമായ പ്രതികാരമാണ്. ഒപ്പം പിന്നാക്ക ജനതയ്ക്ക് മോചനം നല്‍കാന്‍ കൂട്ടുനിന്ന നവോത്ഥാനത്തോടും ദേശീയസമര പ്രസ്ഥാനത്തോടും സവര്‍ണ പൗരോഹിത്യം നടത്തുന്ന കണക്കുതീര്‍ക്കല്‍. ഈ അടി യഥാര്‍ത്ഥത്തില്‍ അംബേദ്കര്‍ക്കും നെഹ്‌റുവിനും അയ്യങ്കാളിക്കും നാരായണഗുരുവിനും വേണ്ടി നേരത്തേ കരുതി വെച്ചതാണ്. (ഗാന്ധിക്കുള്ളത് സമയത്ത് തന്നെ കൊടുക്കാന്‍ കഴിഞ്ഞു.)

ദളിതന്‍ വിമോചിക്കപ്പെട്ടതും ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനത ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതുമാണ് ഇന്ത്യയുടെ വികസന മുരടിപ്പിന് കാരണം എന്ന ഒരു 'സാമ്പത്തികശാസ്ത്രം' മര്‍മറിങ്ങ് ആയി മേല്‍ത്തട്ട് സമൂഹങ്ങളില്‍ നേരത്തേ പ്രചരിച്ചിരുന്നു. (മാംസാഹാര നിരോധനവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയില്‍ ഇടപെട്ട് ഒരു ആര്‍എസ്എസ് അനുഭാവി ഇങ്ങനെ എഴുതി: 'ഇന്ത്യയിലെ മാംസഭുക്കുകള്‍ അവര്‍ണ്ണരും ന്യൂനപക്ഷവുമാണ്. രാജ്യത്തുണ്ടായ വികസനം മൂലം അവര്‍ സാമ്പത്തികമായി മെച്ചപ്പെടുകയും കൂടുതല്‍ ആഹാരം കഴിക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം ഉണ്ടാവുന്ന വന്‍ മാംസ ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്തെ കാലി സമ്പത്തിനെ അത് പൂര്‍ണ്ണമായി നശിപ്പിക്കും')

ഭക്ഷണത്തിന്റെ അമിതമായ ഉപഭോഗം കൂടാതെ രാജ്യത്തിന്റെ വികസനത്തെ തകിടം മറിക്കുന്നതായി അവര്‍ കരുതുന്ന മറ്റൊരു സംഗതി സംവരണമാണ്. ഒപ്പം സാമൂഹ്യനീതിക്കായി ചെലവഴിക്കുന്ന സമ്പത്തും. സംവരണത്തിന് നേരെയുള്ള അസ്വസ്ഥത സ്വാതന്ത്ര്യസമരകാലത്ത് തുടങ്ങിയതാണ്. സ്വാതന്ത്ര്യം കിട്ടി ഭരണഘടന നിലവില്‍ വന്നതോടെ അത് നീറിപ്പുകഞ്ഞു. മണ്ഡല്‍ കമ്മീഷന്‍ ആ ഉന്മാദത്തെ ഭ്രാന്തിലെത്തിച്ചു എന്ന് പറയാം. സംവരണ വിരുദ്ധ നീക്കങ്ങള്‍ പ്രച്ഛന്നവേഷത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും അവതരിച്ചിട്ടുള്ളത്. കാരണം അവര്‍ണ്ണര്‍ക്കും വോട്ടുണ്ടല്ലോ. നെഹ്‌റു ഭരണകാലത്ത് ഉത്തരേന്ത്യയില്‍ പല ഘട്ടങ്ങളില്‍ പശുവിനെ മുന്‍നിര്‍ത്തി നടന്ന കലാപങ്ങള്‍ സത്യത്തില്‍ സംവരണ വിരുദ്ധ സമരങ്ങളായിരുന്നു. ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കും അവരുടെ ഗ്രാമങ്ങള്‍ക്കും നേരെ നടന്ന കൊള്ളയും കൊള്ളിവെയ്പും സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമനിര്‍മ്മാണങ്ങളോടുള്ള പ്രതികരണങ്ങളായിരുന്നു. മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ കാലത്ത് മാത്രമാണ് പ്രത്യക്ഷ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുള്ളത് എന്ന് മാത്രം. മണ്ഡല്‍ വിരുദ്ധതയില്‍ നിന്നും ഊര്‍ജ്ജം കൊണ്ട രാഷ്ട്രീയശക്തിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ബാബറി മസ്ജിദിനും മറ്റും എതിരെ എന്ന നാട്യത്തില്‍ നടന്ന രഥയാത്രകളും കലാപങ്ങളും ആക്രമണവും സത്യത്തില്‍ സംവരണ വിരുദ്ധ, മണ്ഡല്‍ വിരുദ്ധ സവര്‍ണ്ണ വികാരമായിരുന്നു.

അനര്‍ഹര്‍ക്കും കഴിവു കുറഞ്ഞവര്‍ക്കും സംവരണം നല്‍കുന്നു; അതുമൂലം വികസനം മുരടിക്കുന്നു എന്ന ദുഷ്പ്രചരണമാണ് എക്കാലത്തും രാജ്യത്ത് നടന്നിട്ടുള്ളത്. ഈ പ്രചരണത്തെ ന്യായീകരിക്കാന്‍ മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും നാളിതുവരെ കൂട്ടുനിന്നു. അന്യോന്യ ഭിന്നമായ നിരവധി ദേശീയതകള്‍ ചേര്‍ന്ന് ഒരു രാഷ്ട്രമാവുമ്പോള്‍ അധികാരത്തില്‍ ആനുപാതികമായ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് സംവരണം എന്ന വസ്തുത വ്യക്തമാക്കാന്‍ രാജ്യത്തെ ജനാധിപത്യവാദികള്‍ക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ എന്നും അറച്ചറച്ചു നില്‍ക്കുകയാണുണ്ടായത്. തന്റേതില്‍ നിന്നു ഭിന്നമായ ഒരു സംസ്‌കാരത്തിന്റെ മേധാവിത്തത്തിന് കീഴില്‍ (ഭിന്നമായ ബോധന രീതിയില്‍, ഭാഷയില്‍, സാങ്കേതിക സമ്പ്രദായത്തില്‍) പഠിക്കേണ്ടി വരികയും തൊഴിലിന് വേണ്ടി മത്സരിക്കേണ്ടി വരികയും ചെയ്യുമ്പോള്‍ ഒരാള്‍ക്ക് ന്യായമായും അവകാശപ്പെട്ടതാണ് റിസര്‍വേഷന്‍. ഇത്രകാലവും പുറത്തു നിന്ന (അദ്ധ്വാനം കൊണ്ട്) അനുഭവസമ്പന്നരായ ജനവിഭാഗങ്ങളുടെ (സ്ത്രീ, ദളിത്, പിന്നാക്ക, ന്യൂനപക്ഷങ്ങള്‍) പങ്കാളിത്തം വികസന പ്രക്രിയയില്‍ ഉണ്ടായതിന്റെ നേട്ടങ്ങള്‍ ബോധ്യപ്പെടുത്താനും ആരും ശ്രമിച്ചു കണ്ടിട്ടില്ല.

നോട്ട് നിരോധനവും മാംസാഹാര നിരോധനവും നിയമമാവുമ്പോള്‍ ഒരു സംഗതി വെളിപ്പെടുന്നു. അത് നഷ്ടപ്രതാപങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പൗരോഹിത്യത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും എന്നതാണ്. നാളെ തോട്ടിപ്പണി പാരമ്പര്യമനുസരിച്ച് തന്നെ ചെയ്യണം എന്നു നിയമം വരില്ല എന്നതിന് എന്താണ് ഉറപ്പ്? കേരളത്തിലെ കുടിയാന്മാര്‍ നിയമം മൂലം കിട്ടിയ ഭൂമി ജന്മിയെ തിരിച്ചേല്‍പ്പിക്കണമെന്നും വന്നേക്കാം. കശാപ്പും കാലി വില്‍പ്പനയും നിരോധിച്ചാല്‍ ഇന്ത്യയുടെ ഗ്രാമീണ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിയും എന്നറിയാന്‍ ഏറെ സാമ്പത്തിക ജ്ഞാനമൊന്നും ആവശ്യമില്ല. എന്നിട്ടും അതിനു തയ്യാറായി എന്നതാണ്.

എന്തായാലും ചെറു ന്യൂനപക്ഷമായ വൈദിക പൗരോഹിത്യത്തിന്റെ മേധാവിത്തം പുന:സ്ഥാപിക്കാനുള്ള നിയമനിര്‍മ്മാണങ്ങള്‍ അടിക്കടി വരുമ്പോള്‍ അത് ഭൂരിപക്ഷം വരുന്ന സാമാന്യ ജനതയില്‍ അസ്വസ്ഥതയും രോഷവുമുണ്ടാക്കും. അടുക്കളയിലും കിടപ്പുമുറിയിലും കയറി വരുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധിക്കാന്‍ മനുഷ്യന്‍ മത താത്പര്യവും കക്ഷി ബന്ധവും നോക്കി എന്ന് വരില്ല. മാംസാഹാര നിരോധന നീക്കം കേരളത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അടിത്തറ തകര്‍ത്തു കൊണ്ടിരിക്കുന്നു എന്നത് മികച്ച ഉദാഹരണം. ഈ അസ്വസ്ഥതയെ ദേശീയ തലത്തിലുള്ള ജനകീയ പ്രക്ഷോഭമാക്കാന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മതേതര പാരമ്പര്യം പിന്തുടരുന്ന രാഷ്ട്രീയ ഇടതുപക്ഷവും ഭരണഘടനയില്‍ അഭിമാനിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും മുന്‍ ന്യായാധിപന്മാരും എഴുത്തുകാരും കലാകാരന്മാരും അടിയന്തിരമായി മുന്നോട്ടുവരണം.


Next Story

Related Stories